Flash News

മുഖ്യമന്ത്രി പിണറായിയും ഭരണവും (അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്)

March 12, 2017

Pinarayiyum bharanavum sizeഭരണം ഇഴഞ്ഞുനീങ്ങുന്നുവെന്ന സ്വയം വിമര്‍ശനത്തെ തുടര്‍ന്നാണത്രെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഒരു പുതിയ സഹായികൂടി എത്തിയിരിക്കുന്നത്. ഒന്നിലേറെതവണ എം.എല്‍.എ, സംസ്ഥാന കമ്മറ്റി അംഗം, കണ്ണൂരില്‍ ആക്ടിംഗ് ജില്ലാ സെക്രട്ടറി, പരിയാരം സ്വാശ്രയ മെഡിക്കല്‍കോളജ് ഭരണകര്‍ത്താവ്, വൈദ്യുതി ബോര്‍ഡ് അംഗം. ഇപ്പോള്‍ ലോട്ടറി ക്ഷേമബോര്‍ഡിന്റെ അധ്യക്ഷന്‍വരെയായി പ്രവര്‍ത്തിച്ച അനുഭവമുള്ള ഒരാള്‍.

ഇതുകൊണ്ടുമാത്രം എല്‍.ഡി.എഫ് സര്‍ക്കാറിന്റെ പ്രവര്‍ത്തനം ഊര്‍ജ്ജസ്വലമാകുമെന്ന് മുഖ്യമന്ത്രിയുടെ പാര്‍ട്ടി നേതൃത്വംപോലും കരുതുന്നുണ്ടാകില്ല. ഔദ്യോഗിക ഉപദേശകരും സ്വകാര്യ-ഔദ്യോഗിക സെക്രട്ടറിമാരും സ്റ്റാഫുമായി വലിയൊരു പട ഇപ്പോള്‍തന്നെയുണ്ട്. ഹാര്‍ഡ് വാര്‍ഡില്‍നിന്നുള്ള പ്രൊഫസര്‍ മുതല്‍ മിടുക്കരും പക്വമതികളുമായ ഐ.എ.എസ് സെക്രട്ടറിമാരും പാര്‍ട്ടി സംസ്ഥാനകമ്മറ്റിയംഗമായ രാഷ്ട്രീയ സെക്രട്ടറിമുതല്‍ കരസേന- പൊലീസ് സേന പശ്ചാത്തലമുള്ള സഹായികളും ഒക്കെയായി.

PHOTO

ലേഖകന്‍

എന്നിട്ടും ഗവണ്മെന്റ് ഇഴഞ്ഞുനീങ്ങുകയാണെന്നു തോന്നാന്‍ എന്താണ് കാരണം. തുടക്കത്തിലുണ്ടായിരുന്ന പ്രതിച്ഛായയും പ്രതീക്ഷയും ഇപ്പോഴില്ലെന്ന് പലരും പറയുന്നത് എന്തുകൊണ്ടാണ്. മുഖ്യമന്ത്രിയും പാര്‍ട്ടിയും എല്‍.ഡി.എഫ് നേതാക്കളും ഒരുപോലെ പരിശോധിക്കുകയും തിരുത്തുകയും ചെയ്യേണ്ടതാണത്. അടുത്തമാസംകൂടി കഴിയുന്നതോടെ പിണറായി ഗവണ്മെന്റ് ഒരുവര്‍ഷം പൂര്‍ത്തിയാക്കുകയാണ്. അതിനര്‍ത്ഥം മുന്‍ ഇടതുപക്ഷ ഗവണ്മെന്റുകളില്‍നിന്നു വ്യത്യസ്തമായി സവിശേഷ വ്യക്തിമുദ്ര പതിപ്പിക്കാനും രാജ്യത്തെ വേറിട്ട ഒരു ഗവണ്മെന്റ് എന്ന പ്രതിച്ഛായ ഉണ്ടാക്കാനും കാലാവധിയുടെ അഞ്ചില്‍ ഒരുഭാഗം കഴിഞ്ഞിട്ടും ഈ ഗവണ്മെന്റിന് കഴിഞ്ഞിട്ടില്ല എന്നാണ്.

