Flash News

ഇന്നലെ വന്ന ശശികല “ശശിയാക്കിയ” ഒ പനീര്‍ശെല്‍‌വം പടയ്ക്കൊരുങ്ങി

February 8, 2017

o-panneerselvam-at-jayalalithaas-memorialചെന്നൈ: എല്ലാം ഉള്ളില്‍ ഒതുക്കിക്കഴിയുകയായിരുന്നു ഒ പനീര്‍ശെല്‍വം. ജയലളിതയുടെ മരണത്തോടെ മുഖ്യമന്ത്രിക്കസേരയില്‍ ശരിക്കൊന്നിരിക്കാമെന്ന് കരുതി സന്തോഷിച്ചിരിക്കുമ്പോഴാണ് എല്ലാം തകിടം മറിച്ചുകൊണ്ടുള്ള ശശികലയുടെ വരവ്. അമ്മ പോയതോടെ ജനമനസ്സുകളിലുണ്ടായ ശൂന്യത നികത്താന്‍ ചിന്നമ്മയുടെ വേഷമെടുത്തണിഞ്ഞു ശശികല. ഇതോടെ പാവ മുഖ്യമന്ത്രി എന്ന വേഷം ആടിത്തീര്‍ക്കുക എന്ന ജോലി മാത്രമായി ഒ പനീര്‍ശെല്‍വത്തിന്.

ശശികല എന്ന വീട്ടുജോലിക്കാരി അധികാരത്തിന്റെ ഓരോ പടവുകളും കയറിക്കയറി മുഖ്യമന്ത്രിക്കസേരയ്ക്കായി തന്റെ മുമ്പില്‍ എത്തിയപ്പോഴാണ് പനീര്‍ശെല്‍വം നഷ്ടപ്പെടലിന്റെ വേദന അറഞ്ഞുതുടങ്ങിയത്. എങ്കിലും എല്ലാം നിശബ്ദമായി സഹിച്ച് ശശികലയ്ക്കായി വഴിമാറിക്കൊടുത്തു. എന്നാല്‍ ശശികല ഇരിയ്ക്കാന്‍ പോയ മന്ത്രിക്കസേര സുപ്രീം കോടതി വലിച്ചുമാറ്റിയിട്ടതോടെ ഒ പനിര്‍ശെല്‍വത്തിന് പ്രതീക്ഷയേറി. ഒപ്പം ശശികലയ്‌ക്കെതിരെ പല കോണില്‍ നിന്നും എതിര്‍പ്പിന്റെ ശബ്ദം ഉയര്‍ന്നു കേട്ടതോടെ കിട്ടിയ കച്ചിത്തുരുമ്പില്‍ പിടിച്ചുകയറാന്‍ നോക്കുകയാണ് ഒ പനീര്‍ശെല്‍വം. അതിന്റെ ഭാഗമാണ് നമ്മള്‍ കഴിഞ്ഞ ദിവസം കേട്ട മനുഷ്യനും ആത്മാവും തമ്മിലുള്ള സംഭാഷണവും കണ്ട കണ്ണീരും.

നില്‍ക്കുന്ന മണ്ണ് ഒലിച്ചുപോകുമെന്ന ഭയമാണോ അതോ എതിര്‍ക്കുന്നവരെ ഇല്ലാതാക്കാനുള്ള മനസ്സാണോ ശശികലയെ ഇപ്പോള്‍ നയിക്കുന്നതെന്ന് തീര്‍ച്ചയില്ല. എങ്കിലും ഇതു രണ്ടും ഉണ്ടെന്ന് സംശയിക്കുന്നതിലും തെറ്റില്ല. തനിക്കെതിരെ തിരിഞ്ഞ പനീര്‍ശെല്‍വത്തെ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി സ്ഥാനത്തെത്തിയ ശശികല ട്രഷറര്‍ സ്ഥാനത്ത് നിന്നും നീക്കിയത് ഇതിന്റെ പ്രതിഫലനമാകാം. വര്‍ഷങ്ങളായി പാര്‍ട്ടിയിലെ സമുന്നതനായ നേതാവും മൂന്ന് തവണ മുഖ്യമന്ത്രിയുമായ ഒ പനീര്‍ശെല്‍വത്തെയാണ് ഇന്നലെ വന്ന ശശികല വെറും ശശിയാക്കി മാറ്റിയതെന്ന് ഓര്‍ക്കണം. ഇതുപക്ഷേ ശശികലയ്‌ക്കെതിരായ പ്രതിഷേധത്തെ ആളിക്കത്തിക്കാനേ ഉപകരിച്ചുവുള്ളൂവെന്നതാണ് സത്യം.

