Flash News

അമേരിക്കന്‍ മ​​ഹ​​ത്വ​​ത്തി​​ന്‍റെ പു​​തി​​യ അ​​ധ്യാ​​യ​​ത്തി​​നു തു​​ട​​ക്ക​​മിട്ട് ഡൊണാള്‍ഡ് ട്രം‌പ് (എഡിറ്റോറിയല്‍)

March 2, 2017

gty-joint-session-donald-trump-01-mt-170228_12x5_1600ഡൊണാള്‍ഡ് ട്രം‌പ് അമേരിക്കന്‍ പ്രസിഡന്റായി വൈറ്റ് ഹൗസിലെത്തിയിട്ട് നാല്പത് ദിവസമായി.  ചൊവ്വാഴ്ച രാത്രി യുഎസ് കോണ്‍‌ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം നടത്തിയ പ്രസംഗത്തില്‍ താന്‍ നടപ്പിലാക്കാന്‍ പോകുന്ന വിവിധ കര്‍മ്മ പദ്ധതികളെക്കുറിച്ചാണ് സംസാരിച്ചത്.

തെരഞ്ഞെടുപ്പ് പ്രചരണ കാലത്ത് അദ്ദേഹം അമേരിക്കന്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളും, അധികാരത്തിലെത്തിയാല്‍ നടപ്പിലാക്കാൻ പോകുന്ന പദ്ധതികളെക്കുറിച്ച് അമേരിക്കയില്‍ മാത്രമല്ല, ലോകജനത വളരെ ആകാംക്ഷയോടെ ശ്രവിക്കുകയും ചർച്ചകൾക്കും വിശകലനങ്ങൾക്കും കാരണവുമായി. പലതും വൻ വിവാദമാവുകയും ചെയ്തു. അതില്‍ എടുത്തു പറയേണ്ടത് അമേരിക്കയിലെ മുസ്ലീങ്ങളെല്ലാം രാജ്യം വിട്ടുപോകണമെന്നതായിരുന്നു. കൂടാതെ, മുസ്‌ലിം രാജ്യങ്ങളിൽ നിന്നുള്ളവർക്ക് അമേരിക്കയിലേക്ക് പ്രവേശനാനുമതി നിഷേധിക്കുന്നതടക്കം പ്രഖ്യാപനങ്ങൾ ഫ്രാൻസിസ് മാർപാപ്പയുടെ പോലും വിമർശനത്തിനും പ്രതിഷേധത്തിനും ഇടയാക്കി.

അമേരിക്കയ്ക്കും മെക്സിക്കോയ്ക്കുമിടയില്‍ വന്‍ മതില്‍ നിര്‍മ്മിക്കുമെന്ന പ്രഖ്യാപനം മാര്‍പാപ്പയുടെ അപ്രീതിയും നേടി. മനുഷ്യരെ വംശീയമായി വേർതിരിച്ചു മതിൽ കെട്ടാനുള്ള നീക്കം ക്രൈസ്തവമല്ലെന്നാണ് മാർപാപ്പ പ്രഖ്യാപിച്ചത്. തൊഴിലവസരങ്ങളിൽ അമേരിക്കയിലെ ജനങ്ങൾക്കു പ്രത്യേക സംവരണം, കരാർ തൊഴിൽ നിരോധനം, ഔട്ട്സോഴ്സിംഗ് നിര്‍ത്തലാക്കല്‍, ഒബാമ കെയർ ആരോഗ്യ സുരക്ഷാ പദ്ധതി ഉപേക്ഷിക്കൽ തുടങ്ങിയ പ്രഖ്യാപനങ്ങൾ ട്രം‌പിന്റെ വിളംബരത്തില്‍ ചിലതു മാത്രം.

