Flash News

പി. ജയരാജന്‍െറയും ടി.വി. രാജേഷിന്‍െറയും അപ്പീല്‍ തള്ളി; ഷുക്കൂര്‍ വധത്തില്‍ സി.ബി.ഐ അന്വേഷണം തുടരും

February 2, 2017

SHUKOOR-MURDER-CASEകൊച്ചി: ഷുക്കൂര്‍ വധക്കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട സിംഗിള്‍ബെഞ്ച് വിധിക്കെതിരെ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും ടി വി രാജേഷ് എംഎല്‍എയും നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഇരുവരേയും ഉള്‍പ്പെടുത്തി സിബിഐക്ക് അന്വേഷണം നടത്താമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു.

2016 ഫെബ്രുവരി എട്ടിന് ജസ്റ്റിസ് ബി. കെമാല്‍പാഷ പുറപ്പെടുവിച്ച ഉത്തരവിനെതിരെയാണ് പി. ജയരാജന്‍, ടി.വി. രാജേഷ്, മൊറാഴ കാപ്പാടന്‍ പ്രകാശ്, കെ.വി. ഷാജി തുടങ്ങിയവര്‍ അപ്പീല്‍ ഹരജി നല്‍കിയത്. മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകനായ അബ്ദുല്‍ ഷുക്കൂര്‍ 2012 ഫെബ്രുവരി 20നാണ് കൊല്ലപ്പെട്ടത്. കണ്ണപുരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി മാതാവ് ആത്തിക്ക ഹൈകോടതിയെ സമീപിക്കുകയായിരുന്നു.

ജയരാജനെയും രാജേഷിനെയും അടക്കം ഗൂഢാലോചനക്കേസ് ചുമത്തി പ്രതി ചേര്‍ക്കാതിരുന്ന നടപടിയെയാണ് മാതാവ് ചോദ്യം ചെയ്തത്. തുടര്‍ന്നാണ് കേസ് സി.ബി.ഐക്ക് വിടാന്‍ സിംഗിള്‍ബെഞ്ച് ഉത്തരവിട്ടത്. വസ്തുതകള്‍ പരിഗണിക്കാതെയും മരണപ്പെട്ടയാളുടെ മാതാവിന്‍െറ വികാരം മാത്രം കണക്കിലെടുത്തുമാണ് സിംഗിള്‍ബെഞ്ച് ഉത്തരവിട്ടതെന്നായിരുന്നു ഹരജിക്കാരുടെ വാദം. എന്നാല്‍, ഗൂഢാലോചനയില്‍ പ്രതി ചേര്‍ക്കപ്പെട്ടവര്‍ക്കൊപ്പം പി. ജയരാജനും ടി.വി. രാജേഷ് എം.എല്‍.എയും ഉണ്ടായിരുന്നിട്ടും ഇവരെ ഒഴിവാക്കിയെന്ന പരാതിക്കാരിയുടെ ആരോപണത്തില്‍ കഴമ്പുണ്ട്. തെളിവെടുപ്പിന് അന്വേഷണ ഉദ്യോഗസ്ഥരെ സമ്മതിക്കാതെ സമ്മര്‍ദങ്ങളില്‍പ്പെടുത്തിയാണ് പിന്തിരിപ്പിച്ചത്. വസ്തുതകള്‍ ശരിയായി മനസ്സിലാക്കിയാണ് സിംഗിള്‍ബെഞ്ചിന്‍െറ വിധിയെന്നും അപാകതയില്ലെന്നും വ്യക്തമാക്കിയ ഡിവിഷന്‍ബെഞ്ച് അപ്പീല്‍ തള്ളുകയായിരുന്നു.

സിബിഐ തിരുവനന്തപുരം യൂണിറ്റില്‍ നിന്നുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. ഷൂക്കൂറിന്റ വീട്ടിലെത്തിയ സംഘം നേരത്തെ ഉമ്മയോടും മറ്റു ബന്ധുക്കളോടും വിവരങ്ങള്‍ അന്വേഷിക്കുകയും മൊഴിയെടുക്കുകയും ചെയ്തിരുന്നു.

2012 ഫെബ്രുവരി 20 കണ്ണപുരം കീഴറയിലെ വള്ളുവന്‍ കടവിനടുത്ത് വച്ചാണ് ഷൂക്കൂര്‍ കൊല്ലപ്പെട്ടത്്. രണ്ടര മണിക്കൂറോളം ബന്ദിയാക്കി വച്ച ശേഷമാണ് കണ്ണൂരിലെ തളിപ്പറമ്പ് പട്ടുവത്തെ അരിയില്‍ സ്വദേശിയും എം.എസ്.എഫിന്റെ പ്രാദേശിക നേതാവുമായ അബ്ദുല്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയത്. കൂടെയുണ്ടായിരുന്ന സക്കറിയക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top