Flash News

“ക്രൂരയായിരുന്നു ആ കന്യാസ്ത്രീ” പള്ളിമേടകളിലും കന്യാസ്ത്രീ മഠങ്ങളിലും പെണ്‍‌കുട്ടികള്‍ നേരിടുന്ന ക്രൂരതകളെക്കുറിച്ച് എലിസബത്ത് എന്ന യുവതിയുടെ അനുഭവ വിവരണം

March 2, 2017

elezabath-fb-856x412തിരുവനന്തപുരം: കത്തോലിക്ക സഭയുടെ പരിശുദ്ധിയ്ക്ക് മുകളില്‍ കരിനിഴല്‍ വീഴ്ത്തുന്ന ചെയ്തികള്‍ പുരോഹിതന്‍മാരുടെ ഭാഗത്തു നിന്നുമുണ്ടാകുന്നത് വിശ്വാസികളെയാകമാനം ഞെട്ടിച്ചിരിക്കുകയാണ്. ഇത്തരത്തിലുള്ള പല സംഭവങ്ങളും മൂടിവെയ്ക്കപ്പെടുകയായിരുന്നു ഇതുവരെ. കര്‍ത്താവിന്റെ അഭിഷിക്തനെതിരെ വിശ്വാസികള്‍ ശബ്ദിയ്ക്കാന്‍ പാടില്ലെന്നതാണ് സഭയുടെ പ്രമാണം. അതിനാല്‍ അച്ഛന്‍മാര്‍ എന്ത് തെറ്റുചെയ്താലും പ്രതികരിക്കാതെ അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയായിരുന്നു വിശ്വാസികള്‍. എന്നാല്‍ ഈ സാഹചര്യം വൈദികര്‍ മുതലാക്കിയതോടെ സഭയില്‍ കുറ്റകൃത്യങ്ങളും പെരുകി. ഇതോടെ വിശ്വാസികളുടെ ക്ഷമയും നശിച്ചു. അതിന്റെ ഭാഗമായി വേണം റോബിന്‍ വടക്കുംചേരിയുടെ അറസ്റ്റിനെയും കാണാന്‍.

എന്നാല്‍ അതുകൊണ്ടൊന്നും കാര്യങ്ങള്‍ അവസാനിച്ചിട്ടില്ല. വിശ്വാസികള്‍ വിശുദ്ധിയുടെ പരിവേഷം നല്‍കി ബഹുമാനിച്ചു പോരുന്ന അച്ഛന്‍മാരുടെയും സിസ്റ്റര്‍മാരുടെയും ക്രൂരതകള്‍ ഓരോന്നായി പുറത്തുവരികയാണ്. പള്ളിമേടകളിലും കന്യാസ്ത്രീ മഠങ്ങളിലും അരങ്ങേറിയ, മൂടിവെയ്ക്കപ്പെട്ട പല സംഭവങ്ങളും ആളുകള്‍ വെളിപ്പെടുത്താന്‍ തുടങ്ങി. എലിസബത്ത് വട്ടക്കുന്നേല്‍ എന്ന യുവതി തന്റെ ഫേസ്ബുക്കില്‍ നല്‍കിയ അനുഭവവിവരണമാണ് ഇതില്‍ ഒടുവിലത്തേത്.

ഫാദര്‍ റോബിന്‍ വികാരിയായിരുന്ന കൊട്ടിയൂര്‍ നീണ്ടുനോക്കി പള്ളിയുടെ കോണ്‍വെന്റില്‍ വെച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ നേരിട്ട ദുരനുഭവമാണ് എലിസബത്ത് ഫേസ്ബുക്കില്‍ കുറിയ്ക്കുന്നത്. അന്ന് അവിടെയുണ്ടായിരുന്ന 30 പെണ്‍കുട്ടികളോട് കോണ്‍വെന്റിന്റെ ചുമതലയുണ്ടായിരുന്ന ലൂസി എന്ന സിസ്റ്റര്‍ അതിക്രൂരമായാണ് പെരുമാറിയതെന്നും ഉടുതുണി അഴിപ്പിച്ച് ചൂരല്‍ കൊണ്ട് ക്രൂരമായി തല്ലിയിരുന്നതായും എലിസബത്ത് വിവരിക്കുന്നു. വീട്ടില്‍ നിന്ന് പപ്പ കൊടുത്ത ഒരു പത്തുരൂപ കയ്യില്‍വെച്ചതിനുമായിരുന്നു എലിസബത്തിനെ സിസ്റ്റര്‍ ലൂസി തല്ലിച്ചതച്ചത്. ഇക്കാര്യം വീട്ടില്‍ പറഞ്ഞതിനെത്തുടര്‍ന്ന് എലിസബത്തിന്റെ പപ്പ സിസ്റ്ററെ തല്ലാന്‍ ചെന്നെന്നും ചിലരെല്ലാം അദ്ദേഹത്തെ പിടിച്ചു മാറ്റുകയായിരുന്നെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ വിവരിക്കുന്നുണ്ട്. ഈ സിസ്റ്ററോട് പ്രതികാരം ചെയ്യാന്‍ തനിക്കിന്ന് പപ്പയുടെ സഹായം ആവശ്യമില്ലെന്നും അവരെ കണ്ടുമുട്ടിയാല്‍ എങ്ങിനെ പ്രതികരിക്കുമെന്ന് അറിയില്ലെന്നും കൂടി എലിസബത്ത് തന്റെ കുറിപ്പില്‍ പറയുന്നു.

