Flash News

മൂരി (കഥ) ജോണ്‍ ഇളമത

February 9, 2017

moori sizeഇത് പണ്ട് നടന്ന കഥയാണ്, ഏതാണ്ട് അറുപതുകളിലെ കഥ. സുന്ദരമായ ഒരു ഗ്രാമം. പമ്പാനദി ഒഴുകുന്നു. കണ്ണീര്‍ പോലെ തെളിനീര്, അവയുടെ കുഞ്ഞോളങ്ങളില്‍ പ്രഭാതകിരണങ്ങള്‍ വെള്ളിനാഗങ്ങളെപോലെ ഇഴയുന്നു. പൂവന്‍കോഴികള്‍ ഗ്രാമത്ത കൂകി ഉണര്‍ത്തിയിരിക്കുന്നു. മുറ്റത്തരികിലെ പൂവരശില്‍ പ്രഭാത കിരണങ്ങള്‍ ചിത്രങ്ങള്‍ വരക്കുന്നു. മുറ്റമടിച്ച് ഗൃഹനായികകള്‍ കോഴിക്കൂടുകള്‍ തുറന്നുവിടന്നു. പൊരുന്ന കോഴികള്‍ ഒഴികെ അബാലവൃദ്ധം കോഴികള്‍ പുറത്തിറങ്ങി മരച്ചുവടുകള്‍ ചിക്കിചികഞ്ഞ് കൊത്തിപെറുക്കുന്നു. വൈലോപ്പിള്ളി പാടിയതു പോലെ പുളിമരക്കൊമ്പുകളിലിരുന്ന്, കാക്കകള്‍ താരനദം ആലപിച്ചു കൊണ്ടിരിക്കുന്നു.

അപ്പോഴാണ് പാപ്പന്‍െറ വരവ്. മുമ്പില്‍ ഒട്ടകത്തിന്‍െറ മാതിരി വലിയ ഉപ്പൂണിയുള്ള മൂരി ! നാടനല്ല, സിന്ധി! സിന്ധു നദീതടതീരത്തു നിന്നാണ് അവന്‍െറ അമ്മ ചനയോടെ കേരളത്തിലേക്ക് കുടിയേറിയത്. അവളു പെറ്റ മൂരിക്കിടാവിനെ പാപ്പന്‍, ഓച്ചിറ ചന്തേല്‍ നിന്നാണ് വാങ്ങി വളര്‍ത്തിയത്. കിടാവ് വളര്‍ന്ന് തടക്കാളയായിരിക്കുന്നു. ഗ്രാമത്തിലെ സകല നാടന്‍, വെച്ചൂര്‍, പാണ്ടി പശുക്കളും, അവന്‍െറ ഭാര്യാപദം അലങ്കരിച്ച് ഒരു ബീജസങ്കലനത്തിലൂടെ നാടിന്‍െറ മുഖഛായ മാറ്റും എന്നാണ് പാപ്പന്‍െറ പ്രഖ്യാപനം !

