Flash News

തമിഴ്‌നാട് രാഷ്‌ട്രീയം; ഗവര്‍ണ്ണര്‍ക്ക് പിന്തുണയുമായി ബി.ജെ.പി.

February 13, 2017

Sasikala_Vidyagarrao_Panner1തമിഴ്‌നാട് രാഷ്ട്രീയം കൂടുതല്‍ മുറുകുന്നതിനിടെ ഗവര്‍ണര്‍ക്കു പിന്തുണയുമായി ബി.ജെ.പി. ഗവര്‍ണര്‍ അദ്ദേഹത്തിന്റെ ജോലി ചെയ്യുകയാണെന്നും തല്‍ക്കാലം മുഖ്യമന്ത്രി പദത്തിനായി ഒഴിവില്ലെന്നും കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. മുഖ്യമന്ത്രി പദം ആവശ്യപ്പെട്ടു പനീര്‍ശെല്‍വവും ശശികലയും ഗവര്‍ണറെ കണ്ടെങ്കിലും കാത്തിരിക്കുകയെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.

അതേസമയം ഗവര്‍ണര്‍ കേന്ദ്രത്തിനയച്ച നിര്‍ണായക കുറിപ്പിന്റെ റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള സൂചനയും പുറത്തുവന്നു. ശശികലയെ മുഖ്യമന്ത്രി സ്ഥാനത്തേക്കു ക്ഷണിക്കാതിരിക്കാന്‍ തനിക്കു ഭരണഘടനാപരമായി കഴിയില്ലെന്നാണു കത്തില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. പനീര്‍ശെല്‍വത്തിന് അനുകൂല നിലപാടായിരുന്നു ഗവര്‍ണര്‍ സ്വീകരിച്ചിരുന്നതെങ്കിലും ഈ കത്ത് അദ്ദേഹത്തിനു മുകളിലുള്ള സമ്മര്‍ദം വെളിപ്പെടുത്തുന്നുണ്ട്.ഈ സാഹചര്യത്തിലാണു കേന്ദ്രത്തിന്റെ നിര്‍ണായക ഇടപെടല്‍. നിലവില്‍ തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി സ്ഥാനത്തിന് ഒഴിവില്ല. അവിടെ ഒരു മുഖ്യമന്ത്രിയും മന്ത്രിസഭയും ഉണ്ടെന്നു വെങ്കയ്യ നായിഡു പറഞ്ഞു.

ഫെബ്രുവരി അഞ്ചിനു വ്യക്തിപരമായ സാഹചര്യം ചൂണ്ടിക്കാട്ടി പനീര്‍ശെല്‍വം മുഖ്യമന്ത്രി സ്ഥാനം രാജിവച്ചുകൊണ്ടുള്ള കത്ത് കൈമാറിയിരുന്നു. എന്നാല്‍, പിന്നീട് അദ്ദേഹം മലക്കം മറിഞ്ഞു. ജയലളിതയുടെ ആത്മാവ് തന്നോടു സംസാരിച്ചെന്നും മുഖ്യമന്ത്രിയായി തുടരണമെന്നുമാണ് ആവശ്യപ്പെട്ടതെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. കൂടുതല്‍ എം.എല്‍.എമാര്‍ അദ്ദേഹത്തിനു പിന്തുണയുമായി രംഗത്തെത്തിയതോടെ, ശശികല നിര്‍ണായക നീക്കങ്ങള്‍ നടത്തിയിരുന്നു.

പനീര്‍ശെല്‍വം ഇന്നു സെക്രട്ടേറിയറ്റിലേക്കു പോകുമെന്നു വ്യക്തമാക്കിയതോടെ ചിന്നമ്മ ഇന്നു വീണ്ടും കൂവത്തൂരിലെ റിസോര്‍ട്ടില്‍ എം.എല്‍.എമാരെ കാണാന്‍ പോകുമെന്നാണു സൂചന. ശനിയാഴ്ചയും ഞായറാഴ്ചയും കൂവത്തൂരിലെത്തി എം.എല്‍.എമാരെ കാണാന്‍ ശ്രമിച്ചിരുന്നു. സെക്രട്ടേറിയറ്റിലെത്തുന്ന പനീര്‍ശെല്‍വം പതിവു ജോലികളിലേക്കു കടക്കുമെന്നാണു വിവരം.

മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയും സര്‍ക്കാര്‍ രൂപീകരണവും സംബന്ധിച്ച് ഗവര്‍ണറുടെ തീരുമാനം ഇന്നുണ്ടായേക്കും. എംഎല്‍എമാരെ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ട്രാഫിക് രാമസ്വാമി സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിച്ചെങ്കിലും അടിയന്തരമായി വാദം കേള്‍ക്കണമെന്ന ആവശ്യം ചെവിക്കൊണ്ടില്ല. പനീര്‍ശെല്‍വം ഉയര്‍ത്തിയ വെല്ലുവിളിയില്‍ പതറിയ ശശിക എംഎല്‍എമാരുടെ പിന്തുണ ഉറപ്പാക്കാന്‍ കൂവത്തൂരിലെ റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരിക്കുന്ന എംഎല്‍എമാരെ ഇന്നലേയും സമീപിച്ചിരുന്നു. ജയലളിതയുടെ അവസാന വാക്കുകള്‍ വെളിപ്പെടുത്തി എംഎല്‍എമാര്‍ക്ക് മുന്നില്‍ ശശികല പൊട്ടിക്കരയുകയും ചെയ്തു.

“ആര്‍ക്കും പാര്‍ട്ടിയെ തകര്‍ക്കാന്‍ കഴിയില്ല” എന്നാണ് അമ്മയുടെ അവസാന വാക്കുകളെന്ന് എംഎല്‍എമാരെ കണ്ട് ശശികല വെളിപ്പെടുത്തി. 129 എംഎല്‍എമാരുടെ പിന്തുണ അവകാശപ്പെടുന്ന ശശികല കൂവത്തൂരിലെ റിസോര്‍ട്ടില്‍ എംഎല്‍എമാരെ പാര്‍പ്പിച്ചിരിക്കുന്നിടത്ത് ശനിയാഴ്ചയും ഞായറാഴ്ചയും സന്ദര്‍ശനം നടത്തിയിരുന്നു. കൂടുതല്‍ എംപിമാരും എംഎല്‍എമാരും പനീര്‍ശെല്‍വം ക്യാമ്പിലേക്ക് നീങ്ങുന്നത് ശശികലയേയും സംഘത്തേയും ആശങ്കയിലാക്കുന്നുണ്ട്.

ഇന്നലെ അഞ്ച്‌ എംപിമാര്‍ കൂടി പനീര്‍ശെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. എസ് രാജേന്ദ്രന്‍ (വില്ലുപുരം), സെങ്കുട്ടുവനും (വേലൂര്‍) ജയ്‌സിങ് ത്യാഗരാജനും (തൂത്തുകുടി) മരുതുരാജയും (പേരാമ്പല്ലൂര്‍), രാജ്യസഭാംഗം ലക്ഷ്മണന്‍ എന്നിവരാണ്‌ പുതുതായി ചിന്നമ്മയുടെ ക്യാമ്പ് വിട്ടത്. ഇതോടെ ഒപിഎസ് ക്യാമ്പിലുളള എംപിമാരുടെ എണ്ണം 11 ആയി. നാമക്കല്‍ എംപി പിആര്‍ സുന്ദരം, കൃഷ്ണഗിരി എംപി അശോക് കുമാര്‍, തിരുപ്പൂര്‍ എംപി സത്യഭാമ, തിരുവണ്ണാമലൈ എംപി ആര്‍ വനറോജ, രാജ്യസഭാ എംപിമാരായ വി മൈത്രേയന്‍, ശശികല പുഷ്പ എന്നിവരാണ് ഒപിഎസ്സിനൊപ്പമുള്ള മറ്റു എംപിമാര്‍.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top