Flash News

നാസിസമാണ് ആര്‍.എസ്.എസിന്റെ തത്വശാസ്ത്രം; ന്യൂനപക്ഷ നാശമാണ് അവര്‍ ലക്ഷ്യമിടുന്നത്: പിണറായി വിജയന്‍

February 25, 2017

pinarayi-mangalore-1ആര്‍.എസ്.എസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് ആര്‍.എസ്.എസിന്റെ ലക്ഷ്യമെന്നും നാസിസമെന്ന തത്വശാസ്ത്രമാണ് ആര്‍.എസ്.എസ്. പ്രാവര്‍ത്തികമാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. അവരുടെ ഭരണഘടനയിലും ഇതാണ് എഴുതിവച്ചിരിക്കുന്നത്. ന്യൂനപക്ഷങ്ങളെയാണ് ഇവര്‍ ശത്രുക്കളായി കാണുന്നത്. കമ്യൂണിസ്റ്റുകാരെ ആഭ്യന്തര ശത്രുക്കളായി കാണുകയും ചെയ്യുന്നു. സ്വാതന്ത്ര്യം നേടിത്തരുന്നതിന് ഒരു സംഭാവനയും ആര്‍.എസ്.എസ്. നല്‍കിയിട്ടില്ലെന്നും പിണറായി കുറ്റപ്പെടുത്തി.

മംഗലാപുരം നെഹ്‌റു മൈതാതാനിയില്‍ സി.പി.എം. സംഘടിപ്പിച്ച മതസൗഹാര്‍ദ്ദ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗാന്ധിജിയെ വെടിവച്ചു കൊല്ലുന്നതില്‍ ഗൂഢാലോചന നടത്തിയ ആര്‍.എസ്.എസ്. രാജ്യത്തിന് ഭീഷണിയാണെന്നും ജനാധിപത്യ സംഘടനകള്‍ ഇതിനെതിരേ ഒന്നിക്കണമെന്നും പിണറായി അഭ്യര്‍ത്ഥിച്ചു. ഗാന്ധിജിയെ വെടിവച്ചു കൊന്ന ദിവസം മധുരം വിതരണം ചെയ്തവരാണ് അവര്‍. കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന സര്‍ക്കാരിനെ നിയന്ത്രിക്കുന്നത് ആര്‍.എസ്.എസ്. ആണ്. ഗാന്ധിജിയുടെ വധത്തിന് ശേഷം ആര്‍.എസ്.എസിനെ നിരോധിച്ചിരുന്ന കാര്യവും പിണറായി ചൂണ്ടിക്കാട്ടി.

mangalore-5എല്ലാ കാലത്തും വര്‍ഗീയത വളര്‍ത്താനാണ് ആ സംഘടന ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മുസോളിനിയുടെ ഫാസിസ്റ്റ് നയവും പരിശീലനസിദ്ധാന്തവും സ്വീകരിച്ചിരിക്കുന്ന ആര്‍.എസ്.എസ്. രാജ്യത്തെ നിരവധി വര്‍ഗീയ കലാപങ്ങളില്‍ ആയിരക്കണക്കിനാളുകളെയാണ് കൊന്നൊടുക്കിയിട്ടുള്ളത്. ഇതിനുശേഷം നുണപ്രചരണം നടത്താനും കൃത്യമായ പരിശീലനവും ആര്‍.എസ്.എസ്. നല്‍കുന്നുണ്ടെന്നും മുഖ്യമന്തി പിണറായി വിജയന്‍ പറഞ്ഞു.
മുസ്ലിംകളും ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകാരുമാണ് ആര്‍.എസ്.എസിന്റെ ശത്രുക്കളെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തിന്റെ പൊതുധാരയോടൊപ്പം നില്‍ക്കാത്ത ആര്‍.എസ്.എസ്. നാടിന് ആപത്താണെന്നും ഹിറ്റലറുടെയും മുസോളിനിയുടെയും നയങ്ങളും സമീപനങ്ങളുമാണ് ആര്‍.എസ്.എസ്. സ്വീകരിച്ചതെന്നും പിണറായി കുറ്റപ്പെടുത്തി. ഇന്ത്യയിലെ പ്രതിഭകളെയെല്ലാം പാകിസ്താനിലേക്കു പറഞ്ഞുവിടാനാണ് ആര്‍.എസ്.എസ്. ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റപ്പെടുത്തി. പ്രമുഖ സിനിമാ താരങ്ങളായ ഷാറൂഖ് ഖാന്‍, ആമിര്‍ ഖാന്‍, ജ്ഞാനപീഠം അവാര്‍ഡ് ജേതാവ് എം.ടി. വാസുദേവന്‍, നോട്ട് നിരോധനത്തിനെതിരെ പ്രതികരിച്ച സംവിധായകന്‍ കമല്‍, നന്ദിതാ ദാസ് എന്നിവരെയെല്ലാം പാകിസ്താനിലേക്ക് പോകാനാണ് ആര്‍.എസ്.എസ്. നിര്‍ദേശിക്കുന്നത്.

