Flash News

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ്; ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി

February 10, 2017

Zemanta Related Posts Thumbnailലക്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 403 അംഗ നിയമസഭയിലെ 73 സീറ്റിലേക്കാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുക. ഏഴു ഘട്ടമായി നടക്കുന്ന വോട്ടെടുപ്പിന്റെ ബാക്കി ഘട്ടങ്ങള്‍ ഫെബ്രുവരി 15, 19, 23, 27, മാര്‍ച്ച് നാല്, എട്ട് എന്നീ തീയതികളിലായി നടക്കും. മാര്‍ച്ച് 11നാണ് ഫലപ്രഖ്യാപനം. ശക്തമായ ത്രികോണ മത്സരത്തിനാണ് സംസ്ഥാനം ഇത്തവണ സാക്ഷ്യം വഹിക്കുക. കലാപബാധിത പ്രദേശങ്ങളായ മുസാഫര്‍നഗറും ഷാംലിയും ആദ്യഘട്ടത്തിലാണ് വോട്ട് ചെയ്യുന്നത്.

അതേസമയം വോട്ടിംഗ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് മഥുര മണ്ഡലത്തിലെ മൂന്നിടങ്ങളില്‍ വോട്ടിം തടസപ്പെട്ടിരിക്കുകയാണ്.

73 മണ്ഡലങ്ങളിലുമായി 2.57 കോടി വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിക്കും. ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന 73 മണ്ഡലങ്ങളിലെ നിലവിലെ കക്ഷിനില ഇങ്ങനെ: എസ്പിയും ബിഎസ്പിയും 24 സീറ്റുകള്‍ വീതം, ബിജെപി – 11, ആര്‍എല്‍ഡി – 9, കോണ്‍ഗ്രസ് – 5. അതേസമയം, ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ അഭൂതപൂര്‍വമായ മുന്നേറ്റമാണ് ഇവിടെ കണ്ടത്. ഭൂരിപക്ഷം സീറ്റുകളിലും മുന്നിലെത്തിയത് ബിജെപി തന്നെയായിരുന്നു.

രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനത്ത് ബിജെപിക്ക് തടയിടാന്‍ ബിഹാര്‍ മോഡല്‍ തന്നെയാണ് കോണ്‍ഗ്രസും എസ്പിയും പരീക്ഷിക്കുന്നത്. ബിജെപി ഭരണം പിടിക്കുമെന്ന പ്രതീക്ഷകള്‍ തെറ്റിച്ച് അവിടെ ജെഡിയു-ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യം ഭരണം പിടിക്കുകയായിരുന്നു. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ യുപിയിലെ 71 ലോക്‌സഭാ സീറ്റുകളും കയ്യടക്കിയ ബിജെപി ബഹുഭൂരിപക്ഷം നിയമസഭാ മണ്ഡലങ്ങളിലും മുന്നിലെത്തിയിരുന്നു. ഈ മുന്നേറ്റത്തിന് തടയിടുകയാണ് കോണ്‍ഗ്രസ്-എസ്പി സഖ്യത്തിന്റെ ലക്ഷ്യം. 403 അംഗ നിയമസഭയില്‍ ഭരണകക്ഷിയായ എസ്പി 298 സീറ്റിലും കോണ്‍ഗ്രസ് 105 സീറ്റിലുമാണു മത്സരിക്കുക.

C4WTmB7UEAAmcQJപ്രിയങ്കാ ഗാന്ധിയുടെ കടന്നുവരവും സഖ്യത്തിന് അനുകൂല ഘടകമാണ്. എതിര്‍പ്പുകളെല്ലാം മാറ്റിവച്ച് എസ്പി സ്ഥാപകന്‍ മുലായം സിങ്ങും പ്രചാരണ രംഗത്തേക്ക് വരുന്നത് എസ്പി-കോണ്‍ഗ്രസ് ക്യാംപിന് ശുഭവാര്‍ത്തയാണ്.

ഉത്തര്‍പ്രദേശില്‍ ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ജയിച്ചേ തീരൂ എന്ന അവസ്ഥയാണ്. നോട്ട് അസാധുവാക്കല്‍ എന്ന അസാധാരണ നടപടിയിലൂടെ വലിയൊരു ഭാഗ്യപരീക്ഷണം നടത്തുന്ന നരേന്ദ്ര മോദിക്ക് തന്റെ തീരുമാനത്തിന് ജനപിന്തുണയുണ്ടോ എന്ന് ഈ തെരഞ്ഞെടുപ്പിലൂടെ അറിയാം.

അതേസമയം ഒറ്റയ്ക്കു ഭരിക്കാനുള്ള ഭൂരിപക്ഷം ബിഎസ്പിക്ക് ലഭിക്കും എന്ന ആത്മവിശ്വാസത്തിലാണു മായാവതി. സമാജ്വാദി പാര്‍ട്ടിയിലെ തമ്മിലടി കാരണം മുസ്‌ലിം വോട്ടുകളില്‍ ഗണ്യമായ ഒരുവിഭാഗം ബിഎസ്പിയിലേക്കു വരും എന്നാണു മായാവതിയുടെ കണക്കുകൂട്ടല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് അവര്‍ ഇത്തവണ 97 മുസ്‌ലിം സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നത്; കഴിഞ്ഞ തവണത്തെക്കാള്‍ 12 പേര്‍ കൂടുതല്‍.

106 മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്കും 87 ദലിതര്‍ക്കും സീറ്റ് നല്‍കുമ്പോള്‍ 113 സ്ഥാനാര്‍ഥികള്‍ മുന്നാക്ക വിഭാഗങ്ങളില്‍ നിന്നാണ്. ഒരുതരത്തിലുള്ള സഖ്യത്തിനോ ധാരണയ്‌ക്കോ മായാവതി തയാറുമില്ല.