ഇ.എം.എസ്‌പോലും തനിക്കും തന്റെ സഹപ്രവര്‍ത്തകനും പില്‍ക്കാലത്ത് മാര്‍ക്‌സിസ്റ്റു വിരുദ്ധ മുന്നണിയുടെ മുഖ്യമന്ത്രിയുമായ അച്യുതമേനോനും ചില കഴിവുകളും കഴിവുകേടുകളും ഉണ്ടായിരുന്നെന്ന് പറഞ്ഞിട്ടുണ്ട്. പിന്നീട് മുഖ്യമന്ത്രിമാരായി വന്ന ഇ.കെ നായനാരും വി.എസ് അച്യുതാനന്ദനും ഇപ്പോള്‍ പിണറായി വിജയനും പല കഴിവുകളും ചില കഴിവുകേടുകളും ഉണ്ടെന്നത് വസ്തുതയാണ്.

മന്ത്രിസഭയുടെ നേതാവായ മുഖ്യമന്ത്രി ഗവണ്മെന്റിനെ കാര്യക്ഷമമായി നയിക്കുമ്പോഴാണ് അതിന്റെ പ്രശസ്തി ജനങ്ങള്‍ക്കിടയിലും രാജ്യത്താകെയും പരക്കുന്നത്. പുതിയ നയങ്ങള്‍ ആവിഷ്‌ക്കരിക്കുന്നതിന് മുന്‍കൈയും നേതൃത്വവും എടുക്കേണ്ടത് മുഖ്യമന്ത്രിയാണ്. മറ്റു വകുപ്പുകളെ ഏകോപിപ്പിക്കേണ്ടതും. ഇതൊരു കൂട്ടുകക്ഷി മന്ത്രിസഭയാണ്. ഏറെ സഹിഷ്ണതയോടെയും പരസ്പര സൗഹാര്‍ദ്ദത്തോടെയും ഈ ഏകോപനം മുഖ്യമന്ത്രിക്ക് നിര്‍വ്വഹിക്കാന്‍ കഴിയണം.

സ്വതന്ത്രവും കാര്യക്ഷമവുമായി വകുപ്പു മന്ത്രിമാര്‍ക്ക് ഭരണം നിര്‍വ്വഹിക്കാനുള്ള അവസരമുണ്ടാക്കണം. രാഷ്ട്രീയവും ഭരണപരവുമായ ഏകീഭാവവും പരസ്പര വിശ്വാസവും സഹകരണവുംകൊണ്ടേ മുന്നണി മന്ത്രിസഭയ്ക്ക് ജനങ്ങള്‍ക്കും നാടിനും ഫലം ചെയ്യാനാകൂ. ആരോഗ്യകരവും ജനാധിപത്യപരവുമായ അത്തരമൊരു ഗതിക്ക് താനോ തന്റെ പാര്‍ട്ടിക്കാരനായ ധനമന്ത്രിയോ ഒരു ഘട്ടത്തിലും തടസമാകില്ലെന്നും ഉറപ്പുവരുത്തേണ്ടത് മുഖ്യമന്ത്രിയാണ്. അല്ലെങ്കില്‍ ഇടതുപക്ഷ ഗവണ്മെന്റില്‍നിന്നുള്ള പ്രതീക്ഷ വൃഥാവിലാകും. ഭരണം തീര്‍ന്നതിനുശേഷം പോസ്റ്റുമോര്‍ട്ടം നടത്തിയിട്ടു ഫലമില്ല.

മുന്നണിയിലെ ഏറ്റവും വലിയ കക്ഷിയായ തന്റെ പാര്‍ട്ടിയും മുഖ്യമന്ത്രിയും തമ്മിലുള്ള ബന്ധംതന്നെ ഏറ്റവും പ്രധാനമാണ്. പിണറായി സെക്രട്ടറിയായിരിക്കെ മുഖ്യമന്ത്രി വി.എസുമായുള്ള പാര്‍ട്ടിബന്ധം ഭരണത്തെ എവിടെനിന്ന് എവിടെയെത്തിച്ചു എന്ന് ഇവിടെ ചര്‍ച്ചചെയ്യുന്നില്ല. അതു സംബന്ധിച്ച കൃത്യമായ ധാരണയുള്ള പിണറായി പാര്‍ട്ടിയെ വിശ്വാസത്തിലെടുക്കേണ്ടതുണ്ട്. അതിനുള്ള ഒരു കണ്ണിയാണ് പുതിയ പ്രൈവറ്റ് സെക്രട്ടറിയുടെ സാന്നിധ്യമെങ്കില്‍ നല്ലത്. എന്നാല്‍ മുഖ്യമന്ത്രിയുടെ അഭാവത്തില്‍ പൊലീസ് വകുപ്പിലെ കാര്യങ്ങള്‍ പ്രൈവറ്റ് സെക്രട്ടറി കൈകാര്യംചെയ്യുമെന്ന് വാര്‍ത്തകണ്ടു. അത് ഭരണഘടനാ വിരുദ്ധമാണ്. പ്രത്യാഘാതങ്ങള്‍ക്കു വഴിവെക്കുമെന്ന് പറയാതെവയ്യ.

