Flash News

ശശികലയുടെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തില്‍; സത്യപ്രതിജ്ഞ നീട്ടാന്‍ ഗവര്‍ണര്‍ക്ക് നിയമോപദേശം

February 7, 2017

Chennai: AIADMK General Secretary V K Sasikala flashes a victory sign after attending the party MLA's meeting in which she was elected as a AIADMK Legislative party leader, set to become Tamil Nadu CM, at Party's Headquarters in Chennai on Sunday. PTI Photo by R Senthil Kumar (PTI2_5_2017_000121a)

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായുള്ള വി.കെ.ശശികലയുടെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തില്‍. ഗവര്‍ണര്‍ സി.വിദ്യാസാഗര്‍ റാവു ഇന്ന് സമയം നല്‍കിയിട്ടില്ലെന്നാണ് സൂചന. ഗവര്‍ണര്‍ ഇതുസംബന്ധിച്ച് തിങ്കളാഴ്ച നിയമോപദേശം തേടിയതോടെയാണ് കാര്യങ്ങള്‍ സംശയത്തിന്റെ നിഴലിലായത്.

അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ജയലളിതയ്‌ക്കൊപ്പം ശശികലയെയും പ്രതിചേര്‍ത്തിരുന്നു. ഈ കേസില്‍ സുപ്രീം കോടതി ഒരാഴ്ചയ്ക്കകം വിധി പറയും. കോടതിവിധി ശശികലയ്ക്ക് എതിരാണെങ്കില്‍ സത്യപ്രതിജ്ഞ ചെയ്ത് ഒരാഴ്ചയ്ക്കകം രാജിവെക്കേണ്ട സ്ഥിതിയുണ്ടാവുമെന്നും അതിനാല്‍ ഒരാഴ്ച കാത്തിരിക്കുന്നതായിരിക്കും നല്ലതെന്നുമാണ് ഗവര്‍ണര്‍ക്ക് ലഭിച്ച നിയമോപദേശമെന്നറിയുന്നു.

ചെന്നൈയിലെ പരിപാടികള്‍ റദ്ദാക്കി ഗവര്‍ണര്‍ മുംബൈയിലേക്ക് തിരിച്ചതായി ദേശീയ മാധ്യമമായ ന്യൂസ്18 റിപ്പോര്‍ട്ട് ചെയ്തു. പോകുന്നതിനു മുന്‍പ് സംസ്ഥാനത്തെ സ്ഥിതികളെക്കുറിച്ച് എജിയോട് റിപ്പോര്‍ട്ട് തേടിയെന്നും വിവരമുണ്ട്. ശശികലയുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കേസ് നിലനില്‍ക്കുന്നതിനാല്‍ സര്‍ക്കാരിന്റെ നിലനില്‍പ്പിനെക്കുറിച്ചുള്ള ആശങ്ക ഗവര്‍ണര്‍ അറിയിച്ചതായി രാജ്ഭവന്‍ വൃത്തങ്ങള്‍ അറിയിച്ചു. കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ ശശികലയ്ക്ക് മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെടുകയും തെരഞ്ഞെടുപ്പില്‍നിന്ന് വിലക്ക് വരുകയും ചെയ്യും. അനധികൃത സ്വത്തുസമ്പാദനക്കേസില്‍ വിധി വരാനുള്ളതിനാല്‍ സത്യപ്രതിജ്ഞ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി എത്തിയിട്ടുണ്ട്.

ഞായറാഴ്ച ചേര്‍ന്ന അണ്ണാ ഡിഎംകെ എംഎല്‍എമാരുടെ യോഗമാണ് ശശികലയെ നിയമസഭാ കക്ഷി നേതാവായും മുഖ്യമന്ത്രിയായും തിരഞ്ഞെടുത്തത്. ജയലളിത അന്തരിച്ചു രണ്ടുമാസം തികയുന്ന ദിവസമായിരുന്നു പ്രഖ്യാപനം.

എംജിആറിന്റെ ഭാര്യ ജാനകി രാമചന്ദ്രനും ജയലളിതയ്ക്കും ശേഷം തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയാകുന്ന മൂന്നാമത്തെ വനിതയാണു ശശികല. നിലവില്‍ നിയമസഭാംഗമല്ലാത്ത അവര്‍ ആറു മാസത്തിനുള്ളില്‍ എംഎല്‍എയാകേണ്ടതുമുണ്ട്. ഡിസംബര്‍ 31ന് അവരെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാക്കിയിരുന്നു. പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും നേതൃത്വം ഒരാള്‍ തന്നെ വഹിക്കുന്നതാണ് ഉചിതമെന്ന വാദമാണു ശശികലയെ മുഖ്യമന്ത്രിയാക്കുന്നതിന് അണ്ണാ ഡിഎംകെ മുന്നോട്ടു വയ്ക്കുന്നത്.