തിരുനെറ്റിക്ക് കറുത്ത ചുട്ടിയുള്ള വെള്ളകാള, അതോ ക്രീം കളറോ ! എന്നു തോന്നാം. വൃത്താകാരമായി വളഞ്ഞ കൊമ്പുകളെന്നു തോന്നാമെങ്കിലും അവയുടെ കൂര്‍ത്ത അറ്റങ്ങള്‍ മുമ്പിലേക്ക് ചൂണ്ടി നില്‍ക്കുന്നു. കണ്ടാല്‍ അവന് ഒരുഗ്രന്‍ കാട്ടുപോത്തിന്‍െറ മുഖഛായ തോന്നുമെങ്കിലും ശാന്തം, പാവം! കൊച്ചു പിള്ളേര്‍ക്കുപോലും തൊടാം, തീറ്റ കൊടുക്കാം. എന്നാലോ ജോലിയുടെ കാര്യത്തില്‍ തികഞ്ഞ ശുഷ്ക്കാന്തിയുള്ളവനും. ശാന്തനെങ്കിലും നല്ല കരുത്തു കാരണം ഒരു മൂക്കു കയര്‍ ഉണ്ട്, എന്നാലെ ഒറ്റപിടിത്തത്തിന് അവനെ നിയന്ത്രിക്കാനാകൂ. കഴുത്തില്‍ ചെറുമണികള്‍ കിലുക്കി ഒരു യാഗാശ്വത്തെ പോലെ അവന്‍ താളം ചവുട്ടി വരുബോള്‍ ഗ്രാമം കുളിരു കോരും. അപ്പോള്‍ ഗ്രാമത്തിലെ പട്ടികളും, പൂച്ചകളും, കോഴികളും, ബൗ ബൗ വെച്ചും മ്യാവൂ പറഞ്ഞും, കൊക്കരകോ പാടിയും അവനെ സ്വീകരിക്കും. “കൗകുമാരികള്‍”, എന്നുപറഞ്ഞാല്‍ കൗമാരം കഴിഞ്ഞ പശുകുട്ടികള്‍ എന്നര്‍ത്ഥം, അവര്‍ അവനെ നാണത്തില്‍ കടക്കണ്ണിട്ടു നോക്കും. യുവതികളോ, മദ്ധ്യവയസ്ക്കകളോ, ബഹളി പിടിച്ചമറും, ഭീതികൊണ്ടോ, അതോ പ്രേമപാരവശ്യം കൊണ്ടോ!

ഇങ്ങനെയുള്ള കാളയും, പാപ്പനും കിഴക്കു നിന്നു വന്നപ്പോള്‍, സംഗതിവശാല്‍ ഞങ്ങളുടെ പശുവൊന്നമറി. കാര്യസ്തന്‍ കുര്യാക്കോ ചേട്ടനാണ് ഞങ്ങളുടെ വീട്ടുകാര്യങ്ങള്‍ നോക്കുന്നത്. കുര്യക്കോ ചേട്ടന്‍ ഒന്നമര്‍ത്തി മൂളി എന്നിട്ടോതി:

“പെണ്ണമ്മേ ചവിട്ടിക്കാറായി”

ടീനേജിലോട്ട് പ്രവേശിച്ചോണ്ടിരുന്ന എനിക്ക് സംഗതി പിടുത്തം കിട്ടി. പെണ്ണമ്മ, അതാണ് ഞങ്ങടെ പശൂന്‍െറ ഓമനപ്പേര്. പെണ്ണമ്മക്കു തന്നെ ഒരു ചരിത്രമുണ്ട്. ഗോപാലന്‍ പണ്ടുകൊണ്ടു നടന്ന കറാച്ചികാളക്ക്, ചെറിയ വെച്ചൂര്‍ പശുവിലുണ്ടായ മഹിളാരത്‌നമാണ് പെണ്ണമ്മ. പെണ്ണമ്മ വളര്‍ന്നു, കറാച്ചി പോലെ, പക്ഷേ പെറ്റിട്ട് പാലില്ല, നാലുവട്ടം കറന്നാ കഷ്ടി നാഴിപ്പാല്‍ ! ഒരു തുറു മുഴവന്‍ തിന്നും, ഒരു കൊട്ട ചാണകമിടും. പക്ഷേ പശുവിനെ വളര്‍ത്തുന്നത് ചാണകത്തിനല്ലല്ലോ, പാലിനല്ലേ!

അപ്പോള്‍ കുര്യാക്കോച്ചേട്ടന്‍െറ ആത്മഗതം വീണ്ടു കേട്ടു:

“പാപ്പന്‍െറ കാളേകൊണ്ടൊന്നു നോക്കാം, അവന്‍ വേറേ വിത്താന്നല്ലേ പാപ്പന്‍െറ വാഗ്വാദം.
ഓയ്, പാപ്പാ ഇങ്ങോട്ടൊന്നു വാ!”

