Flash News

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രം‌പിനേറ്റ ആദ്യ പ്രഹരം; വിവാദ ഉത്തരവ് ഫെഡറല്‍ കോടതി റദ്ദാക്കിയതോടൊപ്പം ജഡ്ജിയുടെ രൂക്ഷ വിമര്‍ശനവും

February 4, 2017

trump-mainവാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍െറ വിവാദമായ കുടിയേറ്റ ഉത്തരവ് സിയാറ്റില്‍ ഫെഡറല്‍ ജഡ്ജി ജെയിംസ് റോബര്‍ട്ട് റദ്ദാക്കിയതോടൊപ്പം രൂക്ഷ വിമര്‍ശനവും നേരിട്ടു. ഏഴ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍നിന്നുള്ള പൗരന്മാര്‍ അമേരിക്കയില്‍ പ്രവേശിക്കുന്നത് വിലക്കി കഴിഞ്ഞയാഴ്ച പുറപ്പെടുവിച്ച ഉത്തരവാണ് കോടതി റദ്ദാക്കിയത്. ഇറാഖ്, സിറിയ, ഇറാന്‍, ലിബിയ, സോമാലിയ, സുഡാന്‍, യമന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ളവരെ വിലക്കിക്കൊണ്ടുള്ള ഉത്തരവിലാണ് ട്രം‌പ് ഒപ്പുവെച്ചത്. ഇതിനെതിരെ വിവിധ സംസ്ഥാനങ്ങള്‍ കോടതിയെ സമീപിച്ചിരുന്നു. വാഷിംഗ്ടണ്‍, മിനസോട്ട സ്റ്റേറ്റുകളുടെ വാദങ്ങള്‍ പരിഗണിച്ചാണ് സിയാറ്റില്‍ കോടതിയുടെ വിധി. വിധിയെ വാഷിംഗ്ടണ്‍ അറ്റോര്‍ണി ജനറല്‍ ഉള്‍പ്പെടെയുള്ളവര്‍ സ്വാഗതം ചെയ്തപ്പോള്‍ അപ്പീല്‍ സമര്‍പ്പിക്കുമെന്ന് വൈറ്റ്ഹൗസ് വ്യക്തമാക്കി.

ട്രംപിന്‍െറ ഉത്തരവ് ഒരിക്കലും ഉണങ്ങാത്ത മുറിവാണെന്ന് കോടതി നിരീക്ഷിച്ചു. രാജ്യത്തെ തൊഴില്‍, വിദ്യാഭ്യാസം, വ്യാപാരം, കുടുംബ ബന്ധം, സഞ്ചാര സ്വാതന്ത്ര്യം തുടങ്ങി ഒട്ടേറെ കാര്യങ്ങളെ നേരിട്ട് ബാധിക്കുന്ന ഒരു നയത്തെ ഇങ്ങനെ ലാഘവത്തോടെ കൈകാര്യം ചെയ്തുകൂടാ. ലോകത്തിന് മാതൃകയാകേണ്ട ഒരു രാജ്യത്തെ പ്രസിഡന്റ് നിരുത്തരവാദിത്വപരമായ രീതിയില്‍ പെരുമാറുന്നത് ന്യായീകരിക്കാനാവില്ല. ഭരണഘടനയില്‍ എഴുതപ്പെട്ടിട്ടുള്ള നിയമങ്ങള്‍  പ്രസിഡന്റും പൗരന്മാരും ഒരുപോലെ പാലിക്കപ്പെടണം. ഒരു പോളിസി നിര്‍മിക്കുകയെന്നത് ഈ കോടതിയുടെ ജോലിയല്ല. എന്നാല്‍, പ്രഖ്യാപിക്കപ്പെട്ട നയം ഭരണഘടനാപരമാണോ എന്ന് പരിശോധിക്കാനുള്ള ബാധ്യത കോടതിക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിധി പുറത്തുവന്നയുടന്‍, അടിയന്തര അപ്പീല്‍ സമര്‍പ്പിക്കുമെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ അറിയിച്ചിരുന്നെങ്കിലും പിന്നീട് നിലപാടില്‍ അയവുവരുത്തി. രാജ്യസുരക്ഷയെ മുന്‍നിര്‍ത്തിയാണ് വൈറ്റ്ഹൗസ്, പ്രവേശന നിരോധനം ഏര്‍പ്പെടുത്തിയതെന്നും വിധി പഠിച്ചശേഷം അപ്പീലിനെക്കുറിച്ച് ആലോചിക്കുമെന്നും രണ്ടാമത് പുറത്തിറക്കിയ പ്രസ്താവനയില്‍ അവര്‍ വ്യക്തമാക്കി. അതേസമയം, വിലക്കേര്‍പ്പെടുത്തിയിരുന്ന രാജ്യത്തുള്ളവര്‍ക്ക് പ്രവേശനാനുമതി നല്‍കാന്‍ യു.എസ് കസ്റ്റംസ് അതിര്‍ത്തി സംരക്ഷണവിഭാഗം (സി.ബി.പി) നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന്‍െറ അടിസ്ഥാനത്തില്‍ വിലക്കിനെത്തുടര്‍ന്ന് ഏഴു രാജ്യങ്ങളില്‍ അകപ്പെട്ടവര്‍ക്കെല്ലാം അമേരിക്കയിലേക്ക് തിരിച്ചെത്താം. ഖത്തര്‍ എയര്‍വേസ് ഉള്‍പ്പടെ നിരവധി വിമാന കമ്പനികള്‍ ഇറാഖ്, സിറിയ, ഇറാന്‍, ലിബിയ, സോമാലിയ, സുഡാന്‍, യമന്‍ എന്നീ ഏഴ് രാജ്യത്തു നിന്നുള്ളവരെക്കൂടി ഉള്‍പ്പെടുത്തി സര്‍വീസ് പുനരാരംഭിച്ചു.