ഇതിനിടെ സത്യപ്രതിജ്ഞയ്ക്കുമുമ്പേ ജയലളിതയെ ചികിത്സിച്ച ഡോക്ടര്‍മാരെ വിദേശത്തുനിന്നു വിളിച്ചുവരുത്തി ശശികല നിര്‍ണായക നീക്കം നടത്തിയിരുന്നു. ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നു കാട്ടി സുപ്രീം കോടതിയില്‍ ഹര്‍ജി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ലണ്ടനില്‍ നിന്ന് ഡോ. ബീലിനെ വിളിച്ചുവരുത്തിയത്. ലോകത്തു ലഭിക്കാവുന്നതില്‍ വച്ചേറ്റവും മികച്ച ചികില്‍സയാണു ജയലളിതയ്ക്കു നല്‍കിയതെന്നു ലണ്ടനില്‍ നിന്നുള്ള തീവ്രപരിചരണ വിദഗ്ധനായ ഡോ. റിച്ചാര്‍ഡ് ബീല്‍ പറഞ്ഞു. ജയയുടെ ചികില്‍സയിലോ മരണത്തിലോ ഗൂഢാലോചനയോ ദുരൂഹതയോ ഇല്ലെന്നു പറഞ്ഞ ഡോ. ബീല്‍ വിഷം നല്‍കിയിരിക്കാനുള്ള സാധ്യത തള്ളിക്കളഞ്ഞു.

ഇതു മുഖവിലയ്ക്ക് എടുക്കുകയാണെങ്കില്‍ സുപ്രീം കോടതി ഇക്കാര്യത്തില്‍ തീരുമാനമെടുക്കില്ലെന്ന വിശ്വാസത്തിലാണ് ശശികല ക്യാമ്പ്. എന്നാല്‍, സത്യപ്രതിജ്ഞയ്ക്കുമുമ്പ് ഗവര്‍ണര്‍ മടങ്ങിയതും എജിയോടു വിശദീകരണം ചോദിച്ചതും വിലങ്ങുതടിയായി.

ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതിനിടെ അപ്രതീക്ഷിതമായുണ്ടായ ഹൃദയാഘാതമാണു മരണത്തിലേക്കു നയിച്ചതെന്നു ഡോ. ബീല്‍ പറഞ്ഞു. ചികില്‍സയ്ക്ക് അഞ്ചര കോടി രൂപയാണ് ചെലവായത്. ശശികല മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന സാഹചര്യത്തില്‍ ജയലളിതയുടെ മരണത്തെക്കുറിച്ചുള്ള ദുരൂഹത നീക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ഡോക്ടര്‍മാരുടെ വാര്‍ത്താസമ്മേളനത്തിലായിരുന്നു വെളിപ്പെടുത്തല്‍.

സര്‍ക്കാരാണു തന്നോട് ഇപ്പോള്‍ വരാന്‍ ആവശ്യപ്പെട്ടതെന്നു ഡോ. ബീല്‍ പറഞ്ഞു. മദ്രാസ് മെഡിക്കല്‍ കോളജിലെ ഡോ. സുധ ശേഷയ്യന്‍, ഡോ. പി.ബാലാജി, അപ്പോളോ ആശുപത്രിയിലെ ഡോ. ബാബു കെ.ഏബ്രഹാം തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. ഇത്തരത്തിലുള്ള ഒട്ടേറെ രോഗികളെ മുമ്പും ചികില്‍സിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും ആദ്യമായാണു വിശദീകരിക്കേണ്ടി വരുന്നതെന്നു ബീല്‍ പറഞ്ഞു. വീട്ടില്‍വച്ചു ശ്വാസ തടസ്സമുണ്ടായതിനെ തുടര്‍ന്നാണു ജയയെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും നില വഷളായിരുന്നെങ്കിലും ബോധമുണ്ടായിരുന്നു.

രക്തത്തിലെ അണുബാധയെത്തുടര്‍ന്ന് അവയവങ്ങള്‍ ഓരോന്നായി പ്രവര്‍ത്തനരഹിതമാകുന്ന അവസ്ഥയായിരുന്നു (സെപ്‌സിസ്). ഇതാണു ശ്വാസ തടസ്സത്തിനു കാരണമായത്. പ്രമേഹവും കടുത്ത രക്തസമ്മര്‍ദവുമുണ്ടായിരുന്നു. രക്തത്തിലൂടെ അണുബാധ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും വ്യാപിച്ചതാണു നില വഷളാക്കിയത്. സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിലും ചില സമയങ്ങളില്‍ ആശയവിനിമയം നടത്തിയിരുന്നുവെന്നും ബീല്‍ പറഞ്ഞു.

ചികില്‍സാ കാര്യങ്ങള്‍ ശശികലയുമായും ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായും നിരന്തരം ചര്‍ച്ച ചെയ്തിരുന്നു. കാല്‍ മുറിച്ചു മാറ്റുകയോ അവയവങ്ങള്‍ മാറ്റിവയ്ക്കുകയോ ചെയ്തിട്ടില്ല. പൊതുദര്‍ശനത്തിനു വയ്‌ക്കേണ്ടതിനാല്‍ മരണശേഷം മൃതദേഹം എംബാം ചെയ്തു. അഴുകാനുള്ള സാധ്യത കണക്കിലെടുത്ത് ഇങ്ങനെ ചെയ്യുന്നതു പതിവാണെന്നും അവര്‍ പറഞ്ഞു.

പത്രസമ്മേളനം നടത്തി ജയലളിതയുടെ മരണത്തില്‍ ദുരൂഹതയില്ലെന്നു വരുത്തിത്തീര്‍ത്താല്‍ സുപ്രീം കോടതിയിലെ കേസ് തള്ളിപ്പോകുമെന്നായിരുന്നു ശശികലയുടെ കണക്കുകൂട്ടല്‍. പക്ഷെ, കാര്യങ്ങളെല്ലാം തകിടം മറിഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top