Flash News

തമസ്ക്കരിക്കപ്പെടുന്ന സ്ത്രീ സമത്വം (ശ്രീകുമാര്‍ ഉണ്ണിത്താന്‍ )

March 8, 2017

sthree samathwam sizeഒരു അന്താരാഷ്ട്ര വനിതാദിനം കൂടി. ദേശത്തിന്റെ അതിര്‍ത്തികള്‍ക്കും ഭൂഖണ്ഡങ്ങളുടെ സംസ്‌കാരങ്ങള്‍ക്കുമപ്പുറത്ത് ഭാഷാ, ദേശ, സാമ്പത്തിക, രാഷ്ട്രീയ വൈവിധ്യങ്ങള്‍ മറന്ന് വനിതകള്‍ക്കായി ഒരു ദിനം.. ലിംഗനീതിയും ലിംഗസമത്വവും എന്നതാണ് ഇത്തവണത്തെ വനിതാ ദിനത്തിന്റെ സന്ദേശം. സ്ത്രീസംരക്ഷണ നിയമങ്ങള്‍ കേവലം വാഗ്ദാനങ്ങളാകുമ്പോള്‍ പെണ്‍ കരുത്തിനെ ഓര്‍മ്മപ്പെടുത്താന്‍ ഒരു ദിനം കൂടി നമുക്കു ആഘോഷിക്കാം.

ആരാണ് സ്ത്രീ? സ്ത്രീ വിമോചനത്തിന് വേണ്ടി ചിലര്‍ സംസാരിക്കുന്നത് കേട്ടാല്‍ വിചാരിക്കും സ്ത്രീ പുരുഷന്റെ ആരുമല്ലന്ന്. ഓരോ സ്ത്രീയും ഒരമ്മയായിരിക്കാം, ഒരു സഹോദരി ആയിരിക്കാം, ഒരു മകളായിരിക്കാം, ഒരു ഭാര്യ ആയിരിക്കാം. ഇവരില്‍ ഏവര്‍ക്കും നന്മ വരണമേ എന്ന് മാത്രമേ ഓരോ പുരുഷനും ആഗ്രഹിക്കുകയുള്ളു. പക്ഷേ കഴിഞ്ഞ കുറെ ദിവസങ്ങള്‍ ആയി കേള്‍ക്കുന്ന വാര്‍ത്തകള്‍ എല്ലാം സ്ത്രീ പീഡനത്തെ ചുറ്റി പറ്റിയാണ്. അതും എട്ടും പൊട്ടും തിരിയാത്ത കുഞ്ഞു കുരുന്നുകളോടു പുരുഷ വര്‍ഗം കാണിക്കുന്ന ക്രൂരത. മനസാഷിയുള്ള ഒരു മനുഷ്യനും പ്രതികരിക്കാതിരിക്കാന്‍ കഴിയാത്ത അവസ്ഥ .

വാളയാറില്‍ ഒരു പതിനൊന്നു വയസുകാരി തുങ്ങി മരിച്ചു. കുട്ടിയുടെ ‘അമ്മ പോലീസിനോട് പറഞ്ഞു എന്റെ കുഞ്ഞിനെ ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന്. പോലീസ് കേസ് എടുത്തില്ല. കാരണം ആ സാമ്പത്തിക ശേഷി കുറഞ്ഞ കുഞ്ഞുങ്ങളുടെ മാനത്തിനു പോലീസും അത്ര വില കല്‍പിച്ചില്ല. നാല്‍പത്തി രണ്ടു ദിവസത്തിനു ശേഷം അതിന്റെ സഹോദരി ഒന്‍പതു വയസുകാരി മൂന്നടി ഉയരം ഉള്ള കുഞ്ഞു എട്ടടി ഉയരത്തില്‍ തുങ്ങി നില്‍ക്കുന്നു. പോലീസിന്റെ അന്വേഷണത്തില്‍ കുഞ്ഞിനെ ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന്‌പോസ്റ്റുമോര്‍ട്ടത്തിലും ശാസ്ത്രീയ പരിശോധനയിലും തെളിഞ്ഞു. ഏതോ ഒരു സിനിമ നടിയുടെ ചാരിത്ര്യത്തെ പറ്റി കേരളത്തിലെ എല്ലാ മീഡിയകളിലും രാവും പകലും ചര്‍ച്ചകള്‍ നടത്തിയവര്‍ ഈ പാവം കുഞ്ഞുങ്ങളുടെ മാനം കവര്‍ന്നതും കെട്ടിത്തൂക്കിയതും കണ്ടഭാവം നടിക്കുന്നില്ല. മൂത്ത സഹോദരിയുടെ മരണസമയത്തു എങ്കിലും വേണ്ട വിധത്തില്‍ നീതി നടപ്പാക്കിയിരുന്നെങ്കില്‍ ഇളയ കുരിനിന്റെ ജീവന്‍ എങ്കിലും രക്ഷിക്കാമായിരുന്നു. ആ കുഞ്ഞുമോള്‍ നമ്മുടെ സമൂഹത്തോട് എന്ത് തെറ്റ് ആണ് ചെയ്തിട്ടുള്ളത് .

