Flash News

ശിവസേനയുടെ ‘സാദാചാര ഗുണ്ടായിസ’ത്തിനെതിരെ മറൈന്‍ ഡ്രൈവില്‍ പ്രതിഷേധം ആളിക്കത്തി

March 9, 2017

maxresdefaultകൊച്ചി: പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു നേരെ കൊച്ചി മറൈന്‍ഡ്രൈവ് നടപ്പാതയില്‍ ശിവസേന പ്രവര്‍ത്തകര്‍ നടത്തിയ സദാചാര ഗുണ്ടായിസത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് കൊച്ചി മറൈൻ ഡ്രൈവിൽ കിസ് ഒാഫ് ലവ് പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു. തെരുവു നാടകം നടത്തുകയും കൂട്ടമായെത്തി പാട്ടുകൾ പാടുകയും ഒരുമിച്ചിരിക്കുകയും പരസ്പരം ചുംബിക്കുകയും ചെയ്തു. നാടൻ പാട്ടുകൾ പാടിയും ചിത്രം വരച്ചും പരസ്പരം കെട്ടിപ്പിടിച്ചുമാണ് പ്രതിഷേധം സംഘടിപ്പിച്ചത്. നൂറുകണക്കിന് ആളുകളാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. കിസ് ഒാഫ് ലവിനെ കൂടാതെ മറ്റു പുരോഗമന സംഘടനകളും പ്രതിഷേധത്തിൽ പങ്കെടുത്തു. കമ്മിഷണറുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം മറൈൻ ഡ്രൈവിൽ എത്തിയിരുന്നു. സമൂഹ മാധ്യമത്തിലെ കിസ് ഓഫ് ലവിന്റെ പേജിലൂടെയാണ് ചുംബന സമരത്തിന് ആഹ്വാനം നൽകിയത്.

downloadഅതേസമയം, സംഭവത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ, ഡിവൈഎഫ്ഐ സംഘടനകൾ ആഹ്വാനം ചെയ്ത ‘സ്നേഹ ഇരിപ്പു സമര’വും അരങ്ങേറി. കെഎസ്‌യു പ്രവർത്തകരും ‘സദാചാര ചൂരല്‍ സമര’വുമായി രംഗത്തുണ്ട്. സൗഹാര്‍ദം സദാചാര വിരുദ്ധമല്ല, സദാചാരപോലീസ് നാടിനാവശ്യമില്ല എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സ്‌നേഹ ഇരിപ്പ് സമരം നടത്തുന്നത്. മറൈന്‍ ഡ്രൈവില്‍ തുടങ്ങിയ സമരത്തില്‍ നിരവധി പേരാണ് പങ്കെടുത്തത്.

ലോ കോളേജ് പരിസരത്ത് നിന്ന് പ്രകടനമായെത്തിയാണ് കമ്മിഷണര്‍ ഓഫീസിന് മുന്നില്‍ കെ.എസ്.യുക്കാര്‍ സദാചാര ചൂരല്‍ സമരം നടത്തിയത്. ചൂരലുകളും ചൂലുകളുമായെത്തിയ കെ.എസ്.യു പ്രവര്‍ത്തകര്‍ കമ്മിഷണര്‍ ഓഫീസിന് മുന്നില്‍ മുദ്രാവാക്യം വിളിച്ച് കുത്തിയിരുന്നു. പോലീസ് സദാചാര പോലീസുകാര്‍ക്ക് കൂട്ടുനില്‍ക്കുന്നുവെന്ന് ആരോപിച്ചായിരുന്നു സമരം. ശിവസേന വിഷയം ഇന്ന് നിയമസഭയിലും ഏറെ ബഹളങ്ങള്‍ക്കും വാക്‌പോരിനും കാരണമായിരുന്നു.

