Flash News

പന്നീര്‍സെല്‍വം കാവല്‍ മുഖ്യമന്ത്രിയായി തുടരാമെന്ന് ഗവര്‍ണറുടെ റിപ്പോര്‍ട്ട്, ശശികല ക്യാമ്പില്‍ പരിഭ്രാന്തി

February 11, 2017

o-panneerselvam-at-his-residence_5832e5f0-ef03-11e6-9744-939f10ba6c21ചെന്നൈ: പന്നീര്‍ സെല്‍വം കാവല്‍ മുഖ്യമന്ത്രിയായി തുടരുന്നതാണ് ഉചിതമെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ സി.വിദ്യാസാഗര്‍ റാവു കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കി. ശശികലയെ മുഖ്യമന്ത്രിയാക്കിയാല്‍ വരാവുന്ന നിരവധി നിയമപ്രശ്നങ്ങളും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍, ഇത്തരമൊരു റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെന്നാണ് രാജ്ഭവന്‍ പറയുന്നത്. റിപ്പോര്‍ട്ട് അയച്ചുവെന്ന കാര്യം വാസ്തവമാണെന്നും പ്രശ്നം ആളിക്കത്തിക്കാതിരിക്കാന്‍ രാജ്ഭവന്‍ ഇത് രഹസ്യമായി വക്കുകയാണെന്നുമാണ് വിവരം.

ശശികല പ്രതിയായ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിധി വരുന്നതുവരെ അവരെ മുഖ്യമന്ത്രിയാക്കരുതെന്നാണ് ഗവര്‍ണര്‍ പറയുന്നത്. അതുകൊണ്ട്, ഭരണസ്തംഭനം ഒഴിവാക്കാന്‍ അതുവരെ പന്നീര്‍സെല്‍വത്തെ കാവല്‍ മുഖ്യമന്ത്രിയായി തുടരാന്‍ അനുവദിക്കണം. ശശികലക്കെതിരെ നിരവധി ആരോപണങ്ങളും റിപ്പോര്‍ട്ടിലുണ്ട്. ശശികല പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായത് ശരിയായ വഴിയിലൂടെയല്ല. അവര്‍ എം.എല്‍.എമാരെ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. മാത്രമല്ല, തന്നെ ഭീഷണിപ്പെടുത്തിയാണ് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ഒഴിവാക്കിയതെന്ന പന്നീര്‍സെല്‍വത്തിന്‍െറ വെളിപ്പെടുത്തലും ഗവര്‍ണര്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തില്‍ ശശികലയെ മുഖ്യമന്ത്രിയാക്കിയാല്‍ നിരവധി നിയമപ്രശ്നങ്ങള്‍ ഉയര്‍ന്നുവരുമെന്നാണ് ഗവര്‍ണറുടെ റിപ്പോര്‍ട്ടിലുള്ളത്. കേന്ദ്രവും പന്നീര്‍സെല്‍വത്തിനൊപ്പമാകയാല്‍ റിപ്പോര്‍ട്ട് അംഗീകരിച്ച് അദ്ദേഹത്തെ തുടരാന്‍ അനുവദിക്കമെന്നാണ് അറിയുന്നത്.

ഗവര്‍ണറുടെ റിപ്പോര്‍ട്ട് പുറത്തുവന്നതിനെതുടര്‍ന്ന് ശശികല ക്യാമ്പില്‍ പരിഭ്രാന്തി പടര്‍ന്നു. എം.എല്‍.എമാരെ തങ്ങളോടൊപ്പം നിര്‍ത്താനും കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികളുടെ പിന്തുണ തേടാനും ശശികല ആഞ്ഞു ശ്രമിക്കുകയാണ്.

ഗവര്‍ണറുടെ തീരുമാനം വൈകുന്നത് സംസ്ഥാനത്തെ ഭരണപ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്‍െറ അനുമതിയോടുള്ള ഗവര്‍ണ്ണറുടെ തീരുമാനം ഉടന്‍ പുറത്തുവരും. സംസ്ഥാനത്തിന്‍െറ ഭരണഘടനാ തലവന്‍ ഗവര്‍ണ്ണറാണെന്നും അദ്ദേഹം ഉചിതമായ തീരുമാനം എടുക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് പ്രതികരിച്ചത് ഗവര്‍ണ്ണര്‍ക്ക് കൃത്യമായ നിര്‍ദ്ദേശം കേന്ദ്രം നല്‍കിയതിന്‍െറ സൂചനയാണ്. മുഖ്യമന്ത്രി പദവിയില്‍ നിന്നുള്ള രാജി പിന്‍വലിച്ച് പനീര്‍സെല്‍വത്തിന് നിയമസഭയില്‍ വിശ്വാസവോട്ടിന് അനുമതി നല്‍കാനും കേന്ദ്രം ഗവര്‍ണ്ണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി അഭ്യൂഹമുണ്ട്.

