Flash News

ജീവിതശൈലിയും ഭക്ഷണവും നിയന്ത്രിച്ചാല്‍ ആരോഗ്യവാന്മാരായി ജീവിക്കാം: ഡോ. അഷ്‌റഫ്

March 12, 2017

WORLD KIDNEY DAY 2017

ലോക കിഡ്‌നി ദിനാചരണത്തിന്റെ ഭാഗമായി മീഡിയ പ്‌ളസും ഫ്രന്റ്‌സ് കള്‍ചറല്‍ സെന്ററും സംയുക്തമായി സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടിയില്‍ ഡോ. സി. അഷറഫ് സംസാരിക്കുന്നു

ദോഹ: ജീവിതശൈലിയും ഭക്ഷണവും നിയന്ത്രിച്ചാല്‍ ആരോഗ്യവാന്മാരായി ജീവിക്കാമെന്നും ഈ രംഗത്തും സമൂഹത്തില്‍ ശക്തമായ ബോധവല്‍ക്കരണം നടക്കേണ്ടതുണ്ടെന്നും ഡോ. സി. അഷ്‌റഫ് അഭിപ്രായപ്പെട്ടു. ലോക കിഡ്‌നി ദിനാചരണത്തിന്റെ ഭാഗമായി മീഡിയ പ്‌ളസും ഫ്രന്റ്‌സ് കള്‍ചറല്‍ സെന്ററും സംയുക്തമായി സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടിയില്‍ വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരോഗ്യ രംഗത്ത് ലോകം മുന്നേറുമ്പോഴും രോഗങ്ങളുടെ എണ്ണവും വ്യാപ്തിയും കൂടുന്നുവെന്നത് അപായസൂചനയാണ്. രോഗങ്ങളെ പരിചരിക്കുന്നതിലും സമീപിക്കുന്നതിലുമുളള അപാകതകളും ഭക്ഷണ സംസ്‌കാരത്തിലും ജീവിത ശൈലിയിലുമുളള വൈകല്യങ്ങളുമൊക്കെ സ്ഥിതിഗതികള്‍ വഷളാക്കുകയാണന്നൊണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

ഓരോരുത്തരും ആവശ്യമുള്ള ഭക്ഷണം ശരിയായ രീതിയില്‍ കഴിക്കുകയും ആരോഗ്യകരമായ ജീവിത ശൈലി പിന്തുടരുകയും ചെയ്താല്‍ മാത്രമേ കിഡ്‌നി രോഗവും മറ്റു രോഗങ്ങളും ക്രിയാത്മകമായി പ്രതിരോധിക്കാനാവുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. ഫ്രന്റ്‌സ് കള്‍ചറല്‍ സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബുറഹ്മാന്‍ കിഴിശ്ശേരി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വൈദ്യശാസ്ത്ര രംഗത്തു നടക്കുന്ന അഭൂതപൂര്‍വമായ വളര്‍ച്ചാവികാസങ്ങള്‍ ആരോഗ്യ സംരക്ഷണ രംഗത്ത് ആശാവഹമായ മാറ്റങ്ങളുണ്ടാക്കുന്നുണ്ടോ എന്ന ആലോചന ഏറെ പ്രസക്തമാണ്. ആതുര രംഗവും രോഗങ്ങളും തമ്മിലുള്ള സംഘട്ടനത്തില്‍ ആരോഗ്യ രംഗം വിജയിക്കുകയും രോഗങ്ങള്‍ പരാജയപ്പെടുകയും ചെയ്യുന്നതിന് പകരം കൂടുതല്‍ സങ്കീര്‍ണമായ രോഗങ്ങളും രോഗാതരമായ ഒരു സമൂഹവുമാണ് രൂപപ്പെടുന്നതെങ്കില്‍ ഗുരുതരമായ ചില തകരാറുകളുടെ ലക്ഷണമാണത്. ഈ രംഗത്ത് ആവശ്യമായ പുനര്‍വിചിന്തനങ്ങളാണ് സാഹചര്യം ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

മംവാഖ് പ്രസിഡണ്ട് ഉസ്മാന്‍ മുഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു. മീഡിയ പ്‌ളസ് സി.ഇ.ഒ. അമാനുല്ല വടക്കാങ്ങര, അക്കോണ്‍ ഗ്രൂപ്പ് വെന്‍ച്വാര്‍സ് ചെയര്‍മാന്‍ ശുക്കൂര്‍ കിനാലൂര്‍, ഖത്തര്‍ സ്റ്റാര്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ടി.എം. കബീര്‍, ട്രസ്റ്റ് സൊല്യൂഷന്‍സ് മാനേജര്‍ ബഷീര്‍ വടകര സംസാരിച്ചു. ഖാലിദ് ബിന്‍ നാസര്‍ ലിമോസിന്‍ ജനറല്‍ മാനേജര്‍ തങ്കപ്പന്‍ ഗണേഷന്‍, ആവന്‍സ് ടൂര്‍സ് ആന്റ് ട്രാവല്‍സ് ഡയറക്ടര്‍മാരായ ഷജീര്‍ ശുക്കൂര്‍, നില്‍ഷാദ് നാസര്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. ഷാജി മോനായ് സ്വാഗതവും ജിന്റോ സെബാസ്റ്റ്യന്‍ നന്ദിയും പറഞ്ഞു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top