വയനാട്ടില്‍ യത്തീംഖാനയിലെ പ്രായപൂര്‍ത്തിയാകാത്ത ഏഴു പെണ്‍കുട്ടികളെ പീഢിപ്പിച്ചതും കൊട്ടിയൂരില്‍ വൈദിക വേഷമിട്ട റോബിന്‍ കൊച്ചുപെണ്‍കുട്ടിയെ പീഢിപ്പിച്ചു ഗര്‍ഭിണിയാക്കിയതും ഇടുക്കിയില്‍ ക്ഷേത്രത്തിലെ ശാന്തിക്കാരന്‍ 69കാരിയെ പീഢിപ്പിച്ചതും കൊടുംപാതകങ്ങളാണ്. ക്രിമിനലുകളെ മതം നോക്കാതെ നിയമത്തിനു മുന്നിലെത്തിച്ചു കര്‍ശനമായി ശിക്ഷിക്കട്ടെ. ക്രിസ്ത്യന്‍, മുസ്‌ലിം, ഹിന്ദു തിരിവ് വേണ്ട. ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് ഇനി ശ്രദ്ധ വേണ്ടത്. തെറ്റുചെയ്താല്‍ ഉറപ്പായും ശിക്ഷകിട്ടും എന്ന ഉള്‍ഭയം ഉണ്ടാക്കിക്കഴിഞ്ഞാല്‍ മാത്രമേ ഇതിനൊക്കെ അല്പം ശമനം വരുത്താന്‍ പറ്റൂ.

ഉള്ളില്‍ കുറച്ചു വിഷമം ഉള്ളതുകൊണ്ട് ചോദിക്കുകയാണ് , എന്തിനാ ഈ പെണ്‍കുഞ്ഞിങ്ങളെ ഇങ്ങനെ ഉപദ്രവിക്കുന്നത് .സ്വന്തമായി ചെറുക്കാന്‍ കെല്‍പ്പില്ലാത്ത ഈ കുഞ്ഞുങ്ങളെ ഉപദ്രവിക്കുബോള്‍ എന്ത് സുഖം ആണ് ഈ മാനസിക രോഗികള്‍ക്ക് ലഭിക്കുന്നത്. നീ ഒരു ആണാണെങ്കില്‍ സ്‌നേഹിച്ചും ലാളിച്ചും അധ്വാനിച്ചും ഒരു പെണ്ണിനെ പോറ്റാന്‍ കഴിയുമെങ്കില്‍ അവിടെ ആണ് നിന്റെ തന്റേടം കാണിക്കേണ്ടത്.

സ്‌നേഹത്തോടെയും കരുതലോടെയും പെരുമാറി അവരെ സംരക്ഷിക്കുമ്പോള്‍ .. അത് അമ്മ ആയാലും, ഭാര്യ ആയാലും, മകള്‍ ആയാലും, സഹോദരിയോ , സുഹൃത്തോ ആയാലും ആ സ്‌നേഹവും കരുതലും അവര്‍ മനസ്സിലാക്കി തിരിച്ചു അവര്‍ നമ്മളെ സ്‌നേഹിക്കുമ്പോഴും, വിശ്വസിക്കുമ്പോഴും, അംഗീകരിക്കുകയും ചെയ്യുമ്പോള്‍ ആണ് നിങ്ങള്‍ ഒരു പുരുഷന്‍ ആണെന്നും നിങ്ങള്‍ക്ക് പൗരുഷം ഉണ്ടന്നും തെളിയിക്കപ്പെടുന്നത്. അല്ലാതെ ഇരുട്ടിന്റെ മറയിലും , ഒളിവിലും പ്രതികരിക്കാന്‍ ശേഷി ഇല്ലാത്ത അബലകളുടെ ശരീരത്തില്‍ കാമ ഭ്രാന്ത് തീര്‍ത്തിട്ടല്ല പൗരുഷം തെളിയിക്കേണ്ടത്.