ശശികലാ വിഭാഗം അണ്ണാഡി.എം.കെ എം.എല്‍.എമാരെ തടവില്‍ പാര്‍പ്പിച്ചത് ഗവര്‍ണ്ണര്‍ ഗൗരവത്തോടെ എടുത്തിട്ടുണ്ട്. മുഖ്യമന്ത്രിയായി ശശികലയുടെ സത്യപ്രതിജഞ ചടങ്ങ് നടക്കാനിരുന്ന മദ്രാസ് സര്‍വകലശാലാ ശതാബ്ദി മന്ദിരത്തിലെ പൊലീസ് സുരക്ഷ പിന്‍വലിച്ചിട്ടുണ്ട്. ഇതിനിടെ പനീര്‍സെല്‍വം- ശശികലാ വിഭാഗങ്ങള്‍ സംഘര്‍ഷത്തിലേക്ക് നീങ്ങി സംസ്ഥാനത്ത് ക്രമസമാധാന നില വഷളാകാന്‍ സാധ്യത മുന്നില്‍ കണ്ട് കേന്ദ്രസേനയെ വിന്യസിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇത് രാഷ്ട്രപതി ഭരണത്തിലേക്കുള്ള സൂചനയും നല്‍കുന്നുണ്ടെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. പനീര്‍സെല്‍വത്തിന് അഞ്ച് എം.എല്‍.എമാരും ശശകലക്ക് 129 എംഎല്‍എമാരുമാണ് പിന്തുണ നല്‍കുന്നത്.

ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടാല്‍ കുറുമാറ്റ നിരോധന നിയമം ശശികലക്ക് തുണയാവും. അപ്രകാരമായാല്‍ ചുരുങ്ങിയത് 90 എം.എല്‍.എമാരുടെ പിന്തുണ ലഭിച്ചാല്‍ മാത്രമേ പന്നീര്‍സെല്‍വത്തിന് ഭരണം നിലനിര്‍ത്താനാകൂ. അല്ലെങ്കില്‍ വിപ്പ് ലംഘിച്ചതിന് എം.എല്‍.എ സ്ഥാനം നഷ്ടപ്പെടും. പാര്‍ട്ടിയില്‍നിന്ന് പുറത്തുപോകേണ്ടിയും വരും. വിപ്പ് ലംഘിച്ച് വോട്ടുചെയ്യുന്ന മറ്റ് എം.എല്‍.മാര്‍ക്കും അംഗത്വം നഷ്ടപ്പെടും.

നിയമസഭയിലെ അംഗബലത്തിന്‍െറ മൂന്നില്‍ രണ്ട് ഭാഗം എം.എല്‍.എമാര്‍ കൂറുമാറിയാല്‍ നടപടിയില്‍നിന്ന് രക്ഷപ്പെടാം. 234 നിയമസഭാംഗങ്ങളില്‍ 118 പേരുടെ പിന്തുണയാണ് കേവലഭൂരിപക്ഷത്തിനാവശ്യം. ഡി.എം.കെക്ക് 89ഉം കോണ്‍ഗ്രസിന് എട്ടും മുസ്ലിം ലീഗിന് ഒരു അംഗവുമാണുള്ളത്. അണ്ണാ ഡി.എം.കെക്കുള്ള 134 അംഗങ്ങളില്‍ മൂന്നില്‍ രണ്ട് ഭാഗമായ 90 അംഗങ്ങളുടെ പിന്തുണയാണ് പന്നീര്‍സെല്‍വത്തിനാവശ്യം. എന്നാല്‍, ഇത്രയും എം.എല്‍.എമാരുടെ പിന്തുണ കിട്ടാനിടയില്ല. ഡി.എം.കെയോടൊപ്പം ചേര്‍ന്ന് ശശികല ഭരണത്തില്‍ കയറുന്നത് തടയുകയാണ് പന്നീര്‍സെല്‍വം വിഭാഗത്തിന്‍െറ ലക്ഷ്യം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top