dc-Cover-vnkn18u6cp8338c5026skhlnk3-20170309010742.Medi

ശിവസേന പ്രവര്‍ത്തകന്‍ യുവതിയേയും യുവാവിനേയും അടിച്ചോടിക്കുന്നു. എറണാകുളം സെന്‍‌ട്രല്‍ സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ വിജയശങ്കര്‍ നോക്കുകുത്തിയായി നില്‍ക്കുന്നു

അതേസമയം, ശിവസേനയുടെ അക്രമം തടയുന്നതില്‍ പരാജയപ്പെട്ടെന്ന റിപ്പോര്‍ട്ടിനെതുടര്‍ന്ന് സെന്‍ട്രല്‍ എസ്‌ഐ എസ്. വിജയശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തു. സംഭവസ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന എട്ടു പൊലീസുകാരെ എആര്‍ ക്യാംപിലേക്ക് സ്ഥലം മാറ്റി. പൊലീസിന്റെ വീഴ്ചയെക്കുറിച്ച് അന്വേഷിച്ച സ്‌പെഷല്‍ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ കെ.വി. വിജയന്‍ നല്‍കിയ ഇടക്കാല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിശദമായ അന്വേഷണം നടത്തി ആവശ്യമെങ്കില്‍ കൂടുതല്‍ നടപടി കൈക്കൊള്ളുമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ എം.പി. ദിനേശ് അറിയിച്ചു.

extra-large_030917023039ദേശീയ വനിതാ ദിനമായിരുന്ന ഇന്നലെ മറൈന്‍ ഡ്രൈവിലേക്കു പ്രകടനമായെത്തിയ ശിവസേനാ പ്രവര്‍ത്തകര്‍ ചൂരലിന് അടിച്ചും കേട്ടാലറയ്ക്കുന്ന വാക്കുകള്‍ പ്രയോഗിച്ചും യുവതീയുവാക്കളെ വിരട്ടിയോടിക്കുകയായിരുന്നു. എസ്‌ഐ ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ നോക്കിനില്‍ക്കുമ്പോഴായിരുന്നു ശിവസേനയുടെ അക്രമം. സംഭവവുമായി ബന്ധപ്പെട്ട് ആറു ശിവസേന പ്രവര്‍ത്തകരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.ആര്‍. ദേവന്‍, കെ.വൈ. കുഞ്ഞുമോന്‍, കെ.യു. രതീഷ്, എ.വി. വിനീഷ്, ടി.ആര്‍. ലെനിന്‍, കെ.കെ. ബിജു എന്നിവരാണ് അറസ്റ്റിലായത്. പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും യുവതീയുവാക്കളെ ഭീഷണിപ്പെടുത്തിയതിനും അനുമതിയില്ലാതെ പ്രകടനം നടത്തിയതിനുമാണ് കേസ്. മര്‍ദിച്ചതായി ആരും പരാതി നല്‍കിയിട്ടില്ലെന്നു പൊലീസ് പറഞ്ഞു.

മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരെ മുന്‍കൂട്ടി അറിയിച്ചശേഷം ആസൂത്രിതമായാണു കയ്യില്‍ ചൂരല്‍വടിയുമായി ഇരുപതോളം ശിവസേന പ്രവര്‍ത്തകര്‍ ഇന്നലെ വൈകിട്ടു നാലോടെ പ്രകടനമായി മറൈന്‍ഡ്രൈവിലെത്തിയത്. പെണ്‍കുട്ടികള്‍ക്കെതിരായ ലൈംഗിക അക്രമങ്ങള്‍ തടയുക, മറൈന്‍ഡ്രൈവിലെ കുടചൂടി പ്രേമം നിര്‍ത്തലാക്കുക എന്നീ മുദ്രാവാക്യങ്ങളുള്ള ബാനറും പിടിച്ചിരുന്നു.

