Flash News

പള്‍സര്‍ സുനി രണ്ടും കല്‍പ്പിച്ച്, പൊലീസ് വട്ടം കറങ്ങുന്നു

February 23, 2017

pulsar suni arrestedകൊച്ചി: വെറുതെയങ്ങ് കീഴടങ്ങാനെത്തിയതല്ല പള്‍സര്‍ സുനി. ചിലത് പഠിച്ച് ഉറപ്പിച്ചിട്ടുതന്നെയാണ്. അതുമാത്രമാണ് മണിക്കൂറുകളായുള്ള ചോദ്യം ചെയ്യലില്‍ പൊലീസിനോട് പറയുന്നുമുള്ളൂ. ആരോ പഠിപ്പിച്ചുവിട്ട പാഠം ഉരുവിടുകയാണ് ആലുവ പൊലീസ് ക്ളബില്‍ മണിക്കൂറുകളായി പള്‍സര്‍ സുനി. പൊലീസ് സേനയിലെ പ്രഗല്‍ഭരടങ്ങുന്ന ഉദ്യോഗസ്ഥരാണ് ചോദ്യം ചെയ്യുന്നതെങ്കിലും ഇവരെയെല്ലാം വട്ടം കറക്കി യഥാര്‍ഥത്തില്‍ നടന്നതിന്‍െറ സൂചന പോലും സുനി വിട്ടുപറയുന്നില്ല. നടി പൊലിസില്‍ നല്‍കിയ മൊഴി നുണയായിരുന്നുവെന്ന മട്ടിലാണ് ഇയാളുടെ മൊഴി. വെള്ളിയാഴ്ച ഉച്ച വരെ സുനിയെ പൊലീസിന് ചോദ്യം ചെയ്യാം. അതുകഴിഞ്ഞ് കോടതിയില്‍ ഹാജരാക്കണം. അതിനുള്ളില്‍ കാര്യമായ എന്തെങ്കിലും കിട്ടാനുള്ള സാധ്യതയില്ല.

പണത്തിനുവേണ്ടി നടത്തിയ കൃത്യം എന്നുമാത്രമാണ് സുനി ഇതുവരെ സമ്മതിച്ചിട്ടുള്ളത്. സംഭവത്തിനു പിന്നില്‍ മറ്റാരുമില്ല. മറ്റു പ്രതികളെയെല്ലാം താന്‍ കൂടെക്കൂട്ടിയതാണ്. ഇവര്‍ക്കും സംഭവത്തെക്കുറിച്ച് കാര്യമായി അറിയില്ല. പണം നല്‍കാമെന്നുപറഞ്ഞപ്പോള്‍ കൂടെക്കൂടി എന്നുമാത്രം. നടിയുടെ മൊഴിയെക്കുറിച്ചും പ്രമുഖ സിനിമാനടന്‍െറ പേരും പൊലീസ് സൂചിപ്പിച്ചപ്പോള്‍ നിഷേധിക്കുകയാണ് സുനി ചെയ്തത്.

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണംതട്ടലായിരുന്നു ലക്ഷ്യമെന്നും ഒരുമാസമായി ഇതിനുള്ള ആസൂത്രണത്തിലായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു. എന്നാല്‍, ഈ മറുപടി പൊലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല.

പള്‍സര്‍ സുനി ഒറ്റക്ക് ആസൂത്രണം ചെയ്തതാണോ അതോ ഇതിന് പിന്നില്‍ മറ്റുള്ളവര്‍ ഉണ്ടോ എന്ന കാര്യവും ആരായുന്നുണ്ട്. ഗൂഢാലോചന നടന്നിട്ടുണ്ട് എന്ന ഉറച്ച നിലപാടിലാണ് പൊലീസ്. എന്നാല്‍, ഗൂഢാലോചനയില്‍ ആരൊക്കെ പങ്കെടുത്തു എന്ന് വ്യക്തമായിട്ടില്ല. ഇവിടെയാണ് ക്വട്ടേഷന്‍ സാധ്യതകള്‍ ആരായുന്നത്. ക്വട്ടേഷന്‍ സംബന്ധിച്ച് പള്‍സര്‍ സുനി ഇതുവരെ സൂചനയൊന്നും നല്‍കിയിട്ടില്ല. ഈ കേസില്‍ ഇതുവരെ പിടിയിലായ മാര്‍ട്ടിന്‍, വടിവാള്‍ സലീം, പ്രദീപ്, വിജീഷ്, പള്‍സര്‍ സുനി എന്നീ അഞ്ചുപേരെയും ഒറ്റക്കും കൂട്ടായും ചോദ്യം ചെയ്യുന്നതിലൂടെ ഗൂഢാലോചനയിലേക്ക് വെളിച്ചംവീശുന്ന വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

