Flash News

ഇന്ത്യ ആഗോള ബഹിരാകാശ വിപണിയിലെ നിര്‍ണായക ശക്തിയായെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍

February 15, 2017

ISRO missionവാഷിംഗ്ടണ്‍: ഒരേയൊരു റോക്കറ്റിലൂടെ 104 ഉപഗ്രഹങ്ങള്‍ ഒരുമിച്ച് ഭ്രമണപഥത്തിലത്തെിച്ച് ബഹിരാകാശ വിക്ഷേപണ രംഗത്ത് ചരിത്രം സൃഷ്ടിച്ച ഇന്ത്യക്ക് അന്താരാഷ്ട്ര മാധ്യമങ്ങളുടെ പ്രശംസ. ‘‘ഇന്ത്യന്‍ ബഹിരാകാശ സംഘടനയുടെ തൂവലില്‍ എഴുതിച്ചേര്‍ക്കാന്‍ മറ്റൊരു മഹത്തായ നേട്ടംകൂടി. ചെലവു കുറച്ച ദൗത്യത്തിലൂടെ മഹത്തായ നേട്ടം കൈവരിച്ച രാജ്യം ആഗോള പ്രീതി പിടിച്ചുപറ്റി’’ -വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

മിനിറ്റുകള്‍ക്കകം 104 ഉപഗ്രഹങ്ങള്‍ ഒന്നിച്ച് വിക്ഷേപിച്ച് റെക്കോഡുകള്‍ തിരുത്തിയെഴുതിയ ഇന്ത്യ ആഗോള ബഹിരാകാശ വിപണിയിലെ നിര്‍ണായകശക്തിയായി മാറിയെന്ന് ന്യൂയോര്‍ക് ടൈംസ് അഭിപ്രായപ്പെട്ടു. ഒരൊറ്റ റോക്കറ്റില്‍നിന്ന് ഒരു മണിക്കൂറിനിടെ 17,000 മൈല്‍ സഞ്ചരിക്കുമ്പോള്‍ ദിശ തെറ്റിപ്പോയാല്‍ ഉപഗ്രഹങ്ങള്‍ പരസ്പരം കൂട്ടിയിടിക്കാന്‍ സാധ്യതയുണ്ട്. ഇതെല്ലാം മറികടന്നാണ് ഇന്ത്യ നേട്ടം കൈവരിച്ചതെന്നും ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

യു.എസിനെയും റഷ്യയെയും മറന്നേക്കൂ. ഏഷ്യയിലാണ് യഥാര്‍ഥ ബഹിരാകാശ മത്സരമെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു. 20 ഉപഗ്രഹങ്ങളെ ഒരുമിച്ച് ഭ്രമണപഥത്തിലത്തെിച്ചതാണ് ഇതുവരെയുള്ള നേട്ടം. പുതിയ വിക്ഷേപണത്തോടെ ബഹിരാകാശരംഗത്ത് നേട്ടംകൊയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഒന്നാമതത്തെിയെന്ന് ലണ്ടന്‍ ടൈംസ് പത്രം വിലയിരുത്തി. റഷ്യ, യൂറോപ്പ്, യു.എസ് തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് താരതമ്യേന ചെലവുകുറഞ്ഞതാണ് ഇന്ത്യയുടെ മഹത്തായ ബഹിരാകാശ ദൗത്യങ്ങള്‍ കൂടുതലും.

ഐ.എസ്.ആര്‍.ഒയുടെ ചൊവ്വദൗത്യത്തിന് 7.3 കോടി ഡോളര്‍ കണക്കാക്കുമ്പോള്‍ നാസയുടെ ചൊവ്വദൗത്യത്തിന്‍െറ ചെലവ് 67.1 കോടി ഡോളറാണെന്നും പത്രം ചൂണ്ടിക്കാട്ടി. ബഹിരാകാശ രംഗത്ത് ചരിത്രം ഭേദിച്ച ഇന്ത്യ സ്വകാര്യ ബഹിരാകാശ വിപണിയിലെ നിര്‍ണായക ശക്തിയെന്ന സ്ഥാനം അരക്കിട്ടുറപ്പിച്ചുവെന്ന് ഗാര്‍ഡിയന്‍ ദിനപത്രവും ബി.ബി.സി ചാനലും അഭിപ്രായപ്പെട്ടു.

ബഹിരാകാശത്ത് ഇന്ത്യ പുതുചരിത്രമെഴുതി, 104 കൃത്രിമോപഗ്രഹങ്ങള്‍ ഒറ്റക്കുതിപ്പില്‍ വിക്ഷേപിച്ചു

ബംഗളൂരു: 104 കൃത്രിമോപഗ്രഹങ്ങളെ ഒറ്റ വിക്ഷേപണത്തിലൂടെ വ്യത്യസ്ത ഭ്രമണപഥങ്ങളിലത്തെിച്ച് ഇന്ത്യ ലോക റെക്കോര്‍ഡിട്ടു. പി.എസ്.എല്‍.വി സി-37 റോക്കറ്റിലേറിയാണ് 104 ഉപഗ്രഹങ്ങള്‍ ലക്ഷ്യങ്ങളിലത്തെിയത്. ഒറ്റ ദൗത്യത്തില്‍ 37 ഉപഗ്രഹങ്ങളെ ബാഹ്യാകാശത്തത്തെിച്ച റഷ്യയുടെ റെക്കോഡ് പഴങ്കഥയായി. ഇന്ത്യയുടെ മൂന്നും അമേരിക്കയുടെ 96ഉം നെതര്‍ലന്‍ഡ്സ്, സ്വിറ്റ്സര്‍ലന്‍ഡ്, ഇസ്രായേല്‍, യു.എ.ഇ, കസാഖ്സ്താന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ള ഓരോ ഉപഗ്രഹവുമാണ് ഭ്രമണപഥത്തിലത്തെിയത്.