എലിസബത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ക്രൂരയായിരുന്നു ആ കന്യാസ്ത്രീ
…………………………………………………..
കൊട്ടിയൂര്‍ നീണ്ടുനോക്കിപള്ളിയിലെ വികാരിയായിരുന്ന ഫാദര്‍ റോബിന്റെ പ്രശ്‌നങ്ങള്‍ അറിഞ്ഞപ്പോള്‍ എനിക്ക് ഇക്കാര്യങ്ങള്‍ എന്റ്റെ സുഹൃത്തുക്കളെ അറിയിക്കണം എന്ന് തോന്നി. അതുകൊണ്ട് എഴുതുന്നു അല്ലാതെ ഇതിന്റെ പേരില്‍ എനിക്ക് മറ്റൊരു പരാതിയും ഇല്ല. വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ട് വരുന്ന കമന്റുകള്‍ ഞാന്‍ ഉള്‍ക്കൊള്ളാന്‍ തയാറാണ്. അതേപള്ളിയുടെ കോണ്‍വെണ്റ്റില്‍ ആണ് 1999 ല്‍ ഈ സംഭവം നടന്നത്.
…………………………………………………………………….
ഇതെന്റ്റെ മറക്കാനാവാത്ത ഒരു നൊമ്പരാനുഭവമാണ്.ആരോടും ഇന്ന് വരെ പറയാത്ത ,എന്നാല്‍ ഞാന്‍ അനുഭവിച്ച ആ സത്യങ്ങള്‍ സുഹൃത്തുക്കള്‍ എങ്കിലും അറിയണം എന്ന് തോന്നി.
സ്‌കൂളില്‍ പോകാന്‍ ഒരുപാട് ദൂരം നടക്കണമായിരുന്നു . അഞ്ചാം ക്‌ളാസില്‍ പഠിക്കുമ്പോള്‍ .കാല് കല്ലില്‍ തട്ടി മുറിഞ്ഞ് അതൊരു വൃണമായി മാറിയതോടെ നടക്കാന്‍ വളരെ പ്രയാസമായി. കത്തോലിക്കാ സഭയുടെ പാരമ്പര്യത്തില്‍ ജനിച്ചു വളര്‍ന്നതുകൊണ്ട് വികാരിയച്ഛന്റ്റെ സഹായത്തോടെ ഒരു മഠത്തില്‍ നിന്ന് പഠിക്കുവാന്‍ ഇടയായി. അവിടെ ചേരുന്നത് വരെ കന്യാസ്ത്രീ ആവാന്‍ വലിയ താല്പര്യവും ആയിരുന്നു. അങ്ങനെ കൊട്ടിയൂര്‍ എന്ന സ്ഥലത്തു ഉള്ള ഒരു മഠത്തില്‍ ചേര്‍ത്തു.

അവിടെ എല്ലാവര്‍ക്കും എന്നെ വലിയ കാര്യമായിരുന്നു. ഞങ്ങള്‍ മുപ്പതു പെണ്‍കുട്ടികള്‍. രാവിലെ അഞ്ചു മണിക്ക് എഴുന്നേല്‍ക്കണം മുറ്റം അടിക്കണം. ചെടികള്‍ നനയ്ക്കണം. പാചകം ചെയ്യാന്‍ കൂടണം. വലിയ പശുക്കള്‍ ഉണ്ട്. അവരെ കുളിപ്പിക്കാന്‍ കൂടണം. തൊഴുത്ത് വൃത്തിയാക്കണം. അവിടത്തെ പള്ളിയിലെ അച്ഛന് ഭക്ഷണം കൊണ്ട് പോയി കൊടുക്കണം. അങ്ങനെ അങ്ങനെ ഒരുപാട് പണികളും ഉണ്ടായിരുന്നു.

