Flash News

കള്ളം പറയുന്നവരുടെ രാജാവ്

March 5, 2017

kallam size

നരേന്ദ്രമോഡി കേന്ദ്രമന്ത്രിസഭയുടെ തലവന്‍ മാത്രമല്ല, കള്ളം പറയുന്ന ഒരു കൂട്ടത്തിന്റെ തലവന്‍ കൂടിയാണ്‌. ഈ വിഭാഗത്തില്‍ മറ്റാരെക്കാളും മുന്‍പിലാണ്‌ മോഡി. ഉത്തര്‍പ്രദേശിലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ കുറച്ച്‌ സീറ്റുകള്‍ കിട്ടുന്നതിന്‌ എല്ലാ പരിധികളും കവച്ചുവച്ചാണ്‌ ഇവര്‍ കള്ളങ്ങള്‍ പടച്ചുവിടുന്നത്‌. 2014-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 71 മണ്ഡലങ്ങളില്‍ ബിജെപിക്ക്‌ മേല്‍ക്കോയ്മ കിട്ടി. അതായത്‌ 300 നിയമസഭ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ്‌ ഈ 71 പാർലമെന്റ്‌ മണ്ഡലങ്ങള്‍. ഈ മണ്ഡലങ്ങളിലെ നാലിലൊന്നു സീറ്റുകളെങ്കിലും നിയമസഭ തെരഞ്ഞെടുപ്പില്‍ നിലനിര്‍ത്താനായാല്‍ അത്‌ ഒരുത്ഭുതം തന്നെയാവും. അതുകൊണ്ടുതന്നെയാണ്‌ വളരെ പരിതാപകരമായ അവസ്ഥയിലുള്ള ബിജെപി എല്ലാ തരത്തിലുള്ള നിയമവിരുദ്ധവും പേടിയുളവാക്കുന്നതുമായ മാര്‍ഗ്ഗങ്ങല്‍ അവലംബിക്കുന്നത്‌. തെരഞ്ഞെടുപ്പ്‌ ചട്ടങ്ങളും സുപ്രിം കോടതിയുടെ നിര്‍ദേശങ്ങളും ലംഘിച്ച്‌ ജാതീയവും വര്‍ഗീയവുമായ എല്ലാ തരത്തിലുള്ള മാര്‍ഗങ്ങളും വോട്ട്‌ നേടുന്നതിനായി ഇവര്‍ അവലംബിക്കുന്നു. പ്രധാനമന്ത്രി നേരിട്ട്‌ കള്ളത്തരങ്ങള്‍ പ്രചരിപ്പിക്കുന്നതാണ്‌ ഏറ്റവും പുതിയകാര്യം.

കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ നടന്ന തെരഞ്ഞെടുപ്പ്‌ റാലിയില്‍ പ്രതിപക്ഷ നേതാവിനെതിരെ വളരെ മ്ലേച്ഛവും പരിഹാസം നിറഞ്ഞതുമായ പരാമര്‍ശങ്ങളാണ്‌ മോഡി നടത്തിയത്‌. കൈതച്ചക്കയും തേങ്ങയും തമ്മിലുള്ള വ്യത്യാസം പോലും പ്രധാനമന്ത്രിക്ക്‌ അറിയില്ല. അല്ലെങ്കില്‍ അസത്യം ബോധപൂര്‍വം സൃഷ്ടിച്ചു. അതുമല്ലെങ്കില്‍ ഇത്‌ രണ്ടുമാകാം. സ്വാമി വിവേകാനന്ദനുമായും ബിജെപി നേതാവായ ശ്യാമപ്രസാദ്‌ മുഖര്‍ജിയുമായും സാമ്യതയുണ്ടെന്ന്‌ വരുത്തിത്തീര്‍ക്കാനുള്ള ശ്രമം മോഡിയുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു. വിവേകാനന്ദനും ശ്യാമപ്രസാദ്‌ മുഖര്‍ജിയും രാഷ്ട്രീയവും ദാര്‍ശനികവുമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നുവെന്ന്‌ മോഡി അവകാശപ്പെട്ടിരുന്നു. എന്നാല്‍ സ്വാമി വിവേകാനന്ദന്‍ മരിക്കുമ്പോള്‍ ശ്യാമപ്രസാദ്‌ മുഖര്‍ജിക്ക്‌ ഒരു വയസ്‌ മാത്രമാണ്‌ പ്രായമുണ്ടായിരുന്നത്‌.

