Flash News

പോലീസിനെയും നിയമവ്യവസ്ഥയേയും വെല്ലുവിളിച്ച് അഞ്ച് ദിവസം ഒളിവില്‍ കഴിഞ്ഞ പള്‍സര്‍ സുനി കോടതിയിലെത്തിയത് പള്‍സറില്‍ തന്നെ

February 23, 2017

SUNI-1കൊച്ചി: അഞ്ചു ദിവസത്തോളം പോലീസിനെ വെല്ലുവിളിച്ച് ഒളിച്ചുനടന്ന നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ കോടതിയില്‍ കീഴടങ്ങാനുള്ള തിരക്കഥ പാളിയത് ക്ലൈമാക്‌സില്‍. കീഴടങ്ങാന്‍ തയാറെടുപ്പുമായി സുനിയും വിജീഷും. ഇവരെ പിടിക്കാന്‍ കോടതിക്ക് പുറത്ത് മഫ്തിയില്‍ പോലീസ്.

ഓരോ നീക്കവും അപ്പപ്പോള്‍ കൈമാറി പോലീസ് സജീവമായി കാത്തിരുന്നു. ബുധനാഴ്ച ഉച്ചനേരമാണ് രണ്ട് പേരും കീഴടങ്ങാനായി തിരഞ്ഞെടുത്തത്. തമിഴ്‌നാട് രജിസ്‌ട്രേഷന്‍ പള്‍സര്‍ ബൈക്കിലാണ് ഇവര്‍ എത്തിയത്

ഓരോ നീക്കവും അപ്പപ്പോള്‍ കൈമാറി പോലീസ് സജീവമായി കാത്തിരുന്നു. ബുധനാഴ്ച ഉച്ചനേരമാണ് രണ്ട് പേരും കീഴടങ്ങാനായി തിരഞ്ഞെടുത്തത്. തമിഴ്‌നാട് രജിസ്‌ട്രേഷന്‍ പള്‍സര്‍ ബൈക്കിലാണ് ഇവര്‍ എത്തിയത്

ഇതിനായി അഭിഭാഷകരോട് സാമ്യമുള്ള വെള്ള ഷര്‍ട്ടും നീല ജീന്‍സും ധരിച്ചാണ് സുനി എത്തിയത്. പള്‍സര്‍ സുനി എന്ന പേര് പോലെ കീഴടങ്ങാനുള്ള യാത്രയ്ക്കും സുനി തിരഞ്ഞെടുത്തത് പള്‍സര്‍ ബൈക്കുതന്നെ. ഹെല്‍മറ്റ് ധരിച്ച് ബൈക്കില്‍ എറണാകുളകളത്തപ്പന്‍ ഗ്രൗണ്ടില്‍ വന്നിറങ്ങി. മതില്‍ ചാടി കോടതിവളപ്പില്‍ കടന്നു.

കോടതിക്ക് പുറത്ത് കാവല്‍നിന്ന പോലീസുകാരെ ആദ്യശ്രമത്തില്‍ സുനിയും വിജീഷും കബളിപ്പിച്ചു. ഒരു അഭിഭാഷകയ്‌ക്കൊപ്പമായിരുന്നു കോടതി മുറിയിലേക്കുള്ള നീക്കം. തന്ത്രപൂര്‍വം മുന്നോട്ട് നീങ്ങി കോടതി മുറിക്ക് പുറത്ത് എത്തുമ്പോഴും പോലീസുകാര്‍ക്ക് ഇവരെ തിരിച്ചറിയാനായില്ല. ഞൊടിയിടയില്‍ അവര്‍ കോടതി മുറിക്കുള്ളില്‍ കടന്ന് പ്രതിക്കൂട്ടില്‍ കയറിനിന്നു. പിന്‍വശത്തുള്ള കവാടത്തിലൂടെ ഇവര്‍ കോടതിക്ക് അകത്ത് കയറിയതോടെ അഭിഭാഷകര്‍ കതകടച്ചു. പോലീസ് ബലംപ്രയോഗിച്ച് വാതില്‍തുറക്കാന്‍ ശ്രമിച്ചത് അഭിഭാഷകര്‍ ചെറുത്തു.