ഹൈക്കോടതി ജഡ്ജിമാരെ ‘ശുംഭ’ന്മാരെന്നു വിളിച്ച് ജയില്‍ശിക്ഷ വരിച്ച ആളാണ് പുതിയ പ്രൈവറ്റ് സെക്രട്ടറി. ഏറ്റവും വിവാദമായ രാഷ്ട്രീയ കൊലപാതകകേസില്‍ പാര്‍ട്ടി നേതാക്കളെ അറസ്റ്റുചെയ്തുകൊണ്ടുപോയപ്പോള്‍ പൊലീസ് സ്റ്റേഷനുമുമ്പില്‍ ധര്‍ണ നടത്തിയതടക്കമുള്ള ചരിത്രം ആ നേതാവിനുണ്ട്. പാര്‍ട്ടിയുടെ ചില നേതാക്കളും പ്രവര്‍ത്തകരും ഇപ്പോഴും കൊലപാതകക്കേസിലടക്കം ജയിലിലും നിയമത്തിന്റെ മുമ്പിലും പ്രതികളാണ്. ഭരണഘടനാ പ്രതിജ്ഞ എടുക്കാത്ത ഒരാള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇരുന്ന് അദ്ദേഹത്തിന്റെ അഭാവത്തില്‍ തീരുമാനമെടുത്താണ് പൊലീസ് ഭരണത്തിന്റെ വേഗത കൂട്ടുന്നതെങ്കില്‍ അതു തെറ്റാണ്. എന്നും തലവേദന സൃഷ്ടിക്കുന്ന വകുപ്പാണ് പൊലീസിന്റേത്. ഊണും ഉറക്കവുമില്ലാതെ വകുപ്പു കൈകാര്യംചെയ്യുന്ന മന്ത്രി ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കേണ്ട ഒരു സാഹചര്യമാണ് ഇപ്പോള്‍ കേരളത്തിലുള്ളത്. മുഖ്യമന്ത്രി അതിലേക്കൊതുങ്ങുകയും അതില്‍ കുരുങ്ങുകയും ചെയ്യാന്‍ പാടില്ല.

57ലെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയും 67ലെ സപ്തകക്ഷി മന്ത്രിസഭയും നയിച്ച ഇ.എം.എസ് തന്റെ അനുഭവങ്ങള്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ട്:

‘മൊത്തത്തില്‍ മന്ത്രിസഭയുടെ നേതാവാണ് മുഖ്യമന്ത്രി. പൊതുഭരണം ആസൂത്രണം എന്നിവയൊഴിച്ച് ഒരു വകുപ്പും മുഖ്യമന്ത്രി കൈകാര്യം ചെയ്യണമെന്നില്ല. പൊതു നയരൂപീകരണം, രൂപീകരിച്ച നയം പ്രാവര്‍ത്തികമാക്കല്‍, അതിനാവശ്യമായ നിയന്ത്രണം എല്ലാ വകുപ്പുകളുടെയും മേല്‍ ഉണ്ടാവുക ഇതൊക്കെയാണ് മുഖ്യമന്ത്രിക്കാവശ്യം. സംസ്ഥാനത്തിനകത്തും ഇന്ത്യയിലാകെയും (ഇപ്പോള്‍ വിദേശത്തും – ലേഖകന്‍) ജനങ്ങളുടെ മുമ്പില്‍ മന്ത്രിസഭയുടെ വക്താവായി പ്രത്യക്ഷപ്പെടുന്നത് മുഖ്യമന്ത്രിയാണ്. ഇതെല്ലാം ചെയ്യുന്ന മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മറ്റ് ഏതു മന്ത്രിക്കും ഏതു വകുപ്പും കൈകാര്യം ചെയ്യാം.’