അതുകൊണ്ട് ‘അമ്മ പറഞ്ഞിട്ട്’ എല്ലാം തുറന്നുപറഞ്ഞ പനീര്‍ശെല്‍വത്തിന്റെ കൂടെയാണ് ഇപ്പോള്‍ ജനങ്ങള്‍. തന്നെ നിര്‍ബന്ധപൂര്‍വ്വം രാജിവെയ്പ്പിക്കുകയായിരുന്നുവെന്നും നിയമസഭാകക്ഷി യോഗം വിളിച്ചത് താന്‍ അറിയാതെയായിരുന്നുവെന്നും കണ്ണീരോടെ പനീര്‍ശെല്‍വം തുറന്നുപറഞ്ഞപ്പോള്‍ ജനങ്ങളുടെ മനസ്സ് അലിഞ്ഞു. എന്നാല്‍ എല്ലാം വെളിപ്പെടുത്തി വെറുതെയങ്ങ് പോകാനൊന്നും പറ്റില്ലെന്ന് ശശികലയും ശഠിച്ചു. അങ്ങിനെ പോയസ് ഗാര്‍ഡനില്‍ വിളിച്ചു ചേര്‍ത്ത പാര്‍ട്ടി ഉന്നതതല യോഗം പനീര്‍ശെല്‍വത്തെ അണ്ണാ ഡിഎംകെയുടെ ട്രഷറര്‍ സ്ഥാനത്തു നീക്കി. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനായിരുന്നു ശശികലയും കൂട്ടരും വാദിച്ചത്. എന്തായാലും ആ മോഹം തല്‍ക്കാലം നടന്നില്ല.

333_3ഇപ്രകാരം എഐഡിഎംകെയില്‍ അധികാരത്തിന് വേണ്ടിയുള്ള പാരവെയ്പ്പും കാലുവാരലുമെല്ലാം കൊണ്ടുപിടിച്ച് നടക്കുമ്പോള്‍ അതിനിടയിലൂടെ ചരട് വലിക്കുകയാണ് ഡിഎംകെ. ശശികലയോട് എതിര്‍പ്പുള്ളവരെയെല്ലാം ഈ ചരടില്‍ കോര്‍ത്ത് വലിച്ചുകൊണ്ടുവരാനാണ് ഡിഎംകെ ശ്രമിക്കുന്നത്. 40 ഓളം എംഎല്‍എമാരെ ഇതിനകം ഡിഎംകെ കൈക്കലാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. പനീര്‍ശെല്‍വം കൂടി പ്രതിഷേധ സ്വരമുയര്‍ത്തിയതോടെ എഐഎഡിഎംകെയില്‍ പിളര്‍പ്പിന്റെ കാഹളധ്വനി മുഴങ്ങികഴിഞ്ഞു.

സുപ്രീംകോടതി വലിച്ചുമാറ്റിയ കസേര, എങ്ങിനെയങ്കിലും ശശികലെ തിരിച്ചെടുത്തുകൊണ്ടുവന്ന് ഇരിക്കുകയാണെങ്കില്‍ സഭയില്‍ വിശ്വാസവോട്ട് തേടുന്ന സമയത്ത് മുട്ടന്‍ പണി കൊടുക്കാനാണ് 40 എംഎല്‍എമാര്‍ നീക്കം നടത്തുന്നത്. വിശ്വാസ വോട്ട് തേടുന്ന സമയത്ത് സഭയില്‍ നിന്ന് വിട്ടുനില്‍ക്കുകയും ഡിഎംകെ സര്‍ക്കാര്‍ രൂപീകരിക്കുന്ന സമയത്ത് പുറത്തുനിന്ന് പിന്തുണയ്ക്കുവാനുമാണ് ഇവരുടെ തീരുമാനം. മാത്രമല്ല, നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കുകയും ചെയ്യും. ഇത് സംബന്ധിച്ച് ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റ് എംകെ സ്റ്റാലിനുമായി വിമത എംഎല്‍എമാര്‍ ചര്‍ച്ച നടത്തിക്കഴിഞ്ഞു.

