Flash News

ആരോഗ്യം മാത്രമല്ല സുധീരന്‍െറ രാജിക്ക് കാരണം, നേതാക്കള്‍ രാഷ്ട്രീയമായി ഒറ്റപ്പെടുത്തിയത് സമ്മര്‍ദ്ദത്തിലാക്കി

March 11, 2017

VM-Sudheeran1തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്‍റു സ്ഥാനത്തുനിന്ന് വി.എം. സുധീരന്‍ രാജിവച്ചത് ആരോഗ്യപ്രശ്നം മൂലമല്ല. സ്ഥാനമേല്‍ക്കുമ്പോഴുള്ളതിനേക്കാള്‍ ആരോഗ്യവാനാണ് അദ്ദേഹം ഇപ്പോള്‍. മാത്രമല്ല, കോഴിക്കോട് വീണ് പരിക്കേറ്റപ്പോള്‍ ഏതാനും ദിവസത്തെ വിശ്രമം മാത്രമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. ഈ പരിക്ക് മറയാക്കി ഏറെ നാളായുള്ള തന്‍െറ തീരുമാനം സുധീരന്‍ പ്രഖ്യാപിക്കുകയായിരുന്നു.

എ, ഐ ഗ്രൂപ്പുകള്‍ പൂര്‍ണമായും സുധീരനെ ബഹിഷ്കരിച്ചിരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഒരു കാര്യത്തിനും സുധീരനുമായി കൂടിയാലോചന നടത്തിയിരുന്നില്ല. മാത്രമല്ല, സുധീരന്‍ പങ്കെടുക്കുന്ന പരിപാടികളില്‍നിന്ന് ഇരുവരും മനഃപൂര്‍വം വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു. ഇടതുസര്‍ക്കാറിനെതിരായ പ്രതിഷേധപരിപാടികള്‍ നടത്തുമ്പോള്‍ പോലും പാര്‍ട്ടി ഒറ്റക്കെട്ടായിരുന്നില്ല. തെരഞ്ഞെടുപ്പിനുശേഷം ഉമ്മന്‍ചാണ്ടി ഒറ്റയാനായാണ് നീങ്ങുന്നത്. പാര്‍ട്ടിയുടെ ഒരു യോഗങ്ങളിലും അദ്ദേഹം പങ്കെടുക്കാറില്ലെന്നു മാത്രമല്ല, സുധീരനെ കാണുന്നതുപോലും ഒഴിവാക്കിയിരുന്നു. രമേശ് ചെന്നിത്തലും പ്രതിപക്ഷനേതാവെന്ന നിലക്ക് സുധീരനുമായി ഒരുതരത്തിലുമുള്ള കൂടിയാലോചനയും നടത്തിയിരുന്നില്ല. ഇത് സുധീരനെ കടുത്ത സമ്മര്‍ദത്തിലാക്കിയിരുന്നു. ഉമ്മന്‍ചാണ്ടിയൂടെയും ചെന്നിത്തലയുടെയും പിന്തുണ ഇല്ലാതെ കേരളത്തില്‍ പാര്‍ട്ടിയെ നയിക്കാനാകില്ലെന്ന് സുധീരന്‍ ഹൈക്കമാന്‍ഡിനെ ബോധ്യപ്പെടുത്തിയതായാണ് വിവരം.

സുധീരനെ ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഒറ്റപ്പെടുത്തുന്നത് ഹൈകമാന്‍ഡിനെയും അലോസരപ്പെടുത്തിയിരുന്നു. സുധീരന്‍ തുടരുന്നതില്‍ ഇരുഗ്രൂപ്പിനും താല്‍പര്യം ഉണ്ടായിരുന്നില്ല. ഈ ആവശ്യം ഉന്നയിച്ച് ഇരുഗ്രൂപ്പും ഒരുമിച്ച് സമീപിച്ചപ്പോഴും ഹൈകമാന്‍ഡ് അനങ്ങിയില്ല. മാറ്റം ആവശ്യപ്പെട്ട കേരള നേതാക്കളോട്, അപമാനിച്ച് അയക്കാന്‍ പാടില്ലെന്നും സമയമാകട്ടെയെന്നുമുള്ള മറുപടിയാണ് എ.കെ. ആന്‍റണി നല്‍കിയത്. പാര്‍ട്ടിയില്‍ പുറമേക്ക് സമാധാനം നിലനില്‍ക്കുന്ന സമയത്തുതന്നെ സുധീരന്‍ രാജി പ്രഖ്യാപിച്ച് പക്വത പ്രദര്‍ശിപ്പിക്കുകയും ചെയ്തു.

