Flash News

അസാധു നോട്ടുകളും വിദേശ ഇന്ത്യക്കാരും

March 8, 2017

Asadhu size2016 നവംബര്‍ 8 അര്‍ദ്ധരാത്രിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച നോട്ട് നിരോധനം കുറച്ചൊന്നുമല്ല ജനങ്ങളെ ബുദ്ധിമുട്ടിച്ചത്. ആ ബുദ്ധിമുട്ട് വെറും 50 ദിവസങ്ങള്‍ കൊണ്ട് തീരുമെന്നും അതുകഴിഞ്ഞാല്‍ “അഛേ ദിന്‍” എത്തുമെന്ന വാഗ്ദാനവും പിന്നീട് പാഴ്‌വാക്കായി എന്ന് പലരും ഇതിനോടകം കാണുകയും കേള്‍ക്കുകയും അനുഭവിക്കുകയും ചെയ്തു. കൈയ്യിലുണ്ടായിരുന്നതും കക്ഷത്തില്‍ വെച്ചതും പോകുകയും ചെയ്തു “അഛേ ദിന്‍” വന്നതുമില്ല. പിന്നീടു വന്ന ദിനങ്ങള്‍ നരകതുല്യമാകുകയും ചെയ്തു.

Man sitting on tree with bio metric machineഇന്ത്യയെ മുഴുവന്‍ ഡിജിറ്റലൈസ് ചെയ്യാന്‍ മോദി കണ്ടുപിടിച്ച ഒരു ഉപായമായിരുന്നു നോട്ട് നിരോധനമെന്ന് മണ്ടന്മാരായ ജനങ്ങള്‍ മനസ്സിലാക്കിയത് ഏറെ വൈകിയാണ്. ടോട്ടല്‍ ക്യാഷ്‌ലസ് അല്ലെങ്കില്‍ സമ്പൂര്‍ണ്ണ ഡിജിറ്റലൈസേഷന്‍ നടപ്പില്‍ വരുത്തുന്നതിനു മുന്‍പ് അവശ്യം ചെയ്യേണ്ടതായ യാതൊരു സം‌വിധാനവും ഒരുക്കാതെയുള്ള എടുത്തു ചാട്ടമായിരുന്നു നോട്ട് നിരോധനം. ഇന്റര്‍നെറ്റ് സം‌വിധാനത്തിന്റെ ന്യൂനതകള്‍ പരിഹരിക്കാതെ ഡിജിറ്റലൈസേഷന്‍ കൊണ്ടുവന്നതിന് ബലിയാടുകളായത് ഗ്രാമവാസികളാണ്. ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലും വിവിധ ഗ്രാമ പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് എത്തിനോക്കിയിട്ടേയില്ല. രാജസ്ഥാനിലെ ഉദയ്‌പൂര്‍ തന്നെ ഉദാഹരണം. അവിടെ ഗ്രാമീണരുടെ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കാന്‍ പി‌ഒ‌എസ് മെഷീനുമായി ഉദ്യോഗസ്ഥര്‍ മരത്തിനു മുകളിലാണ് കയറി ഇരിക്കുന്നതത്രേ ! മരച്ചില്ലകളിലും താഴെയുമായി തങ്ങളുടെ ഊഴം നോക്കി ഗ്രാമീണരും. മണിക്കൂറുകള്‍ ഇരുന്നാല്‍ ലഭിക്കുന്ന ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി സിഗ്നല്‍ കൊണ്ട് മെഷീന്‍ പ്രവര്‍ത്തിപ്പിക്കും. റേഷന്‍ സംവിധാനം പൂര്‍ണമായും സാങ്കേതികവല്‍ക്കരിക്കാനുള്ള സര്‍ക്കാറിന്റെ തീരുമാനമാണ് ഉദയ്‌പൂരിലെ ഗ്രാമീണരെ സ്ത്രീപുരുഷ വ്യത്യാസമില്ലാതെ മരം കയറ്റുന്നത്. ഇങ്ങനെ എത്രയെത്ര ഗ്രാമവാസികള്‍ മരം കയറുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാരിനോ റിസര്‍‌വ്വ് ബാങ്കിനോ അറിയാമോ ആവോ. കോടികള്‍ കള്ളപ്പണമായി കെട്ടിപ്പൂഴ്ത്തി വെച്ചവരല്ല ഈ ഗ്രാമീണര്‍. അന്നന്നത്തെ ആഹാരത്തിന് അദ്ധ്വാനിച്ച് പണമുണ്ടാക്കുന്നവരാണവര്‍.