എങ്കിലും ഇപ്പോള്‍ കിട്ടിയെ നാല്‍പ്പതു മീനുകളെക്കൊണ്ട് മാത്രം കാര്യങ്ങള്‍ മതിയാക്കാന്‍ ഡിഎംകെ തയ്യാറല്ല. അസംതൃപ്തരായ മറ്റ് എംഎല്‍എമ്മാരെക്കൂടി പിടിയ്ക്കാന്‍ വലയെറിഞ്ഞുകൊണ്ടിരിക്കുകയാണ്. മാത്രമല്ല, ശശികലയുടെ സത്യപ്രതിജ്ഞ സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണെങ്കില്‍ മന്ത്രിസഭ രൂപവത്കരണത്തിന് അവകാശവാദം ഉന്നയിക്കുമെന്നറിയിച്ച് എംകെ സ്റ്റാലിന്‍ പാര്‍ട്ടി ജില്ലാ ഭാരവാഹികള്‍ക്ക് കത്തയച്ചിട്ടുണ്ട്. നിലവില്‍ ഡിഎംകെയ്ക്ക് 89 എംഎല്‍എമാരാണുള്ളത്. സഖ്യകക്ഷികളായ കോണ്‍ഗ്രസിന് 8ഉം ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിന് 1 സീറ്റുമുണ്ട്. മന്ത്രിസഭ രൂപീകരിക്കണമെങ്കില്‍ 118 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്. അതായത് 20 എംഎല്‍എമാരെക്കൂടി കിട്ടിയാല്‍ മന്ത്രിസഭയുണ്ടാക്കാന്‍ അവകാശവാദം ഉന്നയിക്കാം.

കാര്യങ്ങള്‍ ഇതുവരെയെത്തിയിട്ടും ചിന്നമ്മയ്ക്ക് കുലുക്കമൊന്നുമില്ല. പാര്‍ട്ടി ഒറ്റക്കെട്ടാണെന്നാണ് ശശികല ധരിച്ചുവെച്ചിരിക്കുന്നത്. എന്നാല്‍ പാര്‍ട്ടിയുടെ 135 എംഎല്‍എമാരില്‍ ഒരു വിഭാഗം പനീര്‍ശെല്‍വത്തിന്റെ കൂടെയാണെന്ന കാര്യം ഈ അമ്മ മന:പ്പൂര്‍വ്വം അവഗണിക്കുകയാണോ എന്തോ. ജയലളിതയുടെ പേരിലാണ് പനീര്‍ശെല്‍വം എല്ലാം വെളിപ്പെടുത്തിയതെന്നും ഓര്‍ക്കണം. അതിനാല്‍ ശശികലയുടെ കൂടെയുള്ള പലരും മറുകണ്ടം ചാടാനും സാധ്യത കൂടുതലാണ്.

ഇനി ഒ പനീര്‍ശെല്‍വത്തിന്റെ വെളിപ്പെടുത്തല്‍ കൂടി കേള്‍ക്കാം. അതിന് ശേഷം ജനം ആരുടെ കൂടെ നില്‍ക്കുമെന്ന് തീരുമാനിച്ചുകൊള്ളുക”

“ജയയുടെ മരണശേഷം പാര്‍ട്ടി പ്രിസീഡിയം ചെയര്‍മാന്‍ ഇ മധുസൂദനനെ ജനറല്‍ സെക്രട്ടറിയാക്കാനും തന്നെ മുഖ്യമന്ത്രിയാക്കാനുമാണ് ആദ്യം തീരുമാനിച്ചിരുന്നത്. ഞാന്‍ മുഖ്യമന്ത്രിയാകാനില്ലെന്ന് പറഞ്ഞതാണ്. എന്നാല്‍ മുമ്പ് രണ്ട് തവണ എന്നയാണ് ജയലളിത മുഖ്യമന്ത്രിയായി നിര്‍ദേശിച്ചത്. അതിനാല്‍ ഇത്തവണയും ഞാന്‍ മുഖ്യമന്ത്രിയാകണമെന്ന ആവശ്യം അംഗീകരിക്കുകയായിരുന്നു.

