Flash News

പഴയ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ഫോമാ നിവേദനം: പ്രവാസികള്‍ക്ക് പ്രതീക്ഷ

March 2, 2017

Untitledഅഞ്ഞൂറും ആയിരവും നോട്ടുകള്‍ നിരോധിക്കപ്പെട്ടപ്പോള്‍ ഓരോ ഇന്ത്യക്കാരനും നേരിട്ട പരിഭ്രമം അതേ അളവിലും തൂക്കത്തിലും തന്നെ ഓരോ പ്രവാസിയും അനുഭവിച്ചിരുന്നു.

ഹൃസ്വമായ അവധിക്കാലം കഴിഞ്ഞു മടങ്ങുന്ന ഓരോ പ്രവാസിയും അടുത്ത ഒരവധിക്കാലത്തെ വിദൂരമായി സ്വപ്നം കാണും. ടാക്സിക്കാരനോട് യാത്ര പറയുവാനും അടുത്ത വരവില്‍ അത്യാവശ്യ ചെലവിനുമായി അല്പം പണം പാസ്പോര്‍ട്ടിനോടൊപ്പം തന്റെ പേഴ്സില്‍ കരുതിവെച്ചായിരിക്കും കണ്ണുകള്‍ നനഞ്ഞുള്ള മടക്കയാത്ര. പേഴ്‌സിനു “കനം” പരമാവധി കുറയ്ക്കുവാന്‍ “കനമുള്ള” നോട്ടുകള്‍ തന്നെ കരുതും എന്നതും പ്രവാസിയുടെ ഒരു പതിവ് തന്നെ.

സോഷ്യല്‍ മീഡിയയിലൂടെയും ഇന്റര്‍നെറ്റിലൂടെയും നോട്ടു നിരോധിച്ച വാര്‍ത്ത കേട്ടപ്പോള്‍ ഓരോ പ്രവാസിയും സ്വന്തം വീട്ടില്‍ പാസ്പോര്‍ട്ടിനോടൊപ്പം ഭദ്രമായി സൂക്ഷിച്ചുവെച്ച ഏതാനും “കനമുള്ള” നോട്ടുകളെ കുറിച്ചോര്‍ത്തു തേങ്ങിയിട്ടുണ്ടാകും. കൂട്ടിയും ഗുണിച്ചും വരാവുന്ന പരമാവധി നഷ്ടം ആലോചിച്ച്, കഠിനാധ്വാനത്തിന്റെ പ്രതിഫലം വെറും കടലാസ്സു കഷണമാകാവുന്ന സാധ്യതകളെ ഒരു നെടുവീർപ്പില്‍ നിക്ഷേപിച്ചിട്ടുണ്ടാകും ആ ദിവസങ്ങളില്‍ ഒരു ശരാശരി പ്രവാസി.

പ്രവാസി മലയാളിയുടെ ഓരോ നെടുവീര്‍പ്പിലും സ്വാന്തനമാകും എന്ന് ഉറച്ച തീരുമാനമുള്ള ഫോമാ ഇക്കാര്യത്തിലും പതിവ് ജാഗ്രത കാണിച്ചു. പ്രസിഡന്റ് ബെന്നി വാച്ചാച്ചിറയും സെക്രട്ടറി ജിബി തോമസും നാഷണല്‍ കമ്മിറ്റി മെമ്പർ സാജു ജോസഫും ചേര്‍ന്ന് ഇക്കാര്യം പരിഹരിക്കാനുള്ള കര്‍മ്മപദ്ധതികള്‍ തീവ്രമായി ആലോചിച്ചു.

നിലവിലുള്ള നിയമമനുസരിച്ച് ഇനി പഴയ കറന്‍സി മാറ്റിയെടുക്കുവാന്‍ കേരളത്തില്‍ സാധ്യമല്ല. അത് റിസര്‍‌വ്വ് ബാങ്കിന്റെ ചെന്നൈ അല്ലെങ്കില്‍ മുംബൈ ഓഫീസുകളില്‍ മാത്രമേ സാധ്യമാകൂ. കുറച്ചു ദിവസത്തെ അവധിക്കു കേരളത്തിലെത്തുന്ന ഒരു പ്രവാസിയെ സംബന്ധിച്ച് ചെന്നൈയിലേക്കോ മുംബൈയിലേക്കോ ഇതിനായി യാത്ര ചെയ്യുക എന്നത് അത്യന്തം ദുഷ്‌കരമാണ്. മാത്രമല്ല, ഒരുപക്ഷെ കൈയ്യില്‍ സൂക്ഷിച്ച പണത്തേക്കാള്‍ കൂടുതല്‍ പണം ഈ യാത്രയ്ക്കായി ചെലവാക്കേണ്ട ദുരവസ്ഥയും ഉണ്ടാകാം. ഒടുവില്‍ നിരാശപ്പെട്ട് ആ ശ്രമം ഉപേക്ഷിക്കുകയും തന്റെ അധ്വാനഫലം നഷ്ടപെടുത്തേണ്ട അവസ്ഥയിലേക്കെത്തുകയും ചെയ്യും. പകരം റിസര്‍‌വ്വ് ബാങ്കിന്റെ കേരളത്തിലുള്ള പ്രാദേശിക ബ്രാഞ്ചുകളിലോ അഥവാ എയര്‍പോര്‍ട്ടുകളിലോ ഈ സൗകര്യം ലഭ്യമാക്കുകയാണെങ്കില്‍ ഓരോ പ്രവാസിക്കും അതൊരു വലിയ സാന്ത്വനമാകും.