impacts-of-demonetisationനോട്ട് അസാധുവാക്കലിലൂടെ മോദി ലക്ഷ്യമിട്ടത് അതിര്‍ത്തിവഴിയുള്ള കള്ളനോട്ടുകളുടെ പ്രവാഹം തടയുക എന്നതായിരുന്നു. പക്ഷെ, ആ ലക്ഷ്യവും പിന്നീട് പിഴച്ചു. കള്ളനോട്ടുകളുടെ പ്രവാഹം പതിന്മടങ്ങ് വര്‍ദ്ധിക്കുക മാത്രമല്ല, ബംഗ്ലാദേശ് അതിര്‍ത്തി വഴി കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം ഇന്ത്യയിലേക്കൊഴുകുകയും ചെയ്തു, അതും 2000 രൂപയുടെ കള്ളനോട്ടുകള്‍ ! അതിര്‍ത്തി സുരക്ഷാസേനയും ദേശീയ അന്വേഷണ ഏജന്‍സിയും അത് കണ്ടുപിടിക്കപ്പെട്ടപ്പോഴാണ് ആ രഹസ്യം കേന്ദ്ര സര്‍ക്കാര്‍ പോലും അറിയുന്നത്. പാക് ചാര സംഘടനയായ ഐ.എസ്.ഐ (ഇന്‍ര്‍ സര്‍വ്വീസ് ഇന്റലിജന്‍സ്) യുടെ സഹായത്തോടെ പാക്കിസ്ഥാനിലാണ് കള്ളനോട്ട് അച്ചടിക്കുന്നതെന്നും, 2000 രൂപയുടെ കള്ളനോട്ട് എത്തിച്ചാല്‍ 600 രൂപ വരെ കമ്മീഷന്‍ കിട്ടുമെന്നും അതിര്‍ത്തി പ്രദേശങ്ങളിലുള്ള ഇന്ത്യയിലെ കള്ളപ്പണ ഏജന്റുമാര്‍ പറഞ്ഞതായി ദേശീയ അന്വേഷണ ഏജന്‍സി വെളിപ്പെടുത്തുന്നു.

ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ക്ക് ഉറക്കമില്ലാത്ത രാത്രികളാണ് അതിര്‍ത്തി വഴി കടത്തുന്ന നോട്ടു കെട്ടുകള്‍ സമ്മാനിക്കുന്നത്. നിരവധി സുരക്ഷാ പ്രത്യേകതകളോടെയാണ് പുതിയ രണ്ടായിരം രൂപ നോട്ട് അച്ചടിച്ചതെന്ന് റിസര്‍‌വ്വ് ബാങ്ക് സാക്ഷ്യപ്പെടുത്തുന്നു. 17 പ്രത്യേകതകള്‍ അതിലുണ്ടെന്നും പറയുന്നു. എന്നാല്‍ 80 ശതമാനത്തോളം സവിശേഷതകള്‍ അതുപോലെ ചേര്‍ത്തിട്ടുള്ള വ്യാജനോട്ടുകളാണ് അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് വന്നുകൊണ്ടിരിക്കുന്നതെന്നാണ് ബി.എസ്.എഫും ദേശീയ സുരക്ഷാ ഏജന്‍സിയും പറയുന്നത്. എല്ലാവര്‍ക്കും എ‌ടി‌എം കാര്‍ഡുകള്‍ നല്‍കി പണം പിന്‍‌വലിക്കാന്‍ നിബന്ധനകളും ഏര്‍പ്പെടുത്തി, പിന്‍‌വലിക്കുന്ന പണത്തിന് സര്‍‌വ്വീസ് ചാര്‍ജും ഈടാക്കുമ്പോള്‍ “അഛേ ദിന്‍” വന്നത് ബാങ്കുകള്‍ക്ക് മാത്രം. സാധാരണക്കാര്‍ക്ക് ഇപ്പോഴും “ബുരേ ദിന്‍” തന്നെ.

