Flash News

ലോ അക്കാദമി ഭൂമി പ്രശ്നം പിണറായി സര്‍ക്കാറിനെ പിടിച്ചുകുലുക്കുന്നു; ഏതോ പിള്ളയുടെ കാലത്താണ് ഭൂമി ഏറ്റെടുത്തതെന്ന് പിണറായി, ഭൂമി തിരിച്ചെടുത്തേ പറ്റൂ എന്ന് വി.എസ്

February 4, 2017

pinarayi and VSതിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമിക്ക് ഭൂമി നല്‍കിയതുമായി ബന്ധപ്പെട്ട വിവാദം സര്‍ക്കാറിനെ പിടിച്ചുകുലുക്കുന്നു. ഭൂമി വിവാദവുമായി ബന്ധപ്പെട്ട് ഒരുതരത്തിലുമുള്ള അന്വേഷണവും സാധ്യമല്ലെന്ന പിണറായി വിജയന്‍െറ പ്രസ്താവനക്കെതിരെ വി.എസ് അച്യുതാനന്ദന്‍ രംഗത്തുവന്നു.

ഭൂമി വിവാദത്തെക്കുറിച്ച് അന്വേഷണം നടത്തില്ലെന്നും ഭൂമി ഏറ്റെടുക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഈ സര്‍ക്കാറിന്‍െറയോ മുന്‍ സര്‍ക്കാറിന്‍െറയോ കാലത്തല്ല ഭൂമി നല്‍കിയത്. ഏതോ പിള്ളയുടെ ഭൂമി ഏറ്റെടുത്ത് നല്‍കിയത് സി.പി. രാമസ്വാമിയുടെ കാലത്താണ്. അതിനാല്‍ അന്വേഷിക്കാനാകില്ല. ഭൂമി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് വി.എസ്. അച്യുതാനന്ദന്‍ റവന്യൂ മന്ത്രിക്ക് കത്ത് നല്‍കിയത് ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അത് ചിലരുടെ ആവശ്യം മാത്രമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. വിഷയത്തില്‍ സി.പി.ഐ ഉള്‍പ്പെടെ ആര്‍ക്കും അഭിപ്രായം പറയാം.
ബി.ജെ.പിയിലെ വി. മുരളീധരനാണ് സമരം തുടങ്ങിയത്. സമരത്തില്‍ സര്‍ക്കാറിന് വേവലാതിയില്ല. ജാതിപ്പേര് വിളിച്ചാക്ഷേപിച്ചു എന്നതിലടക്കം അന്വേഷണം നടക്കട്ടെ – മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍, സര്‍ക്കാറിന്‍െറ ഭൂമി അനര്‍ഹമായി ആര് കൈവശപ്പെടുത്തിയാലും അത് തിരിച്ചെടുക്കേണ്ടത് സര്‍ക്കാറിന്‍െറ പ്രാഥമികചുമതലയാണെന്നും അത് ചെയ്തേപറ്റൂ എന്നും വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. പിണറായിക്കെതിരെ വി.എസ് പരസ്യമായി രംഗത്തത്തെിയതോടെ ലോ അക്കാദമി പ്രശ്നത്തില്‍ സി.പി.എമ്മിലും ഇടതുമുന്നണിയിലും ഭിന്നത രൂക്ഷമായിരിക്കുകയാണ്. ഇടതുമുന്നണിയില്‍ സി.പി.എം ഒഴികെയുള്ള കക്ഷികള്‍ വി.എസിന്‍െറ പക്ഷത്താണ്. പിണറായിക്കാകട്ടെ, തന്‍െറ പക്ഷത്തുള്ളവര്‍ക്ക് നേരിട്ട് ബന്ധമുള്ള സ്ഥാപനമായതിനാല്‍ നടപടിയെടുക്കാനും കഴിയുന്നില്ല.