ക്ലൈമാക്‌സ് വരെ ആസൂത്രണം ചെയ്ത പോലെ കാര്യങ്ങള്‍ സുനി വിചാരിച്ചപോലെ നടന്നു. ഉടന്‍ വാതില്‍ തള്ളിതുറന്ന് ഇവരെ ബലമായി അറസ്റ്റ്‌ചെയ്യുകയായിരുന്നു. എന്നാല്‍ ക്ലൈമാക്‌സില്‍ വിധി ആ പ്രതിക്ക് എതിരായി. ഉച്ചഭക്ഷണത്തിനായി ജഡ്ജി ചേംബറില്‍ നിന്ന് പോയതിന് തൊട്ടുപിന്നാലെയാണ് ഇരുവരും മുറിക്കുള്ളിലെത്തിയത്. അവിടെയാണ് പ്രതികള്‍ക്ക് പിഴച്ചത്.

കോടതി മുറിക്കുള്ളില്‍ കടന്നപ്പോഴാണ് മഫ്തിയിലുണ്ടായിരുന്ന പോലീസിനും സുനിയാണ് എന്ന് തിരിച്ചറിയാനായത്. ഈ സമയം പ്രതികളെ നിര്‍ത്തുന്ന കോടതിമുറിക്കുളളിലെ കൂട്ടിലേക്ക് ഇവര്‍ ഓടിക്കയറി. മിന്നും വേഗത്തിലായിരുന്നു പോലീസിന്റെ പിന്നീടുള്ള നീക്കങ്ങള്‍. നിമിഷങ്ങള്‍ക്കുള്ളില്‍ കൂടുതല്‍ പോലീസ് പാഞ്ഞെത്തി. കോടതിമുറിയില്‍ അതും പ്രതിക്കൂട്ടില്‍ നില്‍ക്കുന്നയാളെ അറസ്റ്റ് ചെയ്യാനാകില്ല അത് നിയമവിരുദ്ധമാണെന്ന് അഭിഭാഷകര്‍ വാദിച്ചു. തടസ്സം നിന്ന അഭിഭാഷകരെ തള്ളിമാറ്റി വാതില്‍ ബലംപ്രയോഗിച്ച് തുറന്ന് പോലീസ് അകത്ത് കടന്നപ്പോള്‍ രണ്ട് പ്രതികളും പ്രതിക്കൂട്ടില്‍ നില്‍ക്കുകയായിരുന്നു.

ഉച്ചഭക്ഷണത്തിനായി ചേംബറില്‍ നിന്ന് ജഡ്ജി പോയതാണ് പോലീസിനെ വന്‍നാണക്കേടില്‍ നിന്നും രക്ഷിച്ചത്. പോലീസ് പ്രതിക്കൂട്ടില്‍ നിന്ന് ബലംപ്രയോഗിച്ച് വലിച്ചിഴച്ചാണ് രണ്ട് പേരെയും പുറത്തേക്കുകൊണ്ടുവന്നത്. ഇതിനിടെ വിജീഷ് പുറത്ത് കടക്കാനുള്ള ശ്രമവും നടത്തി. പക്ഷേ പോലീസ് കീഴടക്കി. രണ്ട് പേരെയും വാഹനത്തിലേക്ക് മാറ്റിയപ്പോള്‍ അത്യന്തം സസ്‌പെന്‍സ് നിറഞ്ഞ രംഗങ്ങള്‍ക്കാണ് കോടതി അങ്കണം സാക്ഷിയായത്.

വെള്ളിയാഴ്ച രാത്രി നടിയെ ക്രൂരമായി ആക്രമിച്ച സംഭവം നടന്നത് മുതല്‍ കേരളവും പോലീസും പള്‍സര്‍ സുനിക്ക് പിന്നാലെയായിരുന്നു. ആക്രമണം ക്വട്ടേഷനാണെന്ന് സൂചന വന്നതോടെ സിനിമമേഖലയുമായി ബന്ധപ്പെട്ടും പല പേരിലേക്കും സംശയം നീണ്ടു. അപ്പോഴും കൃത്യം ചെയ്ത സംഘത്തിലുണ്ടായിരുന്ന പ്രധാനികളായ സുനിയും കൂട്ടാളി വിജീഷും കാണാമറയത്ത് തന്നെയായിരുന്നു. ഏതായാലും സുനിയെ കോടതിക്കുള്ളില്‍ നിന്ന് പിടികൂടിയതോടെ ക്വട്ടേഷന്‍ നല്‍കിയതാണോ അതോ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാനുള്ള ശ്രമമാണോ നടന്നത് തുടങ്ങിയ ഒരുപാട് ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ഇനി കിട്ടേണ്ടത്.

