Flash News
മുഖ്യമന്ത്രിയും തെരഞ്ഞെടുപ്പു വിധിയും: അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്   ****    പട്ടാള ഭരണത്തിനെതിരെ സമരം ചെയ്ത എഴുപതോളം വനിതകളെ സുഡാന്‍ സൈന്യം കൂട്ട ബലാത്സംഗം ചെയ്തെന്ന് റിപ്പോര്‍ട്ട്; ഐക്യരാഷ്ട്ര സംഘടന അന്വേഷണം പ്രഖ്യാപിച്ചു   ****    തിരുവനന്തപുരം വിമാനത്താവളം പൊതുമേഖലയില്‍ത്തന്നെ നിലനിര്‍ത്തണമെന്ന് മുഖ്യമന്ത്രി; സംസ്ഥാനത്തിന്റെ എതിര്‍പ്പ് പ്രധാനമന്ത്രിയെ ധരിപ്പിച്ചു   ****    ചിക്കാഗോ സമുദായ നേതാക്കള്‍ അറ്റ്‌ലാന്റയിലെ ഹോളി ഫാമിലി ക്നാനായ പള്ളിയുടെ ദശാബ്‌ദി ആഘോഷത്തിന് പിന്തുണയുമായി മുന്‍നിരയില്‍   ****    വനിതാ പോലീസ് ഉദ്യോഗസ്ഥയെ തീ കൊളുത്തി കൊന്നു; കൊലയാളി പിടിയിൽ   ****   

ആര്‍.എസ്.എസ് കൊലവിളിയും മുഖ്യമന്ത്രിയുടെ തിരുത്തും

March 5, 2017

RSS Kola sizeമുഖ്യമന്ത്രി പിണറായി വിജയന്റെ തലയെടുത്താല്‍ ഒരുകോടി രൂപ പാരിതോഷിതം താലിബാന്‍ ശൈലിയില്‍ ആര്‍.എസ്.എസ് നേതാവ് പ്രഖ്യാപിച്ചിരിക്കയാണ്. കമ്മ്യൂണിസ്റ്റുകാര്‍ ഭരണത്തിലേറി ചരിത്രം സൃഷ്ടിച്ച കേരളത്തിലെ മൂന്നേകാല്‍കോടി ജനങ്ങളില്‍ മൂന്നുലക്ഷം പേരുടെ തലയെടുക്കുമെന്നുള്ള പ്രഖ്യാപനവുമുണ്ട്. ഇന്ത്യയിലെ ചരിത്ര – സാംസ്‌ക്കാരിക പെരുമയുടെ പുരാതന നഗരിയായ ഉജ്ജയിനിയില്‍ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടത്തില്‍ രക്തസാക്ഷികളായവരുടെ സ്മാരകമായ ഒരു പാര്‍ക്കില്‍നിന്നാണ് ആര്‍.എസ്.എസിന്റെ പ്രചാര്‍ പ്രമുഖിന്റെ ഈ ഫാസിസ്റ്റ് ആഹ്വാനം. അതും രണ്ട് ബി.ജെ.പി പാര്‍മെന്റംഗങ്ങളുടെ സാന്നിധ്യത്തില്‍. രാജ്യമാസകലം പ്രതിഷേധം ആഞ്ഞടിച്ചിട്ടും സംഘ് പരിവാര്‍ നേതാക്കള്‍ അപലപിക്കാതെ വ്യക്തിപരമെന്ന് ന്യായീകരിക്കുകയും ആര്‍.എസ്.എസ് പ്രമുഖന്‍ പ്രഖ്യാപനത്തില്‍ ഉറച്ചുനില്‍ക്കുകയുമാണ്. പ്രതിഷേധം ശക്തമായപ്പോള്‍ ഒരുദിവസംകഴിഞ്ഞ് ആര്‍.എസ്.എസിന് പുറത്താക്കേണ്ടിവന്നു.