പ്രവാസി നേരിടാനിടയുള്ള ഈ പ്രശ്നം മുന്‍കൂട്ടി കണ്ട് തിരുവന്തപുരത്തും കൊച്ചിയിലുമുള്ള റിസര്‍‌വ്വ് ബാങ്കിന്റെ പ്രാദേശിക ബ്രാഞ്ചുകളിലും അതോടൊപ്പം എയര്‍പോര്‍ട്ടുകളിലും കറന്‍സി മാറ്റിയെടുക്കാനുള്ള സംവിധാനം ഉണ്ടാക്കണമെന്ന് ഇന്ത്യന്‍ ധനകാര്യ വകുപ്പിനോട് ഫോമാ അഭ്യര്‍ത്ഥിച്ചു.

ഇതേത്തുടര്‍ന്ന് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ശീമച്ചല്‍ ദാസ്, സാമ്പത്തിക വകുപ്പ് സെക്രട്ടറി അര്‍ജുന്‍ മേഘ്‌വാള്‍, ഇന്ത്യന്‍ അംബാസഡര്‍ നവ്തേജ് സര്‍ണ്ണ (വാഷിംഗ്ടണ്‍), ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വെങ്കിടേഷ്‌ അശോക് ( സാന്‍ഫ്രാന്‍സിസ്കോ) എന്നിവര്‍ക്ക് ഫോമാ നിവേദനം സമര്‍പ്പിച്ചു.

പ്രവാസികളുടെ സാധാരണ അവധിക്കാലം ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ ആയതിനാല്‍ ജൂണ്‍, ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബര്‍ എന്നീ മാസങ്ങളില്‍ ഈ സൗകര്യം ലഭ്യമാക്കാന്‍ ഫോമാ നിവേദനത്തില്‍ പ്രത്യേകം അഭ്യര്‍ത്ഥിച്ചു.

ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥിതിയില്‍ വിദേശ മലയാളിയുടെ പങ്ക് ഏറെ നിര്‍ണ്ണായകമായതിനാല്‍ തന്നെ ഇത് ഗൗരവമായി പരിഗണിക്കണമെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

ധനകാര്യമന്ത്രിയുടെ അടുത്ത അമേരിക്കന്‍ സന്ദര്‍ശനവേളയില്‍ ഫോമാ നേതാക്കള്‍ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുമെന്നും ഭാരതത്തിന്റെ സാമ്പത്തിക ഉന്നമനത്തിനു ഫോമക്കു നല്‍കാനാവുന്ന സഹായങ്ങളെപ്പറ്റി ഗൗരവമായി ചര്‍ച്ച ചെയ്യുമെന്നും നിവേദനത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.

ഫോമാ മുന്നോട്ടു വെച്ച നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ ഈ പ്രശ്നം ഏറ്റവും അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് ധനകാര്യമന്ത്രാലയം ഉറപ്പു കൊടുത്തു.

പ്രവാസിയുടെ ഏതൊരു പ്രശ്‌നവും സ്വന്തം പ്രശ്നമായിത്തന്നെ കണ്ട് പരിഹാരം തേടാന്‍ കരുത്തുറ്റ ഒരു നേതൃത്വമാണ് ഫോമയില്‍ ഇപ്പോഴുള്ളത്. അതിന്റെ മുഴുവന്‍ ശക്തിയോടെ ഓരോ മലയാളിയുടെയും ചെറുതും വലുതുമായ എല്ലാ പ്രശ്‌നങ്ങളിലും സാന്ത്വനമായി ഫോമാ നിലകൊള്ളും എന്നതിന്റെ പ്രത്യക്ഷമായ തെളിവാണ് ഈ പ്രശ്‌നത്തില്‍ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറയും, സെക്രട്ടറി ജിബി തോമസും എക്സിക്യൂട്ടീവ് അംഗങ്ങളും മറ്റു നാഷണല്‍ കമ്മിറ്റി അംഗങ്ങളും ചേര്‍ന്ന് നടപ്പിലാക്കിയ ഈ കര്‍മ്മപരിപാടി. ഇതിന്റെ ഫലമായി വിദേശ മലയാളികള്‍ക്ക് അവധിക്കാലത്ത്
കൈവശമുള്ള നിരോധിക്കപ്പെട്ട നോട്ടുകള്‍ മാറ്റിയെടുക്കാന്‍ സാധിക്കുമെന്ന് ഫോമാ പ്രതീക്ഷ നല്‍കുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top