Flash News
मच्छरों के चक्कर में फंसे सौरव गांगुली, कोलकाता नगर निगम भेजगा नोटिस   ****    ബംഗ്ലാദേശിലേക്ക് പാലായനം ചെയ്ത റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ പുനരധിവസിക്കാമെന്ന് മ്യാന്മാര്‍   ****    തന്നെ ഉപേക്ഷിച്ച യജമാനന്‍ തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ച് കാത്തിരുന്ന നായ ഒടുവില്‍ മരണത്തിനു കീഴടങ്ങി   ****    ഏഷ്യാനെറ്റ് ചാനല്‍ മേധാവി രാജീവ് ചന്ദ്രശേഖറിന്റെ നിര്‍മ്മാണത്തിലിരിക്കുന്ന റിസോര്‍ട്ട് ഡി‌വൈ‌എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു; പോലീസ് നോക്കുകുത്തികളായി   ****    ഓടുന്ന ട്രെയ്‌നില്‍ മുസ്ലിം പുരോഹിതരെ മര്‍ദ്ദിച്ച് അവശരാക്കി പുറത്തേക്ക് വലിച്ചെറിഞ്ഞു; രാജ്യത്തെ നടുക്കിയ സംഭവം നടന്നത് യോഗി ആദിത്യനാഥിന്റെ നാട്ടില്‍; അക്രമികളെ പിടികൂടിയിട്ടില്ലെന്ന് പോലീസ്   ****   

വീരപ്പനെ പിടികൂടാന്‍ ഞാന്‍ ആരേയും സഹായിച്ചിട്ടില്ല; മാധ്യമ വാര്‍ത്തകള്‍ നിഷേധിച്ച് പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മ‌അ്‌ദനി

March 5, 2017

veerappan fullകര്‍ണാടക: കാട്ടുകള്ളന്‍ വീരപ്പനെ പിടികൂടാന്‍ സഹായിച്ചെന്ന മാധ്യമ വാര്‍ത്തകള്‍ നിഷേധിച്ച് പരപ്പ അഗ്രഹാര ജയിലില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനി. പുതുതായി പ്രചരിക്കുന്ന വാര്‍ത്ത അവാസ്തവമാണെന്നതിന് തെളിവ് ആ വാര്‍ത്തയില്‍ തന്നെയുണ്ടെന്ന് അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു.

രണ്ട് ദിവസം മുമ്പ് ഒരു മലയാള ദിനപ്പത്രത്തില്‍ വീരപ്പനെ പോലീസ് വധിച്ചതുമായി ബന്ധപ്പെട്ട് എന്റെ പേര് പരാമര്‍ശിക്കുന്ന ഒരു വാര്‍ത്ത വന്നതായി അറിഞ്ഞു. ഒരു ഐ.പി.എസ് ഓഫീസര്‍ വീരപ്പന്‍ വേട്ടയുടെ പിന്നാമ്പുറങ്ങള്‍ എന്ന നിലയില്‍ എഴുതിയ പുസ്തകത്തില്‍ പരാമര്‍ശിക്കുന്ന ഒരു സാങ്കല്‍പിക പേരുകാരന്‍ ഞാന്‍ ആണെന്ന രീതിയില്‍ വന്ന ആ വാര്‍ത്തയോട് ഞാന്‍ പ്രതികരിക്കേണ്ടതില്ല എന്ന് കരുതിയതാണ്. എന്നാല്‍ മറ്റൊരു റിട്ടേര്‍ഡ് പോലീസ് ഉദ്യോഗസ്ഥന്റെ പേരില്‍ “ആദ്യ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന സാങ്കല്‍പിക പേരുകാരന്‍ മഅ്ദനി തന്നെയാണെന്ന് സ്ഥിരീകരിച്ചു” എന്ന രീതിയില്‍ വീണ്ടും ഇന്ന് ചില പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായും ഇക്കാര്യത്തില്‍ ഒരു മറുപടിയുണ്ടാകണമെന്നുമുള്ള നിരവധി അഭ്യുദയകാംക്ഷികളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് ഈ കുറിപ്പ് എഴുതുന്നതെന്നും അദ്ദേഹം കുറിച്ചു.