സുധീരന്‍െറ രാജി വാര്‍ത്ത അപ്രതീക്ഷിതം എന്ന് പറയുന്നതല്ലാതെ ചെന്നിത്തലയോ ഉമ്മന്‍ചാണ്ടിയോ രാജി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ഇവര്‍ മാത്രമല്ല, കേരളത്തിലെ ഒരു നേതാവും സുധീരന്‍ സ്ഥാനത്ത് തുടരണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. പാര്‍ട്ടിയില്‍ ബഹുഭൂരിപക്ഷവും സുധീരന് എതിരായിരുന്നുവെന്നാണ് ഇത് കാണിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ സുഗമമായ സംഘടനാപ്രവര്‍ത്തനം അസാധ്യമാണെന്ന തിരിച്ചറിവിലാണ് സുധീരന്‍െറ രാജി.

വി.എം. സുധീരന് എന്‍.സി.പിയിലേക്ക് സ്വാഗതം: ഉഴവൂര്‍ വിജയന്‍

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്‍റ് സ്ഥാനം രാജിവെച്ച വി.എം. സുധീരന്‍ എല്‍.ഡി.എഫുമായി പൊരുത്തപ്പെട്ടുപോകാന്‍ തയാറാകുമെങ്കില്‍ എന്‍.സി.പി.യിലേക്ക് സ്വാഗതംചെയ്യുന്നതായി സംസ്ഥാന പ്രസിഡന്‍റ് ഉഴവൂര്‍ വിജയന്‍. സുധീരനുവേണ്ടി പ്രസിഡന്‍റ് സ്ഥാനം ഒഴിയാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു.

അനാരോഗ്യം മൂലമാണ് രാജിവെച്ചതെന്നാണ് സുധീരന്‍ പറയുന്നത്. കോഴിക്കോട് നടന്ന അപകടത്തില്‍ അദ്ദേഹത്തിന് പരിക്കേറ്റെന്നാണ് അറിയുന്നത്. നട്ടെല്ലിനാണ് പരിക്കേറ്റതെങ്കില്‍ എല്‍.ഡി.എഫില്‍ വന്നാല്‍ ആരോഗ്യം വീണ്ടെടുക്കാനാവുന്നതേയുള്ളൂവെന്നും ഉഴവൂര്‍ വിജയന്‍ പറഞ്ഞു. സദാചാര ഗുണ്ടകള്‍ക്കുനേരെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമ്പോള്‍ പ്രതിപക്ഷം രാഷ്ട്രീയമുതലെടുപ്പിന് ശ്രമിക്കുകയാണ്. വീഴ്ചവരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടും നിയമസഭയില്‍ മുഖ്യമന്ത്രിക്കെതിരെ കൈയേറ്റത്തിന് ശ്രമിച്ചത് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.

തന്നെ വേട്ടയാടി നടന്ന സുധീരന് ദൈവം തന്നെ അനുഭവം കൊടുത്തുവെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: കെ.പി.സി.സി പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് വി.എം. സുധീരന്‍ രാജിവെച്ചത് കോണ്‍ഗ്രസിന് ഗുണംചെയ്യുമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തന്നെ വേട്ടയാടി നടന്ന സുധീരന് ദൈവം തന്നെ അനുഭവം കൊടുത്തു. ഉമ്മന്‍ ചാണ്ടിയെയും മറ്റും വിഴുങ്ങാന്‍ നോക്കിയ ആളാണ് സുധീരന്‍. സുധീരന്‍ രാജിവെച്ചതോടെ കോണ്‍ഗ്രസ് പച്ചപിടിക്കുമെന്നും അവരുടെ പ്രസക്തി കൂടുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. രാജി സ്വാഭാവികമാണെന്ന് വരുത്താനാണ് സുധീരന്‍ ശ്രമിക്കുന്നത്. യഥാര്‍ഥത്തില്‍ സോണിയ ഗാന്ധിയുടെ തീരുമാന പ്രകാരമാണ് സുധീരന് കസേര ഒഴിയേണ്ടി വന്നത്.

