Flash News

ശശികല നടരാജന്‍ തമിഴ്നാട് മുഖ്യമന്ത്രിയാകും

February 4, 2017

sasikala (1)ചെന്നൈ: അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികല നടരാജന്‍ തമിഴ്നാട് മുഖ്യമന്ത്രിയാകും. ചെന്നൈയിലെ പാര്‍ട്ടി ആസ്ഥാനത്ത് ഞായറാഴ്ച നടക്കുന്ന എം.എല്‍.എമാരുടെ യോഗത്തില്‍ ശശികലയോട് നിയമസഭ കക്ഷി സ്ഥാനം ഏറ്റെടുക്കാന്‍ ഐകകണ്ഠ്യേന അഭ്യര്‍ഥിക്കും. എം.എല്‍.എമാരുടെ അസാധാരണ യോഗമാണ് ശശികല വിളിച്ചിരിക്കുന്നത്. നിര്‍ബന്ധമായും യോഗത്തില്‍ പങ്കെടുക്കണമെന്ന് എം.എല്‍.എമാരെ ഫോണില്‍ അറിയിച്ചു. യോഗത്തിന്‍െറ അജണ്ട വ്യക്തമാക്കിയിട്ടില്ല. ജയലളിതയുടെ മരണത്തെതുടര്‍ന്ന് ഒ. പന്നീര്‍സെല്‍വത്തെ നിയമസഭകക്ഷി നേതാവായി തെരഞ്ഞെടുക്കാനാണ് ഇതിനുമുമ്പ് യോഗം ചേര്‍ന്നത്.

ജയലളിതയുടെ അടുത്ത സുഹൃത്തും ഉപദേഷ്ടാവുമായിരുന്ന ഷീല ബാലകൃഷ്ണന്‍ ഇന്നലെ രാജിവച്ചത് ഇതിനുള്ള മുന്നൊരുക്കമായാണ് വിലയിരുത്തപ്പെടുന്നത്. സെപ്റ്റംബറില്‍ ജയലളിത ആശുപത്രിയില്‍ ആയതു മുതല്‍ തിരുവനന്തപുരം സ്വദേശിയായ ഷീല ബാലകൃഷ്ണന്റെ കൈകളിലായിരുന്നു തമിഴ്‌നാടിന്റെ നിയന്ത്രണം. ശശികല മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുമെന്ന സൂചന ശക്തമായതോടെയാണ് കാലാവധി പൂര്‍ത്തിയാക്കും മുമ്പ് സര്‍ക്കാര്‍ ഉപദേശക സ്ഥാനമൊഴിഞ്ഞ് ഷീല ബാലകൃഷ്ണന്‍ പുറത്തേക്ക് നീങ്ങിയത്. രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറുകയും ചെയ്തു.

ഷീലക്കൊപ്പം ജയയുടെ വിശ്വസ്തരായിരുന്ന കെഎന്‍ വെങ്കട്ടരാമനും, എ രാമലിംഗവും സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്തായി. പുറത്താക്കുന്ന ഉത്തരവ് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിടുകയും ചെയ്തു.

മുന്‍മന്ത്രിയായിരുന്ന കെ.എ. സെങ്കോട്ടിയനെയും മുന്‍ മേയര്‍ സൈദായി എസ്. ദുരൈസ്വാമിയെയും പാര്‍ട്ടി ഓര്‍ഗനൈസേഷന്‍ സെക്രട്ടറിമാരായി വെള്ളിയാഴ്ച ശശികല നിയമിച്ചിരുന്നു. യൂത്ത് വിംഗ് സെക്രട്ടറി സ്ഥാനത്തുനിന്ന് വി. അലക്‌സാണ്ടര്‍ എംഎല്‍എയും അവര്‍ മാറ്റിയിരുന്നു. പാര്‍ട്ടിക്കുള്ളിലെ തന്റെ അപ്രമാദിത്യം ഉറപ്പിക്കാനാണ് ശശികല ഈ നീക്കങ്ങള്‍ നടത്തിയതെന്നാണ് വിലയിരുത്തല്‍.

ജയലളിതയുടെ മണ്ഡലമായിരുന്ന ഡോ. രാധാകൃഷ്ണ നഗറില്‍ ആറുമാസത്തിനകം വരുന്ന ഉപതെരഞ്ഞെടുപ്പിലൂടെ വിജയിച്ച് നിയമസഭാംഗമാകാനാണ് അവരുടെ നീക്കം. ജയലളിതയുടെ സഹോദര പുത്രി ദീപ ജയകുമാര്‍ ഫെബ്രുവരി 24ന് രാഷ്ട്രീയ നയം വ്യക്തമാക്കാനിരിക്കുകയാണ്. ഈ വെല്ലുവിളിയും ശശികലക്ക് മുന്നിലുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തിവരുകയാണ് ദീപ.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top