“പുതുതായി പ്രചരിക്കുന്ന ഈ വാര്‍ത്ത അവാസ്തവമാണെന്നതിന്റെ തെളിവുകള്‍ അതേ വാര്‍ത്തകളില്‍ തന്നെയുണ്ട്. പുസ്തകം എഴുതിയെന്ന് പറയുന്നയാള്‍ അവകാശപ്പെടുന്നത് ‘ജാമ്യം സംബന്ധമായ കാര്യങ്ങളില്‍ എന്നെ സഹായിക്കാം’ എന്ന് പോലീസ് ഞാനുമായി ധാരണയുണ്ടാക്കിയെന്നും മറ്റേയാള്‍ പറയുന്നത് അന്നത്തെ മുഖ്യമന്ത്രിയുടെ താത്പര്യ പ്രകാരമായിരുന്നു ചര്‍ച്ച” എന്നുമാണ്. വാര്‍ത്തകള്‍ വരുന്ന ഈ കാലയളവ് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയായിരുന്നുവെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു. മദ്രാസ് ഹൈക്കോടതിയില്‍ താന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കുവാന്‍ സുപ്രീം കോര്‍ട്ട് സീനിയര്‍ അഭിഭാഷകന്‍ കെ.ടി.എസ് തുള്‍സിയെ കൊണ്ടുവന്നതും പിന്നീട് അതേ വക്കീല്‍ തന്നെ സുപ്രീം കോടതിയില്‍ അതിശക്തമായി ജാമ്യാപേക്ഷയെ എതിര്‍ത്തതും ജയലളിതയുടെ കാലയളവിലാണെന്ന് അദ്ദേഹം പറഞ്ഞു.

ജയലളിതാ ഗവണ്‍മെന്റിന്റെ കഠിനമായ എതിര്‍പ്പുകാരണം സുപ്രീം കോടതി ജാമ്യാപേക്ഷ തള്ളുമ്പോള്‍ “വിദഗ്ദമായ ആയൂര്‍വേദ ചികിത്സ നല്‍കണം” എന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ നൂറ് മില്ലിഗ്രാം തൈലവുമായി ഒരു തെറാപ്പിസ്റ്റിനെ ജയിലില്‍ അയച്ച് സുപ്രീം കോടതി വിധിയെ തന്നെ പരിഹസിക്കുകയായിരുന്നു അന്ന് സര്‍ക്കാര്‍ ചെയ്തതെന്നും അദ്ദേഹം ആരോപിക്കുന്നു.

“തന്നെ സന്ദര്‍ശിക്കുവാന്‍ വന്ന ഭാര്യയെയും ഇളയ മകനെയും ജയിലിന് മുന്നില്‍ വെച്ച് പോലീസ് ഉപദ്രവിച്ചതും ഭാര്യയുടെ മേല്‍ കള്ളക്കേസ് ചുമത്തിയതും 3 വര്‍ഷത്തോളം എനിക്ക് കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ ഒരൊറ്റ സന്ദര്‍ശകനെയും അനുവദിക്കാതിരുന്നതും അവസാനം ജയിലിന്റെ മതില്‍ക്കെട്ടിനുള്ളില്‍ നിന്ന് പുറത്തെവിടെയും കൊണ്ട് പോകരുത്” എന്ന് ബാന്‍ ഓര്‍ഡര്‍ പുറപ്പെടുവിച്ചതും ഇതേ ജയലളിതാ സര്‍ക്കാവരാണെന്നും മഅ്ദനി പറയുന്നു.