പശ്ചിമബംഗാളില്‍ ഇടതുമുന്നണി ഗവണ്മെന്റിനെ തുടര്‍ച്ചയായി വിജയത്തിലേക്കു നയിച്ച മുഖ്യമന്ത്രി ജ്യോതി ബസുവിനെതിരെ ആനന്ദമാര്‍ഗികള്‍ നടത്തിയിരുന്ന കൊലവിളിയെയാണ് ഇത് ഓര്‍മ്മിപ്പിച്ചത്. ‘മൂന്നുലക്ഷം തലകള്‍ കൊരുത്ത മാല തങ്ങള്‍ ഭാരതമാതാവിന് സമര്‍പ്പിക്കു’മെന്നുള്ള പ്രഖ്യാപനം വിശേഷിച്ചും. മനുഷ്യരുടെ തലയറുത്ത് രക്തപാനംചെയ്ത് തലയോട്ടി മാലയണിഞ്ഞ് രക്തതാണ്ഡവമാടുന്നവരായിരുന്നു ആനന്ദമാര്‍ഗികളും.

പറ്റ്‌ന റെയില്‍വെ സ്റ്റേഷനില്‍വെച്ച് മുഖ്യമന്ത്രി ജ്യോതിബസുവിനുനേരെ നിറയൊഴിച്ച് ആനന്ദമാര്‍ഗികള്‍ വ്യക്തിപരമായിത്തന്നെയാണ് ഗൂഢാലോചന നടപ്പാക്കാന്‍ ശ്രമിച്ചത്. തലനാരിഴയ്ക്ക് മരണത്തില്‍നിന്ന് ജ്യോതിബസു രക്ഷപെട്ടു. ആനന്ദമാര്‍ഗികളുടേത് ഒരു അന്താരാഷ്ട്ര ഗൂഢാലോചന ആയിരുന്നെന്ന് പിന്നീട് വെളിപ്പെട്ടു.

രാഷ്ട്രീയ പശ്ചാത്തലം എന്തുതന്നെയായാലും കേരളത്തിലെ മൂന്നേകാല്‍കോടി ജനങ്ങളുടെ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. അദ്ദേഹത്തെ കര്‍ണാടകത്തിലും മധ്യപ്രദേശിലും ഡല്‍ഹിയിലും കാല്‍കുത്താന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ഹര്‍ത്താലടക്കമുള്ള പ്രതിഷേധ പരമ്പരകള്‍ സംഘടിപ്പിച്ചുവരികയായിരുന്നു ബി.ജെ.പി – ആര്‍.എസ്.എസ് സംഘശക്തികള്‍. അത് മുഖ്യമന്ത്രി പിണറായിയുടേയും മൂന്നുലക്ഷം കേരളീയരുടേയും തലയെടുപ്പ് തലയെടുപ്പ് പ്രഖ്യാപനംവരെയെത്തി. ഒമ്പതുമാസമായി കേരളത്തില്‍ അധികാരത്തിലിരിക്കുന്ന ഇടതുപക്ഷ – ജനാധിപത്യ മുന്നണി ഗവണ്മെന്റിനെ രണ്ടാം വിമോചന സമരത്തിലൂടെ അധികാരത്തില്‍നിന്ന് നീക്കാനുള്ള സംഘ്പരിവാര്‍ പ്രഖ്യാപനത്തിന്റെ ഭാഗമായ വിഷംചീറ്റല്‍.