ഭക്ഷണം വയറ് നെറച്ചൊന്നും കിട്ടിയിരുന്നില്ല . കൊച്ചു മക്കളല്ലേ കൂടെയുള്ള രണ്ട് കുട്ടികള്‍ അച്ഛന് ഭക്ഷണം കൊടുത്തു വരുന്ന വഴി ഒരു വാഴക്കുല പഴുത്ത് നില്‍ക്കുന്നു. വിശന്ന അവര്‍ പഴം ഇരിഞ്ഞു കഴിച്ചു. ജിനിയെന്നായിരുന്നു ആ കുട്ടിയുടെ പേര് എങ്ങനെയോ ഇത് മഠത്തില്‍ അറിഞ്ഞു. ഞങ്ങളെയെല്ലാവരേയും ഒരു മുറിയില്‍ വിളിപ്പിച്ചു.

സിസ്റ്റര്‍ ലൂസി ഞാന്‍ ആദ്യം ആയി കണ്ടു അവരെ. മഠത്തില്‍ അകത്തായകൊണ്ട് കന്യാസ്ത്രീകള്‍ അണിയുന്ന യൂണിഫോമില്‍ അല്ല. ഒരു നൈറ്റിയായിരുന്നു വേഷം. ഷാമ്പൂതേച്ച് പറപ്പിച്ച് അധികം നീളം ഇല്ലാത്ത മുടി. ഇരുനിറം. മെലിഞ്ഞ ശരീര പ്രകൃതി. ഞങ്ങളോട് ഇന്ന് ചെയ്ത പാപത്തിന്റ്റെ കണക്കു എഴുതാന്‍ ആവശ്യപ്പെട്ടു. സത്യം എഴുതിയില്ലെങ്കില്‍ കള്ളത്തരം അളക്കുന്നതിനുള്ള മെഷീന്‍ ഉണ്ടെന്നു പറഞ്ഞു പേടിപ്പിച്ചു. അന്നത്തെ കുഞ്ഞ് പാപങ്ങള്‍ എല്ലാവരും എഴുതി. ഓരോരുത്തരെ അവരവരുടെ പാപങ്ങള്‍ക്കനുസരിച്ച് മുട്ടറ്റം വരുന്ന പാവാട അടിവസ്ത്രം കാണത്തക്കവിധം അരയോളം പൊക്കിപ്പിടിച്ച് എണ്ണതേച്ച് മിനുക്കിയ ചൂരല്‍ ഉപയോഗിച്ച് അടിക്കാന്‍തുടങ്ങി .എല്ലാവരും അലറികരയും ശബ്ദം പുറത്തു കേള്‍ക്കില്ല. മഠത്തിലെ അകത്തെ മുറിയില്‍ നിന്നും ഒരു ശബ്ദവും പുറത്ത് കേള്‍ക്കില്ല. മാത്രമല്ല ആ ചുറ്റുവട്ടത്ത് തൊട്ട് അടുത്ത് ഒരു വീടു പോലും അന്ന് ഇല്ല. ഒടുവില്‍ ഏറ്റവും വലിയ പാപം ചെയ്തത് ആരാണെന്ന് കണ്ടു പിടിച്ചു പഴം പറിച്ചുതിന്ന ആളാണ് ജിനി.
ജിനിയെ അവര്‍ മറ്റൊരു മുറിയില്‍ കൂട്ടി കൊണ്ടു പോകുന്നത് കണ്ടു. എല്ലാവരും അടികൊണ്ട വേദനയില്‍ പേടിച്ച് വിറച്ച് ഇരിക്കുന്നു.

കുറച്ച് കഴിഞ്ഞപ്പോള്‍ കരഞ്ഞ് തളര്‍ന്നു ജിനി പുറത്തു വന്നു . രാത്രിയായപ്പോള്‍ ജിനി ഉടുപ്പിട്ടിട്ടില്ല. അടിയുടെ ചോരപ്പാടുകള്‍ കൊണ്ട് പൊട്ടിയ ശരീരത്തില്‍ വസ്ത്രം തൊടുമ്പോള്‍ നീറിയിരുന്നു. വിശന്നപ്പോള്‍ അറിയാതെ ഒരു പഴമേ ഇരിഞ്ഞു തിന്നുള്ളൂ എന്ന് പറഞ്ഞു അവള്‍ കരയുന്നത് ഇന്നലെയെന്നതു പോലെ മനസ്സില്‍ തെളിയുന്നു.

