Flash News

പിണറായി വിജയനെതിരായ ക്വട്ടേഷന്‍; സംഘ്പരിവാര്‍ പുലിവാലുപിടിച്ചു, ഹിംസയില്‍ വിശ്വസിക്കുന്നില്ലെന്ന് ആര്‍.എസ്.എസ്

March 2, 2017

ppppതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ മധ്യപ്രദേശിലെ ആര്‍.എസ്.എസ് സഹ പ്രചാര്‍ പ്രമുഖ് കുന്ദന്‍ ചന്ദ്രാവത്തിന്‍െറ ക്വട്ടേഷന്‍, സംഘ്പരിവാറിന് പുലിവാലായി. പ്രസ്താവനക്കെതിരെ ദേശീയതലത്തില്‍ തന്നെ കടുത്ത വിമര്‍ശനമുണ്ടായതിനെതുടര്‍ന്ന് വിവാദ പ്രസ്താവന ആര്‍.എസ്.എസ് തള്ളിപ്പറഞ്ഞു. ഉജ്ജയിനിയില്‍ കേരള മുഖ്യമന്ത്രിക്കെതിരെ ഉണ്ടായ പരാമര്‍ശം ആര്‍.എസ്.എസിന്‍െറ അഭിപ്രായമല്ലെന്ന് അഖിലേന്ത്യ സഹപ്രചാരക് പ്രമുഖ് ജെ. നന്ദകുമാര്‍ പറഞ്ഞു. ആര്‍.എസ്.എസ് ഹിംസയില്‍ വിശ്വസിക്കുന്നില്ലെന്ന് നന്ദകുമാര്‍ പറഞ്ഞു. ജനാധിപത്യ വ്യവസ്ഥയില്‍ അടിയുറച്ചുനിന്നുള്ള പ്രവര്‍ത്തനമാണ് സംഘം നടത്തിപ്പോന്നിട്ടുള്ളത്. ഉജ്ജയിനിയില്‍ പ്രകടിപ്പിച്ച വികാരവും ഭാഷയും ശൈലിയും പ്രവര്‍ത്തന പാരമ്പര്യവും തങ്ങളുടേതല്ല. ഇതിനെ ശക്തമായി അപലപിക്കുന്നു.

ചന്ദ്രാവത്തിന്‍െറ വ്യക്തിപരമായ പ്രധാന്യം കൊണ്ടാണ് ചടങ്ങിലേക്ക് ക്ഷണിച്ചതെന്നും അയാളുടെ ജനാധിപത്യപരമായ അവകാശത്തിന്‍െറ പുറത്താണ് സംസാരിച്ചതെന്നുമാണ് ആര്‍.എസ്.എസ് നല്‍കിയ വിശദീകരണം. പരിപാടിയുമായി ബി.ജെ.പിക്ക് യാതൊരു ബന്ധവുമില്ലെന്ന് പാര്‍ട്ടി എം.പി ചിന്താമണി മാളവ്യ പറഞ്ഞു. ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നതിലുള്ള ദേഷ്യത്തിന്‍െറ പുറത്താണ് ചന്ദ്രാവത് അങ്ങനെ പറഞ്ഞത്. പ്രസംഗം അയാളുടെ വൈകാരികതയുടെ മൂര്‍ധന്യാവസ്ഥയാണ്. ബി.ജെ.പിക്ക് ഈ പ്രതിഷേധ പരിപാടിയുമായി ഒരു ബന്ധവുമില്ലെന്നും എം.പി വ്യക്തമാക്കി.

കേരളത്തില്‍ ഭരണപക്ഷമായ സി.പി.എമ്മിന്‍െറ അണികള്‍ പലപ്പോഴും ആര്‍.എസ്.എസുകാരെ കടന്നാക്രമിക്കുകയാണെന്ന് ബി.ജെ.പി നേതാവ് അതുല്‍ ഭട്കാല്‍കര്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍െറ തലവെട്ടി കൊണ്ടുവന്നാല്‍ തന്‍െറ സ്വത്തുക്കള്‍ വിറ്റും ഒരു കോടി രൂപ ഇനാം നല്‍കുമെന്നാണ് കുന്ദന്‍ ചന്ദ്രാവത്ത് പ്രഖ്യാപിച്ചത്. കേരളത്തില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നതിന് പകരമായാണ് പിണറായിയുടെ തലയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്.

ഉജ്ജൈന്‍ നഗരത്തിലെ ശഹീദ് പാര്‍ക്കില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഉജ്ജൈനില്‍നിന്നുള്ള ബി.ജെ.പി എം.പി ചിന്താമണി മാളവ്യ, എം.എല്‍.എ മോഹന്‍ യാദവ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരാമര്‍ശം. 300 ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. ഇതിന് പകരമായി മൂന്ന് ലക്ഷം കമ്യൂണിസ്റ്റ് തലകള്‍ ഭാരതമാതാവിന് കാണിക്കയായി സമര്‍പ്പിക്കും. ഗോധ്ര എല്ലാവര്‍ക്കും ഓര്‍മയുണ്ടാവും. അവര്‍ 56 കര്‍സേവകരെ കൊന്നു. അതിന് പകരമായി നമ്മള്‍ 2000 പേരെ കല്ലറയിലേക്ക് അയച്ചുവെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നതായി ചന്ദ്രാവത്ത് വ്യക്തമാക്കി. കഴിഞ്ഞ ഡിസംബറില്‍ മധ്യപ്രദേശിലെ ഭോപാലില്‍ മലയാളി സംഘടനയുടെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ പിണറായിയെ സുരക്ഷ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ തിരിച്ചയച്ചിരുന്നു. സമ്മേളന വേദിയായ ഭോപാല്‍ സ്കൂള്‍ ഓഫ് സയന്‍സസ് ഹാളിലേക്ക് പോകുന്നതിനിടെയാണ് അധികൃതര്‍ പിണറായിയെ തടഞ്ഞത്. മറ്റൊരു സംസ്ഥാനത്തെ മുഖ്യമന്ത്രിയായതിനാല്‍ സുരക്ഷച്ചുമതലയുള്ളവര്‍ വിലക്കിയാല്‍ അക്കാര്യം ചെയ്യാതിരിക്കുന്നതാണ് ഉചിതമെന്ന് അറിയിച്ച് പിണറായി വിജയന്‍ പരിപാടിയില്‍ പങ്കെടുക്കാതെ മടങ്ങുകയും ചെയ്തു. ഇതിന് പിറകെയാണ് മംഗളൂരുവിലും മുഖ്യമന്ത്രിയെ തടയുമെന്ന് ആര്‍.എസ്.എസ് ഭീഷണിമുഴക്കിയത്.