ആന്ധ്ര ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ ഒന്നാം വിക്ഷേപണത്തറയില്‍നിന്ന് 505 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലേക്കാണ് പി.എസ്.എല്‍.വി സി-37 റോക്കറ്റ് കുതിച്ചത്. നാല് ഘട്ടങ്ങളിലായി 32 മിനിറ്റിനകം ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ചു.

തദ്ദേശീയമായി വികസിപ്പിച്ച കാര്‍ട്ടോസാറ്റ് -2ഡി, ഐ.എന്‍.എസ് -1എ, ഐ.എന്‍.എസ് 1ബി എന്നിവയാണ് റോക്കറ്റിലുള്ള ഇന്ത്യന്‍ ഉപഗ്രഹങ്ങള്‍. ആദ്യം കാര്‍ട്ടോസാറ്റ് -2ഡി, പിന്നീട് ഐ.എന്‍.എസ് -1എ, 1ബി എന്നിവയും തുടര്‍ന്ന് വിദേശ ഉപഗ്രഹങ്ങളും കൃത്യമായി വിക്ഷേപിച്ചു. പ്രധാന ഉപഗ്രഹമായ കാര്‍ട്ടോസാറ്റ് -2ഡിക്ക് 714 കിലോഗ്രാമും മറ്റ് ഉപഗ്രഹങ്ങള്‍ക്കെല്ലാം കൂടി 663 കിലോയുമാണ് ഭാരം. അമേരിക്കയുടെ 96 ഉപഗ്രഹങ്ങളില്‍ ഭൂരിഭാഗവും നാല് കിലോ ഭാരം വരെ വരുന്ന ‘നാനോ’ സാറ്റലൈറ്റുകളാണ്.

ഭൗമ നിരീക്ഷണം ലക്ഷ്യമിടുന്ന കാര്‍ട്ടോസാറ്റ് -2 ശ്രേണിയിലെ അഞ്ചാമത്തെ ഉപഗ്രഹമാണ് 2ഡി. കാര്‍ട്ടോസാറ്റ് -2, 2എ, 2 ബി, 2 സി എന്നിവയാണ് നേരത്തേ വിക്ഷേപിച്ചത്. ശക്തിയേറിയ പാന്‍ക്രൊമാറ്റിക്, മള്‍ട്ടി സ്പെക്ട്രല്‍ കാമറകള്‍ ഉപയോഗിച്ച് ഇവ ഭൗമ ചിത്രങ്ങള്‍ പകര്‍ത്തും. ഐ.എസ്.ആര്‍.ഒയുടെ ചെറു ഉപഗ്രഹങ്ങളായ ഐ.എന്‍.എസ് -1എ, 1ബി എന്നിവ സ്പെയ്സ് ആപ്ളിക്കേഷന്‍ സെന്‍റര്‍ (എസ്.എ.സി), ലബോറട്ടറി ഓഫ് ഇലക്ട്രോ ഒപ്റ്റിക് സിസ്റ്റംസ് (എല്‍.ഇ.ഒ.എസ്) എന്നിവയുടെ നാല് വ്യത്യസ്ത പേലോഡുകളാണ് വഹിക്കുന്നത്. 1999 മുതല്‍ 22 വിദേശ രാജ്യങ്ങളില്‍നിന്നുള്ള 180 ഉപഗ്രഹങ്ങള്‍ ഐ.എസ്.ആര്‍.ഒ ബഹിരാകാശത്തെത്തിച്ചു കഴിഞ്ഞു.

ലോകത്ത് ആദ്യമായാണ് നൂറിലധികം ഉപഗ്രഹങ്ങള്‍ ഒന്നിച്ച് വിക്ഷേപിക്കുന്നത്. 2014ല്‍ റഷ്യ 37ഉം 2013ല്‍ അമേരിക്ക 29ഉം ഉപഗ്രഹങ്ങള്‍ ഒന്നിച്ച് ബഹിരാകാശത്തെത്തിച്ചിരുന്നു. നേരത്തേ ചാന്ദ്രയാന്‍, മംഗള്‍യാന്‍ എന്നീ അഭിമാന നേട്ടങ്ങള്‍ക്കുപയോഗിച്ച പി.എസ്.എല്‍.വിയുടെ എക്സ്.എല്‍ വിഭാഗത്തിലുള്ള റോക്കറ്റാണ് 104 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലത്തെിക്കാന്‍ ഉപയോഗിച്ചത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top