പാപ്പന്‍ തലേക്കട്ടഴിച്ച്, കുര്യാക്കോച്ചേട്ടനെ ഭവ്യതേ കുനിഞ്ഞൊന്നു വണങ്ങി.

“എന്താ, അച്ചാ കാര്യം!”

കാര്യം കാണാന്‍ കഴുതക്കാലും പിടിക്കുന്നോനാ പാപ്പന്‍. അതാ അത്ര ഭവ്യത. എന്നാല്‍ ജോലി ഒക്കെ കഴിഞ്ഞ് തളര്‍ന്ന കാളേം കൊണ്ട് പാപ്പന്‍ വരുന്ന വരവൊന്നു കാണേണ്ടതാ! അടിച്ച് പിപ്പിരിയായി. എന്നു പറഞ്ഞാ അങ്ങു പടിഞ്ഞാറ് കാവേരി ഷാപ്പിലെ അന്തിക്കള്ളു മോന്തി ഭള്ളു പറഞ്ഞു വരുന്ന കാഴ്ച! അപ്പോ നാക്കേ ‘പായും, പൂ’യുമൊക്കേ വരൂ! ഇടക്കിടെ ഈണത്തി സിനിമാ പാട്ടു പാടും, മിക്കപ്പോഴും എം എസ് ബാബുരാജിന്‍െറ പാട്ടാ ഇഷ്ടനിഷ്ടം!

“പ്രാണസഖീ ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ
ഗാനലോക വീഥികളിൽ വേണുവൂതും ആട്ടിടയൻ
പ്രാണസഖീ ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ
പ്രാണസഖീ ഞാൻ….”

ഈ പാട്ട് യൗവനയുക്തകളായ ഗ്രാമത്തിലെ എല്ലാ യുവതികളുടെയും, മദ്ധ്യവയസ്ക്കകളുടെയും, ശ്രദ്ധ ക്ഷണിക്കാന്‍ വേണ്ടി പാടുന്നതാണ്. അപ്പോഴൊക്കെ അവര്‍ ജനലിലൂടെ തലയിട്ടു പാപ്പനെ നോക്കി പറയും:

“താണ്ടെ, നോക്കിക്കെ പാപ്പന്‍ ഫിറ്റായി, ഇനി സരസ്വതി കേക്കാം”

എന്നു പറഞ്ഞാ കല്ലു വെച്ച തെറി!, അതാ പാപ്പന്‍. പാപ്പനും, കാളയും കുര്യാക്കോച്ചേട്ടന്റെ മുമ്പിലെത്തി നിന്നു.

ചേട്ടന്‍ ചോദിച്ചു:

“എടാ പാപ്പാ നിന്‍റ കാള ചവുട്ടിയാ ചന ഏക്കുവോ!”

“കൊള്ളാം ഏക്കുവോന്ന്. ഇതുവരെ ഒരബോര്‍ഷന്‍ പോലുമുണ്ടായിട്ടിയല്ല.”

ഈ ഇംഗ്ലീഷ് വാക്ക് പാപ്പന്‍ മനഃപാഠമാക്കി വെച്ചിരിക്കയാണ്. തടത്തിലെ കോരുതു വക്കീലില്‍ നിന്ന് കേട്ട് അര്‍ത്ഥം മനസ്സിലാക്കി പാപ്പന്‍ സന്ദര്‍ഭോജിതമായി കുര്യാക്കോച്ചേട്ടനെപോലുള്ള നിരക്ഷരകുക്ഷികളുടെ മേല്‍ പ്രയോഗിക്കും. അവന്‍ പറഞ്ഞതു മനസ്സിലാല്ലെങ്കിലും മനസ്സിലായ മട്ടുവരുത്തി ചേട്ടന്‍ കല്പിച്ചു….