ലോ അക്കാദമിക്ക് സര്‍ക്കാര്‍ ഭൂമി നല്‍കിയതും ആ ഭൂമിയില്‍ നടന്നിട്ടുള്ള അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ പറ്റിയുമൊക്കെ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദന്‍ റവന്യൂമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.  കോണ്‍ഗ്രസ്,ബിജെപിയടക്കമുള്ള പാര്‍ട്ടികളും ഭൂമി തിരിച്ചു പിടിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

എം.എന്‍ ഗോവിന്ദന്‍ നായര്‍ കൃഷി മന്ത്രിയായിരിക്കേ ഭൂമി നല്‍കുകയും കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കേ ഉടമസ്ഥാവകശം നല്‍കുകയും ചെയ്തിരുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് നല്‍കിയ ഭൂമി ഹോട്ടല്‍, ഫ്ലാറ്റ് നിര്‍മ്മാണം ഇവയ്ക്ക ഉപയോഗിച്ചു എന്നാണ് ലോ അക്കാദമി ഡയറക്ടര്‍ നാരായണന്‍ നായര്‍ക്കെതിരായും ലക്ഷ്മി നായര്‍ക്കും എതിരെ ഉയര്‍ന്ന പരാതി.

അതേ സമയം മുഖ്യമന്ത്രിയുടെ  വാദത്തെ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ തള്ളി. റവന്യൂ വകുപ്പിന്റെ അന്വേഷണം നടക്കുകയാണെന്നും അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയാല്‍ നടപടിയെടുക്കുമെന്ന് റവന്യൂ മന്ത്രി വ്യക്തമാക്കി.

ലോ അക്കാദമി വിഷയത്തില്‍ പിണറായി പറയുന്നതിലല്ല കാര്യം; സര്‍ക്കാറാണ് തീരുമാനമെടുക്കുക – കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നതിലല്ല കാര്യമെന്നും സര്‍ക്കാറാണ് തീരുമാനമെടുക്കുകയെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. റവന്യൂ വകുപ്പ് ഇക്കാര്യത്തില്‍ അന്വേഷണം നടത്തുന്നുണ്ട്. റിപ്പോര്‍ട്ട് കിട്ടിയശേഷമേ പ്രതികരിക്കാനാവൂ. സര്‍ക്കാര്‍ ഭൂമി നിയമവിരുദ്ധമായി കൈവശം വെച്ചിട്ടുണ്ടെങ്കില്‍ എന്തുചെയ്യണമെന്ന് നിയമം പറയുന്നുണ്ട്.

ലോ അക്കാദമി ഭൂമി പ്രശ്നം റവന്യൂ സെക്രട്ടറി പരിശോധിക്കുന്നു

കോട്ടയം: ലോ അക്കാദമി ലോ കോളജിന് സര്‍ക്കാര്‍ അനുവദിച്ച ഭൂമി വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി വിദ്യാഭ്യാസ ആവശ്യത്തിനല്ലാതെ വിനിയോഗിച്ചെന്ന പരാതിയില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് തിരുവനന്തപുരം ജില്ല കലക്ടര്‍ കൈമാറിയതായി റവന്യൂ സെക്രട്ടറി പി.എച്ച്. കുര്യന്‍. റിപ്പോര്‍ട്ട് പരിശോധിച്ചുവരുകയാണ്.

സര്‍ക്കാര്‍ ലോ അക്കാദമിക്ക് വ്യവസ്ഥകളോടെ പതിച്ചുനല്‍കിയ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് വിനിയോഗിച്ചോ എന്നതിനെക്കുറിച്ച് എല്ലാവശവും പരിശോധിച്ചശേഷം അന്തിമ റിപ്പോര്‍ട്ടായി നല്‍കുമെന്നും റവന്യൂ സെക്രട്ടറി വ്യക്തമാക്കി. ടോട്ടല്‍ സ്റ്റേഷന്‍ സങ്കേതികവിദ്യ ഉപയോഗിച്ച് സാറ്റലൈറ്റ് മാപ്പിംഗ് സംവിധാനത്തില്‍ സര്‍വേ നടത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. അക്കാദമിക്ക് സര്‍ക്കാര്‍ നല്‍കിയ ഭൂമിയെക്കുറിച്ച് അന്വേഷിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതായ ആരോപണം ശരിയല്ലെന്നും റവന്യൂ സെക്രട്ടറി അറിയിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top