എ.ഡി.ജി.പി ബി. സന്ധ്യ, നടിയെ ആക്രമിച്ച സംഭവം അന്വേഷിക്കുന്നതിന് രൂപവത്കരിച്ച് പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കുന്ന ക്രൈംബ്രാഞ്ച് ഐ.ജി ദിനേന്ദ്ര കശ്യപ്, മധ്യമേഖല ഐ.ജി പി. വിജയന്‍, റൂറല്‍ എസ്.പി എ.വി. ജോര്‍ജ്, എറണാകുളം ഡെ. കമീഷണര്‍ യതീഷ് ചന്ദ്ര, ആലുവ ഡിവൈ.എസ്.പി ബാബുകുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. മജിസ്ട്രേറ്റിന്‍െറ കര്‍ശന നിര്‍ദേശമുള്ളതിനാല്‍ 24 മണിക്കൂര്‍ തികയും മുമ്പുതന്നെ പള്‍സര്‍ സുനിയെയും വിജീഷിനെയും കോടതിയില്‍ ഹാജരാക്കേണ്ടതുണ്ട്. ശിവരാത്രി പ്രമാണിച്ച് വെള്ളിയാഴ്ച ഉച്ചയോടെതന്നെ ആലുവ നഗരം ജനനിബിഡമാകുന്നതുമൂലമുള്ള സുരക്ഷാ പ്രശ്നങ്ങളുമുണ്ട്. ഈ സാഹചര്യത്തില്‍, കോടതി അവധിയായതുകൂടി പരിഗണിച്ച് വെള്ളിയാഴ്ച അതിരാവിലെതന്നെ മജിസ്ട്രേറ്റിന്‍െറ മുമ്പാകെ ഹാജരാക്കേണ്ടിയും വരും.

സംഭവത്തിനുശേഷം പള്‍സര്‍ സുനി എറണാകുളം നഗരത്തില്‍ പ്രമുഖനെ കണ്ടതിന്‍െറ ദൃശ്യങ്ങള്‍ പുറത്ത്

Kochi: Pulsar Suni, the prime accused in the molestation case of a popular Malayalam actor, is taken away after he surrendered himself before the CJM court in Kochi on Thursday. PTI Photo (PTI2_23_2017_000216B)

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി കാറില്‍ വെച്ച് ഉപദ്രവിച്ച സംഭവം നടന്ന ദിവസം പള്‍സര്‍ സുനി രാത്രിയില്‍ പനമ്പിള്ളി നഗറിലെ ഒരു കേന്ദ്രത്തില്‍ ആരെയോ കാണാനെത്തുന്ന സി.സി ടി.വി ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. കൂടാതെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് സ്ത്രീയാണെന്ന് സുനി പറഞ്ഞതായി ഇരയായ യുവനടി തന്നോട് വെളിപ്പെടുത്തിയെന്ന് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും വെളിപ്പെടുത്തി. ആക്രമം ആസൂത്രിതമാണെന്നും പ്രതികള്‍ ആര്‍ക്കോ വേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നുവെന്നുമുള്ള വാദങ്ങള്‍ കൂടുതല്‍ ശക്തമാകുന്നതിനിടെയാണ് സുനിയുടെ കീഴടങ്ങല്‍.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച ശേഷം പ്രതികള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച ടാറ്റ ഏയ്സ് വാഹനത്തില്‍ പനമ്പിള്ളി നഗറില്‍ എത്തിയ സുനി ഒറ്റക്ക് മതില്‍ ചാടിക്കടന്ന് പോകുന്നതും പിന്നീട് മടങ്ങിവരുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കൃത്യനിര്‍വഹണത്തിനുശേഷം ഇയാള്‍ മറ്റാരെയോ കണ്ടിരുന്നുവെന്ന് വ്യക്തമാകുന്ന ദൃശ്യങ്ങളാണിവ. തനിക്കെതിരെയുള്ളത് ക്വട്ടേഷന്‍ ആണെന്ന് സുനി കാറില്‍വെച്ച് വെളിപ്പെടുത്തിയതായി നടി പൊലീസില്‍ മൊഴി നല്‍കിയിരുന്നു.