ആദ്യത്തെ രണ്ടുമൂന്ന് മാസമൊഴിച്ച് 1957-59 കാലത്ത് പൊലീസ് അടക്കം പ്രധാന വകുപ്പുകളുടെയൊന്നും ചുമതല ഇ.എം.എസിനുണ്ടായിരുന്നില്ല. ഗവണ്മെന്റിന്റെയും പാര്‍ട്ടിയുടെയും പൊതുനയം ആവിഷ്‌ക്കരിക്കല്‍, അത് പ്രയോഗത്തില്‍ വരുത്തല്‍ എന്നീ കാര്യങ്ങളില്‍ ഇ.എം.എസിനു ശ്രദ്ധിക്കാനായി. ഗവണ്മെന്റിന്റെയും പാര്‍ട്ടിയുടെയും പ്രശസ്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിച്ചു. ഗവണ്മെന്റിന്റെ പുരോഗമന നടപടികള്‍ക്ക് രൂപം നല്‍കുന്നതില്‍ പ്രധാന പങ്കുവഹിച്ചു.

കാര്‍ഷികബന്ധ ബില്‍, അധികാരവികേന്ദ്രീകരണം സംബന്ധിച്ച നിര്‍ദ്ദേശങ്ങളും ഭരണപരിഷ്‌ക്കാര കമ്മറ്റി ചെയര്‍മാനെന്ന നിലയില്‍ നല്‍കിയ ശുപാര്‍ശയുടെ ഫലമായി സഭയില്‍കൊണ്ടുവന്ന ജില്ലാ കൗണ്‍സില്‍ ബില്‍, പിന്നോക്ക ജാതി സംവരണം പിന്നോക്കജാതിക്കാരിലെ ദരിദ്രര്‍ക്കു മാത്രമായി വ്യവസ്ഥചെയ്യണമെന്ന നിര്‍ദ്ദേശം ആദ്യമായി മുന്നോട്ടുവെച്ചത്, ഇന്ത്യയ്ക്കുതന്നെ വഴികാട്ടിയായി മാറിയ പൊലീസ്‌നയം ആവിഷ്‌ക്കരിച്ചത്. ഉദാഹരണങ്ങളേറെ.

ഇപ്പോഴാകട്ടെ ഭരണത്തിന്റെ ഒരുവര്‍ഷം പൂര്‍ത്തിയാകാനിരിക്കെ വി.എസ് അധ്യക്ഷനായുള്ള ഭരണപരിഷ്‌ക്കാര കമ്മീഷന്റെ പ്രവര്‍ത്തനസൗകര്യവും വേതനവ്യവസ്ഥകള്‍പോലും നിശ്ചയിച്ചിട്ടില്ലെന്ന വിവാദമാണ് ഉയരുന്നത്. നിയമ പരിഷ്‌ക്കാര കമ്മീഷനായി ജസ്റ്റിസ് കെ.ടി തോമസിനെ നിയമിച്ചത് കഴിഞ്ഞദിവസമാണ്. പൊലീസ് നയംതന്നെ പുതിയ സാഹചര്യങ്ങളുടെ വെളിച്ചത്തില്‍ ഉടച്ചുവാര്‍ക്കേണ്ടതുണ്ട്. വീട്ടിനകത്തുപോലും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷയില്ലാത്ത അവസ്ഥ. ഈ അസാധാരണകാലത്ത് കുറ്റകൃത്യം ഉണ്ടാകുന്നത് തടയാനുള്ള പൊലീസ് നയമാണ് ആവിഷ്‌ക്കരിക്കേണ്ടത്. ഇതിനാവശ്യമായ പശ്ചാത്തലസൗകര്യങ്ങളും സംവിധാനങ്ങളും പൊതുറോഡുകളിലും ജനങ്ങള്‍ രാപകല്‍ സഞ്ചരിക്കുന്ന സ്ഥലങ്ങളിലും അടിയന്തരമായി ഒരുക്കേണ്ടതുണ്ട്. മേലാളില്‍നിന്നുള്ള കല്പന കിട്ടുംവരെ നിഷ്‌ക്രിയരോ മേലാള്‍ തെളിക്കുന്ന വഴിയെ മാത്രം നടക്കേണ്ടവരോ അല്ല പൊലീസ് സേന. ഭരണഘടനാ വ്യവസ്ഥകള്‍ക്കു വിധേയമായ പൊലീസ് നിയമത്തിന്റെ നാല് അതിരുകള്‍ക്കുള്ളില്‍ നിന്ന് കാര്യക്ഷ്മമായി ജനങ്ങളുടെ അന്തസ്സും സുരക്ഷയും സ്വാതന്ത്ര്യവും കാത്തുസൂക്ഷിക്കാന്‍ ജാഗ്രമായി പ്രവര്‍ത്തിക്കേണ്ടവരാണവര്‍. ആ കാര്യക്ഷമത ഉറപ്പുവരുത്തലും അതിന്റെ മേല്‍നോട്ടം നിര്‍വ്വഹിക്കലുമാണ് വകുപ്പുമന്ത്രിയെന്ന നിലയ്‌ക്കോ അല്ലാതെയോ മുഖ്യമന്ത്രിക്ക് ചെയ്യേണ്ടത്.