demonetisationനോട്ട് നിരോധനത്തിലൂടെ ലക്ഷക്കണക്കിന് വിദേശ ഇന്ത്യക്കാര്‍ക്കും നഷ്ടങ്ങള്‍ ഏറെ സംഭവിച്ചു. ഇന്ത്യയില്‍ പോയി തിരിച്ചുവരുന്നവരുടെ കൈയ്യിലുള്ള ഇന്ത്യന്‍ രൂപ എങ്ങനെ മാറ്റിയെടുക്കുമെന്നതായിരുന്നു പലരുടേയും ചിന്ത. കുറച്ചു പണമുള്ളവര്‍ സുഹൃത്തുക്കള്‍ വഴിയോ ബന്ധുക്കള്‍ വഴിയോ അവ കൊടുത്തുവിടുന്നുണ്ടെന്ന് വാര്‍ത്തകളിലും മറ്റും കാണുന്നുണ്ട്. എന്നാല്‍, അതിനും കഴിയാതെ വരുന്നവര്‍ക്ക് വിദേശ രാജ്യങ്ങളിലുള്ള ഇന്ത്യന്‍ എംബസി വഴിയോ, കോണ്‍സുലേറ്റ് വഴിയോ അതുമല്ലെങ്കില്‍ ഏതെങ്കിലും ഇന്ത്യന്‍ ബാങ്കുകളുടെ ശാഖ വഴിയോ ഒക്കെ മാറ്റിയെടുക്കാന്‍ സൗകര്യങ്ങള്‍ ചെയ്യണമെന്നും ചെയ്യുമെന്നുമൊക്കെ നിരന്തരം പ്രസ്താവനകളുമൊക്കെ കാണാറുണ്ട്. റിസര്‍‌വ്വ് ബാങ്കിന്റെ ശാഖയില്‍ നേരിട്ടു ചെന്ന് പണമടച്ചാല്‍ മതിയെന്ന വാര്‍ത്തയും പിന്നീട് പുറത്തുവന്നു.

അമേരിക്കയിലുള്ള ഇന്ത്യന്‍ വംശജരില്‍ പലരും ഇക്കാര്യത്തില്‍ ആശങ്കയുള്ളവരായിരുന്നു. എന്നാല്‍, നാം വിചാരിക്കുന്നപോലെ അത്ര എളുപ്പമല്ല ഇന്ത്യന്‍ രൂപ മാറ്റിയെടുക്കല്‍ എന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. 2017 ജനുവരി 2 മുതല്‍ 2017 ജൂണ്‍ 30 വരെ റിസര്‍‌വ്വ് ബാങ്കിന്റെ മുംബൈ, ന്യൂഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത, നാഗ്‌പൂര്‍ ബ്രാഞ്ചുകളില്‍ വിദേശ ഇന്ത്യക്കാര്‍ക്ക് നിരോധിത നോട്ടുകള്‍ അവരവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ ഡെപ്പോസിറ്റ് ചെയ്യാന്‍ സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് റിസര്‍‌വ്വ് ബാങ്കിന്റെ വിജ്ഞാപനത്തില്‍ പറയുന്നു. എന്നാല്‍, ഈ വിജ്ഞാപന പ്രകാരം പണം നിക്ഷേപിച്ച നിരവധി പേരുടെ പണം നഷ്ടമായി എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതിന്റെ കാരണം തേടുമ്പോള്‍ പലരും “ഫൈന്‍ പ്രിന്റ്” വായിച്ചില്ല എന്നാണ് മനസ്സിലാകുന്നത്.

