Flash News

ക്രിമിനല്‍ സ്വഭാവമുള്ളവരേയും മയക്കുമരുന്ന് ഉപയോഗിക്കുന്നവരേയും ചലച്ചിത്രപ്രവര്‍ത്തനങ്ങളുമായി സഹകരിപ്പിക്കില്ല

February 23, 2017

pulsar-suni-3ലഹരിവസ്തുക്കള്‍ ഉപയോഗിക്കുകയോ ക്രിമിനലുകളുമായി ബന്ധംപുലര്‍ത്തുകയോ ചെയ്യുന്ന ചലച്ചിത്ര പ്രവര്‍ത്തകരുമായി സഹകരിക്കില്ലെന്നു നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും തീയറ്റര്‍ ഉടമകളുടെയും കോര്‍ കമ്മിറ്റി തീരുമാനം. നടിയെ ആക്രമിച്ച സംഭവത്തില്‍ കുറ്റക്കാരെന്നു തെളിയുന്നത് ആരായാലും അവര്‍ നൂറുശതമാനവും ശിക്ഷിക്കപ്പെടണം. എന്നാല്‍, അതിന്റെ പേരില്‍ താരങ്ങളെയും നിര്‍മാതാക്കളെയും സംവിധായകരെയുമൊക്കെ വിവാദത്തില്‍ പെടുത്തുന്നതും വസ്തുതാവിരുധമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതും തെറ്റായ നടപടിയാണ്. അത്തരം നടപടികളെ അനുകൂലിക്കാന്‍ കഴിയില്ല.

നടന്‍ ദിലീപിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം നടക്കുന്നുണ്ട്. ദിലീപിനും ആന്റോ ജോസഫിനുമൊക്കെ അക്രമത്തിന് ഇരയായ നടിയുമായി വര്‍ഷങ്ങളുടെ സൗഹൃദമുണ്ട്. അവരുടെ പേര് സംഭവത്തിലേക്കു വലിച്ചിട്ടവര്‍ക്കു നിക്ഷിപ്ത താല്‍പര്യങ്ങളുണ്ടെന്നും യോഗം കുറ്റപ്പെടുത്തി. ദീര്‍ഘകാലമായി മുഖ്യധാരാ ചലച്ചിത്ര പ്രവര്‍ത്തകരുമായി അകല്‍ചയുള്ള രണ്ടു സംവിധായകരും ചലച്ചിത്ര സംഘടനയുടെ നേതാവായിരുന്ന വ്യക്തിയുമാണ് ഇത്തരം പ്രചാരണങ്ങള്‍ക്കു പിന്നിലെന്നും കോര്‍ കമ്മിറ്റി അംഗങ്ങള്‍ ആരോപിച്ചു.

അഭിനേതാക്കളായാലും സാങ്കേതിക പ്രവര്‍ത്തകരായാലും ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നവരുമായി സഹകരിക്കേണ്ടതില്ലെന്നാണു തീരുമാനമെന്നു കമ്മിറ്റി അംഗങ്ങളായ ജി. സുരേഷ്‌കുമാര്‍, സിയാദ് കോക്കര്‍, സാഗ അപ്പച്ചന്‍, എം. രഞ്ജിത്, സി.വി. രാമകൃഷ്ണന്‍, ആന്റണി പെരുമ്പാവൂര്‍, ടോമിച്ചന്‍ മുളകുപാടം എന്നിവര്‍ പറഞ്ഞു. ചലച്ചിത്രമേഖലയില്‍ ശുദ്ധീകരണത്തിനായി ശ്രമിക്കും. പുതുതായി ചലച്ചിത്രരംഗത്തെത്തുന്ന നിര്‍മാതാക്കളുടെ പശ്ചാത്തലം പരിശോധിച്ചശേഷം മാത്രമേ സംഘടനകളില്‍ അംഗത്വം നല്‍കൂ. മോശമായ പശ്ചാത്തലമുള്ളയാളാണെന്നു വ്യക്തമായാല്‍ ഒരുകാരണവശാലും സഹകരിക്കില്ല.

ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നതു ചെറിയൊരു വിഭാഗമാണെങ്കിലും അതിന്റെപേരിലുണ്ടാകുന്ന വലിയ നാണക്കേട് ചലച്ചിത്ര മേഖലയ്ക്കു മുഴുവനുമാണെന്നു യോഗം വിലയിരുത്തി.ഇതേസമയം, നടിയെ ആക്രമിച്ച സംഭവത്തെ അപലപിച്ചു ഫിലിം ചേംബര്‍ പ്രമേയം പാസാക്കി. ചലച്ചിത്രമേഖലയിലെ അണിയറപ്രവര്‍ത്തകരുടെ പശ്ചാത്തലം പരിശോധിക്കും. സംഘടനാ അംഗത്വത്തിനു പൊലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കുന്നതു പരിഗണിക്കും. ചലച്ചിത്രരംഗത്തെ ഗുണ്ടകളെ നിലയ്ക്കു നിര്‍ത്തണമെന്നും പ്രമേയത്തില്‍ ചേംബര്‍ ആവശ്യപ്പെട്ടു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top