Flash News

എന്റെ ഗ്രാമം (മനോഹര്‍ തോമസ്)

March 3, 2017

ente gramam sizeഒടുങ്ങാത്ത പ്രവാസത്തിന്റെയും, യാത്രകളുടെയും മാറ്റങ്ങളുടെയും കാലം. ഈ കാലത്താണ് ഒന്ന് തിരിഞ്ഞു നോക്കാന്‍, ഒന്നയവിറക്കാന്‍, ഗതകാല ചിന്തകള്‍ക്ക് ഒരു ആലേപനമാകാന്‍ സര്‍ഗവേദി ഒരു വിഷയം തേടിയത്. “എന്റെ ഗ്രാമം” അത് കുറിക്കുകൊണ്ടു. പുതുവത്സരം ഒന്നിച്ചു ആഘോഷിക്കാന്‍ വിഭവങ്ങളുമായി എത്തിയ നാല്പതോളം ആളുകള്‍ തന്റെ ബാല്യ, കൗമാര, യൗവന കാലത്തേക്ക് മുങ്ങാംകുഴിയിട്ടു കയറി. ഒരാള്‍ക്കുപോലും നിശ്ശബ്ദനാകാന്‍ കഴിയാത്തവിധം വിഷയത്തിന്റെ അമ്പു തറച്ചത് നിഷ്കളങ്ക ബാല്യത്തിന്റെ നടവരമ്പത്താണ്.

“ഉച്ചയായ് തണലിലാഞ്ഞു പുസ്തകം
വച്ചു മല്ലികയറുത്തിരുന്നതും
മെച്ചമാര്‍ന്ന ചെറു മാലകെട്ടിയെന്‍
കൊച്ചു വാര്‍മുടിയിലങ്ങണിഞ്ഞതും”

എല്ലാ ഗ്രാമങ്ങളും നിഷ്കളങ്കതയുടെ കൂമ്പാരമായി തോന്നും – ഒരുപക്ഷെ നിഷ്കളങ്ക ബാല്യത്തിന്റെ കണ്ണാടിയിലൂടെ നോക്കുന്നത് കൊണ്ടാകാം.

ഇംഗ്ലണ്ടിലെ ഏതോ ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന ജോണ്‍ മുള്ളന്‍ എന്ന ഇംഗ്ലീഷുകാരന്‍ വേദിയില്‍ തന്റെ ബാല്യത്തെപ്പറ്റി പറഞ്ഞപ്പോള്‍ കേട്ടിരുന്ന സഹയാത്രികര്‍ക്ക് “ഇത് തന്റേതില്‍ നിന്നും ഒട്ടും വ്യത്യസ്ഥമല്ലല്ലോ” എന്ന് തോന്നിയതിന്റെ കാരണവും അതുകൊണ്ടാകാം അധികം വിദ്യാഭ്യാസമില്ലാത്ത അപ്പന്റെ പുറകെ അമ്മയും രണ്ടു മക്കളും പട്ടണങ്ങളില്‍നിന്ന് പട്ടണങ്ങളിലേക്ക് യാത്ര തുടങ്ങിയതും അവസാനം ന്യൂയോര്‍ക്കില്‍ വന്നടിഞ്ഞതുമായ കഥ. “കിടക്കാന്‍ ചൂടുള്ളൊരിടവും, വിശക്കുമ്പോള്‍ വയറു നിറച്ചെന്തെങ്കിലും കിട്ടിയാല്‍ എനിക്ക് സന്തോഷമായിരുന്നു എന്റെ ബാല്യകാലത്തില്‍” എന്ന് പറയുമ്പോള്‍ ജോണിന്റെ തിളങ്ങുന്ന നീലക്കണ്ണുകളില്‍ കണ്ണീരാടിയിരുന്നു.

ഞാനും പറഞ്ഞു എന്റെ ഗ്രാമത്തെപ്പറ്റി രണ്ടുവാക്ക്. പരമ്പരാഗതമായി ഭൂത, വര്‍ത്തമാന, ഭാവി കാര്യങ്ങള്‍ തെറ്റാതെ ജാതകം കുറിക്കുന്ന പാഴുര്‍ പടിപ്പുരയും താണ്ടി, മുന്ന് രാജാക്കന്മാരുടെ നാമത്തിലുള്ള പള്ളിയുടെയും, തൊട്ടുരുമ്മി നില്‍ക്കുന്ന അമ്പലത്തിന്റെയും മുന്നിലെത്തുമ്പോള്‍ മുവാറ്റുപുഴയാറ് ഒരു മദാലസയായ സര്‍പ്പസുന്ദരിയെപ്പോലെ ഒന്ന് കുണുങ്ങി നിവരും. ഭൂമിയില്‍ ലണ്ടനിലെ തെംസ് നദി കഴിഞ്ഞാല്‍ ഇത്ര മനോഹരമായി പുഴയൊഴുകുന്ന മറ്റൊരിടവും ഇല്ലെന്നാണ് ജനം. “ഏത് വൈരാഗിയെയും കാമുകനാക്കി മാറ്റുന്ന കാഴ്ച” ആ പുഴയൊഴുകുന്നത് എന്റെ ഗ്രാമത്തിലൂടെയാണ്.