രാഷ്ട്രീയത്തിലെ സാമാന്യ മര്യാദ ലംഘിച്ചവരാണ് ബി.ജെ.പി കേരള ഘടകം. അവരുടെ നിലപാട് തറവേല പോലെയാണ്. ബി.ഡി.ജെ.എസിനോടോ മറ്റ് ഘടകകക്ഷികളോടോ ഒരുതരത്തിലുള്ള നീതിയും ബി.ജെ.പി കാണിച്ചിട്ടില്ല. എന്‍.ഡി.എ സംഘത്തില്‍നിന്ന് ബി.ഡി.ജെ.എസ് വിട്ടുനിന്നതും അതുകൊണ്ടാണ്. സംസ്ഥാനത്ത് ഇരുനൂറിലേറെ സ്ഥാനങ്ങള്‍ ബി.ജെ.പി നേതാക്കള്‍ പങ്കിട്ടെടുത്തിരിക്കുകയാണ്. ഒരാള്‍ക്ക് ഒന്നിലേറെ സ്ഥാനങ്ങളും ലഭിച്ചിട്ടുണ്ട്. ബി.ജെ.പിക്ക് തനിച്ച് കേരളത്തില്‍ മേല്‍വിലാസം കിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസിന്‍െറ കൂടി പിന്തുണ കൊണ്ടാണ് അവര്‍ക്ക് കൂടുതല്‍ വോട്ട് ലഭിച്ചത്. അത് സ്വന്തം കഴിവുകൊണ്ടാണെന്ന് അഹങ്കരിക്കുകയാണ്. ഇത്തരത്തില്‍ അനീതി കാട്ടുന്നവരോട് യോജിച്ചുപോകാന്‍ ബി.ഡി.ജെ.എസിന് എത്രനാള്‍ കഴിയുമെന്ന് കണ്ടറിയണം. സന്യാസിയായ രാഷ്ട്രീയക്കാരനാണ് കുമ്മനം. അത്തരക്കാരുടെ അഭിപ്രായങ്ങള്‍ക്ക് അവര്‍ പോലും വിലകൊടുക്കുന്നില്ളെന്നും അദ്ദേഹം പറഞ്ഞു.

സുധീരന്‍ രാജി പിന്‍വലിക്കണം: കൊടിക്കുന്നില്‍

കോട്ടയം: കെ.പി.സി.സി പ്രസിഡന്‍റ് സ്ഥാനത്തുനിന്നുള്ള രാജി വി.എം. സുധീരന്‍ പിന്‍വലിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി. രാജി ഹൈകമാന്‍ഡ് അംഗീകരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസിന് വി.എം. സുധീരന്‍െറ നേതൃത്വം അനിവാര്യമായ ഘട്ടത്തിലാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്. ആദര്‍ശ രാഷ്ട്രീയത്തിന്‍െറ വക്താവായ സുധീരന്‍ അഴിമതിക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം നടത്തുന്ന നേതാവാണ്. സുധീരന്‍െറ ക്ളീന്‍ ഇമേജ് പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടാണ്. നിയമസഭ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട കോണ്‍ഗ്രസിനും യു.ഡി.എഫിനും ഉയര്‍ത്തെഴുന്നേല്‍ക്കാനുള്ള ചിട്ടയായ പ്രവര്‍ത്തനത്തിന് തുടക്കംകുറിച്ച് മുന്നേറുന്ന സമയത്താണ് അനവസരത്തില്‍ രാജിവെച്ചത്. ഇത് പാര്‍ട്ടി പ്രവര്‍ത്തകരെ നിരാശപ്പെടുത്തിയെന്നും കൊടിക്കുന്നില്‍ പ്രസ്താവനയില്‍ പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top