Flash News

പന്നീര്‍സെല്‍വം വഞ്ചകന്‍: ശശികല

February 8, 2017

sasikala-2ചെന്നൈ : ഡി.എം.കെയുമായി ചേര്‍ന്ന് പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന വഞ്ചകനാണ് പന്നീര്‍സെല്‍വമെന്ന് എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികല. ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്നത് അമ്മയെ അപമാനിക്കാനാണെന്നും എം.എല്‍.എമാരുടെ യോഗത്തില്‍ സംസാരിക്കവെ അവര്‍ വ്യക്തമാക്കി. നിയമസഭയില്‍ ഡി.എം.കെ അംഗങ്ങളുമായി പന്നീര്‍സെല്‍വത്തിന് അടുത്തബന്ധമുണ്ടായിരുന്നത്.

കഴിഞ്ഞ രണ്ടു ദിവസമായി പനീര്‍ശെല്‍വം ആരുമായാണ് സംസാരിച്ചതെന്ന് വ്യക്തമാക്കണം. ഡി.എം.കെ. വര്‍ക്കിംഗ് പ്രസിഡന്‍റും പ്രതിപക്ഷനേതാവുമായ എം.കെ സ്റ്റാലിനും പാര്‍ട്ടിയും നിയമസാഭ സഹ അധ്യക്ഷന്‍ ദുരൈ മുരുകനും കഴിഞ്ഞയാഴ്ച പന്നീര്‍ സെല്‍വത്തെ പ്രകീര്‍ത്തിച്ച് സംസാരിക്കുകയും കാലാവധി പൂര്‍ത്തിയാക്കണമെന്നു ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇത്രയും കാലം പനീര്‍ശെല്‍വം എന്തുക്കൊണ്ട് മിണ്ടിയില്ലെന്നും അവര്‍ ചോദിച്ചു. ഞാന്‍ കരുത്തുള്ള ഒരു എഐഎഡിഎംകെ പ്രവര്‍ത്തകയാണ്. നാളെ എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം. പാര്‍ട്ടിയെ ഒറ്റിക്കൊടുക്കുന്നവര്‍ക്ക് വലിയ തിരിച്ചടി നേരിടേണ്ടി വരും. പാര്‍ട്ടിക്ക് നേരെയുള്ള അക്രമങ്ങള്‍ തടയുക എന്നത് ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ തന്റെ ഉത്തരവാദിത്വമാണ്. അത് നിറവേറ്റുക തന്നെ ചെയ്യുമെന്നും അവര്‍ വ്യക്തമാക്കി. അണ്ണാ ഡിഎംകെ ആസ്ഥാനത്ത് ചേര്‍ന്ന നിയമസഭാകക്ഷി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശശികല.

ശശികലയ്ക്ക് പിന്തുണയുമായി 131 എംഎല്‍എമാര്‍ യോഗത്തിനെത്തിയെന്ന് പാര്‍ട്ടി അവകാശപ്പെട്ടു. വിമത സ്വരം ഉയര്‍ത്തിയ പനീര്‍സെല്‍വം ഉള്‍പ്പെടെ മൂന്നു എംഎല്‍എമാര്‍ മാത്രമാണ് യോഗത്തിന് എത്താതിരുന്നതെന്നും മാധ്യമങ്ങളോട് പറഞ്ഞു. 3 വര്‍ഷം അമ്മയുടെ നിഴലായി നടന്നു. അമ്മ കാണിച്ച വഴിയേ പാര്‍ട്ടിയെ നയിക്കുെമന്നും ശശികല വ്യക്തമാക്കി. ജയലളിതയുടെ മരണം അന്വേഷിക്കേണ്ടതില്ല. അന്വേഷിക്കുന്നത് അമ്മയ്ക്ക് അപമാനകരമെന്നും ശശികല പറഞ്ഞു.

നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ 117 എംഎല്‍എമാരുടെ പിന്തുണയാണ് വേണ്ടത്. കാവല്‍ മുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം വിമതശബ്ദം ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് അടിയന്തരയോഗം വിളിച്ചത്.

ജയലളിതയുടെ മരണ ശേഷം മുഖ്യമന്ത്രിയാകാന്‍ പനീര്‍ സെല്‍വം നീക്കം നടത്തിയിരുന്നു. ഇതിനായി തന്നെ കണ്ടിരുന്നെന്നും അദ്ദഹേത്തെ നിര്‍ബന്ധിപ്പിച്ച് രാജിവെപ്പിച്ചു എന്ന ആരോപണം ശരിയല്ലെന്നും അവര്‍ വ്യക്തമാക്കി. തനിക്കെതിരെ പരാതികള്‍ ഇത്രയും നാള്‍ പന്നീര്‍ സെല്‍വം മൂടിവെച്ചത് എന്തിനായിരുന്നു. ജയലളിതയുടെ മരണ ശേഷം പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കു തന്നെ എത്തിക്കാന്‍ പരിശ്രമിച്ചത് പന്നീര്‍ സെല്‍വമാണ് . എം.ജി.ആറിന്റെ മരണശേഷം പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ജാനകി രാമചന്ദ്രനൊപ്പം നിന്ന പന്നീര്‍സെല്‍വം പിന്നീടാണ് ജയലളിതക്കൊപ്പം ചേര്‍ന്നത്. എന്നാല്‍ അനര്‍ഹമായ പരിഗണന നല്‍കി ഒ.പി.എസിനെ ജയലളിത വളര്‍ത്തി എടുക്കുകയായിരുന്നു. മൂന്ന് നൂറ്റാണ്ടിനിടെ നിരവധി പ്രശ്നങ്ങളെ നേരിട്ടു. നിലവിലെ പ്രശനങ്ങളില്‍ വിജയം തന്റെ കൂടെയാണെന്നും ശശികല പറഞ്ഞു.

ശശികലയ്‌ക്കെതിരെ തമിഴ്‌നാട് കാവല്‍ മുഖ്യമന്ത്രി ഒ പനീര്‍സെല്‍വം രംഗത്തെത്തിയതിനെ തുടര്‍ന്ന് തമിഴ് രാഷ്ട്രീയം കലങ്ങിമറിഞ്ഞ അവസ്ഥയിലാണ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടാല്‍ രാജിപിന്‍വലിക്കാന്‍ തയാറാണെന്ന് പനീര്‍സെല്‍വം പ്രഖ്യാപിച്ചതോടെയാണ് ഭൂരിപക്ഷം എംഎല്‍എമാരും തനിക്കൊപ്പമാണെന്ന് തെളിയിക്കാന്‍ ശശികല നിയമസഭാ കക്ഷിയോഗം വിളിച്ചു ചേര്‍ത്തത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top