Flash News
മുഖ്യമന്ത്രിയും തെരഞ്ഞെടുപ്പു വിധിയും: അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്   ****    പട്ടാള ഭരണത്തിനെതിരെ സമരം ചെയ്ത എഴുപതോളം വനിതകളെ സുഡാന്‍ സൈന്യം കൂട്ട ബലാത്സംഗം ചെയ്തെന്ന് റിപ്പോര്‍ട്ട്; ഐക്യരാഷ്ട്ര സംഘടന അന്വേഷണം പ്രഖ്യാപിച്ചു   ****    തിരുവനന്തപുരം വിമാനത്താവളം പൊതുമേഖലയില്‍ത്തന്നെ നിലനിര്‍ത്തണമെന്ന് മുഖ്യമന്ത്രി; സംസ്ഥാനത്തിന്റെ എതിര്‍പ്പ് പ്രധാനമന്ത്രിയെ ധരിപ്പിച്ചു   ****    ചിക്കാഗോ സമുദായ നേതാക്കള്‍ അറ്റ്‌ലാന്റയിലെ ഹോളി ഫാമിലി ക്നാനായ പള്ളിയുടെ ദശാബ്‌ദി ആഘോഷത്തിന് പിന്തുണയുമായി മുന്‍നിരയില്‍   ****    വനിതാ പോലീസ് ഉദ്യോഗസ്ഥയെ തീ കൊളുത്തി കൊന്നു; കൊലയാളി പിടിയിൽ   ****   

പ്രണയം ആഘോഷമാക്കിയ എന്റെ കൗമാരം (പി.ടി പൗലോസ്)

February 14, 2017

pranayam fullപ്രണയം ആഘോഷമാക്കിയ ഒരു ബാല്യ-കൗമാര കാലം എനിക്കുണ്ടായിരുന്നു. എന്റെ പ്രണയത്തിന്റെ പ്രമദവനങ്ങളില്‍ പാറിക്കളിച്ച വര്‍ണ്ണശലഭങ്ങള്‍ എന്റെ ഹ്രദയവീണയുടെ മൃദുലതന്ത്രികളില്‍ സപ്തസ്വരങ്ങളുടെ കുളിര്‍മഴ പെയ്യിച്ചു. അത് ഒരു രാഗപരാഗമായി എന്റെ ആല്‍മാവിനെ ഇപ്പോഴും ഇക്കിളിയിട്ടുണര്‍ത്തുന്നു.കാലത്തിന്റെ കറ പുരളാത്ത ആ മുത്തുമണികള്‍ ഓരോന്നായി ഓര്‍മയുടെ സ്പടികത്തിളക്കത്തില്‍ മിന്നി മറയുമ്പോള്‍ എന്റെ ആദ്യത്തെ പ്രണയ നായിക വാഴപ്പിള്ളി കുഞ്ഞേലി ആയിരുന്നു. കുഞ്ഞേലി എന്റെ വീടിന് തൊട്ടുതെക്കേതിലെ ഒരു പുതുക്രിസ്തിയാനി പെണ്‍കുട്ടി.

അവള്‍ക്ക് അന്ന് എട്ടു വയസ്സ്. എനിക്ക് പത്തു വയസ്സ്. അവള്‍ക്ക് നല്ല കറുപ്പ് നിറം. എനിക്ക് നല്ല വെളുപ്പ്. കറുപ്പും വെളുപ്പും ചേര്‍ന്ന ഏതോ ഒരു മാസ്മരികതയുടെ മായാലോകം. സ്കൂള്‍ വിട്ടുവരുന്ന സായാഹ്നങ്ങളില്‍ ഞങ്ങള്‍ കാവി തോട്ടില്‍ കുളിക്കാന്‍ പോകുമായിരുന്നു. എന്റെ വീടിന് താഴെ ഹരിത വനത്താല്‍ ചുറ്റപ്പെട്ട ഒരു ദേവി ക്ഷേത്രമുണ്ട് . അതിനെ ചുറ്റിയൊഴുകുന്ന ഒരു തോടും. ഞങ്ങള്‍ അതിനെ കാവിത്തോട് എന്ന് വിളിക്കുന്നു. കാവിത്തോടിലെ മുതലക്കുഴി ഭാഗത്തെ കുളി ശീലമാക്കിയ ബാല്യത്തിലെ ഏതോ ഒരു ദിവസം…..ഞാന്‍ തോട്ടിലെ മണല്‍പ്പുറത്തു ആകാശത്തേക്ക് നോക്കി മലര്‍ന്ന് കിടക്കുന്നു. എന്റെ മുകളിലിരുന്ന് കുഞ്ഞേലി മണല്‍ വാരി കളിച്ചുകൊണ്ടുപറഞ്ഞു :

