Flash News

നടിയെ തട്ടിക്കൊണ്ടുപോയത് ക്വട്ടേഷന്‍ എടുത്തതുകൊണ്ടാണെന്ന് സുനി പറഞ്ഞെന്ന് നടി; ഒരാളെ കൂടി പോലീസ് അറസ്റ്റു ചെയ്തു

February 20, 2017

pulsar-suni-2 (1)കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടു പോയ സംഭവം ക്വട്ടേഷനാണെന്ന് പള്‍സര്‍ സുനി പറഞ്ഞതായി നടിയുടെ മൊഴി. വാഹനത്തില്‍ വെച്ച് ഇക്കാര്യം സുനി തന്നോട് പറഞ്ഞതായും സഹകരിച്ചില്ലെങ്കില്‍ കൂടുതല്‍ ബുദ്ധിമുട്ട് ഉണ്ടാകുമെന്നും സുനി ഭീഷണിപ്പെടുത്തിയതായും അവര്‍ പോലീസിന് മൊഴിനല്‍കി.

സുനി മുഖം മറച്ചാണ് കാറില്‍ കയറിയത്. ഇടയ്ക്ക് മുഖം മറച്ച തുണി മാറിയപ്പോള്‍ താന്‍ സുനിയെ തിരിച്ചറിഞ്ഞു. നീ സുനിയല്ലേ എന്ന് ചോദിച്ചപ്പോളാണ് ഇത് ക്വട്ടേഷനാണെന്നും സഹകരിച്ചില്ലെങ്കില്‍ തമ്മനത്തെ ഫ്ലാറ്റില്‍ കൊണ്ടു പോയി ഉപദ്രവിക്കുമെന്ന് സുനി പറഞ്ഞതായും നടി മൊഴി നല്‍കിയത്. സുനി പറഞ്ഞത് സത്യമാണോ എന്ന കാര്യമാണ് പോലീസ് അന്വേഷിക്കുന്നത്. കഴിഞ്ഞ ദിവസം പിടിയിലായ കൂട്ടു പ്രതികള്‍ക്ക് ഇക്കാര്യത്തെക്കുറിച്ച് അറിയില്ലെന്നാണ് പോലീസ് പറയുന്നത്. അവരെ സഹായത്തിന് വിളിച്ചു എന്നല്ലാതെ ആരുടെ നിര്‍ദേശപ്രകാരമാണ് ഇതെന്ന് അറിയില്ലെന്നാണ് കൂട്ടു പ്രതികള്‍ മൊഴി നല്‍കിയത്.

പള്‍സര്‍ സുനിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രത്യേക സംഘങ്ങള്‍ ആയി തിരിഞ്ഞാണ് അന്വേഷണം. സംഭവ ശേഷം പ്രതികള്‍ രണ്ടു സംഘങ്ങള്‍ ആയാണ് രക്ഷപ്പെട്ടതെന്നാണ് പോലീസ് നിഗമനം കൃത്യത്തിന് ശേഷം ഇവര്‍ ആലപ്പുഴ കാക്കാഴത്ത് എത്തി സുഹൃത്തുക്കളോട് പണം ആവശ്യപ്പെട്ടതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ഇവരെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്‌തെങ്കിലും പള്‍സര്‍ സുനിയിലേക്ക് എത്താനുള്ള സൂചനകള്‍ ഒന്നും ലഭിച്ചില്ല. സംഭവ ശേഷം പ്രതികള്‍ രക്ഷപെടാന്‍ ഉപയോഗിച്ച വാഹനങ്ങളെ കുറിച്ചും പൊലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. പ്രതികള്‍ കേരളം വിട്ടിട്ടില്ലെന്ന നിഗമനത്തില്‍ പ്രതികള്‍ പോകാന്‍ ഇടയുള്ള സ്ഥലങ്ങള്‍ പോലീസ് നിരീക്ഷണത്തിലാണ്.