കോയമ്പത്തൂര്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിരുന്ന 164 പേരില്‍ ഞാന്‍ ഒഴികെ മുഴുവനാളുകള്‍ക്കും പരോള്‍ നല്‍കിയപ്പോഴും എന്റെ ഉമ്മുമ്മ മരണപ്പെട്ട വേളയില്‍ പോലും എനിക്ക് പരോള്‍ നിഷേധിച്ചതും അത് കേരളത്തില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് വകവെച്ചതും ഇതേ കാലയളവിലാണ്. എന്റെ കൃത്രിമക്കാല്‍ മാറ്റിവെക്കാന്‍ ചെന്നൈയിലെ ഒരു ഗവണ്‍മന്റ് സ്ഥാപനത്തില്‍ പോകാന്‍ അനുമതി ചോദിച്ചുകൊണ്ട് മദ്രാസ് ഹൈക്കോടതിയില്‍ ഞാന്‍ സമര്‍പ്പിച്ച പെറ്റീഷനെ ശക്തമായി എതിര്‍ത്തില്ല എന്ന് കാരണം പറഞ്ഞ് അന്നത്തെ ഹോം സെക്രട്ടറി മുനീറുല്‍ ഹുദായെ നിഷ്‌കരുണം സര്‍വ്വീസില്‍ നിന്ന് സസ്പന്റ് ചെയ്ത അതേ ജയലളിത “വീരപ്പനെ പിടിക്കാന്‍” എന്റെ അടുത്തേക്ക് ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥരെ പറഞ്ഞുവിട്ടു എന്ന് പറയുന്നതിലെ “വങ്കത്തം” സാധാരണ മനുഷ്യര്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്നതേയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

ഭരണകൂടത്തിന്റെ അക്രമങ്ങള്‍ക്കെതിരെയുള്ള ചെറുത്തുനില്‍പ്പിന്റെ പ്രതീകമായിട്ടാണ് നല്ലൊരു പങ്ക് തമിഴരും വീരപ്പനെ കണ്ടിരുന്നതെന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. കാര്യമായ തോതില്‍ തമിഴ് ജനതയുടെ പിന്തുണയും തമിഴ് ലിബറേഷന്‍ പ്രവര്‍ത്തകരുടെ സഹായവുമൊക്കെ ഉണ്ടായിരുന്ന വീരപ്പനെ “സഹായിക്കാന്‍” ആളെ തേടി അദ്ദേഹത്തിന്റെ ജ്യേഷ്ഠന്‍ എന്നെ സമീപിച്ചുവെന്ന ഒരു പുതിയ കഥ രൂപപ്പെടുത്തിയെടുക്കുന്നത് ചില ഗൂഢോദ്ദേശ്യത്തോടെയാണെന്നാണ് മനസ്സിലാകുന്നതെന്നും മഅ്ദനി പറഞ്ഞു.

ഒരു കാര്യം എനിക്കുറപ്പിച്ച് പറയാന്‍ കഴിയും വീരപ്പനെയോ മറ്റാരെയെങ്കിലുമോ വധിക്കുന്നതിനായി പ്രത്യക്ഷമായോ പരോക്ഷമായോ ഒരു സഹായവും ഞാന്‍ ആര്‍ക്കും ചെയ്തുകൊടുത്തിട്ടില്ല. വീരപ്പനെക്കാളും “വലിയ ശത്രു”വായിട്ട് എന്നെ കൈകാര്യം ചെയ്തിരുന്ന ജയലളിതയുടെ പോലീസിന്റെ ഭാഗത്ത് നിന്നും ഒരു സൂചിത്തുമ്പിന്റെ അളവ് സഹായം പോലും എന്റെ ജയില്‍വാസകാലഘട്ടത്തില്‍ എനിക്ക് ലഭിച്ചിട്ടുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ബാംഗ്ലൂരില്‍ എന്നെ കുടുക്കിയിരിക്കുന്ന കേസിന്റെ വിചാരണ അവസാന ഘട്ടത്തിലേക്കെത്തുമ്പോള്‍ എനിക്ക് പുതിയ ശത്രുക്കളെ സൃഷ്ടിക്കുന്നതിനും പുതിയ കുടുക്കുകള്‍ തീര്‍ക്കുന്നതിനുമുള്ള ചിലരുടെ കുതന്ത്രങ്ങളാണോ ഈ “വെളിപ്പെടുത്തലുകള്‍ക്ക്” പിന്നിലെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. എന്റെ വലതുകാല്‍ ബോംബ് വെച്ച് തകര്‍ത്ത ശത്രുക്കള്‍ക്ക് മാപ്പ് കൊടുത്തതായി കോടതിയില്‍ വ്യക്തമാക്കി അവരെ വെറുതെ വിടുന്നതിന് സാഹചര്യം ഉണ്ടാക്കിയ ഞാന്‍, എനിക്ക് ഒരു ദ്രോഹവും ചെയ്തിട്ടില്ലാത്ത ഒരാളെ കൊല്ലുന്നതിന് ഏതെങ്കിലും നിലയില്‍ സഹായിക്കേണ്ട ഒരു കാര്യവുമില്ലല്ലൊ എന്നും മഅ്ദനി ചോദിക്കുന്നു.