“എടാ, താഴത്തുമഠത്തിലെ അന്നമ്മച്ചേച്ചിയെ കെട്ടിച്ചുവിട്ടിട്ട് ഇതുവരെ കൊച്ചുണ്ടായില്ല.”

“അതിന് കൊച്ചുണ്ടാകാന്‍ കെട്ടിക്കണോ കുഞ്ഞേലി.”

“ഹ, വേണം. ഇവന്റെ ഒരു കാര്യം. ഒരു പൊട്ടനാ നീ”

എന്തോ ഓര്‍മ്മ വന്നപോലെ അവള്‍ എന്റെ മുകളില്‍ നിന്നിറങ്ങി തോട്ടിലിറങ്ങി മുങ്ങി നിവര്‍ന്ന് എന്നോട് ചോദിച്ചു :

“എടാ നിന്നെ ഞാനങ്ങു കെട്ടട്ടെ .”

ഞാന്‍ പറഞ്ഞു “ആയിക്കോ.”

അവള്‍ ഉടനെ കാവിലെ കുറ്റിച്ചെടികള്‍ക്കിടയില്‍നിന്നും ഒരു പുല്ലാന്തി വള്ളി പറിച്ചുകൊണ്ടുവന്നു എന്റെ കഴുത്തില്‍ കെട്ടിയപ്പോള്‍ വീട്ടില്‍ നിന്നും അമ്മയുടെ വിളി കേട്ടു . അപ്പോള്‍ അവള്‍ എന്നെ വിട്ടോടി.

ഞാന്‍ തോട്ടില്‍ കുളിച്ചെന്നു വരുത്താന്‍ ഒന്ന് മുങ്ങി നിവര്‍ന്ന് ഒറ്റത്തോര്‍ത്തുകൊണ്ടു തല തുടച്ചുകൊണ്ട് അവളുടെ പിറകെയും ഓടി സന്ധ്യക്ക് മുന്‍പ് വീട്ടിലെത്താന്‍. എന്റെ ആദ്യത്തെ പ്രണയലേഖനം…പ്രണയ ലേഖനം എങ്ങനെ എഴുതണം എന്ന് ഈ മുനികുമാരന് പറഞ്ഞുതന്ന ഒരു അസുരപുത്രന്‍ ഉണ്ടായിരുന്നു എനിക്ക് കൂട്ടുകാരനായി നാലാം ക്ലാസ്സില്‍. പായിപ്പാട്ട് ഒന്നച്ചന്‍ എന്ന് വിളിപ്പേരുള്ള പി.വി. യോഹന്നാന്‍. അവന് എന്നേക്കാള്‍ നാലു വയസ്സ് കൂടുതലുണ്ട്. കാരണം അവന്‍ ഒന്ന് മുതല്‍ എല്ലാ ക്ലാസ്സിലും ഒരു വര്‍ഷം വീതം കൂടുതലായി പഠിക്കും . പൊക്കമുള്ള കുട്ടികളെ ബാക് ബെഞ്ചില്‍ ആണ് ഇരുത്താറുള്ളത്. അതുകൊണ്ട് ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും ബാക് ബെഞ്ചില്‍ ആണ് ഇടം കിട്ടിയത്. രാധാമണി ടീച്ചര്‍ ആണ് നാലാം ക്ലാസ്സിലെ ഞങ്ങളുടെ ക്ലാസ് ടീച്ചര്‍. അന്നൊക്കെ ടീച്ചറെ ഞങ്ങള്‍ “സാറെ” എന്നാണ് വിളിക്കാറ്. വെളുത്തു മെലിഞ്ഞ ഒരു സുന്ദരി. രാധാമണി സാര്‍ ക്ലാസ്സില്‍ വരുമ്പോള്‍ യോഹന്നാന് ഒരിളക്കം. അവന്‍ സാറിനെ തന്നെ രൂക്ഷമായി നോക്കികൊണ്ടിരിക്കും. കാല് മുതല്‍ തല വരെ ഇമ വെട്ടാതെ.