അതേസമയം സംഭവത്തില്‍ അന്വേഷണം സിനിമാരംഗത്തേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. പള്‍സര്‍ സുനിയെ അവസാനം വിളിച്ചിരിക്കുന്നത് ഒരു നിര്‍മാതാവാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. സംഭവമുണ്ടായി രണ്ടുമണിക്കൂര്‍ തികയുംമുമ്പാണിത്. അതിനുശേഷം സുനിയുടെ ഫോണ്‍ സ്വിച്ച് ഓഫാണെന്ന് പോലീസ് പറഞ്ഞു. കുറച്ചുനാളായി സുനി പാടിവട്ടത്തെ നിര്‍മാതാവിന്റെ പ്രൊഡക്ഷന്‍ യൂണിറ്റിലാണ് ജോലിചെയ്യുന്നത്. ഈ യൂണിറ്റില്‍നിന്ന് വിട്ട വാഹനത്തിലാണ് നടി സഞ്ചരിച്ചത്.

മാര്‍ട്ടിനും സുനിക്കും ഫെഫ്ക ഡ്രൈവേഴ്‌സ് യൂണിയനില്‍ അംഗത്വവുമില്ല. ഈ സാഹചര്യത്തില്‍ ഇവര്‍ എങ്ങനെ ഇവിടെ ജോലിചെയ്തുവെന്ന കാര്യവും പരിശോധിക്കും. സുനിക്ക് ഒരു നടന്റെ ഫാന്‍സ് അസോസിയേഷന്റെ ചുമതലയുണ്ടായിരുന്നുവെന്ന പ്രചാരണം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും പോലീസ് പറഞ്ഞു.

pt-thomasഇതിനിടെ നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസില്‍ ഒരാളെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. അമ്പലപ്പുഴ കാക്കാഴം സ്വദേശി അന്‍വറിനെയാണ് കസ്റ്റഡിയിലെടുത്തത്. പ്രധാനപ്രതി പള്‍സര്‍ സുനിയടക്കമുള്ള പ്രതികളുമായി അന്‍വര്‍ ഫോണില്‍ ബന്ധപ്പെട്ടതായി പൊലീസ് കണ്ടെത്തിയിരുന്നു. അന്‍വറിനെ ആലുവ ഡി.വൈ.എസ്.പി ഓഫീസില്‍ ചോദ്യം ചെയ്യുകയാണ്.

പള്‍സര്‍ സുനി രക്ഷപെട്ടതില്‍ നിര്‍മാതാവിനു പങ്കില്ലെന്ന് പി.ടി. തോമസ്; സംഭവം ക്വട്ടേഷന്‍

കൊച്ചി: നടിയ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി രക്ഷപെട്ടതില്‍ നിര്‍മാതാവായ ആന്റോ ജോസഫിനു പങ്കില്ലെന്ന് പി.ടി. തോമസ് എംഎല്‍എ. പൊലീസിന്റെയും സംവിധായകന്റെയും തന്റെയും മുന്നില്‍വച്ചാണ് ആന്റോ ജോസഫ് ഫോണ്‍ ചെയ്തത്. സുനി ഫോണ്‍ എടുത്തപ്പോള്‍ ആന്റോ ജോസഫ് എസിപിക്കു ഫോണ്‍ കൈമാറി. എന്നാല്‍ എസിപി ഹലോ എന്നു സംസാരിച്ചയുടനെ സുനി ഫോണ്‍ ബന്ധം വിച്ഛേദിച്ചെന്നും പി.ടി. തോമസ് അറിയിച്ചു.

അതേസമയം, നടിയെ തട്ടിക്കൊണ്ടുപോയത് ക്വട്ടേഷന്‍ സംഘമാണെന്ന മൊഴിയും എംഎല്‍എ സ്ഥിരീകരിച്ചു. ഇക്കാര്യം അക്രമികള്‍ നടിയോടു പറഞ്ഞു. തമ്മനത്തെ ഫ്‌ലാറ്റിലെത്തിച്ചു ഉപദ്രവിക്കുമെന്നായിരുന്നു ഭീഷണിപ്പെടുത്തിയിരുന്നെന്നും മൊഴിയുണ്ട്. അവിടെ 20 പേരുണ്ടെന്നും മയക്കുമരുന്നു കുത്തിവച്ച് ഉപദ്രവിക്കുമെന്നും ഇവര്‍ നടിയെ ഭീഷണിപ്പെടുത്തിയിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top