2016 നവംബര്‍ 9 മുതല്‍ 2016 ഡിസംബര്‍ 30 വരെ ഇന്ത്യയിലില്ലാതിരുന്നവര്‍ക്കാണ് ബാങ്കുകളില്‍ നിരോധിത നോട്ടുകള്‍ നല്‍കാന്‍ അനുമതിയുള്ളതെന്ന് റിസര്‍‌വ്വ് ബാങ്കിന്റെ ആദ്യത്തെ വിജ്ഞാപനത്തില്‍ പറയുന്നു. പക്ഷെ, “വിദേശരാജ്യങ്ങളില്‍ താമസമാക്കിയിട്ടുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് മാത്രമേ അത് ലഭിക്കൂ എന്നും, വിദേശ പൗരത്വമുള്ള ഇന്ത്യന്‍ വംശജര്‍ക്ക് നിരോധിത നോട്ടുകള്‍ നിക്ഷേപിക്കാന്‍ യോഗ്യതയുണ്ടായിരിക്കില്ല” എന്നും അവര്‍ പറഞ്ഞില്ല. എന്നാല്‍ അത് പിന്നീട് എഴുതിച്ചേര്‍ക്കുകയും ചെയ്തു. റിസര്‍‌വ്വ് ബാങ്കിന്റെ വിജ്ഞാപന പ്രകാരം നിരവധി പേര്‍ ഇന്ത്യയിലെ വിവിധ ബ്രാഞ്ചുകളില്‍ നോട്ടുകള്‍ നല്‍കിയിരുന്നെങ്കിലും വിദേശ പൗരത്വമുള്ളവരുടെ പണം സ്വീകരിക്കില്ല എന്ന് പറയാനുള്ള സന്മനസ്സ് ബാങ്ക് അധികൃതര്‍ കാണിച്ചില്ലെന്നു മാത്രമല്ല അവരുടെ പണവും വാങ്ങിയെന്നാണ് ലണ്ടനില്‍ റിട്ടെയ്ല്‍ കമ്പനി ഡയറക്ടറായ മയൂര്‍ പട്ടേല്‍ പറയുന്നത്. നിരോധിച്ച നോട്ടുകളുടെ മൂല്യം ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാനല്ലായിരുന്നെങ്കില്‍ എന്തിനാണ് അവ സ്വീകരിച്ചതെന്നാണ് അദ്ദേഹം ചോദിക്കുന്നത്. വിദേശ പാസ്പോര്‍ട്ടുള്ള ഇന്ത്യന്‍ വംശജര്‍ക്ക് നിരോധിത നോട്ടുകള്‍ മാറാനാകില്ലെന്ന വിജ്ഞാപനം റിസര്‍വ്വ് ബാങ്ക് വെബ്സൈറ്റില്‍ കണ്ടിട്ടില്ലെന്നും റിസര്‍വ് ബാങ്ക് പണം സ്വീകരിക്കുമെന്ന് തന്‍െറ ബാങ്ക് മാനേജര്‍ ഇ-മെയില്‍ വഴി നിര്‍ദേശിച്ചതായും മയൂര്‍ പട്ടേല്‍ പറയുന്നു. ലണ്ടനില്‍ തന്നെ ബാങ്ക് മാനേജരായ ഭാര്യ സ്വാതി പട്ടേലിനൊപ്പം മുംബൈയിലെ റിസര്‍വ് ബാങ്ക് കാര്യാലയത്തിലാണ് 66,500 രൂപയുടെ 1000,500 നോട്ടുകള്‍ പട്ടേല്‍ നല്‍കിയത്. ഭാര്യയുടെ പേരില്‍ 25,000വും ശേഷിച്ചത് അദ്ദേഹത്തിന്റെ പേരിലും നിക്ഷേപിക്കുകയായിരുന്നു. ഒരാള്‍ക്ക് 25,000 രൂപ പരിധിയെന്നത് ചൂണ്ടിക്കാട്ടി കൂടുതല്‍ പണമുണ്ടെന്ന് പറഞ്ഞപ്പോള്‍ അവിടത്തെ ഉദ്യോഗസ്ഥന്‍ ഉള്ളത് മുഴുവനായും നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടെന്നും, എന്നാല്‍ റിസര്‍വ് ബാങ്ക് സ്വീകരിച്ച പണം ഇതുവരെ ബാങ്ക് അക്കൗണ്ടില്‍ തിരിച്ചെത്തിയിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