അതെന്തിനാണെന്ന് അന്നെനിക്ക് മനസ്സിലായില്ല. എന്നും ഞാനും യോഹന്നാനും ആണ് നേരത്തെ ക്ലാസ്സില്‍ വരുന്നത്. ഒരു ദിവസം അവന്‍ പറഞ്ഞു :

“പൗലോസേ, നമുക്ക് ഒരു എഴുത്തെഴുതണം. രാധാമണി സാറിന് കൊടുക്കാനാണ്. ഞാന്‍ പറഞ്ഞു തരുന്നത് നീ എഴുതണം.”

“അതിന് നിനക്ക് എഴുതിക്കൂടെ?”

“അത് വേണ്ട. നിന്റെ ഹാന്റ് റൈറ്റിംഗ് ആണ് നല്ലത്.”

ഞാന്‍ കണക്കിന്റെ 200 പേജ് ബുക്കില്‍ നിന്നും നല്ല ഒരു ഷീറ്റ് പറിച്ചെടുത്തു. യോഹന്നാന്‍ പറയുന്നതുപോലെ എഴുതി. രാധാമണി സാറിന്റെ എല്ലാ ശരീര ഭാഗങ്ങളെയും ഞാനൊരിക്കലും കേട്ടിട്ടില്ലാത്ത ഭാഷയില്‍ വര്‍ണിച്ചു…വടിവൊത്ത നല്ല അക്ഷരത്തില്‍…സാറിനെ എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടമാണെന്ന അടിക്കുറിപ്പോടെ ലേഖനം അവസാനിപ്പിച്ചു .

എഴുതിയ കടലാസ്സ് ഭംഗിയായി പടക്കം പോലെ പൂട്ടി സാര്‍ വരുമ്പോള്‍ എടുക്കാനായി ക്ലാസ്സിലെ മേശപ്പുറത്തു വച്ചു . സാര്‍ ഓഫീസില്‍ നിന്നും ഇറങ്ങി വരുന്നത് കണ്ടപ്പോള്‍ എന്റെ ഹ്രദയം പട പട എന്ന് ഇടിക്കാന്‍ തുടങ്ങി. ഓടിച്ചെന്ന് ഞാന്‍ ആ കത്തെടുത്തു എന്റെ മലയാള പുസ്തകത്തില്‍ ഭദ്രമായി ഒളിപ്പിച്ചു, യോഹന്നാന് ഇഷ്ടപ്പെട്ടില്ലെങ്കിലും. ഇന്റെര്‍വെല്ലിന് ഞങ്ങള്‍ മൂത്രമൊഴിക്കുന്നത് സ്കൂളിന്റെ അരികിലെ കയ്യാലയോട് ചേര്‍ന്ന് നിന്നാണ്. പെണ്‍കുട്ടികള്‍ക്ക് മാത്രമേ അന്ന് മൂത്രപ്പുര ഉണ്ടായിരുന്നുള്ളു. രാധാമണി സാറിന്റെ കത്ത് അത്രയ്ക്ക് ഭംഗിയായ അക്ഷരത്തില്‍ എഴുതിയത് കൊണ്ട് കീറിക്കളയാന്‍ മനസ്സ് വന്നില്ല. മൂത്രമൊഴിക്കുന്നതിനോട് ചേര്‍ന്ന് എലി തുരന്ന ഒരു മട ഉണ്ടായിരുന്നു. എന്റെ പൊട്ട ബുദ്ധിയില്‍ ആ കത്ത് എലിമടയില്‍ നിക്ഷേപിച് കുറെ മണ്ണിട്ട് മടയുടെ ദ്വാരം അടച്ചു, ഒരിക്കലും ആ കത്ത് രാധാമണി സാറിന്റെ കണ്ണില്‍ പെടാതിരിക്കാന്‍. പിറ്റേദിവസം കയ്യാലയുടെ അപ്പുറത്തുള്ള പറമ്പില്‍ കന്നാലി തീറ്റുന്ന മേലേപ്പറമ്പില്‍ തൊമ്മച്ചന്‍ ചേട്ടന് ആ കത്ത് കിട്ടി. മട അടച്ചിരുന്നെങ്കിലും എലി വീണ്ടും തുരന്ന് ആ കത്ത് അപ്പുറത്തെ പറമ്പില്‍ ചാടിച്ചതാണ് . തൊമ്മച്ചന്‍ ചേട്ടന്‍ അങ്ങനെ ആ കത്ത് രാധാമണി സാറിന്റെ കൈകളില്‍ എത്തിച്ചു . പിന്നീടുള്ള എന്റെ നാലാം ക്ലാസ്സിലെ ദിനങ്ങള്‍ ദുരിതപൂര്‍ണമായിരുന്നു .

