Flash News

പൊതുവിഷയത്തിലെ ഐക്യവും അനൈക്യവും (ബ്‌ളസന്‍ ഹ്യൂസ്റ്റന്‍)

February 17, 2017

pothuvishayam sizeതമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ട് സകല കെട്ടുകളും പൊട്ടിച്ച് പ്രതിഷേധത്തിന്റെ കൊടുങ്കാറ്റഴിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്. നൂറ്റാണ്ടുകളായി നടത്തിയിരുന്ന ജെല്ലിക്കെട്ട് ഒരു സുപ്രഭാതത്തില്‍ ഇന്ത്യയുടെ പരമോന്നത നീതിപീഠം നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയപ്പോള്‍ അതിനെതിരെ തമിഴ് ജനതയുടെ പ്രതികാരം ആര്‍ത്തിരമ്പി അതില്‍ അവര്‍ ഒന്നുചേര്‍ന്നു. അവിടെ ജാതിയും മതവുമില്ലാതായി. കൊടിയുടെ നിറവും പാര്‍ട്ടിയുടെ ചിഹ്നവും ആരും കണ്ടില്ല. വര്‍ണ്ണവും വര്‍ഗവും അതില്‍ അതിര്‍വരമ്പ് സൃഷ്ടിച്ചില്ല. അവര്‍ ഒറ്റക്കെട്ടായി രംഗത്തു വന്നപ്പോള്‍ സുപ്രീം കോടതിപോലും എന്ത് ചെയ്യണമെന്നറിയാതെ കുഴഞ്ഞുപോയി.

മൃഗസ്‌നേഹികളും മൃഗവാദികളും അത് കണ്ട് ഓടിയൊളിച്ചു. നിയമത്തിന്റെ പടവാളുമായി രംഗത്തുവരുവാന്‍ ആര്‍ക്കും ധൈര്യമുണ്ടായില്ല. ആരും അതിനെതിരെ സമരവുമായി രംഗത്തു വരികയോ വഴിയോരത്തും ഭരണസിരാകേന്ദ്രങ്ങളിലും മറ്റുമായി പന്തല്‍ കെട്ടി കിടന്നില്ല. അങ്ങനെ ആരെങ്കിലും വന്നിരുന്നെങ്കില്‍ പിന്നീ ടൊരിക്കലും അവര്‍ക്ക് സമരം നയിക്കാന്‍ കഴിയാതെ പോയേനെ.

മൃഗസ്‌നേഹത്തിന്റെ അപ്പോസ്‌തോലന്മാരായ മേനകാഗാന്ധിയും മറ്റും ജെല്ലിക്കെട്ടിലെ മൃഗപീഡനം അറിഞ്ഞെങ്കിലും അറിയാത്തതുപോലെ അഭിനയിച്ചു. അഭിപ്രായം പറയാതിരിക്കാന്‍ അവര്‍ മൗനമഭിനയിച്ചു. മൗനം വിദ്വാനു ഭൂഷണവും വിഢിക്കതൊരു അലങ്കരവുമെന്ന് പറയുംപോലെ മേനകാഗാന്ധിക്കതൊരു സ്വയം സംരക്ഷണവുമായിയെന്നു പറയാം. മുന്നും പിന്നും നോക്കാതെ എന്തും പ്രവര്‍ത്തിക്കുന്ന തമിഴനോട് മൃഗസ്‌നേഹവുമായി ചെന്നാല്‍ മൃഗത്തിനോട് ചെയ്യുന്നതിനേക്കാള്‍ കഷ്ടമായി ചെയ്യുമെന്ന് അവര്‍ക്കറിയാം. അതുകൊണ്ടു തന്നെ മേനകാ ഗാന്ധി ഒരാക്രോശവും നടത്തിയില്ല. നിയമത്തിന്റെ യാ തൊരു വാളുമായി രംഗത്തുവ ന്നില്ല.