അനുമതി വാങ്ങാതെ നടത്തിയ പ്രകടനം മറൈന്‍ഡ്രൈവ് നടപ്പാതയില്‍ പ്രവേശിക്കുന്നതിനു മുന്‍പു തടയാനുള്ള നടപടി പൊലീസില്‍ നിന്നുണ്ടായില്ല. ചൂരലുകളുമായി എത്തിയ ശിവസേനാ പ്രവര്‍ത്തകര്‍ക്കു മുന്‍പില്‍ പൊലീസ് നോക്കുകുത്തിയായി. മറൈന്‍ ഡ്രൈവില്‍ വടക്കേ അറ്റത്തുള്ള അബ്ദുല്‍കലാം മാര്‍ഗ് നടപ്പാതയില്‍ ഒരുമിച്ചിരിക്കുകയായിരുന്ന യുവതീയുവാക്കളാണ് അക്രമത്തിനിരകളായത്.

hibi-01കൊച്ചി മറൈന്‍ ഡ്രൈവില്‍ ഇന്നലെ അഴിഞ്ഞാടിയ സദാചാര ഗുണ്ടകളില്‍ സ്ത്രീ പീഡന കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞ ഗുണ്ടയുമുണ്ടെന്ന് നിയമസഭയില്‍ ഹൈബി ഈഡന്‍ പറഞ്ഞു. ശിവസേന പ്രവര്‍ത്തകനായ ടികെ അരവിന്ദനാണ് ഇന്നലെ സ്ത്രീ സംരക്ഷണ വേഷം കെട്ടി മറൈന്‍ ഡ്രൈവില്‍ എത്തിയത്.

മൂകയും ബധിരയുമായ സ്ത്രീയെയാണ് അരവിന്ദന്‍ പീഡിപ്പിച്ചത്. ഇളംകുന്ന പുഴ ഹൈസ്‌കൂളിലെ സ്വീപ്പര്‍ ആയ യുവതിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. സ്‌കൂള്‍ എച്ച്എമ്മിന്റെ പരാതിയിലാണ് കേസ് എടുത്തത്. സദാചാര പോലീസിംഗ് വിഷയത്തില്‍ ഹൈബി ഈഡന്‍ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിലാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

ശിവസേനക്കാര്‍ ചൂരലുമായി യുവതി യുവാക്കളുടെ മേല്‍ ചാടി വീണപ്പോള്‍ അക്രമകാരികള്‍ക്ക് പോലീസ് സംരക്ഷണം നല്‍കുകയാണ് ചെയ്തത്. യുവതി യുവാക്കളെ മൊബൈലില്‍ ശിവസേനക്കാര്‍ ഷൂട്ട് ചെയ്തിട്ടുണ്ട്. ഇത്തരം ദൃശ്യങ്ങള്‍ യൂട്യൂബില്‍ അപ്ലോഡ് ചെയ്യുകയും ഇതുവഴി സാമൂഹ്യ അപമാനത്തിനു ഇരകള്‍ വീണ്ടും ദുരിതം അനുഭവിക്കേണ്ടി വരുന്നുവെന്ന് ഹൈബി പറഞ്ഞു.

സദാചാര ഗുണ്ടായിസത്തെ തുടര്‍ന്ന് അനീഷ് അടക്കമുള്ള ആളുകള്‍ ആത്മഹത്യ ചെയ്ത സംഭവം നമ്മുടെ മുന്നിലുണ്ട്. അതുകൊണ്ടു ഇത്തരം ദൃശ്യങ്ങള്‍ പിടിച്ചെടുക്കാന്‍ തയാറാകണം. യൂണിവേഴ്‌സിറ്റി കോളേജിലെ സദാചാര ഗുണ്ടകള്‍ ഇപ്പോഴും കോളേജില്‍ കറങ്ങി നടക്കുന്നു. ചില മൃഗങ്ങള്‍ കൂടുതല്‍ തുല്യരാണ് എന്ന് പറയുന്നത് പോലെ ചിലര്‍ക്ക് ആനുകൂല്യം നല്‍കുന്നതാണ് സദാചാര പോലീസ് വര്‍ധിക്കാന്‍ കാരണമെന്നും ഹൈബി ഈഡന്‍ ചൂണ്ടിക്കാട്ടി.

kiss-inn


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top