എന്നാൽ, യു.എസ്. സംയുക്ത കോൺഗ്രസിൽ നടത്തിയ പ്രസംഗത്തിൽ ട്രംപ് തന്‍റെ മുൻ നിലപാടുകളിൽ ചില്ലറ അയവുകൾ വരുത്തിയതായി കണ്ടു. ഇമിഗ്രേഷൻ നിയമത്തിലെ ഭേദഗതി നിർദേശങ്ങളാണ് അതിൽ പ്രധാനം. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ പുതിയ നിർദ്ദേശത്തെ സ്വാഗതം ചെയ്യുകയാണ്. ഫ്രാൻസിസ് മാർ‌പാപ്പയും ട്രംപിന്‍റെ പുതിയ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു. പതിറ്റാണ്ടുകൾക്കു ശേഷമാണ് അമേരിക്കന്‍ കോൺഗ്രസ് പുതിയ ഇമിഗ്രേഷൻ റീഫോം ബില്ലിനു രൂപം നൽ‌കുന്നത്. മതിയായ രേഖകളില്ലാതെ അമേരിക്കയിൽ കുടിയേറിയവർക്കു നിയമസാധുതയുള്ള ഇമിഗ്രേഷൻ രേഖകൾ നൽകുമെന്നാണ് അതിലെ ഒരു നിർദേശം. വിവിധ ജോലികൾക്കായി അമേരിക്കയിലെത്തുന്നവരുടെ യോഗ്യത ഉറപ്പാക്കും. അവിദഗ്ധ തൊഴിലിനെത്തുന്നവർക്കു നിയന്ത്രണം ഏർപ്പെടുത്താനും പുതിയ ബിൽ നിർദേശിക്കുന്നു.

ഐഎസ്ഐഎസ് പ്രതിരോധത്തിനു കൂടുതൽ തുക ആവശ്യപ്പെടുന്ന ട്രംപ്, മുസ്‌ലിം വിരുദ്ധ നിലപാടുകളിലും മയം വരുത്തി. സ്ഥിരമായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടാത്തവർക്കും നിയമാനുസൃതമായ ജോലികൾക്കും താമസത്തിനും നികുതി നൽകിയുള്ള സേവനത്തിനും തയാറുള്ളവർക്കും ഇമിഗ്രേഷൻ അനുവദിക്കുമെന്നാണ് ട്രംപ് പറയുന്നത്. അതേസമയം, അതിർത്തിയിൽ വേലി കെട്ടുന്നതടക്കമുള്ള സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കും. രാജ്യത്തിന്‍റെ സുരക്ഷയാണു പരമപ്രധാനമെന്ന കാര്യത്തിൽ വിട്ടുവീഴ്ചയില്ല. അതു നല്ലതാണുതാനും. മെരിറ്റ് അടിസ്ഥാനത്തിലുള്ള ഇമിഗ്രേഷൻ സംവിധാനമാണ് പരിഗണിക്കുന്നതെന്നും ട്രംപ് പറയുന്നു.

ട്രംപിന്‍റെ നിലപാടുകൾക്കു സ്ഥിരതയില്ലെന്ന ആക്ഷേപം പ്രതിപക്ഷത്തു മാത്രമല്ല, സ്വന്തം പാർട്ടിയിൽപ്പോലുമുണ്ട്. അതുകൊണ്ടു തന്നെ വാക്കും പ്രവൃത്തിയും തമ്മിൽ പൊരുത്തപ്പെടുത്താനും പ്രയാസം വന്നേക്കാം. മുൻഗാമികളായ റിപ്പബ്ലിക്കന്മാരിൽ നിന്നും ഡെമൊക്രറ്റുകളിൽ നിന്നുമെല്ലാം വ്യത്യസ്തമായി തന്നിഷ്ടം കാണിക്കുന്ന പ്രസിഡന്‍റായിരിക്കും ട്രംപ് എന്നു വിശ്വസിക്കുന്നവരുമുണ്ട്. ഇമിഗ്രേഷൻ നി‍യമ നിർമാണത്തിലടക്കം കോൺഗ്രസ് ജാഗ്രത പുലർത്തുന്നതും അതുകൊണ്ടാണ്. പുറം കരാർ ജോലികളിലും അവിദഗ്ധ തൊഴിലിലും വിദേശികളെ വേണ്ടെന്ന നിലപാടാണ് തെരഞ്ഞെടുപ്പിനു മുൻപും ശേഷവും അദ്ദേഹം സ്വീകരിച്ചിട്ടുള്ളത്. ആദ്യം അമേരിക്ക എന്ന നിർദേശവും ശക്തമായ പ്രാദേശിക വാദത്തിന്‍റെ ഭാഗമാണ്. ഇതെല്ലാം ആശങ്കപ്പെടുത്തുന്നത് ഇന്ത്യയടക്കമുള്ള വിദേശരാജ്യങ്ങളിലെ തൊഴിലന്വേഷകരെയും കുടിയേറ്റക്കാരെയുമാണ്.