2016 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള പാതത്തില്‍ രാജ്യത്തെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം 7 ശതമാനം വര്‍ധിച്ചു എന്നതാണ്‌ മോഡിയുടെ മറ്റൊരു പൊള്ളത്തരം. നോട്ടുകള്‍ പിന്‍വലിച്ച നടപടി രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചില്ലെന്നും മോഡി പറയുന്നു. മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ കുറവുണ്ടായി എന്നു പറഞ്ഞ വളരെ പരിണിതപ്രജ്ഞരായ സാമ്പത്തിക വിദഗ്ധരെ നരേന്ദ്രമോഡി പരിഹസിച്ചു. ഹാര്‍വാര്‍ഡില്‍ പഠിച്ച സാമ്പത്തിക വിദഗ്ധരെ പരിഹസിക്കുമ്പോഴും അന്താരാഷ്ട്ര നാണയനിധി, ലോകബാങ്ക്‌ എന്നിവരുമായി ബന്ധപ്പെട്ട സാമ്പത്തിക വിദഗ്ധരെ കുറിച്ച്‌ പരാമര്‍ശിക്കാന്‍ മോഡി തയ്യാറായില്ല. ഇത്‌ അദ്ദേഹത്തിന്റെ സ്തുതിപാഠക നിലപാടാണ്‌ വ്യക്തമാക്കുന്നത്‌.

നോട്ടുകള്‍ പിന്‍വലിച്ച നടപടി രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചതായി ഐഎംഎഫിലെയും ലോകബാങ്കിന്റെയും സാമ്പത്തിക വിദഗ്ധര്‍ വ്യക്തമാക്കിയിരുന്നു. ഇവരെ പരിഹസിക്കാന്‍ മോഡി തയ്യാറായില്ല. നോട്ടുകള്‍ പിന്‍വലിച്ച നടപടിയുടെ യാഥാര്‍ത്ഥ്യം കൂടുതല്‍ അറിയാവുന്നത്‌ രാജ്യത്തെ ജനങ്ങള്‍ക്കാണ്‌. കാരണം അവരാണ്‌ കൂടുതല്‍ കഷ്ടപ്പെട്ടത്‌. അവര്‍ പാടുപെട്ട്‌ സമ്പാദിച്ച പണം പിന്‍വലിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ടു. ഉത്തര്‍പ്രദേശ്‌ ഉള്‍പ്പെടെ നിയമസഭാ തെരഞ്ഞെടുപ്പ്‌ നടക്കുന്ന സംസ്ഥാനങ്ങളിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ്‌ ഇത്തരത്തിലുള്ള കള്ളത്തരങ്ങള്‍ മോഡിയും കൂട്ടരും പറയുന്നത്‌. ഉത്തര്‍പ്രദേശിലെ ആസന്നമായ പരാജയം മുന്നില്‍കണ്ട്‌ സമാജ്‌വാദി പാർട്ടി, ബിഎസ്പി എന്നിവരെയൊക്കെ കുറ്റപ്പെടുത്താനാണ്‌ മോഡിയുടെ ശ്രമം. അദ്ദേഹത്തിന്റെ കൂട്ടാളികളും ഇത്തരം നെറികെട്ട പ്രവര്‍ത്തനങ്ങള്‍ തന്നെയാണ്‌ തുടരുന്നത്‌.

ഡല്‍ഹിയിലെ രാംജാസ്‌ കോളജില്‍ എബിവിപി പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തെ അപലപിക്കുന്നതിന്‌ പകരം അനുകൂലിക്കുന്ന പ്രസ്താവനകളാണ്‌ രണ്ടു മന്ത്രിമാരും എം പിമാരും ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ നടത്തിയത്‌. രാംജാസ്‌ കോളജില്‍ സംഘടിപ്പിച്ചിരുന്ന ശില്‍പശാലയുടെ നടത്തിപ്പിനെ തകിടം മറിച്ചുവെന്ന്‌ മാത്രമല്ല, സമാധാനപരമായി പ്രതിഷേധിച്ച വിദ്യാര്‍ഥികളെ ആക്രമിക്കുകയും ചെയ്തു. വിദ്യാര്‍ഥിനികളോടുപോലും അപമര്യാദയായി പെരുമാറി. ഇതിനൊക്കെ നിശബ്ദരായ കാഴ്ചക്കാരായി പൊലീസ്‌ ഉദ്യോഗസ്ഥര്‍ നോക്കിനിന്നു. ഒരുകൂട്ടം പൊലീസുകാര്‍ എബിവിപി പ്രവര്‍ത്തകരോടൊപ്പം ചേര്‍ന്ന്‌ വിദ്യാര്‍ഥികളോട്‌ മോശമായി പെരുമാറുകയും അവരെ ആക്രമിക്കുകയും ചെയ്തു.