403 അംഗങ്ങളുള്ള ഉത്തര്‍പ്രദേശ് നിയമസഭയില്‍ 229 സീറ്റാണ് എസ്പിക്കുള്ളത്. ബിഎസ്പി 80 സീറ്റുമായി രണ്ടാം സ്ഥാനത്താണ്. ബിജെപിക്ക് 41. കോണ്‍ഗ്രസിന് 28. കടലാസിലെ കണക്കില്‍ കോണ്‍ഗ്രസ്–എസ്പി സഖ്യം യുപിയില്‍ വിജയസമവാക്യമാണ്. കഴിഞ്ഞ വട്ടം 224 സീറ്റു നേടിയ എസ്പിക്ക് ലഭിച്ചത് 29.3% വോട്ടു വിഹിതം. 28 സീറ്റു മാത്രമാണു നേടിയതെങ്കിലും കോണ്‍ഗ്രസിന് 11.7% വോട്ടു കിട്ടി. 54 സീറ്റില്‍ രണ്ടാമതുമെത്തി. ബിജെപിയും ബിഎസ്പിയും കൂടി ഉള്‍പ്പെട്ട ത്രികോണ മത്സരത്തില്‍ 40% വോട്ടു നേടുന്നവര്‍ അനായാസം ജയിക്കേണ്ടതാണെന്ന കണക്ക് ഈ സഖ്യത്തിന്റെ സാധ്യതകള്‍ ഇരട്ടിയാക്കുന്നു.

C4WTn5lUkAAwXowഉത്തര്‍ പ്രദേശില്‍ ത്രിശങ്കു നിയമസഭയായിരിക്കും വരിക എന്ന് ദ് വീക്ക്- ഹാന്‍സ അഭിപ്രായ സര്‍വേ അഭിപ്രായപ്പെടുന്നു. ഏറ്റവും വലിയ ഒറ്റക്കക്ഷി ബിജെപി ആയിരിക്കും. എന്നാല്‍ അവര്‍ക്ക് കടുത്ത പോരാട്ടം കാഴ്ചവച്ച് സമാജ്‌വാദി പാര്‍ട്ടി-കോണ്‍ഗ്രസ് കൂട്ടുകെട്ട് തൊട്ടുപിന്നാലെ ഉണ്ടാവും. ബഹുജന്‍ സമാജ് പാര്‍ട്ടി ബഹുദൂരം പിന്നിലാണെന്നും സര്‍വേ വ്യക്തമാക്കുന്നു.

യുപിയില്‍ 192-196 സീറ്റേ ബിജെപിക്ക് ലഭിക്കുകയുള്ളൂ-ഭരിക്കാനുള്ള ഭൂരിപക്ഷത്തിന് 202 എംഎല്‍എമാര്‍ വേണം. എസ്പി – കോണ്‍ഗ്രസ് സഖ്യത്തിന് 178-182 സീറ്റു ലഭിക്കാം. ബിഎസ്പി 20-24 സീറ്റിലൊതുങ്ങും. യുപിയില്‍ ഓരോ കക്ഷികള്‍ക്കും ലഭിക്കാന്‍ സാധ്യതയുള്ള വോട്ടു ശതമാനം ഇങ്ങനെ ബിജെപി 37%, എസ്പി-കോണ്‍ഗ്രസ് സഖ്യം 33%, ബിഎസ്പി 22%.

ഒക്ടോബറിലും ഡിസംബറിലുമായി നടത്തിയ ഇന്ത്യാ ടുഡേ-ആക്‌സിസ് അഭിപ്രായ സര്‍വേ ഫലവും ബിജെപിക്ക് അനുകൂലമാണ്. 403 അംഗ യുപി അസംബ്ലിയില്‍ 206 മുതല്‍ 216 വരെ സീറ്റ് പാര്‍ട്ടി നേടുമെന്നാണ് അഭിപ്രായ സര്‍വേ ഫലം സൂചിപ്പിക്കുന്നത്. ഭരണകക്ഷിയായ സമാജ്‌വാദി പാര്‍ട്ടി 26 ശതമാനം വോട്ടോടെ രണ്ടാമതെത്തുമെന്നും ബിഎസ്പി മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെടുമെന്നുമാണ് സര്‍വേ ഫലം. മുലായം-അഖിലേഷ് പോര് രൂക്ഷമാവുന്നതിനു മുന്‍പു നടത്തിയ സര്‍വേയില്‍ എസ്പിക്ക് 92 മുതല്‍ 97 വരെ സീറ്റും ബിഎസ്പിക്ക് 79-85 സീറ്റുമാണു പ്രവചിക്കുന്നത്. 27 വര്‍ഷമായി യുപിയില്‍ അധികാരമില്ലാത്ത കോണ്‍ഗ്രസിന് ആറുശതമാനം വോട്ടും 5-9 സീറ്റുമാണു പ്രവചനം

എബിപി-സിഎസ്ഡിസ് സര്‍വേ പ്രകാരം എസ്പി പിളര്‍ന്നാല്‍ മാത്രമെ യുപിയില്‍ ബിജെപിക്ക് അധികാരം ലഭിക്കൂ. എസ്പിക്ക് 141-151 സീറ്റ് വരെയും ബിജെപിക്ക് 124-134 സീറ്റ് വരെയുമാണ് പ്രവചനം. ബിഎസ്പിക്ക് 93-103 സീറ്റ് വരെ അഭിപ്രായ സര്‍വേ പ്രവചിക്കുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top