എങ്കിലും എന്റെ അമ്മയുടെ അടുത്ത പരിചയക്കാരിയായ രാധാമണി സാര്‍ ആ രഹസ്യം എന്റെ അമ്മയോട് ഒരിക്കലും പറഞ്ഞില്ല. ഗതകാല സ്മരണകളുടെ ഭൂതത്താന്‍ ഭരണി തുറന്നപ്പോള്‍ പതഞ്ഞു പൊങ്ങിയ രാധാമണി ടീച്ചര്‍ എന്ന പുണ്ണ്യത്തിന് മേല്‍ ആദരവിന്റെ ആയിരം പുഷ്പദളങ്ങള്‍ !ഹൈസ്കൂള്‍ – കോളേജ് കാമ്പസുകളില്‍ പൂത്തുലഞ്ഞ പ്രണയത്തിന് പുതിയ രീതിയും ഭാവവും ആയിരുന്നു . എന്റെ പ്രണയവര്‍ണങ്ങളിലെ രീതിശാസ്ത്രത്തിന് മുട്ടത്തു വര്‍ക്കിയുടെ സര്‍ഗ്ഗസമ്പന്നതയുടെ നിറപ്പകിട്ടുണ്ടായിരുന്നു . സ്കൂള്‍ വാര്‍ഷിക ദിനത്തിലെ ഡാന്‍സ് പരിപാടിയില്‍ “ചെപ്പുകിലുക്കണ ചങ്ങാതി ….” സ്ഥിരം പാടുന്ന ഇടത്തെ കവിളില്‍ കറുത്ത മറുകുള്ള വെളുത്ത മേരിക്കുട്ടി, ലബോറട്ടറി ക്ലാസ്സിലേക്ക് പോകുമ്പോള്‍ അറിയാതെ പിറകില്‍ നിന്നും കാലില്‍ ചവിട്ടിയാല്‍ ഇടതു വശത്തേക്ക് കിറി കോട്ടി കൊഞ്ഞനം കുത്തുന്ന സി.വി. ഏലിയാമ്മ, ഡ്രില്ലിന് വിടുമ്പോള്‍ 9 ബി യില്‍ നിന്നും എന്റെ ചലനങ്ങള്‍ രഹസ്യമായി നിരീക്ഷിക്കുന്ന ചന്ദ്രമണി കെ നായര്‍, വെള്ളിയാഴ്ചകളില്‍ ആകാശനീല നിറമുള്ള ഓയില്‍ നീണ്ട പാവാടയും വെള്ളയില്‍ കറുത്ത പുള്ളികളുള്ള നീളന്‍ ബ്ലൗസുമിടുന്ന 10 സി യിലെ ഇരുനിറക്കാരി ലീലാമ്മ ഐസക് . ഇവര്‍ക്കെല്ലാം ഞാനെഴുതിയ പ്രണയ ലേഖനങ്ങള്‍ പാടാത്ത പൈങ്കിളിയുടെയും ഇണപ്രാവുകളുടെയും പട്ടുതൂവാലയുടെയും കരകാണാക്കടലിന്റെയുമൊക്കെ കൊച്ചു കൊച്ചു പതിപ്പുകളായിരുന്നു .