ആറു പതിറ്റാണ്ടുകള്‍ക്കുമുമ്പ് ബാലറ്റ് പെട്ടിയിലൂടെ കമ്മ്യൂണിസ്റ്റുകാരെ ഭരണത്തിലെത്തിച്ച രാഷ്ട്രീയ പ്രബുദ്ധരുടെ നാടാണ് കേരളം. ഗുജറാത്തിലെ ഗോധ്രയില്‍ മോദിയുടെ ഭരണത്തിന്റെ തണലില്‍ രണ്ടായിരംപേരുടെ തലയെടുത്തതുപോലെ കേരളത്തിലും ചെയ്യുമെന്ന് ഉജ്ജയിനി പ്രഖ്യാപനത്തില്‍ മുന്നറിയിപ്പുണ്ട്. കേരളത്തില്‍നിന്നുള്ള ബി.ജെ.പി നേതാവ് കഴിഞ്ഞദിവസം മംഗലാപുരത്തു നടത്തിയ കൊലവിളിയുമായി ഇത് ചേര്‍ന്നുപോകുന്നു. ഉജ്ജയിനി സംഭവത്തെ ആര്‍.എസ്.എസിന് തള്ളിപ്പറയേണ്ടിവന്നത് ശരിതന്നെ. കേരളത്തില്‍ മറ്റൊരു ഗോധ്ര നടപ്പാക്കാനാകില്ല എന്നതു മറ്റൊരുകാര്യം. എന്നാല്‍ ന്യൂനപക്ഷങ്ങളെ ദേശദ്രോഹികളെന്നു വിളിച്ച് ആക്ഷേപിക്കുന്നതുപോലെ കമ്മ്യൂണിസ്റ്റുകാരെയും ഇപ്പോള്‍ രാജ്യദ്രോഹികളെന്നു ആക്ഷേപിക്കുന്നു. കമ്മ്യൂണിസ്റ്റുകാര്‍ക്ക് കേരളത്തിനുപുറത്ത് ഉപരോധമേര്‍പ്പെടുത്താനുള്ള രാഷ്ട്രീയ തീരുമാനം രഹസ്യമായി ആര്‍.എസ്.എസ് എടുത്തതായി കണക്കാക്കണം.

രാഷ്ട്രപിതാവ് ഗാന്ധിജിയെ വധിച്ചതിനെതുടര്‍ന്ന് ഏര്‍പ്പെടുത്തിയ ആര്‍.എസ്.എസ് നിരോധം 1949 ജൂലായ് 11ന് പിന്‍വലിച്ചത് ഇന്ത്യന്‍ ഭരണഘടനയും ദേശീയപതാകയായ ത്രിവര്‍ണ്ണ പതാകയും അംഗീകരിച്ചും രാഷ്ട്രീയപാര്‍ട്ടിയായി പ്രവര്‍ത്തിക്കില്ലെന്നും എം.എസ് ഗോള്‍വാള്‍ക്കര്‍ രേഖാമൂലംനല്‍കിയ കറാറിന്റെ ഭാഗമായാണ്. ആ ആര്‍.എസ്.എസിന്റെ നിയന്ത്രണങ്ങള്‍ക്കും കല്പനകള്‍ക്കും വിധേയമായാണ് ബി.ജെ.പിയടക്കമുള്ള സംഘ് പരിവാര്‍ പ്രവര്‍ത്തിച്ചുവരുന്നത്. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ അധികാരത്തിലെത്തിയതിനെ തുടര്‍ന്നാണ് ഭരണഘടനയെയും ജനാധിപത്യത്തെയും അട്ടിമറിച്ചുകൊണ്ടുള്ള പരസ്യപ്രവര്‍ത്തനങ്ങളില്‍ ആര്‍.എസ്.എസ് വീണ്ടും ഏര്‍പ്പെട്ടിരിക്കുന്നത്.

ഭരണഘടനയുടെ ഫെഡറല്‍ വ്യവസ്ഥയ്ക്ക് വിധേയമായി പ്രവര്‍ത്തിക്കുന്ന സംസ്ഥാന ഗവണ്മെന്റിന്റെ മുഖ്യമന്ത്രിയുടെതന്നെ തലയെടുക്കാനും കേരളത്തിലും ഗോധ്രകള്‍ ആവര്‍ത്തിക്കാനുമുള്ള ആഹ്വാനങ്ങളും പ്രഖ്യാപനങ്ങളും ഉയരുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുതല്‍ കേരള നിയമസഭയിലെ ഏക ബി.ജെ.പി അംഗമായ ഒ രാജഗോപാല്‍വരെ അവരുടെ ഭരണഘടനാബാധ്യത ഉയര്‍ത്തിപ്പിടിക്കേണ്ടതുണ്ട്. ആര്‍.എസ്.എസിന്റെ ഭരണഘടനാവിരുദ്ധ നീക്കങ്ങളെ അപലപിക്കാന്‍ അവര്‍ തയാറാകുന്നില്ല. ആര്‍.എസ്.എസ് ആസ്ഥാനത്തുചെന്ന് ആജ്ഞ ഏറ്റുവാങ്ങുന്ന പ്രധാനമന്ത്രിക്കും മറ്റും അതു സാധ്യമല്ല.

