Flash News

ഗോവയില്‍ കോണ്‍ഗ്രസ് സര്‍ക്കാറുണ്ടാക്കാന്‍ നാലു എം.എല്‍.എമാര്‍ കൂടി വേണം, അവകാശവാദവുമായി ബി.ജെ.പിയും

March 12, 2017

dayanad-parsekarആര്‍ക്കും ഭൂരിപക്ഷമില്ലാത്ത ഗോവയുടെ ഭരണം പിടിക്കാന്‍ കോണ്‍ഗ്രസും ബിജെപിയും കരുനീക്കങ്ങള്‍ ആരംഭിച്ചു. സ്വതന്ത്രരേയും ചെറുപാര്‍ട്ടികളേയും വരുതിയിലാക്കി ചരടുവലിക്കാനുള്ള നീക്കങ്ങളാണ് ബിജെപി നടത്തുന്നത്. മുന്‍ മുഖ്യമന്ത്രിയും കേന്ദ്ര പ്രതിരോധ മന്ത്രിയുമായ മനോഹര്‍ പരീക്കറാണ് ബിജെപി ക്യാമ്പിന്റെ നീക്കങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത്.

കോണ്‍ഗ്രസിന് വേണ്ടി ഗോവയുടെ ചുമതലയുള്ള കെസി വേണുഗോപാലാനാണ് നീക്കങ്ങള്‍ നടത്തുന്നത്. 17 എംഎല്‍എമാരുള്ള കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷം തികയ്ക്കാന്‍ നാല് പേരുടെ കുറവാണുള്ളത്. എന്‍സിപി സ്ഥാനാര്‍ഥിയായി ജയിച്ച ചര്‍ച്ചില്‍ അലിമാവോയുടെ പിന്തുണ കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നുണ്ട്. പിന്നെയും മൂന്നുപേരുടെ പിന്തുണ കൂടി വേണം സര്‍ക്കാരുണ്ടാക്കാന്‍. മൂന്നു സ്വതന്ത്രരുടെയോ അല്ലെങ്കില്‍ മൂന്ന് എംഎല്‍എമാരുള്ള ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയുടേയോ പിന്തുണ കിട്ടിയാല്‍ കോണ്‍ഗ്രസിന് എണ്ണം തികയ്ക്കാം.

മണിപ്പൂരില്‍ കോണ്‍ഗ്രസ് വലിയ കക്ഷിയാണെങ്കിലും ചെറുപാര്‍ട്ടികളുടെ പിന്തുണ ബിജെപിക്ക് പ്രതീക്ഷ നല്‍കുന്നു. എന്നാല്‍ ഗോവയിലെ സ്ഥിതി അതല്ല. 40 അംഗ സഭയില്‍ 13 അംഗങ്ങളുള്ള ബിജെപിക്ക് എട്ട് പേരുടെ പിന്തുണ നേടാനായാല്‍ മാത്രമേ ഭൂരിപക്ഷത്തിനുള്ള സംഖ്യ തികയ്ക്കാനാകൂ. പഴയ സഖ്യകക്ഷിയായ എംജിപിയാണ് ബിജെപിയുടെ ആദ്യ ലക്ഷ്യം. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് എംജിപി സഖ്യം പിരിഞ്ഞത്. പര്‍സേക്കറെ മാറ്റി മനോഹര്‍ പരീക്കറെ മുഖ്യമന്ത്രാക്കണം എന്നായിരുന്നും എംജിപിയുടെ ആവശ്യം. പക്ഷേ ബിജെപി ഇത് അംഗീകരിച്ചില്ല. തുടര്‍ന്ന് ബി.ജെപിയെ പാഠം പഠിപ്പിക്കാന്‍ ഇറങ്ങിയ ആര്‍എസ്എസ് വിമത നേതാവ് സുഭാഷ് വേലിങ്കറുടെ ഗോവ സുരക്ഷാ മഞ്ചും ശിവസേനയുമായി കൈക്കോര്‍ത്ത് സഖ്യമായാണ് എംജിപി മത്സരിച്ചത്. അടുത്തിടെ ആര്‍എസ്എസ് നേതൃത്വവുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഗോവ സുരക്ഷാ മഞ്ച് പിരിച്ചുവിട്ട് മാതൃസംഘടനയില്‍ തുടരാന്‍ വേലിങ്കര്‍ തീരുമാനിച്ചിരുന്നു.

ബി.ജെ.പി. ബന്ധം വേര്‍പെടുത്തിയ എം.ജി.പി. ഇത്തവണ നേടിയത് മൂന്നുസീറ്റാണ്. അതിനുമപ്പുറം ഒട്ടേറെ മണ്ഡലങ്ങളില്‍ ബി.ജെ.പി.യുടെ തോല്‍വിക്ക് കാരണമാകാനും ഈ പാര്‍ട്ടിക്കായി. ഗോവയിലെ ബ്രാഹ്മണേതര ഹിന്ദുക്കളുടെ രക്ഷകസ്ഥാനം ഏറ്റെടുത്ത് വേരുറപ്പിച്ച പാര്‍ട്ടിയാണ് എം.ജി.പി. പിന്നീട് ബി.ജെ.പി.ക്ക് ഈ സ്ഥാനത്തേക്കുയരാന്‍ സഹായിച്ചതും എം.ജി.പി.യുടെ ഈ വോട്ടുബാങ്കാണ്. തങ്ങളുടെ വോട്ടുകള്‍ ബി.ജെ.പി.ക്ക് ശക്തിപകരുന്നത് വളരെ വൈകിയാണെങ്കിലും എം.ജി.പി. തിരിച്ചറിഞ്ഞതിന്റെ തെളിവുകൂടിയാണ് ഇത്തവണത്തെ ബി.ജെ.പി.യുടെ പരാജയം. നിര്‍ണായകമായ പ്രാദേശികപാര്‍ട്ടികളില്‍ മറ്റൊന്ന് ഗോവ ഫോര്‍വേഡ് പാര്‍ട്ടിയാണ്. എം.ജി.പി.യെ പോലെ തന്നെ മൂന്നു സീറ്റുകളാണ് ഗോവ ഫോര്‍വേഡിനും ലഭിച്ചത്. എന്നാല്‍, എം.ജി.പി.യുടെ ജയത്തെക്കാള്‍ തിളക്കം ഒരു വര്‍ഷം മുമ്പുമാത്രം രൂപവത്കരിച്ച ഈ കുഞ്ഞു പാര്‍ട്ടി കൈവരിച്ച നേട്ടമാണ്.

ഗോവാ സുരക്ഷാ മഞ്ചിന്റെ പ്രചാരണം രണ്ട് വിഷയങ്ങളിലൂന്നിയാണ് നടന്നത്. സര്‍ക്കാര്‍ സ്‌കൂളുകളിലെ പ്രാഥമിക പഠനമാധ്യമം മാതൃഭാഷയാകണമെന്ന ആവശ്യവും പ്രാദേശിക സംസ്‌കാരത്തിന്റെ സംരക്ഷണവും. ഇത്തരം തീവ്രവാദഗതികളോട് നരേന്ദ്രമോദി പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ അനുകൂല നിലപാട് സ്വീകരിക്കാന്‍ കഴിയില്ലെന്നാണ് ബി.ജെ.പി.യുടെ നിലപാട്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top