Flash News

ഗുരുവായൂരിലെ ‘സദാചാര ഗുണ്ട’ പ്രയോഗം ചെന്നിത്തലയെ തിരിഞ്ഞുകൊത്തുന്നു

March 9, 2017

Ramesh-Chennithalaതൃശൂര്‍: ഗുരുവായൂരില്‍ രൂക്ഷമായ കുടിവെള്ളപ്രശ്നമാണ് നിയമസഭയില്‍ കെ.വി. അബ്ദുല്‍ ഖാദര്‍ എം.എല്‍.എക്കെതിരായ ആക്ഷേപകരമായ പരാമര്‍ശത്തില്‍ കൊണ്ടെത്തിച്ചത്. വ്യക്തിപരമായി എം.എല്‍.എയെ ആക്രമിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കഥയറിയാതെ ആടുകയായിരുന്നു. കുടിവെള്ളത്തിനായി സമരം ചെയ്യുന്ന കോണ്‍ഗ്രസും ലീഗും അടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകരെയും നാട്ടുകാരെയും ആക്ഷേപിക്കുന്നതാണ് ചെന്നിത്തലയുടെ പരാമര്‍ശമെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

ഗുരുവായൂര്‍ നഗരസഭയിലെ ചൊവ്വല്ലൂര്‍പടി പ്രദേശത്ത് കുടിവെള്ളപ്രശ്നം രൂക്ഷമാണ്. ചൊവ്വല്ലൂര്‍പടി മേഖലയിലെ അഞ്ച് വീട്ടുകാര്‍ നടത്തുന്ന കുടിവെള്ള വില്‍പനയെച്ചൊല്ലി ഇവിടെ പ്രതിഷേധവുമുണ്ട്. കഴിഞ്ഞ വര്‍ഷം നഗരസഭ ഇടപെട്ട് വില്‍പനക്ക് ചില നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു. എന്നാല്‍ ഫലമുണ്ടായില്ല. തങ്ങളുടെ കിണറുകളിലെ വെള്ളത്തിന്‍െറ തോത് കുറഞ്ഞതോടെ പ്രദേശവാസികള്‍ സംഘടിച്ചു. പ്രതിഷേധം ശക്തമാകുന്നത് കണ്ട് വെള്ളക്കച്ചവടക്കാര്‍ വില്‍പന പൂര്‍ണമായി നിര്‍ത്തി. ഇതിനിടെ ജലക്ഷാമം പരിഹരിക്കാന്‍ സര്‍ക്കാറും നഗരസഭയും ഇടപെടണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി 27ന് ഹോട്ടലുകളും ലോഡ്ജുകളും അടച്ചിടുമെന്ന് പ്രഖ്യാപനമുണ്ടായി. ഗുരുവായൂര്‍ ക്ഷേത്രോത്സവം തുടങ്ങാനിരിക്കെ സമരം ഒഴിവാക്കാന്‍ അബ്ദുല്‍ ഖാദര്‍ എം.എല്‍.എ ഇടപെട്ട് ഹോട്ടലുകളുടെ ഉടമകളുമായി ചര്‍ച്ച നടത്തി സമരം ഒഴിവാക്കി. വീണ്ടും നഗരസഭാധ്യക്ഷ കലക്ടറുമായി ചര്‍ച്ചകള്‍ നടത്തി. ചൊവ്വല്ലൂര്‍പടിയിലെ കുടിവെള്ള വില്‍പന അനധികൃതമാണെന്ന് കണ്ടത്തെിയ കലക്ടര്‍ വില്‍പന കേന്ദ്രങ്ങളിലെ കിണറുകളും ജലമൂറ്റുന്ന ഉപകരണങ്ങളും പിടിച്ചെടുത്ത് നഗരസഭക്ക് കൈമാറാന്‍ ഉത്തരവിട്ടു.

കുടിവെള്ള വില്‍പന കേന്ദ്രങ്ങളില്‍ നിന്ന് വെള്ളമെടുത്ത് നഗരസഭയുടെ ജലക്ഷാമമുള്ള മേഖലകളില്‍ സൗജന്യമായി വിതരണം ചെയ്യാന്‍ തീരുമാനിച്ചു. കുടിവെള്ളം എടുക്കുന്ന സമയം രാവിലെ ആറ് മുതല്‍ ആറ് വരെയായി നിജപ്പെടുത്തി. നഗരസഭയുടെ ആവശ്യത്തിന് ഒഴികെയുള്ളവര്‍ക്ക് 2,000 ലിറ്ററില്‍ കവിയാത്ത ടാങ്കറില്‍ മാത്രം വെള്ളം നല്‍കാനും ധാരണയായി. മേഖലയില്‍ നിന്നുള്ള കൗണ്‍സിലര്‍മാരായ ജലീല്‍ പണിക്കവീട്ടില്‍ (കോണ്‍.), റഷീദ് കുന്നിക്കല്‍ (മുസ്ലിം ലീഗ്), സവിത സുനി (സി.പി.എം.) എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു. ഈ ധാരണ ലംഘിച്ചാണ് ബുധനാഴ്ച രാത്രി ഒമ്പതോടെ 12,000 ലിറ്റര്‍ ശേഷിയുള്ള ടാങ്കറുമായി ദേവസ്വത്തിന്‍െറ വാഹനം വെള്ളമെടുക്കാനെത്തിയത്. നഗരസഭ ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. തലേന്ന് തങ്ങള്‍ക്ക് നല്‍കിയ ധാരണയിലെ മഷിയുണങ്ങും മുമ്പേ ധാരണകള്‍ ലംഘിക്കുന്നത് കണ്ടാണ് നാട്ടുകാര്‍ പ്രതിഷേധവുമായെത്തിയത്. ഈ നാട്ടുകാരെയാണ് പ്രതിപക്ഷനേതാവ് സദാചാരഗുണ്ടകള്‍ എന്ന് വിളിച്ച് ആക്ഷേപിച്ചത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top