വീരപ്പന്‍ വേട്ടയ്ക്ക് നേതൃത്വം നല്‍കിയ പ്രത്യേക ദൗത്യസേന തലവനായിരുന്ന കെ. വിജയകുമാര്‍ ഫെബ്രുവരിയില്‍ പുറത്തിറക്കിയ ‘വീരപ്പന്‍, ചേസിംഗ് ദി ബ്രിഗന്‍ഡ്’ എന്ന പുസ്തകത്തിലാണ് മ‌അ്‌ദനിയെക്കുറിച്ച് പരാമര്‍ശിച്ചിട്ടുള്ളത്. വസ്തുതകളല്ലാതെ ഒരു വരിപോലും തന്റെ പുസ്തകത്തിലില്ലെന്നും സുരക്ഷാകാരണങ്ങള്‍കൊണ്ടും രഹസ്യാത്മകത നിലനിര്‍ത്താനും ചില പേരുകളിലും സംഭവങ്ങള്‍ നടന്ന ക്രമത്തിലും മാറ്റം വരുത്തിയെന്നും, ഔദ്യോഗിക രഹസ്യ നിയമപ്രകാരം വെളിപ്പെടുത്താനാവാത്ത ചില കാര്യങ്ങള്‍ ഒഴിവാക്കിയിട്ടുണ്ടെന്നും വിജയകുമാര്‍ പറയുന്നു. പുസ്തകത്തില്‍ പറയുന്ന ‘ദമനി’ പി.ഡി.പി. നേതാവ് അബ്ദുന്നാസര്‍ മ‌അ്‌ദനി തന്നെയാണോ എന്ന് ചോദിച്ചാല്‍ ആണെന്നോ അല്ലെന്നോ പറയില്ല. വീരപ്പനിലെത്താനുള്ള നിര്‍ണായകമായ വഴിയായിരുന്നു ‘ദമനി’ എപ്പിസോഡ് എന്നുമാത്രം പറയാം എന്നാണ് വിജയകുമാര്‍ പ്രതികരിച്ചത്.

