Flash News

മറൈന്‍ ഡ്രൈവില്‍ ശിവസേന നടത്തിയ സദാചാര ഗുണ്ടായിസത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു; ഡിവൈഎഫ്ഐയും എസ്‌എഫ്‌ഐയും ‘സ്നേഹ ഇരിപ്പ്’ സമരം നടത്തുന്നു

March 9, 2017

marine-driveകൊച്ചി: കൊച്ചി മറൈന്‍ഡ്രൈവില്‍ ശിവസേന പ്രവര്‍ത്തകര്‍ നടത്തിയ സദാചാര ഗുണ്ടായിസത്തിനെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും സംഭവത്തില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ സംഘടനകളുടെ നേതൃത്വത്തില്‍ മറൈന്‍ ഡ്രൈവില്‍ ഇന്ന് ‘സ്‌നേഹ ഇരിപ്പു സമരം’ നടത്തും. രാവിലെ 10 മണിക്കാണ് സമരം. സദാചാര ഗുണ്ടായിസത്തിനെതിരെ ഇതേ സ്ഥലത്ത് ‘ചുംബന സമരം’ നടത്തി ശ്രദ്ധ നേടിയ ‘കിസ് ഓഫ് ലവ്’ പ്രവര്‍ത്തകരുടെ പ്രതിഷേധം ഇന്ന് വൈകിട്ടും അരങ്ങേറും.

സംഭവത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ കുറ്റവാളികളെയും അറസ്റ്റ് ചെയ്യുകയും മാതൃകാപരമായി ശിക്ഷിക്കുകയും വേണം. സൗഹാര്‍ദം സദാചാര വിരുദ്ധമല്ല, സദാചാര പൊലീസ് നാടിനാവശ്യമില്ല എന്ന മുദ്രാവാക്യമുയര്‍ത്തി മറൈന്‍ഡ്രൈവില്‍ സ്‌നേഹ ഇരുപ്പ് സമരം നടത്തുമെന്ന് ഡിവൈഎഫ്‌ഐ എറണാകുളം ജില്ലാ ഭാരവാഹികള്‍ വ്യക്തമാക്കി.

അതേസമയം, ശിവസേനയുടെ അക്രമം തടയുന്നതില്‍ പരാജയപ്പെട്ടെന്ന റിപ്പോര്‍ട്ടിനെതുടര്‍ന്ന് സെന്‍ട്രല്‍ എസ്‌ഐ എസ്. വിജയശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തു. സംഭവസ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന എട്ട് പൊലീസുകാരെ എആര്‍ ക്യാംപിലേക്ക് സ്ഥലം മാറ്റി. പൊലീസിന്റെ വീഴ്ചയെക്കുറിച്ച് അന്വേഷിച്ച സ്‌പെഷല്‍ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ കെ.വി. വിജയന്‍ നല്‍കിയ ഇടക്കാല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിശദമായ അന്വേഷണം നടത്തി ആവശ്യമെങ്കില്‍ കൂടുതല്‍ നടപടി കൈക്കൊള്ളുമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ എം.പി. ദിനേശ് അറിയിച്ചു. ദേശീയ വനിതാ ദിനമായിരുന്ന ഇന്നലെ മറൈന്‍ ഡ്രൈവിലേക്കു പ്രകടനമായെത്തിയ ശിവസേനാ പ്രവര്‍ത്തകര്‍ ചൂരലിന് അടിച്ചും കേട്ടാലറയ്ക്കുന്ന വാക്കുകള്‍ പ്രയോഗിച്ചും യുവതീയുവാക്കളെ വിരട്ടിയോടിക്കുകയായിരുന്നു. എസ്‌ഐ ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ നോക്കിനില്‍ക്കുമ്പോഴായിരുന്നു ശിവസേനയുടെ അക്രമം. സംഭവവുമായി ബന്ധപ്പെട്ട് ആറു ശിവസേന പ്രവര്‍ത്തകരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.ആര്‍. ദേവന്‍, കെ.വൈ. കുഞ്ഞുമോന്‍, കെ.യു. രതീഷ്, എ.വി. വിനീഷ്, ടി.ആര്‍. ലെനിന്‍, കെ.കെ. ബിജു എന്നിവരാണ് അറസ്റ്റിലായത്. പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും യുവതീയുവാക്കളെ ഭീഷണിപ്പെടുത്തിയതിനും അനുമതിയില്ലാതെ പ്രകടനം നടത്തിയതിനുമാണ് കേസ്. മര്‍ദിച്ചതായി ആരും പരാതി നല്‍കിയിട്ടില്ലെന്നു പൊലീസ് പറഞ്ഞു.

മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരെ മുന്‍കൂട്ടി അറിയിച്ചശേഷം ആസൂത്രിതമായാണു കയ്യില്‍ ചൂരല്‍വടിയുമായി ഇരുപതോളം ശിവസേന പ്രവര്‍ത്തകര്‍ ഇന്നലെ വൈകിട്ടു നാലോടെ പ്രകടനമായി മറൈന്‍ഡ്രൈവിലെത്തിയത്. പെണ്‍കുട്ടികള്‍ക്കെതിരായ ലൈംഗിക അക്രമങ്ങള്‍ തടയുക, മറൈന്‍ഡ്രൈവിലെ കുടചൂടി പ്രേമം നിര്‍ത്തലാക്കുക എന്നീ മുദ്രാവാക്യങ്ങളുള്ള ബാനറും പിടിച്ചിരുന്നു. അനുമതി വാങ്ങാതെ നടത്തിയ പ്രകടനം മറൈന്‍ഡ്രൈവ് നടപ്പാതയില്‍ പ്രവേശിക്കുന്നതിനു മുന്‍പു തടയാനുള്ള നടപടി പൊലീസില്‍ നിന്നുണ്ടായില്ല. ചൂരലുകളുമായി എത്തിയ ശിവസേനാ പ്രവര്‍ത്തകര്‍ക്കു മുന്‍പില്‍ പൊലീസ് നോക്കുകുത്തിയായി. മറൈന്‍ഡ്രൈവില്‍ വടക്കേ അറ്റത്തുള്ള അബ്ദുല്‍കലാം മാര്‍ഗ് നടപ്പാതയില്‍ ഒരുമിച്ചിരിക്കുകയായിരുന്ന യുവതീയുവാക്കളാണ് അക്രമത്തിനിരകളായത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top