Flash News

സംരക്ഷിതവനമേഖല മാത്രം പരിസ്ഥിതിലോലമാക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ സ്വാഗതാര്‍ഹം: ഇന്‍ഫാം

February 23, 2017

Title1കോട്ടയം: ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും തോട്ടങ്ങളും ഉള്‍ക്കൊള്ളുന്ന വില്ലേജുകള്‍ പരിപൂര്‍ണ്ണമായി ഒഴിവാക്കി സംരക്ഷിത വനമേഖല മാത്രം ഇ.എസ്.എ.യില്‍ ഉള്‍പ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ സ്വാഗതാര്‍ഹമാണെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

ഇന്‍ഫാം ഇക്കാലമത്രയും നിരന്തരമായി ആവശ്യപ്പെട്ടിരുന്ന ഈ നിര്‍ദ്ദേശം സംസ്ഥാനസര്‍ക്കാര്‍ ഗൗരവപൂര്‍വ്വം പരിഗണിച്ചത് അഭിനന്ദനീയമാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കര്‍ഷക ജനകീയ പ്രസ്ഥാനങ്ങളും ജനപ്രതിനിധികളും പശ്ചിമഘട്ടജനതയുടെ സംരക്ഷണത്തിനായി സംസ്ഥാനസര്‍ക്കാരിന്റെ ഈ നിര്‍ദ്ദേശം നടപ്പിലാക്കുവാന്‍ വിഘടിച്ചുനിന്ന് പ്രക്ഷോഭം നടത്താതെ ഒറ്റക്കട്ടായി കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുവാന്‍ തയ്യാറാകണം. ബിജെപി ഭരിക്കുന്ന ഗോവ സര്‍ക്കാര്‍ ജനവാസമേഖലകളെ പരിപൂര്‍ണ്ണമായി ഒഴിവാക്കി വനമേഖലമാത്രം ഉള്‍ക്കൊള്ളുന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്. തമിഴ്‌നാടാകട്ടെ തങ്ങളുടെ പരിസ്ഥിതിലോലപ്രദേശങ്ങള്‍ തങ്ങള്‍ തന്നെ നിശ്ചയിക്കുമെന്ന ഉറച്ചനിലപാടെടുത്ത് ഒരു റിപ്പോര്‍ട്ടും നല്‍കിയിട്ടില്ല. അതിനാല്‍ തന്നെ സംരക്ഷിത വനമേഖലമാത്രമേ പരിസ്ഥിതിലോലമാക്കാവൂ എന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപിത തീരുമാനം എന്തുവിലകൊടുത്തും നടപ്പിലാക്കാന്‍ എല്ലാവരും സംഘടിതരായി ആത്മാര്‍ത്ഥതയോടെ ശ്രമിക്കണമെന്നും പശ്ചിമഘട്ടജനത ഒന്നടങ്കം ഇതിനെ പിന്തുണയ്ക്കുമെന്നും വി.സി.സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു.

ഉമ്മന്‍ വി. ഉമ്മന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പശ്ചിമഘട്ടജനതയ്ക്ക് ചതിക്കുഴി ഒരുക്കിയെന്ന് ഇന്‍ഫാം പലതവണ പറഞ്ഞത് വൈകിയ വേളയിലെങ്കിലും സര്‍ക്കാരിന് ബോധ്യപ്പെട്ടതില്‍ സന്തോഷമുണ്ട്. ഇഎസ്എയുടെ അടിസ്ഥാനഘടകം വില്ലേജായിരിക്കുമ്പോള്‍ വില്ലേജിനുള്ളില്‍ പരിസ്ഥിതിലോലപ്രദേശം സൃഷ്ടിച്ചാല്‍ ആ വില്ലേജ് ഒന്നാകെ പരിസ്ഥിതിലോല വില്ലേജായി മാറുമെന്ന ഇഎസ്എയുടെ പൊതുതത്വം ഉള്‍ക്കൊള്ളാതെ ഉമ്മന്‍ വി.ഉമ്മന്‍ കമ്മീഷന്‍ പരിസ്ഥിതിലോലമേഖലയിലെ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയാണുണ്ടായത്. ഇതിന്റെ അനന്തരഫലമാണ് ഇക്കാലമത്രയും നിലനിന്ന ആശങ്കകളും തെറ്റിദ്ധാരണകളും. 2017 മാര്‍ച്ച് നാലിന് അവസാനിക്കുന്ന രണ്ടാം കരടുവിജ്ഞാപനത്തില്‍ പൊളിച്ചെഴുത്ത് നടത്തി സംസ്ഥാന സര്‍ക്കാരിന്റെ പുതിയ നിര്‍ദ്ദേശം ഉള്‍ക്കൊള്ളിച്ചുകൊണ്ട് മൂന്നാം കരടുവിജ്ഞാപനമാണ് കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായിട്ടിറക്കേണ്ടത്. മൂന്നാം കരടുവിജ്ഞാപനമിറക്കാതെ ഇനി അന്തിമവിജ്ഞാപനമിറക്കാനാവില്ല. 2013 നവംബര്‍ 13ലെ കേന്ദ്രസര്‍ക്കാര്‍ ഉത്തരവില്‍ നിന്ന് ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും തോട്ടങ്ങളുമുള്‍ക്കൊള്ളുന്ന വില്ലേജുകള്‍ പരിപൂര്‍ണ്ണമായി ഒഴിവാക്കിയും അതേസമയം ഈ പ്രദേശങ്ങളില്‍ ക്വാറി ഖനന മാഫിയകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ഇനി പുത്തന്‍ ഉത്തരവിറക്കണമെന്നാണ് ഇന്‍ഫാമിന്റെ ആവശ്യം. ഇതിന് അന്തിമവിജ്ഞാപനംവരെ കാത്തിരിക്കേണ്ട ആവശ്യമില്ലെന്ന് വി.സി.സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു.

ഫാ.ആന്റണി കൊഴുവനാല്‍,
ജനറല്‍ സെക്രട്ടറി, ഇന്‍ഫാം


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top