“എന്നാ നീ കടമ്പ കെട്ടിക്കോ”

കുഴികുത്തുന്ന കമ്പിപ്പാരേം, കുറേ മുളങ്കുറ്റികളും പാപ്പന്‍െറ മുമ്പിലേക്കിട്ടു കൊടുത്തു. പാപ്പന്‍ നിമിഷനേരംകൊണ്ട് ഒന്നാന്തരം ‘കടമ്പ’ കെട്ടി. ‘കടമ്പ’ എന്തന്നല്ലേ! പശുവിന് ഇടംവലം തിരിയാന്‍ കഴിയാത്ത ത്രികോണാകൃതിയിലുള്ള വേലി! അതില്‍ പാപ്പന്‍ ഞങ്ങടെ വലിയ കറാച്ചി പശുവിനെ തള്ളിക്കയറ്റി കുറുക്കി കെട്ടി, സിന്ധി മൂരിയെ പ്രോത്സാഹിപ്പിച്ചു. ഒറ്റ നിമിഷം കൊണ്ട് കാര്യം നടന്നു, പശു ഗ്രാമത്തെ ഞെട്ടിച്ച് ഒരമര്‍ച്ചേം !

ആയിടെ ഒരു വാര്‍ത്ത കേട്ടു ഗ്രാമം ഞെട്ടി. പാപ്പന്‍ തിരുവന്തോരത്ത്‌ സെന്‍‌ട്രല്‍ ജയിലിലെന്ന്! ഒരു വധക്കേസിനെത്തുടര്‍ന്ന്. തൂക്കാന്‍ വിധിച്ചു, പിന്നതു വെട്ടിക്കുറച്ച് ജീവപര്യന്തമാക്കി, ദൃക്‌സാക്ഷി ഇല്ലാതിരുന്നതുകൊണ്ട് ! എന്താകാര്യം എന്നല്ലേ? അതും ഞാന്‍ ഒളിഞ്ഞു നിന്നു കേട്ടു. കുര്യാക്കോചേട്ടന്‍ അപ്പനോടു പറഞ്ഞപ്പം അതിപ്രകാരം:

ഞങ്ങടെ ഗ്രാമം വികസിച്ചു. ഗ്രാമത്തിന്‍െറ മുഖഛായ മാറി. അപ്പോള്‍ അവിടെ ‘എന്നിയസ് ബ്ലോക്കു’ണ്ടായി. ”ഗ്രാമവികസന ബ്ലോക്ക്”! ബ്ലോക്കില്‍ മൃഗഡോക്ടര്‍ ചാര്‍ജെടുത്തു, “കൃതൃമബീജസങ്കലനം” പശുക്കള്‍ക്ക്! എന്ന പ്രഖ്യാപനവുമായി. പാപ്പന്‍ കാളേം കൊണ്ട് നടന്ന് ബീജസങ്കലനം ചെയ്തപ്പം, പുതുതായി ചാര്‍ജ്ജെടുത്ത മൃഗ ഡോക്ടര്‍, ജര്‍മ്മിനിയില്‍ നിന്നിറക്കുമതി ചെയ്ത മൂരിയെ ബ്ലോക്കില്‍ നിര്‍ത്തിയിട്ട് അതിന്‍െറ ബീജവുമായി സൈക്കളില്‍ യാത്ര ചെയ്ത ഗ്രാമത്താകെ സങ്കലനം നടത്താന്‍ ആരംഭിച്ചു. ഒരുകാര്യം പറയട്ടെ, സൈക്കളും, കാളവണ്ടിയും മാത്രം പോകുന്ന കുടുക്കുവഴിയേ അന്ന് ഗ്രാമത്തിലുണ്ടായിരുന്നുള്ളൂ.