ശക്തമായ ദേശീയതയാണ് ട്രംപിന്‍റെ പ്രസംഗത്തിലുടനീളം മുഴങ്ങിക്കേട്ടത്. അമേരിക്കന്‍ മഹത്വത്തിന്‍റെ പുതിയ അധ്യായത്തിനു തുടക്കമാണിതെന്ന സന്ദേശം കരഘോഷത്തോടെ തന്നെ കോൺഗ്രസ് എതിരേറ്റു. പുതിയ ദേശീയ ബോധത്തിന്‍റെയും അഭിമാനത്തിന്‍റെയും തുടക്കമാണിതെന്ന് ട്രംപ് പറഞ്ഞു. നല്ല ശുഭാപ്തി വിശ്വാത്തിന്‍റെ സൂചനകളാണ് എവിടെയും. അമേരിക്കൻ വികാരത്തിന്‍റെ പുതിയ മുന്നേറ്റത്തിന്‍റെ തുടക്കം. അമേരിക്ക നല്ല നായകരാണെന്ന് നമ്മുടെ സുഹൃദ് രാജ്യങ്ങൾ തിരിച്ചറിയും. ലോകത്തെ എല്ലാ രാജ്യങ്ങളും- ശത്രുവായാലും മിത്രമായാലും- അംഗീകരിക്കും, അമേരിക്ക ശക്തമാണ്, അമേരിക്ക അഭിമാനിയാണ്, അമേരിക്ക സ്വതന്ത്രമാണ്. അടുത്ത ഒൻപതു വർഷം കൂടി കഴിയുമ്പോൾ നമ്മുടെ സ്വാതന്ത്ര്യത്തിന് 250 വയസു തികയുകയാണ്. അതു നമ്മൾ വേണ്ട വിധത്തിൽ ആഘോഷിക്കും. ലോകത്തിനു മുന്നിൽ അതൊരു നാഴികക്കല്ലാകും- ട്രംപ് പ്രഖ്യാപിച്ചു.

മാറ്റം എന്നാൽ വാക്കിലല്ല, പ്രവൃത്തിയിലാണെന്നും പുതിയ പ്രസിഡന്‍റ് നയം പ്രഖ്യാപിക്കുന്നുണ്ട്. അമെരിക്ക മാത്രമല്ല ലോകം തന്നെ അദ്ദേഹത്തിന്‍റെ കർമ്മ പദ്ധതികളെ സൂക്ഷിച്ചു നിരീക്ഷിക്കും. ലോക പൊലീസ് അല്ല, ലോകത്തിന്‍റെ നല്ല സുഹൃത്താകാൻ അമേരിക്കയ്ക്കു കഴിയുമോ എന്നാണ് ഇതര രാജ്യങ്ങൾ ഉറ്റുനോക്കുന്നത്. അതിനു ഭിന്നിപ്പിന്‍റെ പ്രസ്താവനകളല്ല, സമവായത്തിന്‍റെ സന്ദേശമാണ് പ്രസിഡന്‍റ് ട്രംപിൽ നിന്നു വരേണ്ടത്.

ചീഫ് എഡിറ്റര്‍

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top