Flash News

അതിരപ്പിള്ളി സര്‍ക്കാറിന് അഗ്നിപരീക്ഷയാകും

March 1, 2017

Athirapilly-Waterfallsതിരുവനന്തപുരം: അതിരപ്പിള്ളി ജലവൈദ്യുതപദ്ധതി നടപ്പാക്കുന്നത് പിണറായി സര്‍ക്കാറിന് തലവേദനയാകും. സി.പി.ഐ പദ്ധതിയെ അതിശക്തമായി എതിര്‍ക്കുകയാണ്. പ്രതിപക്ഷവും പദ്ധതിക്ക് എതിരാണ്. ജലവൈദ്യുതി പദ്ധതിക്കായി സ്ഥലമെടുപ്പ് ആരംഭിച്ചുവെന്ന വൈദ്യുതി മന്ത്രി എം.എം.മണിയുടെ പ്രസ്താവന ഇടത് സര്‍ക്കാറിന്‍െറ നേരത്തെയുള്ള നിലപാടിന് കടകവിരുദ്ധമാണെന്ന് സി.പി.ഐക്കുള്ളില്‍ ആക്ഷേപമുണ്ട്.

അതിരപ്പിള്ളി പദ്ധതി അഭിപ്രായ സമവായത്തിലൂടെ മാത്രമെ നടപ്പാക്കൂ എന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്. അത്തരത്തിലുള്ള ഒരു നീക്കവും നടത്താതെയുള്ള മന്ത്രിയുടെ പ്രസ്താവനക്കെതിരെ പരിസ്ഥിതിപ്രവര്‍ത്തകര്‍ മുന്നോട്ടുവന്നു.

അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതിയെക്കുറിച്ചുള്ള വൈദ്യുതി മന്ത്രിയുടെ നിയമസഭയിലെ മറുപടി പ്രതിഷേധാര്‍ഹമാണെന്ന് ചാലക്കുടിപ്പുഴ സംരക്ഷണസമിതി ഭാരവാഹിയായ എസ്.പി. രവി പറഞ്ഞു. മന്ത്രിയുടെ പ്രസ്താവനയിലും രേഖാമൂലമുള്ള മറുപടിയിലുമുള്ള വൈരുധ്യം സര്‍ക്കാര്‍ വിശദീകരിക്കണം. പുഴയില്‍ നീരൊഴുക്ക് വളരെ കുറഞ്ഞ സാഹചര്യത്തില്‍ പദ്ധതിയെ കുറിച്ച് സംസാരിക്കുന്നത് തന്നെ അബദ്ധമാണ്.

പദ്ധതി നടപ്പായാല്‍ ചാലക്കുടിപ്പുഴക്കെന്തു സംഭവിക്കുമെന്നത് പുഴയുടെ ഇപ്പോഴത്തെ സ്ഥിതി കണ്ടാല്‍ ബോധ്യപ്പെടുത്തുമെന്ന് രവി ചൂണ്ടിക്കാട്ടി. ഇപ്പോഴത്തെ കാര്യങ്ങള്‍ മറച്ചുവെച്ച് വൈദ്യുതി മന്ത്രി 2000ത്തിലെ കാര്യം പറയുകയാണെന്ന് വാഴച്ചാല്‍ ആദിവാസി മൂപ്പത്തിയും അതിരപ്പിള്ളി പദ്ധതിക്കെതിരെ നിയമപോരാട്ടം നടത്തുകയും ചെയ്യുന്ന വി.കെ. ഗീത പറഞ്ഞു.

2012ല്‍ വനാവകാശം പാസായശേഷം 2014ല്‍ അതിരപ്പിള്ളി മേഖലയിലെ ആദിവാസികള്‍ക്ക് ഭൂമി കൈവശം ലഭിച്ചു കഴിഞ്ഞു. ഒഡിഷയില്‍ ആദിവാസികള്‍ക്ക് വനാവകാശം ലഭിച്ചതിന്‍െറ പേരില്‍ സുപ്രീം കോടതി ഈയിടെ ഡാം നിര്‍മാണം റദ്ദാക്കിയിരുന്നു. അത് അതിരപ്പിള്ളിയിലും ആവര്‍ത്തിക്കും. മന്ത്രി ഇത്തരം നീക്കവുമായി മുന്നോട്ടുപോയാല്‍ കാടര്‍ സമുദായത്തിന്‍െറ മുഴുവന്‍ ഊരുകൂട്ടങ്ങളും വിളിച്ചു ചേര്‍ത്ത് പദ്ധതിക്കെതിരെ പ്രക്ഷോഭം ആരംഭിക്കുമെന്ന് ഗീത മുന്നറിയിപ്പ് നല്‍കി.

പരിഷത്തിന്‍െറ ആശയക്കുഴപ്പം മാറി, അതിരപ്പിള്ളി പദ്ധതി വേണ്ടെന്ന്

തിരുവനന്തപുരം: അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതിയുമായി ബന്ധപ്പെട്ട് ശാസ്ത്രസാഹിത്യപരിഷത്തിനുണ്ടായ ആശയക്കുഴപ്പം മാറി. ഇതുസംബന്ധിച്ച് നേരത്തെ കൃത്യമായ നിലപാട് എടുക്കാതിരുന്ന പരിഷത്ത്, പദ്ധതിയില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് ആവശ്യപ്പെട്ടു. പലരും പ്രചരിപ്പിക്കുന്നതുപോലെ വെള്ളച്ചാട്ടത്തിന്‍െറ മനോഹാരിത ഇല്ലാതാകുന്നതു മാത്രമല്ല പദ്ധതികൊണ്ടുള്ള ദോഷമെന്നും ജൈവവൈവിധ്യ സമ്പന്നമായ 22 ഹെക്ടര്‍ പുഴയോരക്കാടുകളടക്കം 138 ഹെക്ടര്‍ വനം ഇല്ലാതാകുമെന്നും പരിഷത്ത് പ്രസിഡന്‍റ് ഡോ. കെ.പി. അരവിന്ദനും ജനറല്‍ സെക്രട്ടറി പി. മുരളീധരനും വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തിന് വനമാണ് മറുപടി എന്ന് പറയുന്ന കാലഘട്ടത്തിലാണ് ഇത് സംഭവിക്കുന്നത്. അതിരപ്പിള്ളി പദ്ധതിക്കായി കെ.എസ്.ഇ.ബി മുന്നോട്ടുവെച്ച നിര്‍ദേശം പുനഃപരിശോധിക്കണമെന്നും പരിഷത്ത് അഭ്യര്‍ഥിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top