പാപ്പന്‍െറ കഞ്ഞികുടി മൃഗഡോക്ടര്‍ മുട്ടിച്ചു. എന്തിന് സൈക്കിളി സഞ്ചരിച്ചിരുന്ന മൃഗഡോക്ടര്‍ ഒരു സായംസന്ധ്യക്ക്, ഒഴിഞ്ഞ സ്ഥലത്ത് ഒരു കലുങ്കില്‍ ചത്തു മലച്ചു കിടക്കുന്നു, അദ്ദേഹത്തിന്‍െറ സൈക്കിളും, കൃതൃമബീജം സൂക്ഷിക്കുന്ന ഐസ് പെട്ടിയും, അതിനടുത്തായി
ചിതറി കിടക്കുന്നു. സംഭവം ആദ്യം കണ്ടത് സെക്കന്‍റ്‌ഷോക്ക് നടന്നുപോയ ദാമോദരനാണ്. ദാമാദരന്‍ ഗ്രാമത്തെ അറിയിച്ചു. അവരെല്ലാം ഞെട്ടി. സംഭവത്തിനല്പം മുമ്പ് കലുങ്കു കടന്നു വന്ന പാപ്പനേയും, മൂരിയേയും കണ്ടവരുണ്ട്. എന്നാല്‍ പാപ്പന്‍ കള്ളടിച്ച് ഫിറ്റായി പൂരപാട്ടും പാടി വരികയായിരുന്നതുകൊണ്ട് കണ്ടവരെല്ലാം പാപ്പനെ കാണാതെ ഉണ്ട ഇട്ടു നടന്നു.

പിറ്റേന്ന് ഹേഡ് മൂത്ത റൂള്‍തടി ഉരുട്ടില്‍ കേമനായ ലംബോധരന്‍പിള്ള പാപ്പനെ കസ്റ്റഡിയിലെടുത്തു. റൂള്‍തടി ഉരുട്ടി സത്യം പറയിച്ചു. പക്ഷേ, കോടതി വിസ്തിരിച്ചപ്പം പാപ്പന്‍ പറഞ്ഞത് മറ്റൊന്നാണ്. ആ ഹേഡേമാന്‍ റൂളിതടി ഉരുട്ടി കുറ്റം എന്‍െറ മേല്‍ കേറ്റിയതാണ്. സംഗതി ഞാന്‍ കണ്ടതാണ്, ഞാനാണ് ദൃക്‌സാക്ഷി. സൈക്കളേല്‍ എതിരെ വന്ന മൃഗഡോക്ട്ടറെ എന്‍െറ മൂരിയാണ് കുത്തികൊന്നത്. അവന്‍ ശാന്തനാണേലും പരബീജം മണത്തതാ അതിനു കാരണം. കുത്തും കഴിഞ്ഞു, ഡോക്ടറു ചത്തും പോയി, അതിന് ഞാനെന്നാ ചെയ്യാനാ. വാദിഭാഗം വക്കീലു തെളിയിച്ചു. അതു പാപ്പന്‍െറ കയ്യിലെ കഠാരകുത്തെന്ന് !

കാലം തികഞ്ഞപ്പോള്‍ ഞങ്ങടെ പശുപെറ്റു, പാപ്പന്‍െറ കാളേടെ ഓനപുത്രന്‍, അതേ പാല്‍ നിറം, തിരുനെറ്റിക്കു കറുത്ത ചുട്ടി, പൊങ്ങിനില്‍ക്കുന്ന കൊച്ച് ഉപ്പൂണി! അപ്പോക്കേും മറ്റൊരു മൃഗഡോക്ടര്‍ ചാര്‍ജ്ജെടുത്തിരുന്നു. ഗ്രാമം കുറേകൂടി വികസിച്ചു, അദ്ദേഹത്തിന്‍െറ യാത്ര സ്ക്കൂട്ടറിലായിരുന്നു, എന്നാല്‍ പാപ്പന്‍െറ മൂരിയെപ്പറ്റി പിന്നീടൊന്നും കേട്ടില്ല!

Print This Post Print This Post
To toggle between English & Malayalam Press CTRL+g

One response to “മൂരി (കഥ) ജോണ്‍ ഇളമത”

  1. കൃഷ്ണ says:

    കഥ ഗംഭീരമായി.

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top