യഥാര്‍ത്ഥത്തില്‍ ഇന്ത്യയിലാകെ ആര്‍.എസ്.എസ് നടത്തുന്ന ഈ കൊലവിളിയും അക്രമങ്ങളും ആര്‍.എസ്.എസ് മുമ്പ് കേന്ദ്ര ഗവണ്മെന്റിന് നല്‍കിയ ഉറപ്പിന്റെയും കരാറിന്റെയും അംഗീകരിക്കേണ്ടിവന്ന അവരുടെ പരസ്യ ഭരണഘടനയുടെയും നഗ്നമായ ലംഘനമാണ്. ഇതിനെ പാര്‍ലമെന്റിലും നീതിപീഠങ്ങള്‍ക്കുമുമ്പിലും തുറന്നുകാട്ടാനും പരിഹാരം കാണാനും എല്ലാ ജനാധിപത്യ – മതനിരപേക്ഷ പാര്‍ട്ടികള്‍ക്കു- വിശേഷിച്ച് ഇടതുപക്ഷങ്ങള്‍ക്ക് അടിയന്തര ഉത്തരവാദിത്വമുണ്ട്. ഈ ആവശ്യത്തിനുമുമ്പില്‍ ജനങ്ങളെ അണിനിരത്താനും. അതേസമയം സംസ്ഥാന ഗവണ്മെന്റിനും പൊലീസിനും നേതൃത്വം നല്‍കുന്ന സി.പി.എം കേരളത്തില്‍ ചിലേടങ്ങളില്‍ ഇപ്പോഴും തുടരുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ ആര്‍.എസ്.എസിനെ ന്യായീകരിക്കുന്നതാണ്.

അതേസമയം തങ്ങള്‍ക്കിഷ്ടമില്ലാത്തവരുടെ തലകൊയ്യാന്‍ ആര്‍.എസ്.എസിനോ സി.പി.എമ്മിനോ അവകാശാധികാരങ്ങളില്ല. ഒരു ഫാസിസ്റ്റ് പാര്‍ട്ടിയെന്ന നിലയ്ക്ക് സംഘ് പരിവാര്‍ നടത്തുന്ന അസഹിഷ്ണുതയ്‌ക്കെതിരെ ജനാധിപത്യ-മതനിരപേക്ഷ ബോധമുള്ളവര്‍ സ്വന്തം ജീവന്‍ അപകടപ്പെടുത്തിയും പ്രതികരിക്കും. തങ്ങള്‍ ചെയ്യുന്നത് മാത്രമാണ് ശരിയെന്ന് നിലപാടെടുക്കുന്നതും അസഹിഷ്ണുതയാണെന്ന് ടി. പത്മനാഭന്‍പോലും പറയുന്നത് മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ പാര്‍ട്ടിയും മനസ്സിലാക്കേണ്ടതുണ്ട്. ആര്‍.എസ്.എസിന്റെ അപകടകരമായ ഈ പോക്കിനെതിരായ കൂട്ടായ്മയെ തങ്ങളുടെ പ്രവൃത്തി ദുര്‍ബലപ്പെടുത്തുമെന്നും.

തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിക്കെതിരായ ഭീഷണി വിമര്‍ശനവിധേയമാക്കുകയും എതിര്‍ക്കപ്പെടുകയും ചെയ്യുന്നതുപോലെ മുഖ്യമന്ത്രി പിണറായി പിണറായി വിജയന്റെ തെറ്റായ നിലപാടുകളും ഭരണപരമായ വീഴ്ചകളും തുറന്നു വിമര്‍ശിക്കപ്പെടുന്നതും സ്വാഭാവികമാണ്. അതെല്ലാം കമ്മ്യൂണിസ്റ്റു പാര്‍ട്ടിയോടുള്ള വിരോധവും അസഹിഷ്ണുതയുമാണ് എന്ന നിലയില്‍ അവഗണിക്കുന്നതും വിമര്‍ശിക്കുന്നതും സംഘ് പരിവാര്‍ നിലപാടുകള്‍ക്ക് തുല്യമാണ്.