അന്ന് രാത്രി ഉറങ്ങാന്‍ കഴിഞ്ഞില്ല. വീട്ടില്‍ അമ്മ പപ്പ അതായിരുന്നു ചിന്ത. വീട്ടില്‍ പോണം. പേടിയാവുന്നു മാതാവേ കരഞ്ഞ് പ്രാര്‍ത്ഥിച്ചു.

രാത്രി ഏകദേശം ഇരുട്ടിയപ്പോള്‍ ആരോ കതകുതുറന്നു പോകുന്ന ശബ്ദം കേട്ടു. പെട്ടെന്ന് ആരോക്കെയോ ചേര്‍ന്ന് ഒരു കുട്ടിയെ ബലമായി പിടിച്ച് കൊണ്ട് വന്നു അത് മറ്റാരുമല്ല ജിനി. അവള്‍ രാത്രി ആരും അറിയാതെ പോകാന്‍ നോക്കിയതാ. പക്ഷേ പിടിച്ചു.

ഈ ലൂസി എന്ന സിസ്റ്റര്‍ ആണ് ക്രൂരമായി ഉപദ്രവിച്ചിരുന്നത്. അവരുടെ ഈ ക്രൂരത ഒരു ഹരംപോലെ അവര്‍ ആവര്‍ത്തിച്ചു. പഠനത്തില്‍ പിന്നോക്കമായാല്‍, അഞ്ച് മിനിറ്റ് വൈകി രാവിലെ എഴുന്നേറ്റാല്‍ കഠിന ശിക്ഷകള്‍ നല്കി. അവിടത്തെ ഏറ്റവും സീനിയറും മെയിന്‍ ഭരണാധികാരിയുമൊക്കെ അവര്‍ ത്തന്നെയായിരുന്നു. പുറമേക്കാരുടെയിടയില്‍ അവര്‍ക്കു നല്ല സ്ഥാനമാണുള്ളത്. പേടിപ്പിച്ചു നിര്‍ത്തിയത് കൊണ്ടു കുട്ടികള്‍ക്ക് മാതാപിതാക്കളോട് പറയാന്‍ പേടിയായിരുന്നു. ഒടുവില്‍ എന്റെ ദിവസവും വന്നെത്തി. എന്റ്റെ പപ്പ എനിക്കു തന്ന പത്ത് രൂപ ബാഗിലുണ്ടായിരുന്നു. പൈസ കൈയില്‍ ഉണ്ടെങ്കില്‍ അത് ബാഗില്‍ സൂക്ഷിക്കാതെ അവരെ ഏല്പിക്കണം എന്നായിരുന്നു നിയമം .സ്‌കൂളില്‍ പോകുമ്പോള്‍ വയറുനിറയെ പഴംപൊരി മേടിച്ച് തിന്നോളാന്‍ പറഞ്ഞത് കൊണ്ട് ആ കാശ് ഞാന്‍ കൊടുത്തില്ല. ഇടയ്ക്കിടെ ബാഗ് പരിശോധന ഉണ്ട് അങ്ങനെയാണ് അത് പിടിച്ചത്. എന്നെയും പതിവ് പോലെ അവര്‍ അകത്തുള്ള ഇരുട്ടുമുറിയില്‍ കൊണ്ടു പോയി. എന്നോട് മുട്ടുകുത്തിനില്ക്കാന്‍ പറഞ്ഞു. പേടിച്ചരണ്ട ഞാന്‍ ആ വലിയ ചൂരലില്‍ ഒന്ന് നോക്കിയപ്പോള്‍ തന്നെ കരഞ്ഞ് പോയി പേടിച്ചിച്ചിട്ട് ശബ്ദം പുറത്തേക്ക് വന്നില്ല. മുടിയെല്ലാം പടര്‍ത്തി യക്ഷിയെപ്പോലെ അവര്‍ അലറി എന്റ്റെ ബ്‌ളൗസും പാവാടയും ഊരിപ്പിച്ചു. അടിവസ്ത്രം മാത്രം ആയി വേഷം കൈകള്‍ കെട്ടി വെയ്ക്കാന്‍ പറഞ്ഞു. .ചൂരലില്‍ എണ്ണതേച്ച് അടി തുടങ്ങി ദേഹമൊന്നാകെ വേദനകൊണ്ട് പുളഞ്ഞു. കരഞ്ഞില്ല ഞാന്‍ സഹിച്ചു. കരയെടീ എന്ന് പറഞ്ഞവര്‍ ചോര തെറിക്കുന്നതുവരെ അടിച്ചു. എഴുന്നേല്‍പിച്ച് നിര്‍ത്തി തുടപൊട്ടിചോരയൊലിക്കുംവരെ അടിച്ചവര്‍ രസിച്ചു. കരഞ്ഞില്ല ഞാന്‍ . ഒടുവില്‍ നടക്കാന്‍ വയ്യാത്ത എന്നെ താങ്ങിയെടുക്കാന്‍ രണ്ടു ചേച്ചിമാര്‍ വന്നു.