നിലവില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തില്‍ സുരക്ഷാ ഉപദേഷ്ടാവായി പ്രവര്‍ത്തിക്കുകയാണ് വിജയകുമാര്‍. ഫെബ്രുവരി എട്ടിന് ന്യൂഡല്‍ഹിയിൽ നടന്ന ചടങ്ങില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗാണ് പുസ്തകം പ്രകാശനം ചെയ്തത്. വീരപ്പന്‍ വേട്ടയ്ക്ക് പിന്നിലെ അറിയാക്കഥകള്‍ വെളിപ്പെടുത്തുന്നു എന്ന് അവകാശപ്പെടുന്ന പുസ്തകത്തില്‍ ‘ദമനി’ എന്ന പേരിലാണ് വിജയകുമാര്‍ അബ്ദുല്‍ നാസര്‍ മ‌അ്‌ദനിയെക്കുറിച്ച് പരാമര്‍ശിക്കുന്നത്. ദക്ഷിണേന്ത്യന്‍ നഗരങ്ങളില്‍ ബോംബ് സ്ഫോടനങ്ങള്‍ നടത്തിയതിന്റെ ഗൂഢാലോചനക്കുറ്റത്തിന് ‘ദമനി’ കോയമ്പത്തൂര്‍ ജയിലില്‍ കഴിയുന്ന കാലം. അതേ കാലയളവില്‍ വീരപ്പന്റെ മൂത്ത ജ്യേഷ്ഠന്‍ മാതയ്യനും കോയമ്പത്തൂര്‍ ജയിലിലുണ്ട്. മാതയ്യനും ‘ദമനി’യും തമ്മില്‍ സൗഹൃദത്തിലായി. തന്റെ സംഘത്തിലേക്ക് പുതിയ ആളുകളെ റിക്രൂട്ട് ചെയ്യാന്‍ വീരപ്പന്‍ ശ്രമിക്കുന്നുവെന്ന വിവരം ലഭിച്ച എസ്.ടി.എഫ്. ഉദ്യോഗസ്ഥര്‍ 2003 സെപ്റ്റംബറില്‍ ജയിലിലെത്തി ‘ദമനി’യെ കണ്ടു.

വീരപ്പന്റെ കൂടെ പ്രവര്‍ത്തിക്കാന്‍ തന്റെ നാല് അനുയായികളെ വിട്ടുനല്‍കാമെന്ന് മാതയ്യനോട് പറയണമെന്ന് എസ്.ടി.എഫ്. ഉദ്യോഗസ്ഥര്‍ ‘ദമനി’യോട് ആവശ്യപ്പെട്ടു. പ്രത്യുപകാരമായി ‘ദമനി’യുടെ ജാമ്യനടപടികള്‍ വേഗത്തിലാക്കാന്‍ സഹായിക്കാമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പു നല്‍കി. ഏറെ ചര്‍ച്ചകള്‍ക്കുശേഷം ‘ദമനി’ സമ്മതംമൂളി. തന്റെ കൂടെ നില്‍ക്കുന്ന നാലുപേരെ വീരപ്പന്‍ സംഘത്തിലേക്ക് അയയ്ക്കാമെന്ന് ‘ദമനി’ മാതയ്യനോട് പറഞ്ഞു. ജയിലില്‍ തന്നെ പതിവായി കാണാന്‍ വരുന്ന മരുമകന്റെ സഹായത്തോടെ മാതയ്യന്‍ ഈ വിവരം വീരപ്പന്റെ അടുത്തെത്തിച്ചു. അങ്ങനെയാണ് താന്‍ ‘തിരക്കഥയൊരുക്കിയ പദ്ധതി’ നടപ്പാക്കിയതെന്ന് പുസ്തകത്തില്‍ വിജയകുമാര്‍ വിവരിക്കുന്നു. പിന്നീടുള്ള ദിവസങ്ങളിലൊന്നും ‘ദമനി’ക്ക് മാതയ്യനെ കാണാന്‍ ജയിലില്‍ അവസരമുണ്ടാക്കിയില്ല. ജയിലിലേക്കുള്ള മാതയ്യന്റെ മരുമകന്റെ വരവും പൊലീസ് പലകാരണങ്ങള്‍ പറഞ്ഞ് തടഞ്ഞു. ഈ സമയത്ത് ‘ദമനി’ പറഞ്ഞുവിട്ട ആള്‍ക്കാര്‍ എന്ന പേരില്‍ കന്യാകുമാരി സ്വദേശി ഹിദായത്തുള്ളയും നാലു സുഹൃത്തുക്കളും സത്യമംഗലം കാട്ടിലെത്തി വീരപ്പന്‍ സംഘത്തോടൊപ്പം ചേര്‍ന്നു.