പ്രശസ്തയായ യുവനടി കൊച്ചിയില്‍ കാറില്‍ ആക്രമിക്കപ്പെട്ടതും മണിക്കൂറുകളോളം പീഢിപ്പിക്കപ്പെട്ടതും ഒറ്റപ്പെട്ട സംഭവമായി വിശേഷിപ്പിക്കപ്പെടേണ്ടതായിരുന്നില്ല. മൂന്നര പതിറ്റാണ്ടുമുമ്പ് ഡല്‍ഹിയില്‍ രാജ്യ മനസ്സാക്ഷിയെ ഞെട്ടിച്ച് ഒരു കാറില്‍ പതിനേഴും പതിനഞ്ചും വയസുള്ള ഗീത ചോപ്രയേയും അനിയന്‍ സഞ്ജയ് ചോപ്രയേയും രണ്ട് ക്രിമിനലുകള്‍ ആക്രമിച്ചപോലുള്ള സംഭവമാണിത്. ഗീതയും സഹോദരനും ക്രിമിനലുകളോട് ധീരമായി പോരാടിയെങ്കിലും അവര്‍ കൊല്ലപ്പെട്ടു. അവരുടെ അസാമാന്യ ധീരത രാജ്യമാകെ നെഞ്ചേറ്റി. അപ്രതീക്ഷിത ആക്രമണത്തില്‍ മനസാന്നിധ്യം തകരാതെ ജീവന്‍ രക്ഷപെടുത്തിയ യുവനടി അക്രമികളെ നിയമത്തിനുമുമ്പില്‍ കൊണ്ടുവരാനും സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്താനും അസാധാരണ മാതൃക കാട്ടി. സമൂഹമാകെ മകളും സഹോദരിയുമെന്ന നിലയില്‍ സാന്ത്വനമായും കരുത്തായും അവള്‍ക്കുപിന്നില്‍ അവസരോചിതമായി ഉറച്ചുനിന്നു.

ഡല്‍ഹി സംഭവത്തില്‍ ക്രിമിനലുകളായ ബില്ലയേയും രങ്കയേയും നാലുവര്‍ഷംകൊണ്ട് എല്ലാ നിയമക്രമങ്ങളും പൂര്‍ത്തിയാക്കി തൂക്കിലേറ്റാന്‍ കഴിഞ്ഞു. നടിയെ ആക്രമിച്ച സംഭവത്തില്‍ ആറുദിവസംകൊണ്ട് പള്‍സറടക്കം ആറ് പ്രതികളെ പിടികൂടിയത് അഭിനന്ദനാര്‍ഹമാണ്. എന്നാല്‍ നിര്‍ണ്ണായക തെളിവായ മൊബൈല്‍ ഫോണ്‍ ഒളിപ്പിക്കാനും ഒളിത്താവളങ്ങള്‍ ഒരുക്കാനും അഭിഭാഷക പിന്‍ബലം ഉറപ്പാക്കാനും സുനിക്ക് കഴിഞ്ഞത് വലിയ വീഴ്ചയുമാണ്. അതിനു പുറമെയാണ് പൊലീസ് വകുപ്പിന്റെകൂടി ചുമതലവഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ സംഭവത്തില്‍ ഗൂഢാലോചന ഇല്ലെന്ന് മുന്‍കൂറായി പറഞ്ഞത്. അല്ല ഗൂഢാലോചനയുണ്ടെന്ന് പൊലീസ് കോടതിയില്‍ പിറ്റേന്ന് ബോധിപ്പിച്ചതും.

