Flash News

സം‌വിധായകന്റെ “ആവശ്യ”ത്തിന് വഴങ്ങാതെ വന്നപ്പോള്‍ പരസ്യമായി പുലഭ്യവും അപമാനവും; അനുഭവങ്ങള്‍ പങ്കുവെച്ച് നടി ലക്ഷ്മി

March 10, 2017

lakshmi_ramakrishnanമലയാളത്തിലും തമിഴിലും പ്രശസ്തനായ സംവിധായകന്‍ തന്നെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചുവെന്ന് നടിയും സംവിധായികയുമായ ലക്ഷ്മി രാമകൃഷ്ണന്റെ വെളിപ്പെടുത്തല്‍. സംവിധായകന്റെ ആവശ്യങ്ങള്‍ നിരാകരിച്ചതിനാല്‍ സിനിമയുടെ സെറ്റില്‍ തന്നെ പരസ്യമായി അപമാനിച്ചെന്നും പുലഭ്യം പറഞ്ഞെന്നും ലക്ഷ്മി പറയുന്നു. ദി ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ലക്ഷ്മിയുടെ തുറന്നുപറച്ചില്‍.

സംവിധായകന്റെ “ആവശ്യം” നിരാകരിച്ചതിനെത്തുടര്‍ന്ന് സെറ്റില്‍വെച്ച് എന്നെ പരസ്യമായി ചീത്തവിളിച്ചു. അഭിനയിച്ച ചില രംഗങ്ങള്‍ 25 തവണയൊക്കെ വീണ്ടും ചിത്രീകരിച്ചു. മന:പ്പൂര്‍വ്വമായിരുന്നു അത്. മോശം പെരുമാറ്റത്തിന് മാപ്പ് പറയണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കൂടുതല്‍ മോശമായിട്ടായിരുന്നു പെരുമാറ്റം. സിനിമാമേഖലയില്‍ ഉടനീളം ഇത്തരം ആളുകളുണ്ടെന്നും പക്ഷേ ആരും ഇതേക്കുറിച്ച് സംസാരിക്കുന്നില്ലെന്നും ലക്ഷ്മി പറയുന്നു.

അടുത്തകാലത്ത് ഒരു സംവിധായകന്‍ അയച്ച ആള്‍ പ്രോജക്ടിനെക്കുറിച്ച് സംസാരിക്കാന്‍ എന്റെ ഫ്ളാറ്റിലെത്തി. ആദ്യം സിനിമയെക്കുറിച്ച് പറഞ്ഞു. പിന്നെ ചില “അഡ്ജസ്റ്റ്മെന്റുകളെ”ക്കുറിച്ചും. ഡേറ്റിന്റെ വിഷയമാണ് “അഡ്ജസ്റ്റ്മെന്റ്” എന്ന് ഉദ്ദേശിക്കുന്നതെന്നാണ് ഞാന്‍ കരുതിയത്. പക്ഷേ പിന്നീട് ഞെട്ടലോടെ മനസിലാക്കി. അയാള്‍ മറ്റു ചില കാര്യങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് മനസിലാക്കിയത്. കൂടുതലൊന്നും സംസാരിക്കാതെ അയാളെ പുറത്താക്കി. സിനിമകള്‍ കുറയ്ക്കാന്‍ കാരണം ഇത്തരം സമീപനങ്ങളാണെന്നും ബുദ്ധിമതികളായ സ്ത്രീകളോടൊപ്പം ജോലിചെയ്യാന്‍ പല സംവിധായകര്‍ക്കും താല്‍പര്യമില്ലെന്നും ലക്ഷ്മി.

പ്രതിഫലം ചോദിച്ചുവാങ്ങുന്നതുപോലും പലര്‍ക്കും ഇഷ്ടമല്ല. തുല്യതയെക്കുറിച്ച് സംസാരിക്കുമ്പോഴും യഥാര്‍ഥത്തില്‍ സിനിമയില്‍ മാറ്റമൊന്നും വരുന്നില്ല. സ്ത്രീകളെ ഇപ്പോഴും കീഴടക്കിവച്ചിരിക്കുകയാണ് സിനിമാമേഖലയില്‍. അവരെ ചൂഷണം ചെയ്യുകയാണ്, ലക്ഷ്മി രാമകൃഷ്ണന്‍ പറയുന്നു.

ലോഹിതദാസിന്റെ സംവിധാനത്തില്‍ 2006ല്‍ പുറത്തിറങ്ങിയ “ചക്കരമുത്തി”ലൂടെയാണ് ലക്ഷ്മി രാമകൃഷ്ണന്‍ അഭിനയ രംഗത്തെത്തിയത്. തുടര്‍ന്ന് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. വിനീത് ശ്രീനിവാസന്റെ നിവിന്‍പോളി ചിത്രം “ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യ”മാണ് അവര്‍ അവസാനം അഭിനയിച്ച മലയാളചിത്രം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top