കുറച്ചു ദിവസത്തിന് ശേഷം ശശികലയെ ജനറല്‍ സെക്രട്ടറിയാക്കണമെന്ന് അവരുടെ സഹോദരന്‍ ദിവാകരന്‍ ആവശ്യപ്പെട്ടു. പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളുണ്ടാകാതിരിക്കാന്‍ ജനറല്‍ കൗണ്‍സില്‍ ചേര്‍ന്ന് അവരെ ജനറല്‍ സെക്രട്ടറിയാക്കി. പിന്നാലെ ചില മന്ത്രിമാര്‍ എന്നെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടു. മന്ത്രി ആര്‍ ബി ഉദയകുമാര്‍ ഈ ആവശ്യം ഉന്നയിച്ചപ്പോള്‍ തന്നെ അക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയതാണ്. ഇനി ഉദയകുമാറിന്റെ ഭാഗത്ത് നിന്ന് അങ്ങിനെയുണ്ടാകില്ലെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ അതിന് ശേഷവും മന്ത്രിമാര്‍ പറഞ്ഞു. ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കര്‍ എം തമ്പിദുരൈ കത്തെഴുതുക വരെ ചെയ്ത് എന്നെ മാനസികമായി തളര്‍ത്തി. പാര്‍ട്ടിക്ക് ഒന്നും സംഭവിക്കരുതെന്ന് കരുതി മിണ്ടിയില്ല.

ഈ സാഹചര്യത്തിലാണ് പാര്‍ട്ടി നിയമസഭാ കക്ഷി യോഗം കൂടിയത്. അന്ന് രാവിലെ പോയസ് ഗാര്‍ഡനില്‍ പോയപ്പോള്‍ അവിടെ മുതിര്‍ന്ന മന്ത്രിമാരും പാര്‍ട്ടിയിലെ പ്രമുഖ നേതാക്കളും ശശികലയുടെ ബന്ധുക്കളും ഉണ്ടായിരുന്നു. ശശികലയെ മുഖ്യമന്ത്രിയാക്കാന്‍ മുന്‍കൈയെടുക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഇപ്പോള്‍ എന്താണ് അതിന്റെ ആവശ്യമെന്ന് ചോദിച്ചപ്പോള്‍ ജനറല്‍ സെക്രട്ടറി സ്ഥാനവും മുഖ്യമന്ത്രി സ്ഥാനവും ഒരാള്‍ തന്നെ വഹിക്കണമെന്ന വാദമാണ് ഉന്നയിച്ചത്. തുടര്‍ന്ന് എന്നെ ഭീഷണിപ്പെടുത്തി രാജിവെയ്പ്പിക്കുകയായിരുന്നു.
അതുകൊണ്ടാണ് ഇന്ന് ജയയുടെ സ്മാരകത്തിലെത്തിയത്. എന്താണ് ചെയ്യേണ്ടതെന്ന് ഞാന്‍ അമ്മയോട് ചോദിച്ചു. എല്ലാ കാര്യങ്ങളും തുറന്നു പറയാന്‍ അമ്മയുടെ ആത്മാവ് എന്നോട് പറഞ്ഞു. ജനങ്ങള്‍ ഒന്നടങ്കം അംഗീകരിക്കുന്ന ആളാണ് പാര്‍ട്ടിയെയും സര്‍ക്കാരിനെയും നയിക്കേണ്ടത്. എന്റെ നിലപാടില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു. അതിന് വേണ്ടി ഏതുവരെയും പോരാടും.”


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top