ഒളിവിലിരുന്ന് ആക്രമണമോ കൊലപാതകമോ ആസൂത്രണം ചെയ്യുകയും ക്രിമിനലുകളെ ഉപയോഗിച്ച് അത് നടപ്പാക്കുകയും ചെയ്യുന്നതിനെയാണ് ഗൂഢാലോചനയെന്നു പറയുന്നത്. പ്രത്യക്ഷത്തില്‍ കുറ്റം ചെയ്തവരെപ്പോലെ കുറ്റം ചെയ്യിച്ചവരും തുല്യമായ ശിക്ഷ അര്‍ഹിക്കുന്നവരാണ്. നടിയെ ആക്രമിച്ച സംഭവത്തില്‍ കാണാമറയത്ത് ഗൂഢാലോചന നടത്തിയ ആരുമില്ലെന്നാണ് പ്രതികളെ ചോദ്യംചെയ്ത് തീരുംമുമ്പ് മുഖ്യമന്ത്രി കോഴിക്കോട്ട് ദീപികയുടെ 130-#ാ#ം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യവെ പറഞ്ഞത്. അത് സി.പി.എം മുഖപത്രംതന്നെ ഇങ്ങനെ റിപ്പോര്‍ട്ടുചെയ്തിരുന്നു: ‘പ്രതി (പള്‍സര്‍ സുനി)യുടെ മനസില്‍ ഉയര്‍ന്നുവന്ന ഒരു സങ്കല്‍പ്പത്തില്‍നിന്നാണ് കൊച്ചിയില്‍ നടിക്കെതിരെ കുറ്റകൃത്യം ഉണ്ടായത്. മനസ്സിലാക്കിയിടത്തോളം പ്രതി സ്വന്തം നിലയ്ക്ക് ചെയ്തതാണ്.’

പ്രതികളെ ഹാജരാക്കിയപ്പോള്‍ പ്രതിഭാഗം അഭിഭാഷകര്‍ മുഖ്യമന്ത്രിയുടെ വാക്കുകളാണ് പ്രതികള്‍ക്ക് സഹായകമായി കോടതിയില്‍ ഉന്നയിച്ചത്. എന്തു തിരുത്തുവരുത്തിയാലും ഇനി സുപ്രിംകോടതിവരെ പ്രതികളുടെ പ്രതിരോധ ആയുധം മുഖ്യമന്ത്രിയുടെ ഈ പ്രസ്താവനയാകും. തീവണ്ടിയില്‍ ആക്രമണത്തിന് ഇരയായി കൊലചെയ്യപ്പെട്ട ജിഷയുടെ ഘാതകന് കേരള ഹൈക്കോടതി വിധിച്ച വധശിക്ഷ സുപ്രിംകോടതി റദ്ദുചെയ്തു. കോടതിയില്‍ സാക്ഷിയാകാത്ത അജ്ഞാതനായ ഒരു യാത്രക്കാരന്റെ പൊലീസ് എഴുതിവെച്ച പ്രതിക്കനുകൂലമായ മൊഴിയുടെകൂടി അടിസ്ഥാനത്തിലായിരുന്നു സുപ്രിംകോടതി വധശിക്ഷ റദ്ദാക്കിയത്. മുഖ്യമന്ത്രിക്കും പൊലീസിനും ഈ കേസില്‍ ഇതൊരു മുന്നറിയിപ്പാണ്.

കുറ്റവാളികളല്ലാത്തവരെക്കുറിച്ച് മാധ്യമങ്ങളില്‍ ഒരു നടന്റെ പേര്‍ വന്നതാണ് അന്ന് മുഖ്യമന്ത്രിയെ അസ്വസ്ഥനാക്കിയത്. ഒരു കാരണവുമില്ലാതെ ഒരാളെ കുറ്റവാളിയായി ചിത്രീകരിക്കുന്നത് എന്തിനുവേണ്ടിയാണ്. മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ മാന്യത കാട്ടണം എന്നുപറഞ്ഞ മുഖ്യമന്ത്രി ഒരു മുന്നറിയിപ്പുകൂടി നല്‍കി: ‘സാങ്കല്‍പ്പിക കഥകള്‍ക്കു പിറകെ പോകാന്‍ പൊലീസുണ്ടാവില്ല. അതു മനസ്സിലാക്കിക്കോ. അക്കാലം കഴിഞ്ഞു.’

ഇതൊക്കെ സത്യസന്ധമായി പൊലീസും മുഖ്യമന്ത്രിയും പ്രയോഗത്തില്‍ വരുത്താന്‍പോകുന്ന കാര്യങ്ങളാണെന്ന് ജനങ്ങള്‍ക്ക് പക്ഷെ വിശ്വസിക്കാന്‍ പ്രയാസമുണ്ട്. ടി.പി ചന്ദ്രശേഖരന്റെ അതിദാരുണമായ കൊലപാതകത്തിന്റെ ഗൂഢാലോചന നടത്തിയത് നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിലെ വിജയം ഉറപ്പാക്കാന്‍ പി.സി ജോര്‍ജും സെല്‍വരാജും ചേര്‍ന്നാണ് എന്ന സാങ്കല്‍പ്പിക കഥ പത്രസമ്മേളനത്തില്‍ വിളിച്ചുപറഞ്ഞതും കോടതിവിധി വരുംവരെ പ്രചരിപ്പിച്ചതും സി.പി.എം ആയിരുന്നു!