ഇത്തരത്തിലുള്ള നാണംകെട്ട സംഭവത്തില്‍ രാജ്യത്താകമാനമുള്ള വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു. തങ്ങളുടെ കുറ്റങ്ങള്‍ മറയ്ക്കാനാണ്‌ മന്ത്രിമാരും എംപിമാരുള്‍പ്പെടെയുള്ള ബിജെപി നേതാക്കളും അപലപനീയമായ പ്രസ്താവനകള്‍ നടത്തുന്നത്‌. രണ്ടുവിഭാഗം വിദ്യാര്‍ഥികൾ തമ്മിലുള്ള സംഘട്ടനമായി മാത്രം ഇതിനെ ചിത്രീകരിക്കാനായിരുന്നു ഇവരുടെ ശ്രമം. എബിവിപിയെ പേടിയില്ലെന്ന്‌ പറഞ്ഞ, രക്തസാക്ഷിത്വം വരിച്ച ഒരു ക്യാപ്റ്റന്റെ മകളെ ദേശവിരുദ്ധയായി ചിത്രീകരിച്ചു. ആ വിദ്യാര്‍ഥിനിയുടെ മനസ്‌ മലീമസമാണെന്നാണ്‌ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു പറഞ്ഞത്‌. അതായത്‌, ഇരുപത്‌ വയസ്‌ പ്രായമുള്ള ഒരു പെണ്‍കുട്ടിക്ക്‌ സ്വന്തമായ ചിന്ത ഉണ്ടായിക്കൂടെന്നാണോ? സ്വാതന്ത്ര്യസമരകാലത്തുള്‍പ്പെടെ എല്ലായ്പ്പോഴും ദേശാഭിമാനത്തിനും ദേശീയ പ്രസ്ഥാനങ്ങള്‍ക്കും എതിരായിരുന്ന ഒരു പരിവാറിലും പാര്‍ട്ടിയിലും ഉള്‍പ്പെടുന്ന വ്യക്തിയാണ്‌ സൈനികരുടെ വധത്തെ കമ്മ്യൂണിസ്റ്റുകാര്‍ ആഘോഷിക്കുന്നുവെന്ന വാസ്തവവിരുദ്ധമായ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്‌. അങ്ങനെയുള്ള ഒരാളെ ഒന്നുകില്‍ മാപ്പ്‌ പറയിപ്പിക്കുക, അല്ലെങ്കില്‍ കെട്ടുകെട്ടിക്കുക.

ത്രിവര്‍ണ പതാകയേന്തിയാണ്‌ എബിവിപി പ്രവര്‍ത്തകര്‍ മാര്‍ച്ച്‌ നടത്തിയത്‌. സ്വാതന്ത്ര്യത്തിനുശേഷം ത്രിവര്‍ണ പതാക ഉയര്‍ത്താന്‍ വിസമ്മതിച്ച സംഘടനയാണ്‌ ആർഎസ്‌എസ്‌ എന്ന്‌ ഇവര്‍ മറന്നുപോകുന്നു. തങ്ങളുടെ ഫാസിസ്റ്റ്‌ ദുരാഗ്രഹങ്ങളെ മറച്ചുവയ്ക്കാനാണ്‌ സ്വയം പ്രഖ്യാപിത ദേശീയസ്നേഹവുമായി ഇവര്‍ രംഗത്തെത്തുന്നത്‌. ഹിറ്റ്ലറുടെയും ഗീബല്‍സിന്റെയും ദര്‍ശനങ്ങളാണ്‌ സംഘപരിവാറും സമാനസ്വഭാവമുള്ള സംഘടനകളും പിന്തുടരുന്നത്‌. രാജ്യത്തിന്റെ ഐക്യവും അന്തസത്തയും സംരക്ഷിക്കുന്നതിനും അതിന്റെ മതേതര ജനാധിപത്യ സംവിധാനങ്ങളെ കാത്തുരക്ഷിക്കുന്നതിനും ഇത്തരത്തിലുള്ള നെറികെട്ട പ്രവര്‍ത്തനങ്ങള്‍ പുറത്തുകൊണ്ടുവരേണ്ടതുണ്ട്‌.

ജനയുഗം

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top