Flash News

തമിഴ്നാട്ടില്‍ ഇരുപക്ഷവും വീണ്ടും അവകാശവാദം ഉന്നയിച്ചു; ഗവര്‍ണര്‍ എം.എല്‍.എമാരുടെ പിന്തുണ എഴുതി വാങ്ങും

February 15, 2017

Sasikala-Panneerselvamചെന്നൈ: തമിഴ്നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാന്‍ എം.എല്‍.എമാരെ നേരില്‍കണ്ട് പിന്തുണ എഴുതിവാങ്ങാനൊരുങ്ങുകയാണ് ഗവര്‍ണര്‍. ഒരു വിഭാഗത്തിന് ഭൂരിപക്ഷം ഉണ്ടെന്ന് ബോധ്യപ്പെട്ടാല്‍ അവരെ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ക്ഷണിക്കാം. ഒരാഴ്ചക്കകം പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കണമെന്ന ഉപദേശമാണ് ഗവര്‍ണര്‍ക്ക് ലഭിച്ചിരിക്കുന്നത്. എം.എല്‍.എമാരെ റിസോര്‍ട്ടില്‍നിന്ന് ഒഴിപ്പിച്ചശേഷമേ ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു തീരുമാനം എടുക്കൂ.

ശശികല പക്ഷത്തിനുണ്ടെന്നുപറയുന്ന ഭൂരിപക്ഷം ഇപ്പോള്‍ സംശയത്തിന്‍െറ നിഴലിലാണ്. പന്നീര്‍സെല്‍വത്തിന് എത്ര അംഗങ്ങളുടെ പിന്തുണ ലഭിക്കുമെന്ന് പറയാനായിട്ടില്ല. എടപ്പാടി പളനിസാമിക്കെതിരായ വഞ്ചനകേസ് ഗവര്‍ണര്‍ മുഖവിലക്കെടുത്താല്‍ കാര്യങ്ങള്‍ അവതാളത്തിലാകും. എടപ്പാടി അധികാരത്തിലത്തെിയാലും നിലവിലെ എം.എല്‍.എമാരെ ഐക്യത്തോടെ നിര്‍ത്താനുള്ള കഴിവില്ല. ഡി.എം.കെയുടെ പിന്തുണയോടെ പന്നീര്‍സെല്‍വം ഭരിച്ചാലും അധികം ആയുസ്സുണ്ടാകില്ല. നിയമസഭാംഗങ്ങളെ ചാക്കിട്ടുപിടിച്ച് അധികാരം കൈക്കലാക്കാന്‍ കാത്തിരിക്കുകയാണ് ഡി.എം.കെ. പന്നീര്‍സെല്‍വം- ശശികല വിഭാഗങ്ങള്‍ വീണ്ടും ഗവര്‍ണറെ കണ്ടു. 124 എല്‍.എല്‍.എമാരുടെ പിന്തുണയുള്ള തങ്ങളെ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ക്ഷണിക്കണമെന്നാവശ്യപ്പെട്ട് ശശികല വിഭാഗത്തിലെ നിയമസഭ കക്ഷിനേതാവ് എടപ്പാടി കെ. പളനിസാമി ഗവര്‍ണര്‍ക്ക് കത്ത് നല്‍കി.10 മന്ത്രിമാരും ഒപ്പമുണ്ടായിരുന്നു. തുടര്‍ന്ന് പന്നീര്‍സെല്‍വം വിഭാഗം ഗവര്‍ണറെ കണ്ട് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ അനുമതി നല്‍കണമെന്ന് അഭ്യര്‍ഥിച്ചു.

പിന്തുണക്കുന്ന എം.എല്‍.എമാരുടെ കത്ത് ഹാജരാക്കാന്‍ ഗവര്‍ണര്‍ ഇരുവിഭാഗത്തോടും ആവശ്യപ്പെട്ടു. എം.എല്‍.എമാരെ തടവില്‍ പാര്‍പ്പിച്ചതുമായി ബന്ധപ്പെട്ട് ബുധനാഴ്ചയും സംഘര്‍ഷമുണ്ടായി. റിസോര്‍ട്ടില്‍ തടഞ്ഞുവെച്ചെന്ന മധുര സൗത്ത് എം.എല്‍.എ എസ്. ശരവണന്‍ ഡി.ജി.പിക്ക് നല്‍കിയ പരാതിയില്‍ അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികലക്കും നിയമസഭകക്ഷി നേതാവ് എടപ്പാടി കെ. പളനിസാമിക്കുമെതിരെ പൊലീസ് കേസെടുത്തു.

ജയലളിത പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയ ശശികലയുടെ അടുത്ത ബന്ധുക്കളായ ടി.ടി.വി. ദിനകരനെയും ഡോ. എസ്. വെങ്കടേഷിനെയും ശശികല തിരിച്ചെടുത്തു. മുന്‍ രാജ്യസഭാംഗംകൂടിയായ ദിനകരനെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായും നിയമിച്ചു. ഇതിനിടെ, റിസോര്‍ട്ടില്‍നിന്ന് പുറത്തത്തെിയ മന്ത്രി നിലോഫര്‍ കപീല്‍ ഉള്‍പ്പെടെ വനിത എം.എല്‍.എമാര്‍ തങ്ങള്‍ സ്വതന്ത്രരാണെന്നും അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top