പള്‍സര്‍ സുനിയെ സംരക്ഷിക്കാനുള്ള അഭിഭാഷകരുടെ നീക്കം പാളി

കൊച്ചി: പള്‍സര്‍ സുനിയെത്തേടി പൊലീസ് നാടും നഗരവും അരിച്ചുപെറുക്കുന്നതിനിടയിലാണ് എറണാകുളം നഗരത്തിലൂടെ ബൈക്കില്‍ യാത്ര ചെയ്ത് ഇയാള്‍ കോടതിയിലെത്തിയത്. എറണാകുളം ജില്ല കോടതി സമുച്ചയത്തിലെ ഒന്നാം നിലയിലെ എ.സി.ജെ.എം കോടതിയുടെ അരക്കിലോമീറ്റര്‍ പരിധിയിലാണ് പൊലീസ് കമീഷണര്‍ ഓഫിസ്. തമിഴ്നാട് രജിസ്ട്രേഷനിലുള്ള ടി.എന്‍ 4 ആര്‍ 1496 നമ്പര്‍ പള്‍സര്‍ ബൈക്ക് എറണാകുളം ശിവക്ഷേത്രത്തിന് സമീപം നിര്‍ത്തിവെച്ചശേഷം ഹെല്‍മറ്റ് ധരിച്ച് സമീപത്തെ പൊക്കം കുറഞ്ഞ ക്ഷേത്രമതില്‍ കടന്ന് കോടതി സമുച്ചയത്തിന്‍െറ പിന്നിലേക്ക് കടക്കുകയായിരുന്നു. താഴത്തെ നിലയില്‍നിന്ന് അഭിഭാഷകര്‍ക്കൊപ്പം ലിഫ്റ്റില്‍ ഒന്നാം നിലയിലെത്തി. ഒരു അഭിഭാഷകന്‍ മുന്നിലും പ്രതികള്‍ പിന്നിലുമായി ഒന്നാം നിലയിലെ ആദ്യ കോടതിയായ എ.സി.ജെ.എം കോടതിയിലേക്ക് ഓടിക്കയറി. എന്നാല്‍, പ്രതികളും അഭിഭാഷകരും പ്രതീക്ഷിച്ചതിന് വിരുദ്ധമായി ഈ സമയത്ത് കോടതിയുടെ രാവിലത്തെ സെഷന്‍ അവസാനിച്ചിരുന്നു. ഉച്ചയൂണിന് പിരിയുകയും ചെയ്തു. ഇതോടെ ജഡ്ജിക്ക് മുന്നില്‍ ഓടിക്കയറി കീഴടങ്ങാനുള്ള നീക്കം പാളി. ഇതിനിടെ, അഭിഭാഷകന്‍ മജിസ്ട്രേറ്റിന്‍െറ ചേംബറിലത്തെി കീഴടങ്ങാനുള്ള അപേക്ഷ സമര്‍പ്പിച്ചു.

കോടതിയുടെ ഏറ്റവും പിന്നിലായി പ്രതികളെ കയറ്റി നിര്‍ത്താറുള്ള കൂട്ടിലാണ് ഇരുവരും അഭയം തേടിയത്. അപേക്ഷ പരിഗണിക്കും മുമ്പെ പൊലീസ് സംഘം കോടതിയിലേക്ക് ഇരച്ചുകയറി. പൊലീസ് ഇവരോട് പുറത്തേക്ക് ഇറങ്ങാന്‍ പറഞ്ഞെങ്കിലും വഴങ്ങാതെ വന്നതോടെ പ്രതിക്കൂട്ടില്‍ കയറി വലിച്ചിഴച്ച് പുറത്തേക്കിറക്കുകയായിരുന്നു.