തീര്‍ത്തും ഭരണഘടനാവിരുദ്ധമായ ഉത്തരവിനെതിരെയാണ് കോടതി ഇടപെട്ടിരിക്കുന്നതെന്ന് വാഷിംഗ്ടണ്‍ അറ്റോര്‍ണി ജനറല്‍ ബോബ് ഫെര്‍ഗൂസന്‍ പറഞ്ഞു. പ്രസിഡന്‍റ് പോലും നിയമത്തിന് അതീതനല്ലെന്ന് കോടതി തെളിയിച്ചുവെന്ന് വാഷിംഗ്ടണ്‍ ഗവര്‍ണര്‍ ജേ ഇന്‍സ്ലീ അഭിപ്രായപ്പെട്ടു. ബന്ധപ്പെട്ടവരോട് ആലോചിക്കാതെ സ്വന്തം ഇഷ്ടം നടപ്പിലാക്കാനാണ് ട്രം‌പ് ശ്രമിച്ചതെന്നും, അതുകൊണ്ടാണ് ലോകത്തിന്റെ നാനാഭാഗത്തുനിന്ന് എതിര്‍പ്പുകള്‍ ഏല്‍ക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു. നിയമപരമായി അമേരിക്കയില്‍ താമസിക്കാനുള്ള അനുമതിയും, ഗ്രീന്‍ കാര്‍ഡും മറ്റുള്ളവരെ അകാരണമായി പ്രവേശനം നിഷേധിക്കുന്നത് അമേരിക്കന്‍ മൂല്യങ്ങളെ അവഗണിക്കുന്നതിനു തുല്യമാണെന്ന് ബോബ് ഫെര്‍ഗൂസന്‍ അഭിപ്രായപ്പെട്ടു. നാഷണല്‍ ഇമിഗ്രേഷന്‍ ലോ സെന്‍റര്‍, ആംനസ്റ്റി ഇന്‍റര്‍നാഷനല്‍ തുടങ്ങിയ സംഘടനകളും വിധിയെ സ്വാഗതം ചെയ്തു.

ട്രംപിന്‍െറ ഉത്തരവിനെതിരെ വെര്‍ജീനിയ, ന്യൂയോര്‍ക്ക്, മാസച്യൂസെറ്റ്സ്, മിഷിഗണ്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ കോടതികളിലും കേസ് നടക്കുന്നുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top