ഭീഷണി ഭയക്കുന്നില്ല: പിണറായി

കൊച്ചി: ഉജ്ജയിനിയില്‍ സംഘ്പരിവാര്‍ തനിക്കെതിരെ ഉയര്‍ത്തിയ വധഭീഷണി ഭയക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘സംഘ് പരിവാര്‍ പലരുടെയും തലയെടുത്തിട്ടുള്ളതല്ലേ; അതുകൊണ്ട് നമുക്ക് സഞ്ചരിക്കാതിരിക്കാന്‍ കഴിയില്ലല്ലോ’ എന്നായിരുന്നു പ്രതികരണം.

ആര്‍.എസ്.എസ് നേതാവിന്‍െറ ഭീഷണി നിഷ്ഠുരമാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ഇത്തരം ഭീഷണികളെ പ്രോത്സാഹിപ്പിക്കുന്നു എന്നാണ് ഇതില്‍നിന്ന് മനസ്സിലാകുന്നത്. ഒരു സംസ്ഥാനത്തു തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിക്കെതിയൊണ് പൊതുവേദിയില്‍ ഭീഷണി മുഴക്കിയത്. കേന്ദ്ര സര്‍ക്കാറിന്‍െറ സംരക്ഷണവും പരിലാളനവും ആര്‍.എസ്.എസ് ആസ്വദിക്കുകയാണ്. നിയന്ത്രണമില്ലാത്ത ഇത്തരം ഭീഷണികളും അക്രമത്തിന്‍െറ രാഷ്ട്രീയവും സഹിക്കാനാകില്ളെന്നും യെച്ചൂരി പറഞ്ഞു. സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ പ്രതികരിക്കാന്‍ തയാറായിട്ടില്ളെന്നും അദ്ദേഹം പറഞ്ഞു.

ഐ.എസിന്‍െറ ഇന്ത്യന്‍ പതിപ്പാണ് ആര്‍.എസ്.എസ്: ഡി.വൈ.എഫ്.ഐ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന ആര്‍.എസ്.എസ് നേതാവിന്‍െറ ഭീഷണി അപലപനീയമാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റ്. ആളുകളുടെ തലകൊയ്യുന്ന ഐ.എസിന്‍െറ ഇന്ത്യന്‍ പതിപ്പാണ് ആര്‍.എസ്.എസ്. തങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നവരെയെല്ലാം കൊലപ്പെടുത്തുന്ന നയമാണ് ആര്‍.എസ്.എസ് പിന്തുടരുന്നത്.

പിണറായിയെ ഇല്ലായ്മ ചെയ്യാമെന്നത് ആര്‍.എസ്.എസിന്‍െറ വ്യാമോഹം മാത്രമാണ്. കേരളത്തില്‍ വര്‍ഗീയതയുടെ തേര് തെളിക്കാന്‍ ആര്‍.എസ്.എസ് നടത്തുന്ന ഏതുനീക്കവും കേരളീയ യുവത്വം ചെറുത്തുതോല്‍പിക്കുമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് പറഞ്ഞു.

ചന്ദ്രാവത്തിനെ അറസ്റ്റ് ചെയ്യണം: സി.പി.എം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി മുഴക്കിയ ആര്‍.എസ്.എസ് പ്രചാരക പ്രമുഖ് കുന്ദന്‍ ചന്ദ്രാവത്തിനെ അടിയന്തരമായി അറസ്റ്റ് ചെയ്യുകയും ഭീകരനിരോധന നിയമപ്രകാരം നടപടി സ്വീകരിക്കുകയും വേണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്.

വധഭീഷണിയിലൂടെ ആര്‍.എസ്.എസിന്‍െറ ഭീകരമുഖം മറനീക്കിയിരിക്കുകയാണ്. ആര്‍.എസ്.എസിന്‍െറ കൊലവിളിക്കെതിരെ സംസ്ഥാന വ്യാപകമായി വെള്ളിയാഴ്ച പ്രാദേശിക പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. സംസ്ഥാന മുഖ്യമന്ത്രിയെ വകവരുത്തുമെന്ന ആര്‍.എസ്.എസ് നേതാവിന്‍െറ പ്രഖ്യാപനത്തോട് പ്രതികരിക്കാന്‍ പ്രധാനമന്ത്രിയും ആര്‍.എസ്.എസ് ദേശീയ നേതൃത്വവും തയാറാവണം. ആര്‍.എസ്.എസ് ഭീഷണി മറികടന്ന് മംഗളൂരുവില്‍ മുഖ്യമന്ത്രി മതസൗഹാര്‍ദറാലി ഉദ്ഘാടനം ചെയ്തതിലെ അരിശംകൂടിയാണ് വധഭീഷണിയിലൂടെ പ്രകടിപ്പിച്ചതെന്നും സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top