കണ്ണൂര്‍: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ ദലിത് യുവാക്കളെ ഉടുമുണ്ടഴിച്ച് മര്‍ദിച്ച സംഭവത്തില്‍ രണ്ട് ആര്.എസ്.എസുകാര്‍ അറസ്റ്റില്‍. ടെമ്പിള്‍ ഗേറ്റിലെ എ. ശ്രീജേഷ് (36), നങ്ങാറത്ത് പീടികയിലെ ടി.കെ. വികാസ് (37) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജനുവരി 19ന് ഉച്ചക്ക് 12ന് ബൈക്കില്‍ ചുവപ്പ് മുണ്ടുടുത്ത് യാത്രചെയ്യുമ്പോഴാണ് കുട്ടിമാക്കൂലിലെ പ്രിന്‍സ്, വിപിനേഷ് എന്നിവരെ ഉടുമുണ്ടഴിച്ച് മര്‍ദിച്ച് റോഡിലൂടെ നടത്തിച്ചത്.
മര്‍ദനദൃശ്യം നവമാധ്യമങ്ങളിലൂടെ ആര്.എസ്.എസ് പ്രവര്‍ത്തകര്‍ തന്നെ പ്രചരിപ്പിച്ചതായും പരാതിയുണ്ടായിരുന്നു. കുട്ടിമാക്കൂലില്നിന്ന് ബൈക്കില്‍ മാഹിയിലെ ബന്ധുവീട്ടിലേക്ക് യാത്രചെയ്യുമ്പോഴാണ്് യുവാക്കളെ മര്‍ദിച്ചത്. മുപ്പതോളം വരുന്ന ആര്.എസ്.എസ് സംഘം വാഹനം വളഞ്ഞ് പുറത്തേക്ക് വലിച്ചിട്ട് മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി. ഉടുമുണ്ട് പറിച്ച് തൊട്ടടുത്തുള്ള കെട്ടിടത്തിന്‍െറ മുകളിലേക്ക് എറിയുകയും ചെയ്തു. ഉടുമുണ്ടില്ലാതെയാണ് ഇവരെ റോഡിലൂടെ അര്‍ധനഗ്നരാക്കി നടത്തിച്ചത്. മുണ്ട് ചോദിച്ചപ്പോള്‍ ജാതിപറഞ്ഞ് അധിക്ഷേപിച്ചതായും പരാതിയുണ്ട്.

Leave a Reply