cartoon-3_647_111416083408ജര്‍മ്മനിയില്‍ നിന്നുള്ള മലയാളി ദമ്പതികളായ ചാക്കോ അബ്രഹാം, ലീലാമ്മ എന്നിവരും സമാന അനുഭവമാണ് പങ്കുവെക്കുന്നത്. ജര്‍മ്മന്‍ പോലീസില്‍നിന്ന് വിരമിച്ച ചാക്കോയും അവിടെ നഴ്സായിരുന്ന ഭാര്യ ലീലാമ്മയും ഫെബ്രുവരി 10നാണ് നിരോധിച്ച നോട്ടുകളുമായി മുംബൈയിലെ റിസര്‍വ് ബാങ്കിലെത്തിയത്. ഇന്ത്യന്‍ പാസ്പോര്‍ട്ടുള്ള എന്‍.ആര്‍.ഐകള്‍ക്ക് മാത്രമേ നിരോധിച്ച നോട്ട് നിക്ഷേപിക്കാനാകൂ എന്ന പേരില്‍ ആദ്യം പണം വാങ്ങാന്‍ വിസമ്മതിച്ചെങ്കിലും, പിന്നീട് പണം വാങ്ങി. പുറത്തിറങ്ങി ഇരുവരുടെയും പേരിലായി 66,000 രൂപ നിക്ഷേപിച്ചതിന്‍െറ രസീത് കണ്ട അവര്‍ ഞെട്ടി ! സ്വീകരിച്ച പണം ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്നതിന് ഉറപ്പുനല്‍കാനാകില്ലെന്നാണത്രേ അതില്‍ എഴുതിയിരിക്കുന്നത്. 75,000 രൂപയുടെ നിരോധിച്ച നോട്ടുകള്‍ നിക്ഷേപിച്ച ലണ്ടനില്‍ കഴിയുന്ന ഡോ. ഹഷ്‌മുഖ് ഷാ, 25,000 രൂപ മാതാവിന്‍െറ പേരില്‍ നിക്ഷേപിച്ച ന്യൂസിലന്‍ഡില്‍ കഴിയുന്ന അനിന്ദിത സിന്‍ഗാള്‍ എന്നിവര്‍ക്കും സമാന അനുഭവങ്ങളാണുണ്ടായതെന്ന് പറയുന്നു.

ഏറ്റവും ഒടുവിലായി ഇന്ന് ഒരു അമേരിക്കന്‍ മലയാളിയും തന്റെ കൈവശമുള്ള അരലക്ഷത്തിലധികം രൂപയുടെ അസാധുനോട്ടുകള്‍ എന്തുചെയ്യണമെന്നറിയാതെ ഡല്‍ഹിയില്‍ നട്ടംതിരിയുകയാണെന്ന് കേട്ടു. തന്റെ കൈവശമുള്ള നോട്ടുകള്‍ സ്വീകരിക്കാന്‍ റിസര്‍വ് ബാങ്ക് തയ്യാറാകുന്നില്ലെന്നതാണ് ചെങ്ങന്നൂര്‍ സ്വദേശിയായ ഇദ്ദേഹത്തിന്റെ പരാതി. പഴയ നോട്ടു മാറാന്‍ പ്രവാസി ഇന്ത്യക്കാര്‍ക്ക് മാര്‍ച്ച് 31 വരെ സാവകാശമുണ്ടെന്ന വാര്‍ത്തകള്‍ കേട്ടാണ് അദ്ദേഹം അത്രയധികം നോട്ടുകളുമായി ഡല്‍ഹിയിലെത്തിയത്. എന്നാല്‍, അദ്ദേഹത്തിന്റെ അമേരിക്കന്‍ പൗരത്വമാണ് തിരിച്ചടിയായത്.