മൃഗങ്ങളുടെ കാര്യത്തില്‍ ശ്രദ്ധ പതിപ്പിച്ചിരുന്നു മേനകാ ഗാന്ധി ഇപ്പോള്‍ മൃഗങ്ങളോടെ മാത്രം അല്ല പെണ്‍കുട്ടികളോടും സ്‌നേഹം തോന്നി തുടങ്ങിയിരിക്കുന്നു . പെണ്‍കുട്ടികളും സുരക്ഷിതരല്ല എന്നാണ് അവരുടെ പുതിയ കണ്ടുപിടുത്തം . രാത്രി പെണ്‍കുട്ടികല്‍ ഹോസ്റ്റലില്‍ തന്നെ കഴിയണമെന്ന് മേനകാ ഗാന്ധി അഭിപ്രായപ്പെടുന്നു ടീനേജ് പ്രായത്തില്‍ ഹോര്‍മോണ്‍ കൂടുതല്‍ പ്രവര്‍ത്തിക്കുന്നത് കൊണ്ട് ഒരു ലക്ഷ്മണ രേഖ വരക്കുന്നത് നല്ലതാണെന്നുആണ് മനേകാ ഗാന്ധിയുടെ അഭിപ്രായം . ഹോസ്റ്റലിന്റ്റെ വാതില്‍ക്കല്‍ വടിയും പിടിച്ചു രണ്ടു ബീഹാറികള്‍ കാവല്‍ നില്‍ക്കുന്നതുകൊണ്ട് വലിയ കാര്യം ഒന്നുമില്ല എന്നും അവര്‍ കണ്ടുപിടിച്ചു. അതുകൊണ്ടു ആറുമണിക്ക് ശേഷം പെണ്‍കുട്ടികള്‍ പുറത്തു പോകുന്നത് അവരുടെ സേഫ്റ്റിക്കു നല്ലതല്ല എന്നാണ് കേന്ദ്രമന്ത്രിയുടെ അഭിപ്രായം. ആണിനും പെണ്ണിനും തുല്യത ഉണ്ടെന്ന് അവകാശപ്പെടുന്ന നാട്ടില്‍ ആണ് കേന്ദ്രമന്ത്രിയുടെ ഈ അഭിപ്രായപ്രകടനം ഒന്ന് ഓര്‍ക്കേണ്ടതുണ്ട്.

ഇ .കെ നായനാര്‍ മുഖ്യമന്ത്രി ആയിരുന്ന സമയത്തു അദ്ദേഹത്തിന്റെ ഒരു കമന്റ് ഓര്‍മ്മവരുന്നു. ‘ഈ സ്ത്രീ പീഡനം അമേരിക്കയില്‍ ഒരു കപ്പു ചായ കുടിക്കുന്നത് പോലെ യുള്ളൂ’. അമേരിക്കയിലെ സ്ത്രീ ആയാലും ഇന്ത്യയിലെ സ്ത്രീ ആയാലും അവരുടെ മാനത്തിനു ഒരേ വിലയാണ്. ബോധതലത്തില്‍തന്നെ പ്രബലമായി നില്‍ക്കുന്ന അവബോധമാണ് പൈശാചികമായി ചിന്തിക്കുവാനും പറയുവാനും പുരുഷനെ പ്രേരിപ്പിക്കുന്നത്. സ്വബോധം നഷ്ടപ്പെട്ട ഒരു മനുഷ്യനും സമൂഹത്തിനും മാത്രമേ സ്ത്രീയെ ഈ രീതിയില്‍ കാണാന്‍ കഴിയുകയുള്ളു. സ്ത്രീയോടുള്ള പുരുഷന്റെ സമീപനത്തില്‍ ഒരു മാറ്റം വരുത്തേണ്ടിയിരിക്കുന്നു. ഇതിനു ഒരു ബോധവല്‍ക്കരണം ആണ് ആവിശ്യം, പെണ്ണിനോടുള്ള പുരുഷന്റെയും സമൂഹത്തിന്റെയും ബോധനിലവാരത്തിലുള്ള നവീകരണം എന്നാണ് ശരിക്കും അര്‍ഥമാക്കേണ്ടത്.