അതൊക്കെ കേരളത്തിലെ പാവങ്ങളുടെ അടുത്തേ ചിലവാകുകയുള്ളു. അവരുടെ അടുത്തു മാത്രമെ നിയമത്തിന്റെ വാളും അധികാരത്തിന്റെ അഹങ്കാരവുമായി വന്ന് ഉറഞ്ഞു തുള്ളാന്‍ കഴിയൂ. കേരളത്തില്‍ പട്ടി കടിച്ച് പിഞ്ചു കുഞ്ഞുങ്ങളുടെപോലും ആന്തരീകാവയവങ്ങള്‍ തകര്‍ന്ന് അവശതയിലായപ്പോള്‍ അതിനെതിരെ ജനം പ്രതികരിച്ചപ്പോള്‍ അവരുടെ മുന്‍പില്‍ നിയമത്തിന്റെ വാളുമായി അധികാരത്തിന്റെ അഹംഭാവത്തില്‍ ഉറഞ്ഞുതുള്ളിയതാണ് മേനകാ ഗാന്ധി.

അത് കണ്ട് മന്ത്രിമാര്‍പോലും പേടിച്ച് മാളത്തിലൊളിച്ചു. തമിഴ്‌നാട്ടില്‍ മേനകാഗാന്ധി പേടിച്ചപ്പോള്‍ കേരളത്തില്‍ അവര്‍ പേടിപ്പിച്ചു വിറച്ചു. അതാണ് തമിഴ്‌നാടും കേരളവും തമ്മിലുള്ള വ്യത്യാസം. അവരുടെ ഏത് പൊതുപ്രശ്‌നത്തിലും അവര്‍ക്ക് ആ ഒത്തൊരുമയുണ്ട്. നായ പ്രശ്‌നത്തില്‍ കേരളം രണ്ട് തട്ടായി. മനുഷ്യനെ കടിച്ചുകീറി നായ് ജൈത്രയാത്ര തുടര്‍ന്നപ്പോള്‍ മനുഷ്യന്റെ ജീവനേക്കാള്‍ വില മൃഗത്തിനു നല്‍കി കേരളം രണ്ട് തട്ടിലായി. അതാണ് കേരളവും തമിഴ്‌നാടും തമ്മിലുള്ള വ്യത്യാസം. പൊതുവിഷയത്തില്‍ അവര്‍ ഒന്നുചേരും. ഉദാഹരണത്തിന് മുല്ലപ്പെരിയാര്‍ വിഷയം തന്നെയെടുക്കാം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാട് ഒറ്റ കെട്ടായി പൊരുതിയപ്പോള്‍ കേരളത്തിലെ നേതാക്കന്മാര്‍ പല തട്ടിലായി.

ഡാമിന് വിള്ളലുണ്ടെന്നു കണ്ടെത്തുകയും അത് തകരുമെന്നും കേരളത്തിലെ നാല് ജില്ലകള്‍ വെള്ളത്തിനടിയിലാകുമെന്ന് കണ്ടിട്ടുപോലും കേരളത്തിലെ രാഷ്ട്രീയ നേതൃത്വവും ചലച്ചിത്ര സാംസ്കാരിക നേതൃത്വവും ശക്തമായി രംഗത്തുവരികയുണ്ടായില്ല. ആ പ്രദേശത്തുള്ള ജനങ്ങള്‍ മാത്രം പ്രതിഷേധവുമായി രംഗത്തു വരികയുണ്ടായുള്ളു. അവരുടെ പ്രതിഷേധ സമരമുറകള്‍ ശക്തമായി വന്നപ്പോള്‍ ചില രാഷ്ട്രീയ നേതാക്കന്മാര്‍ രംഗത്തുവരികയുണ്ടായെങ്കിലും അവര്‍ പിന്നീട് പിന്‍വാങ്ങുകയുണ്ടായി. കാരണം തേനിയിലും കമ്പത്തുമുള്ള അവരുടെ അനധികൃത സ്വത്തുവിവരം പുറത്തുവിടുമെന്ന് ജയലളിത പറഞ്ഞതാണത്രെ.