Zemanta Related Posts Thumbnailഇരുപതിലധികം വര്‍ഷമായി ന്യൂയോര്‍ക്കിലാണ് അറുപത്തിയഞ്ചുകാരനായ അദ്ദേഹം താമസം. കഴിഞ്ഞ വര്‍ഷം നാട്ടില്‍ നിന്ന് തിരിച്ചുപോരുമ്പോള്‍ കൈയ്യില്‍ കരുതിയ അന്‍പത്തൊമ്പതിനായിരം രൂപയാണ് മാറ്റിയെടുക്കാന്‍ ഡല്‍ഹിയിലെത്തിയത്. പ്രവാസി ഇന്ത്യക്കാര്‍ക്ക് അസാധുനോട്ടുകള്‍ നിക്ഷേപിക്കാന്‍ സാവകാശമുണ്ടെന്നറിഞ്ഞാണ് റിസര്‍വ് ബാങ്കില്‍ ചെന്നത്. പക്ഷെ ബാങ്കുകാര്‍ അവ സ്വീകരിച്ചില്ല. ഒ.സി.ഐ. കാര്‍ഡ് ഉണ്ടെങ്കിലും അതൊന്നും ഇളവുനല്‍കാന്‍ പര്യാപ്തമല്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്രേ. തുടര്‍ന്ന് പണം റിസര്‍വ് ബാങ്കിനു മുന്നില്‍ ഉപേക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും പോലീസും ഉദ്യോഗസ്ഥരും താക്കീതു ചെയ്തു. അസാധുനോട്ടുകള്‍ കൈവശം വെച്ചതിന്റെ പേരില്‍ നടപടി നേരിടേണ്ടിവരുമോ എന്ന ആശങ്കയിലാണ് അദ്ദേഹമിപ്പോള്‍. കോടതിയെ സമീപിക്കുന്നകാര്യവും പരിഗണനയിലുണ്ടെന്നു കേള്‍ക്കുന്നു. ഇതേ പ്രശ്‌നം നേരിടുന്ന നിരവധി പ്രവാസി ഇന്ത്യക്കാരാണ് ദിവസവും റിസര്‍വ് ബാങ്കിന്റെ മുന്നിലെത്തുന്നത്. വിദേശപൗരത്വമുള്ളതുകൊണ്ട് കൈവശമുള്ള പണം എന്തുചെയ്യണമെന്നറിയാതെ കുഴയുകയാണ് ഇക്കൂട്ടര്‍.

ഇവര്‍ക്കെല്ലാം ഈ അനുഭവമുണ്ടായത് റിസര്‍‌വ്വ് ബാങ്കിന്റെ വിജ്ഞാപനം ശ്രദ്ധയോടെ വായിക്കാതിരുന്നതിനാലാണ് എന്നു തോന്നുന്നു. അസാധു നോട്ടുകള്‍ മാറ്റിയെടുക്കാന്‍ വിദേശത്തു കഴിയുന്ന ഇന്ത്യക്കാര്‍ക്ക് മാത്രമേ അനുമതിയുള്ളൂ എന്നും, വിദേശ പാസ്പോര്‍ട്ടുള്ളവര്‍ക്ക് അനുമതിയില്ല എന്നും റിസര്‍‌വ്വ് ബാങ്കിന്റെ വെബ്സൈറ്റില്‍ വ്യക്തമായി കൊടുത്തിട്ടുണ്ട്. ലിങ്ക്: https://www.rbi.org.in/Scripts/FAQView.aspx?Id=122

അമേരിക്കയിലെ വിവിധ സംഘടനകള്‍ ഈ ആവശ്യമുന്നയിച്ച് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ടെന്നും, അമേരിക്കയില്‍ ഇന്ത്യന്‍ എംബസ്സിയിലോ കോണ്‍സുലേറ്റുകളിലോ അസാധു നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സൗകര്യം ചെയ്തുതരണമെന്നുമൊക്കെയുള്ള നിവേദനങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും, അവയൊക്കെ പ്രായോഗികമാകുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അമേരിക്കന്‍ പൗരത്വമുള്ളവരും, ഒസിഐ, പിഐഒ കാര്‍ഡ് ഉള്ളവര്‍ക്കൊന്നും മേല്പറഞ്ഞ ആനുകൂല്യം ലഭിക്കുകയില്ലെന്നു മാത്രമല്ല, നിരോധിത ഇന്ത്യന്‍ കറന്‍സിയും കൊണ്ട് ഇന്ത്യയിലേക്ക് യാത്ര ചെയ്ത് പിടിക്കപ്പെട്ടാല്‍ പിഴയൊടുക്കുക മാത്രമല്ല ജയില്‍ ശിക്ഷയും കിട്ടും. മേല്പറഞ്ഞ അമേരിക്കന്‍ മലയാളിയുടെ അനുഭവം തന്നെ ഉദാഹരണം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top