Flash News

എട്ര ഏയ്ല്‍ എന്ന ഭൂമിയിലെ നരകവാതില്‍; എത്യോപ്യ, എറിത്രിയ രാജ്യങ്ങളുടെ അതിര്‍ത്തിയിലെ വിചിത്രമായ പ്രതിഭാസം

February 5, 2017

023-22ഭൂമിയിലെ നരകവാതില്‍ എന്നറിയപ്പെടുന്ന എട്ര അലെ അഗ്‌നിപര്‍വ്വതം വീണ്ടും സജീവമാകുന്നു. ഭൂമിയുടെ നരകവാതിലില്‍ വിള്ളല്‍ വരുന്നു വിവരം നാസയാണ് പുറംലോകത്തെ അറിയിച്ചത്. എട്ര അലെക്ക് പുകയുന്ന മലയെന്നൊരു പേരും കൂടിയുണ്ട്. മേഖലയിലെ ഭൗമ പാളികളുടെ സഞ്ചാരമാണ് വിചിത്രമായ പ്രതിഭാസത്തിലേക്ക് വഴിതെളിച്ചത്. ആഫ്രിക്കയിലെ എതോപ്യ, എറിത്രിയ രാജ്യങ്ങളുടെ അതിര്‍ത്തിയിലാണ് എട്ര അലെ സ്ഥിതി ചെയ്യുന്നത്. ഭൂമിയിലെ മനുഷ്യവാസമുള്ള ഏറ്റവും ചൂടേറിയ പ്രദേശമാണിത്.

2005 സെപ്തംബറിലായിരുന്നു ഈ അഗ്‌നിപര്‍വ്വതം അവസാനമായി ലാവ പുറംതള്ളിയത്. ഇതുമൂലം 250ലേറെ കാലികള്‍ മരിക്കുകയും നിരവധി മനുഷ്യര്‍ക്ക് സകലതും ഉപേക്ഷിച്ച് നാടുവിടേണ്ടതായും വന്നു. 2007 ഓഗസ്റ്റിലുണ്ടായ അഗ്‌നിപര്‍വ്വത സ്‌ഫോടനത്തില്‍ രണ്ട് മനുഷ്യരെ കാണാതായി. 2008 നവംബറിലാണ് അവസാനമായി വലിയ സ്‌ഫോടനമുണ്ടാകുന്നത്.

ഇത്തവണ എട്ര അലെയില്‍ നിന്നും വലിയ തോതില്‍ ലാവ പുറന്തള്ളപ്പെടുന്ന വിവരം ജനുവരി 21ന് നാസയാണ് അറിയിച്ചിരുന്നു. നേരത്തെ രൂപം കൊണ്ട ലാവ ഉറഞ്ഞുള്ള തടാകത്തില്‍ രണ്ടിടത്താണ് വിള്ളലുണ്ടായിരിക്കുന്നത്. ഇതിലൂടെയാണ് ലാവ പുറത്തേക്ക് പ്രവഹിക്കുന്നത്.

Erta-Ale-volcano-Ethiopia-Guy-De-Saint-Cyr

പുറത്തുവന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത് പോര്‍ച്ചുഗീസ് ട്രാവല്‍ ഫോട്ടോഗ്രാഫര്‍ ജോയല്‍ സാന്റോസാണ്. നരകവാതില്‍ അഗ്‌നിപര്‍വ്വതത്തിന് മുകളിലൂടെ ഡ്രോണ്‍ പറത്തിയാണ് സാന്റോസ് ചിത്രങ്ങള്‍ പകര്‍ത്തിയത്. 1100 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് വരുന്ന ഈ അഗ്‌നിപര്‍വ്വതത്തിന്റെ ചിത്രങ്ങളെടുക്കുകസാന്റോസിന് അഗ്‌നിപരീക്ഷ തന്നെയായിരുന്നു.

തന്റെ ജീവിതത്തിലെ ഏറ്റവും സാഹസികമായ ഫോട്ടോഷൂട്ടായിരുന്നു നരകത്തിലേക്കുള്ള വാതിലിന്റെ സമീപത്തു നിന്ന് പൂര്‍ത്തിയാക്കിയതെന്ന് സാന്റോസ്. തിളച്ചു മറിയുന്ന ലാവയില്‍ നിന്നും 20 മീറ്ററും അഗ്‌നിപര്‍വ്വതത്തിന്റെ വക്കില്‍ നിന്നും ഒരു മീറ്ററും അകലെ നിന്നിട്ടാണ് സാന്റോസ് ചിത്രങ്ങള്‍ പകര്‍ത്തിയത്.

ഓരോ രണ്ടു മൂന്നു മിനിറ്റ് കൂടുമ്പോള്‍ ഭൂമി കനത്ത് ഉച്ഛ്വസിക്കുന്നതുപോലെ അഗ്‌നിപര്‍വ്വതം ലാവ പുറന്തള്ളും. ഈ സമയത്ത് ലാവവീണുറഞ്ഞ തടാകത്തില്‍ വിള്ളലുകള്‍ രൂപപ്പെടുകയും അതിലൂടെ ലാവ തെറിക്കുകയും ചെയ്യും. ഇതെപ്പോഴാണ് സംഭവിക്കുകയെന്നോ എത്രമാത്രം ലാവ വരുമെന്നോ ഒരു മുന്നറിയിപ്പും കിട്ടില്ല. ആ പ്രദേശം മൊത്തം ഉയര്‍ന്നു താഴുന്നതുപോലെയാണ് അനുഭവപ്പെടുക. ഉറപ്പില്ലാത്ത ചളിയില്‍ മണ്ണില്‍ നില്‍ക്കുന്നതുപോലുള്ള അനുഭവമാണ് താഴെ ലാവയുള്ള പ്രദേശത്ത് നില്‍ക്കുമ്പോഴെന്നും സാന്റോസ്.

അഗ്‌നിപര്‍വ്വതവും ചൂടും മാത്രമല്ല പ്രദേശവാസികളും ഇത്തരം പര്യവേഷണങ്ങള്‍ക്ക് അനുകൂലമല്ല. എറിത്രിയയും എതോപ്യയും തമ്മിലുള്ള ബന്ധം സുഖകരമല്ലെന്നതും വെല്ലുവിളി കൂട്ടുന്നു. കനത്ത ചൂടുള്ളതിനാല്‍ പുലര്‍ച്ചെയോ സന്ധ്യാസമയത്തോ മാത്രമേ ഇവിടം സന്ദര്‍ശിക്കാന്‍ സാധിക്കൂ. ആ സമയങ്ങളില്‍ പോലും പട്ടാളക്കാരുടെ സഹായം ആവശ്യമാണ്.

നാല് 4 കെ ക്യാമറകളുപയോഗിച്ചാണ് സാന്റോസ് ഭൂമിയിലെ നരകവാതിലിന്റെ അവിസ്മരണീയ ചിത്രങ്ങളെടുത്തത്. കനത്ത ചൂടിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ക്യാമറകളായിരുന്നു ഇത്. ഭൂമിയിലെ നരകവാതിലിലെ തന്റെ അനുഭവം ഏറെ നല്ലതായിരുന്നുവെന്ന് സാന്റോസ്. ഇതിന്റെ തെളിവായി അദ്ദേഹം തന്റെ ചിത്രങ്ങളും കാണിക്കുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top