കേസിലെ മുഖ്യപ്രതികളെ പിടികൂടുകയെന്നത് പോലീസിന്റെ അഭിമാനപ്രശ്‌നമായിരുന്നു. ഇതിനായി പോലീസ് നാടെങ്ങും വലവിരിച്ചിരുന്നെങ്കിലും പ്രതികള്‍ അഞ്ചു ദിവസം ഒളിച്ചു നടന്ന് കോടതി മുറിവരെ എങ്ങനെ എത്തിയെന്നത് പോലീസിനെ അമ്പരിപ്പിച്ചിട്ടുണ്ട്. കീഴടങ്ങാനുള്ള തിരക്കഥ ക്ലൈമാക്‌സില്‍ പിഴച്ചില്ലായിരുന്നെങ്കില്‍ പോലീസിനും അത് വന്‍നാണക്കേടായി മാറിയേനെ.

പള്‍സര്‍ സുനിയെ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാക്കണമെന്ന് മജിസ്‌ട്രേറ്റ്

യുവനടിയെ തട്ടിക്കൊണ്ടുപോയി അപമാനിച്ചുവെന്ന കേസില്‍ അറസ്റ്റിലായ പ്രധാന പ്രതി പള്‍സര്‍ സുനി എന്ന സുനില്‍ കുമാറിനെയും കൂട്ടുപ്രതി വിജീഷിനെയും ഉടന്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാക്കണമെന്ന് എറണാകുളം എ.സി.ജെ.എം. ഉത്തരവിട്ടു. ഇന്ന് ഉച്ചയോടെയാണ് ഇരുവരെയും കോടതിമുറിക്കുള്ളില്‍വെച്ച് ഇരുവരെയും ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തത്.

പ്രതികളുടെ അഭിഭാഷകയുടെ പരാതിയെ തുടര്‍ന്നാണ് ഓപ്പണ്‍ കോര്‍ട്ടില്‍ മജിസ്‌ട്രേറ്റ് ഉത്തരവിറക്കിയത്. എന്നാല്‍, ഇരുവരെയും കോടതി മുറിക്കുള്ളില്‍വെച്ച് പിടികൂടിയത് നിയമപ്രകാരമല്ലെന്ന പരാതി അദ്ദേഹം പരിഗണിച്ചില്ല.

ഇതിന് ശേഷം ഇദ്ദേഹം അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കണം. 24 മണിക്കൂറിനുള്ളിലാണ് ഇത് ചെയ്യേണ്ടത്. കേസില്‍ ഹാജരായ അഭിഭാഷകന്‍ നല്‍കിയതാണ് ഈ വിവരം. നെടുമ്പാശ്ശേരി പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പള്‍സര്‍ സുനിക്ക് മുന്നില്‍ കേരള പൊലീസ് കീഴടങ്ങി: ഡീന്‍ കുര്യാക്കോസ്

കൊച്ചി: പള്‍സര്‍ സുനിയെ കേരള പോലീസ് കീഴടക്കിയതല്ലെന്നും മറിച്ച് പള്‍സര്‍ സുനിക്ക് മുന്നില്‍ കേരള പോലീസാണ് കീഴടങ്ങിയതെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്. പോലീസ് നടപടി സേനയ്ക്കാകെ നാണക്കേടാണ്. പിണറായി വിജയന്‍ ആഭ്യന്തരവകുപ്പിന്റെ ചുമതല ഒഴിയണമെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

എന്നാല്‍ ഒരു വിഭാഗം ആളുകളുടെ സഹായമില്ലാതെ ഇത്രയും പോലീസ് സന്നാഹത്തിനിടെ കോടതി വരെ എത്താന്‍ പ്രതിക്ക് കഴിയില്ലായെന്ന് മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഇങ്ങനെ സഹായിച്ചവരില്‍ ചിലപ്പോള്‍ പോലീസുകാരുമുണ്ടാവാം. കേസില്‍ ഒത്തിരി വീഴ്ച്ചയുണ്ടായിട്ടുണ്ട്. പ്രതിയെ പിടിച്ചു എന്നതിനപ്പുറം ഇനിയങ്ങോട്ടുള്ള അന്വേഷണമാണ് പോലീസിന് മുന്നിലുള്ള വലിയ ഭീഷണിയെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top