അത്രയേയുള്ളു കേരളത്തിലെ നേതാക്കന്മാരുടെ സമരവീര്യം. കേരളത്തിലെ ജനങ്ങളുടെ ജീവനുതന്നെ ഭീഷണിയായ ഡാമിന്റെ കാര്യത്തില്‍ മൗനം പാലിച്ച മലയാളക്കരയുടെ സൂപ്പര്‍ താരങ്ങള്‍ ജെല്ലിക്കെട്ടില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് രംഗത്തുവന്നതാണ് ഏറെ രസകരമായ സംഭവം. കേരളത്തില്‍ ജനങ്ങള്‍ ദിവസങ്ങളോളം സമരവുമായി രംഗത്തു വന്നപ്പോള്‍ അതിലൊരഭിപ്രായവും പറയാത്ത ഈ സൂപ്പര്‍ താരങ്ങളുടെ ദേശവികാരം സമ്മതിക്കേണ്ടതാണ്. കേരളം സൂപ്പര്‍ താരങ്ങളാക്കിയ ഇവരുടെയൊക്കെ ഈ വികാരപ്രകടനം കാണുമ്പോള്‍ തോന്നിപ്പോകുക ചോറിവിടെയും കൂറ് അവിടെയുമെന്നാണ്.

തമിഴ് ജനതയുടെ ഐക്യം അത് ഏത് കാര്യത്തിലായാലും അതുകണ്ട് നാം ഊറ്റം കൊള്ളാറുണ്ട്. എന്നാല്‍ നമ്മുടെ കാര്യത്തില്‍ നാം പല തട്ടിലായി മാറുകയാണ് പതിവ്. അതായിരിക്കാം നമ്മുടെ ഏറ്റവും വലിയ പരാജയവും. അതുകൊണ്ടുതന്നെ തമിഴ്‌നാടിനെ ഇന്ത്യയുടെ പരമോന്നത നീതിപീഠമായ സുപ്രീം കോടതിപോലും ഭയക്കുന്നു. കോടതിയുടെ ഉത്തരവിനെ കാറ്റില്‍ പറത്തിക്കൊണ്ട് ജെല്ലിക്കെട്ട് തുടരുമെന്ന് ജനം പറയുമ്പോള്‍ കോടതിയലക്ഷ്യമൊന്നും ആരും ഉന്നയിക്കുകയോ ഉത്തരവിടുകയോ ചെയ്തില്ല. അങ്ങനെയൊരു നീക്കമുണ്ടായാല്‍ അത് എന്ത് ദൂഷ്യഫലങ്ങളുണ്ടാക്കുമെന്ന് കോടതിക്കുപോലുമറിയാം.

കേന്ദ്രസര്‍ക്കാരുകള്‍പോലും തമിഴ്‌നാടിനോടും കേരളത്തോടും രണ്ട് രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. കേന്ദ്ര ബജറ്റിലായാലും റെയില്‍വെ ബജറ്റിലായാലും മറ്റ് വികസന പ്രവര്‍ത്തനത്തിലായാലും കേരളത്തിന് ലഭിക്കുന്നത് യജമാനന്റെ മേശയില്‍ നിന്ന് വീഴുന്ന അപ്പക്കഷണങ്ങള്‍ മാത്രം. തമിഴ്‌നാടിനോ കൈനിറയെ. കേരളത്തിന് ഒരു ലോക്കല്‍ ട്രെയിന്‍ അനുവദിക്കുന്ന സ്ഥാനത്ത് തമിഴ്‌നാടിന് നല്‍കുന്നത് അഞ്ചില്‍ കൂടുതല്‍ ദീര്‍ഘദൂര ട്രെയിനുകളായിരിക്കും. ബജറ്റില്‍ അനുവദിക്കുന്ന തുകയും ഇതുപോലെയായിരിക്കും. കേന്ദ്ര മന്ത്രിസഭ രൂപീകരിക്കുമ്പോള്‍ കേരളത്തിന് ഒന്നോ രണ്ടോ മന്ത്രിയെ കിട്ടിയാല്‍ ആയി. എന്നാല്‍ തമിഴ്‌നാടിന് ചോദിക്കുന്ന മന്ത്രിമാരേയും വകുപ്പുകളും നല്‍കും.