കരഞ്ഞ് തളര്‍ന്ന എനിക്കു എന്റെ പപ്പയെ ഒന്നു കാണണം മാതാവേ എന്ന് നിലവിളിച്ചു പ്രാര്‍ഥിച്ചു ഇതെഴുതുമ്പോള്‍ ഇപ്പോഴും എന്റ്റെ കണ്ണ് നിറയുന്നു. എനിക്കു വല്ലാതെ പനി പിടിച്ചു. ഒടുവില്‍ സ്‌കൂളിലെ സാറിന്റ്റെ നിര്‍ദ്ദേശം അനുസരിച്ച് പപ്പയെ വിളിപ്പിച്ചു. അടി കിട്ടിയ കാര്യം ഞാന്‍ പറഞ്ഞില്ല. പകരം ഞാന്‍ പറഞ്ഞു എനിക്കു വീട്ടില്‍ വരണം. എനിക്കു ഇവിടെ പഠിക്കണ്ട. എന്റ്റെ കരച്ചില്‍ കണ്ട് പപ്പ എന്നെ വീട്ടില്‍ കൊണ്ട് പോയി .അമ്മയായിരുന്നു. അന്നെന്നെ കുളിപ്പിച്ചത് എന്റ്റെ ദേഹത്ത് അടിപ്പാടുകള്‍ കണ്ടു എന്റ്റെ പപ്പയെ വിളിച്ചു അവരെന്നെക്കൊണ്ട് സത്യം പറയിപ്പിച്ചു.
പപ്പ ഡ്രസ് മാറി പോകുന്നത് കണ്ടു. പിന്നെ ലൂസി സിസ്റ്റര്‍ ജോലി ചെയ്യുന്ന പ്രസില്‍ എത്തി.
പിന്നെ അവളെ തല്ലാന്‍ ചെന്ന പപ്പയെ ആരൊക്കെയോ തടഞ്ഞു. അങ്ങനെ നിരാശനായി തിരിച്ചു മടങ്ങി.

അവളെ ശരിയാക്കണം എന്ന ചിന്ത എന്റ്റെ പപ്പയില്‍ വര്‍ദ്ധിച്ചുവന്നു. ഒരിക്കല്‍ അതിന് വേണ്ടി സിസ്റ്റര്‍ ലൂസിയെ തേടിയിറങ്ങി. എന്നാല്‍ അവള്‍ സുവിശേഷം അറിയിക്കാന്‍ മറ്റേതോ ദൂരസ്ഥലത്തേയ്ക്ക് പോയിയെന്നറിയാന്‍ കഴിഞ്ഞു.

ഇന്ന് പ്രതികാരം ചെയ്യാന്‍ എനിക്കു പപ്പയുടെ സഹായം ആവശ്യം ഇല്ല. എന്നെങ്കിലും അവരെ കണ്ടുമുട്ടും എന്ന് മനസ്സ് പറയുന്നു . കണ്ടുമുട്ടുമ്പോള്‍ എന്തായിരിക്കും അവസ്ഥ എന്നെനിക്കറിയില്ല . ചിലപ്പോള്‍ ഒരു പ്രതികരണം എന്റ്റെ ഭാഗത്ത് നിന്ന് ഉണ്ടാവില്ല. ചിലപ്പോള്‍ മറിച്ചും ആകാം കാരണം പതറാത്ത മനോധൈര്യവും മരണത്തെ പോലും ഭയക്കാത്ത ഉറച്ച മനസും ആണ് ഇന്നനിക്കുള്ളത്. അന്ന് മുതല്‍ കന്യാസ്ത്രീയാവണം എന്ന മോഹം എങ്ങോ പോയി മറഞ്ഞു. (ആ ഫോട്ടോ ഇട്ടത് ഞാന്‍ എഴുതിയത് സത്യമാണ് .അനുഭിച്ച വ്യക്തി ഈ ഫോട്ടോയില്‍ കാണുന്ന ഞാന്‍ തന്നെയാണ് എന്ന് ഒന്നുകൂടി വായിക്കുന്നവര്‍ക്ക് ഉറപ്പ് വരാന്‍ )

എലിസബത്ത്


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top