വിവരങ്ങള്‍ ചോർത്താന്‍ എസ്.ടി.എഫ്. ഏര്‍പ്പാടാക്കിയതായിരുന്നു ഇവരെ. ആഴ്ചകളോളം വീരപ്പന്‍ സംഘത്തോടൊപ്പം കഴിഞ്ഞ ഇവര്‍ കാര്യങ്ങള്‍ മനസ്സിലാക്കി. വീരപ്പന്റെ കണ്ണുകളെ തിമിരം മൂടിയിട്ടുണ്ടെന്നും പുറംലോകത്തെത്തി ചികിത്സ നേടാന്‍ ശ്രമിക്കുന്നുണ്ടെന്നുമുള്ള നിര്‍ണായകവിവരം നൽകിയതും ഇവരാണ്. സംഘത്തിലെത്തിയ പുതിയ ചെറുപ്പക്കാരുടെ പെരുമാറ്റത്തില്‍ പന്തികേടുതോന്നിയ വീരപ്പന്‍ ഏതാനും ദിവസങ്ങള്‍ക്കു ശേഷം അവരോട് നാട്ടിലേക്ക് പൊയ്ക്കൊള്ളാന്‍ പറഞ്ഞു. പുതിയ ചില ‘ഓപ്പറേഷനു’കള്‍ പ്ലാന്‍ ചെയ്യുന്നുണ്ടെന്നും വിവരം അറിയിക്കുമ്പോള്‍ വീണ്ടും വരണമെന്നും പറഞ്ഞാണ് പറഞ്ഞുവിട്ടത്.

ഹിദായത്തുള്ളയും സംഘവും നല്‍കിയ വിവരങ്ങള്‍വെച്ച് വീരപ്പനെയും സംഘത്തെയും വകവരുത്താന്‍ ‘ഓപ്പറേഷന്‍ കൊക്കൂണ്‍’ എന്ന പേരില്‍ വിജയകുമാര്‍ പദ്ധതിയൊരുക്കി. നേത്രശസ്ത്രക്രിയയ്ക്കായി നാട്ടിലേക്ക് തിരിച്ച വീരപ്പനെയും മൂന്നു കൂട്ടാളികളെയും 2004 ഒക്ടോബര്‍ 18-ന് ധര്‍മപുരി ജില്ലയിലെ പാപ്പിരപട്ടി ഗ്രാമത്തില്‍ വെച്ച് എസ്.ടി.എഫ്. സേനാംഗങ്ങള്‍ വെടിവച്ചുകൊന്നു. ‘ദമനി’യുടെ ശിഷ്യന്മാര്‍ എന്ന പേരില്‍ വീരപ്പന്‍ സംഘത്തില്‍ നുഴഞ്ഞുകയറിയ തങ്ങളുടെ ആള്‍ക്കാര്‍ നല്‍കിയ വിലപ്പെട്ട വിവരങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ വീരപ്പന്‍ വേട്ട ഇത്ര എളുപ്പമാകില്ലായിരുന്നുവെന്ന് വിജയകുമാര്‍ പറയുന്നു.

1975-ലെ ഐ.പി.എസ്. കേഡര്‍ ഉദ്യോഗസ്ഥനായ വിജയകുമാര്‍ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം സ്വദേശിയാണ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ വനസമ്പത്തിനും ജനങ്ങള്‍ക്കും ഭീഷണിയായ വീരപ്പന്‍ എന്ന കൊള്ളക്കാരനെ ഇല്ലാതാക്കിയതെങ്ങനെ എന്നതിന്റെ സത്യസന്ധമായ വിവരണമാണ് താനെഴുതിയ ‘വീരപ്പന്‍: ചേസിംഗ് ദി ബ്രിഗന്‍ഡ്’ എന്ന പുസ്തകമെന്നും വിജയകുമാര്‍ പറയുന്നു.

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top