കോളേജ് തലത്തില്‍, നാലാം ക്ലാസ്സിലെ യോഹന്നാനെപ്പോലെ ഈ കൗമാര ഗന്ധര്‍വനെ എഴുത്തു പഠിപ്പിച്ച ഒരു അസുരപുത്രിയുണ്ടായിരുന്നു. എന്റെ സീനിയര്‍ ആയ വെളുത്തു തടിച്ചു കഴുത്തു കുറുകിയ സുമതിച്ചേച്ചി. സുമതിച്ചേച്ചിക്ക് എന്നെ വളരെ ഇഷ്ടമായിരുന്നു. ചേച്ചി എന്നെ ജൂനിയര്‍ പ്രേംനസീര്‍ എന്നാണ് വിളിക്കാറ് . ഞാനും മോളി എബ്രാഹവും തമ്മില്‍ ഇഷ്ടമാണെന്നും ഞങ്ങള്‍ തമ്മില്‍ പ്രേമലേഖനങ്ങള്‍ കൈമാറാറുണ്ടെന്നും സുമതി ചേച്ചി അറിഞ്ഞു . എല്ലാ പ്രേമവും അവരില്‍കൂടി വേണം എന്ന് കരുതുന്ന പ്രണയത്തിന്റെ മൊത്തക്കച്ചവടമാണ് അവര്‍ക്ക് . ഞാനും വഴങ്ങി കൊടുത്തു . ഞാന്‍ എഴുതുന്ന പ്രണയ ലേഖനം സുമതി അപ്പ്രൂവ് ചെയ്തതിന് ശേഷം മോളി എബ്രഹാമിന് കൈമാറും . എനിക്ക് സാഹിത്യം അറിയില്ല, അപ്പിടി അക്ഷരത്തെറ്റാണ് എന്നൊക്കെ സുമതിച്ചേച്ചി പറയുമായിരുന്നു . ഞാനും മോളി എബ്രാഹവും പ്രണയത്തിന്റെ പൂരപ്പറമ്പില്‍ മെത്താപ്പു കത്തിച്ചുല്ലസിക്കുമ്പോഴാണ് എനിക്ക് കോളേജില്‍ നിന്നും ചാടി പട്ടാളത്തില്‍ പോകുവാന്‍ അവസരം കിട്ടുന്നത് . ഞാനും മോളിയും വിരഹത്തിന്റെ വേദന നിറഞ്ഞ കണ്ണുകളില്‍ പരസ്പരം നോക്കി മൗനമായി പങ്കുവച്ചു . അറേബ്യന്‍ അത്തറില്‍ മുക്കിയ മോളിയുടെ ചുവന്ന പട്ടുതൂവാലയില്‍ അവളുടെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ വച്ച് തന്ന് എന്നെ അവള്‍ ഗോവയിലേക്ക് കണ്ണീരോടെ യാത്ര അയച്ചു .

പട്ടാളത്തില്‍ ചേരാതെ ഞാന്‍ ഗോവയില്‍ ചുറ്റിത്തിരിഞ് ഒരു മാസം കഴിഞ്ഞു ക്ലാസ്സില്‍ ജോയിന്‍ ചെയ്തപ്പോള്‍ ഞാനറിഞ്ഞു മോളി എബ്രഹാമിനെ പറവൂര്‍ക്കാരന്‍ ഏതോ ഒരു അവറാച്ചന്‍ കെട്ടി ബോംബയ്ക്ക് കൊണ്ടുപോയെന്ന് . അതുകൊണ്ട് അവള്‍ക്ക് അവളുടെ അപ്പന്‍ ഇട്ട പേര് മാറ്റേണ്ടി വന്നില്ല . ഇപ്പോഴും മോളി എബ്രഹാം തന്നെ . മുപ്പതു വര്‍ഷങ്ങള്‍ക്കു ശേഷം ബോംബെയില്‍ മോളി എബ്രഹാമിന്റെ വീട്ടില്‍ ഗസ്റ്റ് ആയി എനിക്ക് ഒരു ദിവസം താമസിക്കേണ്ടി വന്നത് യാദൃച്ഛികം .


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top