“എനിക്കെന്റെ കാരണവന്മാര്‍ ഒടുങ്ങിയ മണ്ണില്‍ തന്നെ ഒടുങ്ങണം” എന്ന് ചിന്തിച്ചിരുന്ന മനുഷ്യര്‍ ഉണ്ടായിരുന്നു നമുക്ക് ചുറ്റും. ആ കാലമൊക്കെ പോയില്ലേ ? ഇപ്പോള്‍ ഭൂമി ആകെ ചെറുതായതുകൊണ്ട് ഒരിടത്തു ജനിക്കുന്നു, ഒരിടത്തു പഠിക്കുന്നു, മറ്റൊരിടത്തു ജോലി നോക്കുന്നു, ലോകത്തിന്റെ ഏതോ അജ്ഞാത കോണില്‍ നമ്മുടെ ശവം മറവുചെയ്യുന്നു. താനൊരു ലോകപൗരനായി മാറിപ്പോയെന്നു ചിന്തിക്കാന്‍ കാലം വ്യക്തിയെ പ്രേരിപ്പിക്കുന്ന അവസ്ഥയിലെത്തി .

ഭൂമിയുടെ ഏതോ കോണില്‍, നമ്മള്‍ ഉപേക്ഷിച്ചുപോന്ന ആ മണ്ണിനോട്, നമ്മള്‍ ജനിച്ചുവളര്‍ന്ന ഗ്രാമത്തോട് ഒരാജന്മ ബന്ധമുണ്ട്. പ്രൈമറി സ്കൂളില്‍ വച്ച് പുളിങ്കുരുവും, ജാതിക്കായുടെ തൊണ്ടും തിന്നുന്ന കാലം മുതലിങ്ങോട്ട്, ആദ്യ പ്രണയത്തിന്റെ മാസ്മരിക താളങ്ങളില്‍ അലിഞ്ഞ കൗമാരകാലവും കടന്ന്, സ്കൂളും കോളേജും സമ്മാനിച്ച ആയുധങ്ങളുമായി ലോകത്തിന്റെ പ്രകാശ പുര്‍ണിമയിലേക്ക് ഒരു യോദ്ധാവിനെപോലെ നിവര്‍ന്നു നില്‍ക്കുമ്പോള്‍; ആ തേര്‍ത്തട്ടില്‍ നിന്ന് ഒന്നു തിരിഞ്ഞു നോക്കാന്‍ മോഹം !

“എന്റെ ഗ്രാമം” അവിടെ ഡോ. എ.കെ ബി പിള്ളയുടെ കാലടിക്കും, ഭാര്യ ഡോണ പിള്ളയുടെ ബ്രൂക്കിലിനും ഒരേ മുഖമാണ്. ഡോ. നന്ദകുമാറിന്റെ ഭരണിപ്പാട്ടിനാല്‍ താളലയങ്ങള്‍ ഉതിര്‍ക്കുന്ന കൊടുങ്ങല്ലൂരും, ഒരുകാലത്തു യൂദന്മാര്‍ കൊടികുത്തി വാണ സാനിയുടെ മാളയും, ദക്ഷിണേന്ത്യയിലെ ആദ്യത്തെ സംസ്കൃത നാടകം എഴുതി ശങ്കരാചാര്യരെ വിഭ്രമിപ്പിച്ച ശക്തിഭദ്രന്‍ ജനിച്ചുവളര്‍ന്ന മോന്‍സിയുടെ കൊടുമണ്ണിനും ഒരേ നിറമാണ്. വേമ്പനാട്ടു കായലിന്റെ ഓളകുളിരില്‍
തഴുകി വരുന്ന കാറ്റേറ്റ്, നീഹാര ചാരുതയോടെ നില്‍ക്കുന്ന തോമസ് പാലക്കന്റെയും, അജിത്തിന്റെയും വൈക്കത്തിനും അതെ നിറമാണ് .

തിരിച്ചു പോകാന്‍ ആഗ്രഹിക്കുന്നവരുടെയും, ഇവിടെത്തന്നെ ഒടുങ്ങാന്‍ വിധിക്കപ്പെട്ടവരുടെയും മനസ്സില്‍ ഗൃഹാതുര ചിന്തകളില്‍ പൊതിഞ്ഞ ഒരു പവിഴപ്പുറ്റായി കേരളം ഇന്നും ജീവിക്കുന്നു .

getPhoto (1)getNewsImages (2) getNewsImages (3) getNewsImages (4) getNewsImages (5)

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top