കോടതിയും കേന്ദ്രവുമെല്ലാം തമിഴ്‌നാടിന്റെ കാര്യത്തില്‍ ഒരു നയവും കേരളത്തിന്റെ കാര്യത്തില്‍ മറ്റൊരു നയവുമാണ്. അതിനുകാര ണം അവരുടെ ജനതയുടേയും നേതാക്കന്മാരുടേയും സംസ്ഥാനത്തിന്റെ പൊതുപ്രശ്‌നത്തോടുള്ള ഐക്യബോധവും അര്‍പ്പണബോധവുമാണ്. നമ്മുടെ കേരളത്തില്‍ അതിന് നേരെ വിപരീതമായതാണ്. അതാണ് കേരളക്കരയുടെ പരാജയവും പോരായ്മയും. ജെല്ലിക്കെട്ട് കേരളത്തിലായിരുന്നെങ്കില്‍ കോടതിവിധിക്കെതിരെ ആരും പ്രതിഷേധിക്കുകയില്ലായിരുന്നു. കോടതിവിധി നടപ്പാക്കാതെയോ അതിനെതിരെ പ്രസ്താവനപോലും ഇറക്കുന്നവര്‍ക്കെതിരെ കോടതിയലക്ഷ്യവുമായി കോടതി വന്നേനെ.

ജെല്ലിക്കെട്ടില്‍ കോടി ഉത്തരവിനെ എതിര്‍ക്കുന്നത് ശരിയോ തെറ്റോ എന്നുള്ളതല്ല അവരുടെ സംഘടിത ശക്തിയാണ് കണ്ടു പഠിക്കേണ്ടത്. സംഘടിത ശക്തിക്കു മുന്നില്‍ മുട്ടുമടക്കാത്ത ഭരണകൂടങ്ങളില്ല. കാറ്റില്‍ പറക്കാത്ത കോടതി നിയമങ്ങളോ ഇല്ല. അതില്‍ കൂടി അവര്‍ അവരുടെ അവകാശങ്ങള്‍ നേടിയെടുക്കും. ആവശ്യങ്ങള്‍ ചോദിക്കാതെ തന്നെ ഭരണകൂടങ്ങള്‍ നല്‍കും. അതാണ് ജെല്ലിക്കെട്ടില്‍ കണ്ടത്. നിയമത്തേയും നിയമ വ്യവസ്ഥിതിയേയും എതിര്‍ക്കണമെന്നല്ല ഇതില്‍ക്കൂടി അര്‍ത്ഥമാക്കേണ്ടത്.

ഐക്യത്തില്‍ കൂടി അവകാശങ്ങള്‍ നേടിയെടുക്കുമ്പോള്‍ അനൈക്യത്തില്‍ കൂടി അര്‍ഹതപ്പെട്ടതും നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്. അതിനുദാഹരണങ്ങളാണ് മുല്ലപ്പെരിയാറും ജെല്ലിക്കെട്ടും, അല്ലെങ്കില്‍ തമിഴ്‌നാടും കേരളവും. അത് കേരളത്തെ ഏത് രീതിയില്‍ എത്തിക്കുമെന്ന് പറയാന്‍ വയ്യ. ഒരു കാര്യം ഉറപ്പിച്ചു പറയാം അത് നമ്മെ ഉയര്‍ച്ചയിലേക്കായിരിക്കില്ലയെന്ന്. അത് മനസ്സിലാക്കിയാല്‍ നന്ന്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top