സ്ത്രീ പീഡനത്തെ ശക്തമായ നിയമ നിര്‍മ്മാണത്തിലൂടെ മാത്രമേ നേരിടാന്‍ സാധിക്കുകയുള്ളു. അതിനു വേണ്ടി ഒരു പുതിയ നിയമം തന്നെ നടപ്പാക്കേണ്ടത് ഈ കാലത്തിന്റെ ആവിശ്യം ആണ്. തെറ്റുചെയ്താല്‍ ഉറപ്പായും ശിക്ഷകിട്ടും എന്ന ഉള്‍ഭയം ഉണ്ടാക്കിക്കഴിഞ്ഞാല്‍ മാത്രമേ ഇതിനൊക്കെ അല്പം ശമനം വരുത്താന്‍ പറ്റൂ. പല സ്ത്രീ പീഡന കേസുകളും വിധി പറയുന്നത് ഒന്‍പതും പത്തും വര്‍ഷങ്ങള്‍ക്കു ശേഷം ആണ്. വളരെ ചുരുക്കം കേസുകളില്‍ മാത്രമാണ് ശിക്ഷിക്കപ്പെടുന്നതും.

ഇന്ത്യ പോലൊരു രാജ്യത്ത് വനിതാദിനത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. സ്ത്രീകളുടെ ഉന്നതിക്കായി ഇതുവരെ ചെയ്തതെന്തൊക്കെയെന്നതിന്റെ അവലോകനവും ഇനിയുമെന്തൊക്കെ ചെയ്യാനുണ്ടെന്നതിന്റെ ഓര്‍മ്മപ്പെടുത്തലുമാണ് ഈ ദിനം. വനിതാദിനമെന്നാല്‍ കഴിഞ്ഞുപോയകാലത്തിന്റെയും വര്‍ത്തമാനകാലത്തിന്റെയും അടയാളപ്പെടുത്തലാണ്. ഇത് ഒരു ആഘോഷവേളയല്ല. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ സമൂഹത്തിനുമുമ്പില്‍ അവതരിപ്പിക്കാനുള്ള അവസരമാണ്. ഇത് ഒരുദിവസത്തെമാത്രം അജന്‍ഡയുടെ ഭാഗമല്ല. ഒരു തുടര്‍ച്ചയുടെ തുടക്കമാണ്.
മാര്‍ച്ച് എട്ട് എന്ന ദിനത്തിന് ഒരുപാട് ചരിത്രനിമിഷങ്ങളുടെ ഓര്‍മകള്‍ കൂട്ടുണ്ട്. സ്വന്തം ജോലിസ്ഥലത്തെ സൗകര്യങ്ങളും ജീവിതസാഹചര്യങ്ങളും മെച്ചപ്പെടുത്താനായി സ്ത്രീകള്‍ നടത്തിയ മുന്നേറ്റത്തിന്റെ പിന്‍ബലമുണ്ട്. വ്യവസായകുത്തകകളുടെ ആധിപത്യത്തിനുമേല്‍ വിയര്‍പ്പും കണ്ണീരും കൊണ്ട് വരിച്ച വിജയത്തിന്റെ കഥയുണ്ട്.പക്ഷെ നമ്മുടെ കണ്മുന്‍പില്‍ കാലം മാറുന്നു. പുതിയ സമരമുറകള്‍ക്കായി കാലം ഓരോരോ വിഷയങ്ങള്‍ നമുക്ക് എത്തിച്ചു തരുന്നു. പക്ഷെ നമുക്കും പ്രതികരിക്കാനാവുന്നില്ല എന്നതാണ് ഈ വനിതാ ദിനവും അത്ഭുതത്തോടെ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top