ഒരു നടനെ നടിക്കെതിരായ ആക്രമണവുമായി ബന്ധപ്പെടുത്തി സമൂഹ-അച്ചടി മാധ്യമങ്ങള്‍ പ്രചരിപ്പിച്ചതോടൊപ്പം മുഖ്യമന്ത്രി വെളിപ്പെടുത്താത്ത മറ്റൊരു സങ്കല്‍പ്പ കഥകൂടിയുണ്ട്. മുഖ്യമന്ത്രിയുടെ നിഴലായി നടക്കുന്ന ഒരു ഉപദേശകന്റെ പേരുപറഞ്ഞ് അയാളാണ് കേസന്വേഷണം അട്ടിമറിക്കുന്നത് എന്ന്. നിയമസഭയില്‍ മുഖ്യമന്ത്രി പ്രസംഗിക്കുമ്പോള്‍ തൊട്ടടുത്തിരുന്ന വിശ്വസ്തനായ മന്ത്രി മുഖ്യമന്ത്രി പറയേണ്ട വിവരങ്ങള്‍ മൈക്കിലൂടെ സഭ കേള്‍ക്കെ ചൊല്ലിപ്പറയുന്നത് കഴിഞ്ഞദിവസം വാര്‍ത്തയായി. നിര്‍ത്തിയും ഉയര്‍ത്തിയും മണിമുഴക്കംപോലുള്ള പിണറായിയുടെ പ്രസംഗം കേട്ടുപോന്ന സഭയില്‍ ഈ കാഴ്ച അരോചകമായിരുന്നു. അതുപോലെ പൊലീസ് ഭരണകാര്യങ്ങളിലും മുഖ്യമന്ത്രിയുടെ ചെവിയില്‍ ഒരു ചൊല്ലിക്കൊടുപ്പുണ്ടോയെന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല.

മുഖ്യമന്ത്രിയുടേയും ഭരണകക്ഷിക്കാരുടേയും താല്പര്യത്തിന് തുടലില്‍ കുരുക്കി ചാടിക്കാനുള്ള കുഞ്ചിരാമനാണ് പൊലീസ് എന്ന് കഴിഞ്ഞ യു.ഡി.എഫ് മന്ത്രിസഭയുടെ കാലത്ത് ജനങ്ങള്‍ക്കനുഭവമുണ്ടായി. എല്‍.ഡി.എഫ് ഭരണത്തിലും അത് ആവര്‍ത്തിച്ചുകൂടാ. 2011ല്‍ ഭേദഗതിചെയ്ത പൊലീസ് നിയമമനുസരിച്ച് ഭരണഘടനാബാധ്യത സ്വന്തം നിലയില്‍ പൊലീസ് നിര്‍വ്വഹിക്കേണ്ടതുണ്ട്. നിയമം നിഷ്പക്ഷമായി നടപ്പാക്കേണ്ടതിന്റെ ബാധ്യത പൊലീസ് ഓഫീസര്‍മാരില്‍ നിക്ഷിപ്തമാണ്. അതില്‍ കൈകടത്താന്‍ മുഖ്യമന്ത്രിക്കോ മറ്റാര്‍ക്കെങ്കിലുമോ നിയമവും അതിനു നിദാനമായ ഭരണഘടനയും അനുമതി നല്‍കുന്നില്ല. ആ നിലയ്ക്ക് മിക്കപ്പോഴും പൊലീസിന് ഒരു ഭരണത്തിലും പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ല എന്നതാണ് കേരളത്തിലെ ക്രമസമാധാനത്തെയും നീതിന്യായത്തെയും ബാധിച്ചിട്ടുള്ള ഗുരുതരമായ രോഗം. യുവനടിയുമായി ബന്ധപ്പെട്ട കേസിന്റെ കാര്യവും വ്യത്യസ്തമല്ല.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top