prathi vijeshഇവരെ കൊണ്ടുവന്ന അഭിഭാഷകര്‍ അടക്കം ഇതിനെതിരെ പ്രതിഷേധം ഉയര്‍ത്തി. പ്രതികളെ കീഴടങ്ങാന്‍ അനുവദിക്കണമെന്നും കോടതിയില്‍നിന്ന് കൊണ്ടുപോകുന്നത് നിയമവിരുദ്ധമാണെന്നുമൊക്കെ അഭിഭാഷകര്‍ വാദിച്ചെങ്കിലും പൊലീസ് പുറത്തേക്ക് കൊണ്ടുപോകാനൊരുങ്ങി. അഭിഭാഷകര്‍ വാതിലുകള്‍ പൂട്ടി നീക്കം തടയാന്‍ വീണ്ടും ശ്രമിച്ചെങ്കിലും പ്രതികളെ കോടതിയില്‍നിന്ന് വലിച്ചിഴച്ച് വാഹനത്തില്‍ കയറ്റുകയായിരുന്നു. പിടിവലിയില്‍ പൊലീസുകാരുടെ നെയിംബോര്‍ഡുകളും പ്രതികള്‍ ധരിച്ചത്തെിയ ഹെല്‍മറ്റും തെറിച്ചുവീണു.
സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ ഇരുവരും കേരളം വിട്ടിട്ടുണ്ടാകുമെന്ന നിഗമനത്തില്‍ കോയമ്പത്തൂരിലും കര്‍ണാടകത്തിലുമടക്കം പരിശോധന നടത്തിവരുകയായിരുന്നു. കീഴടങ്ങുന്നതിന് മുമ്പെ അറസ്റ്റ് ചെയ്യാന്‍ തിരുവനന്തപുരം, കൊച്ചി, ആലുവ എന്നിവിടങ്ങളിലെ കോടതികള്‍ക്ക് സമീപം മഫ്തി പൊലീസിനെ വിന്യസിച്ചിരുന്നെങ്കിലും കണ്ണുവെട്ടിച്ച് പ്രതി കോടതിയില്‍ കയറുകയായിരുന്നു.

പ്രതികളെ കോടതിയില്‍ തിരികെ എത്തിക്കണമെന്ന അഭിഭാഷകന്‍െറ ആവശ്യം തള്ളി

കൊച്ചി: കോടതിയിലെ പ്രതിക്കൂട്ടില്‍നിന്ന് അറസ്റ്റ് ചെയ്ത പള്‍സര്‍ സുനിയെയും വിജീഷിനെയും തിരികെ കോടതിയില്‍ ഹാജരാക്കണമെന്ന അഭിഭാഷകന്‍െറ ആവശ്യം കോടതി തള്ളി. പ്രതികളെ കോടതിയില്‍ കയറി അറസ്റ്റ് ചെയ്തതിനെതിരെ നല്‍കിയ അപേക്ഷ പരിഗണിച്ചശേഷമാണ് എറണാകുളം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഷിജു ശൈഖ് അഭിഭാഷകന്‍െറ ആവശ്യം നിരസിച്ചത്. കീഴടങ്ങാന്‍ കോടതിയിലെത്തിയ പ്രതികളെ അറസ്റ്റ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യമുണ്ടായിരുന്നു.

പ്രതികള്‍ക്കെതിരെ ഒരു കുറ്റകൃത്യവും കോടതിയില്‍ ഇല്ലാത്തതിനാല്‍ ഇവരെ തിരികെ ഹാജരാക്കേണ്ടതില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അതേസമയം, അറസ്റ്റ് നടന്ന് 24 മണിക്കൂറിനകം പ്രതികളെ കോടതിയില്‍ ഹാജരാക്കേണ്ടതിനാല്‍ ഇവരെ ഉടന്‍ നെടുമ്പാശ്ശേരി പൊലീസിന് കൈമാറണമെന്ന് സെന്‍ട്രല്‍ പൊലീസ് അധികൃതര്‍ക്ക് കോടതി നിര്‍ദേശം നല്‍കി. കോടതിയിലെ കീഴടങ്ങല്‍ ശ്രമത്തിന് പിന്നാലെ കോടതിക്കുള്ളില്‍ കയറിയാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അഭിഭാഷകര്‍ അപ്പോള്‍തന്നെ മജിസ്ട്രേറ്റിന് പരാതി നല്‍കിയിരുന്നു. കോടതി സമയം കഴിഞ്ഞ് വൈകുന്നേരം 5.30ഓടെയാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top