mangalore-4തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് ഒപ്പം നില്‍ക്കാത്തവരെയെല്ലാം പാകിസ്താനിലേക്കയക്കാനുള്ള ആര്‍.എസ്.എസിന്റെ ശ്രമം വിലപോവില്ലെന്നും പിണറായി പറഞ്ഞു. എന്തു ഭക്ഷിക്കണമെന്നത് പോലും ആര്‍.എസ്.എസ്. തീരുമാനിക്കുന്നു. യുപിയില്‍ ഗൃഹനാഥനെ ഗോമാംസം കഴിച്ചെന്നാരോപിച്ച് അടിച്ചുകൊന്നു. ഗുജറാത്തില്‍ ദളിത് യുവാക്കളെ പശുവിന്റെ തോലുരിഞ്ഞു എന്നാരോപിച്ച് നഗ്‌നരാക്കി മര്‍ദിച്ചു. ഹരിയാനയില്‍ പാവപ്പെട്ട കര്‍ഷകന്റെ മകനും ഭാര്യയും ആര്‍.എസ്.എസുകാരാല്‍ കൊല ചെയ്യപ്പെട്ടു. ഒളിച്ചോടിയ രണ്ട് പെണ്‍കുട്ടികളെ പിഞ്ചുകുഞ്ഞുങ്ങളുടെ കഴുത്തില്‍ കത്തിവച്ച് തിരിച്ചുവിളിച്ചു കൊണ്ടു വന്ന് ക്രൂരമായി ബലാത്സംഗം ചെയ്തുവെന്നും പിണറായി കുറ്റപ്പെടുത്തി. ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും ബീഫിന്റെ പേരില്‍ വലിയ അക്രമമാണ് സംഘ്പരിവാര്‍ സംഘടനകള്‍ അഴിച്ചുവിട്ടത്.

pinarayi-mangalore-2സാഹിത്യകാരന്മാര്‍ക്കും എഴുത്തുകാര്‍ക്കും ആര്‍.എസ്.എസിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങാത്തതിന് ക്രൂരമായ പീഡനങ്ങളാണ് ഏറ്റുവാങ്ങേണ്ടി വന്നത്. കല്‍ബുര്‍ഗിയെയും ഗോവിന്ദ് പന്‍സാരെയെ ക്രൂരമായി കൊലപ്പെടുത്തി. കെ.എസ്. ഭഗവാന്‍, ഗിരീഷ് കര്‍ണാട്, കര്‍ണാടകയിലെ ദളിത് എഴുത്തുകാരന്‍ കുച്ചുകി പ്രസാദ്, ചേതന തീര്‍ത്തഹള്ളി എന്നിവരെ ഭീഷണിപ്പെടുത്തിയാണ് എഴുത്തില്‍ നിന്നും പിന്‍മാറ്റിയത്. ചേതന തീര്‍ത്തഹള്ളിയെ ആസിഡ് ഒഴിക്കുമെന്നും ബലാത്സംഗം ചെയ്യുമെന്നും ഭീഷണിപ്പെടുത്തുകയാണ് ചെയ്തത്. കുച്ചുകി പ്രസാദിനെ െകെയില്‍ കത്തിവച്ച് ചോരപൊടിക്കുകയും ഇനിയെഴുതിയാല്‍ വിരലുകള്‍ ഛേദിക്കുമെന്നുമാണ് ഭീഷണിപ്പെടുത്തിയത്. തമിഴ്‌നാട്ടിലെ സാഹിത്യകാരനായ പെരുമാളിന് സംഘ്പരിവാറിന്റെ ഭീഷണിയെ തുടര്‍ന്ന് എഴുത്ത് നിര്‍ത്തുകയാണെന്ന് പ്രഖ്യാപിക്കേണ്ടി വന്ന കാര്യവും പിണറായി ചൂണ്ടിക്കാട്ടി.

കേരളത്തില്‍ ആകെ രാഷ്ട്രീയ കൊലകള്‍ നടന്നത് 600 എണ്ണമാണ്. അതില്‍ 205 ഉം ആര്‍.എസ്.എസിന്റെ കത്തിക്ക് ഇരയായവരാണെന്നന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വര്‍ഗീയതക്കെതിരേ നിലകൊള്ളുന്നവരെ വെട്ടിമാറ്റുകയാണ് ഇവരുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.ഇവര്‍ ഉയര്‍ത്തിയ ഭീഷണിയെ നേരിടുന്നതിന് കര്‍ണ്ണാടക സര്‍ക്കാര്‍ കാണിച്ച ജാഗ്രതയ്ക്ക് അദ്ദേഹം നന്ദി പറഞ്ഞു. പിണറായി വിജയന്‍ ഒരു സുപ്രഭാതത്തില്‍ മുഖ്യമന്ത്രിയായി ആകാശത്തു നിന്ന് പൊട്ടിവീണതല്ല. ഇപ്പോള്‍ താന്‍ പോലീസിന്റ ആയുധങ്ങളുടെ നടുവിലൂടെയാണ് സഞ്ചരിക്കുന്നത്. എന്നാല്‍ കോളജില്‍ പഠിക്കുമ്പോള്‍ നിങ്ങള്‍ ഉയര്‍ത്തി പിടിച്ച കത്തിയുടെയും വടിവാളിന്റെയും നടുവിലൂടെ നടന്നിട്ടും നിങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ലല്ലോ പിന്നെയല്ലേ ഇപ്പോള്‍ എന്ന് പറഞ്ഞാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.

mangalore-3

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top