കുടിവെള്ളപ്രശ്‌നവും വരണ്ടുകിടക്കുന്ന ജലസ്രോതസ്സുകളും ഉയര്‍ത്തുന്ന കാലാവസ്ഥാ വ്യതിയാനവും കാര്‍ഷിക പ്രതിസന്ധിയും ഭക്ഷ്യക്ഷാമവും. ഭൂനയവുമായി ബന്ധപ്പെട്ട് ആദിവാസികളും കര്‍ഷക തൊഴിലാളികളും നേരിടുന്ന പ്രശ്‌നങ്ങള്‍. ദളിതരുടെയും മറ്റും സവിശേഷ പ്രശ്‌നങ്ങള്‍. ഇങ്ങനെ യുദ്ധകാലാടിസ്ഥാനത്തില്‍ ഇടതുപക്ഷ ഗവണ്മെന്റ് രൂപപ്പെടുത്തി നടപ്പാക്കേണ്ട അടിയന്തര നടപടികള്‍ ഇവിടെ എണ്ണിയെണ്ണി പറയുന്നില്ല. ബന്ധപ്പെട്ട വകുപ്പു മന്ത്രിമാര്‍ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍നിന്നുയര്‍ന്ന് ഈ നയങ്ങളെ അഭിസംബോധന ചെയ്യുന്നതിനും പദ്ധതികള്‍ രൂപപ്പെടുത്തുന്നതിനും മുഖ്യമന്ത്രിയാണ് സജീവവും നിഷ്‌ക്കര്‍ഷവുമായ നേതൃത്വം നല്‍കേണ്ടത്.

രാജാവേ, അങ്ങ് നഗ്നനാണ് എന്ന് കുട്ടി വിളിച്ചുപറഞ്ഞതുപോലെ മുഖ്യമന്ത്രി പിണറായി വിജയനുള്ള രണ്ട് ദൗര്‍ബല്യങ്ങള്‍ അടിവരയിട്ട് പരാമര്‍ശിക്കേണ്ടതുണ്ട്. അതിലൊന്ന്, സെക്രട്ടേറിയറ്റില്‍ കേന്ദ്രീകരിച്ച് ഈ ചുമതലകള്‍ നിര്‍വ്വഹിക്കുന്നതിനുപകരം നാടാകെ ഉദ്ഘാടന-പ്രഭാഷണ പരിപാടികളിലാണ് മുഖ്യമന്ത്രി എന്നതാണ്. ഒരുദിവസം ഒരു ജില്ലയില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളുടെ പത്രവാര്‍ത്തകള്‍ മാത്രംമതി ഏറെ വിലപ്പെട്ട സമയവും ശ്രദ്ധയും അദ്ദേഹം എങ്ങനെ ചെലവഴിക്കുന്നു എന്നറിയാന്‍. മന്ത്രിമാര്‍ ആഴ്ചയില്‍ ഏറെദിവസവും സെക്രട്ടേറിയറ്റില്‍തന്നെ ഉണ്ടാകണമെന്ന് കാലാകാലങ്ങളില്‍ പാര്‍ട്ടി നിര്‍ദ്ദേശിക്കാറുണ്ട്. അത് ഉറപ്പുവരുത്തേണ്ട മുഖ്യമന്ത്രിതന്നെ ദേശ-വിദേശ യാത്രകളില്‍ മോദിശൈലി സ്വീകരിച്ചിരിക്കുന്നു. ഭരണം ഒച്ചിന്റെ വേഗത്തിലാകുക മാത്രമല്ല ചരടുപൊട്ടിയ പട്ടംപോലെയാകും ക്രമത്തില്‍ അതിന്റെ ഗതി.

കണിശക്കാരനും കാര്‍ക്കശ്യക്കാരനും ഇപ്പോള്‍ വീടിനുപുറത്തും തുറന്നുചിരിക്കുന്നവനും എന്നതിനപ്പുറമുള്ളതാണ് രണ്ടാമത്തെ ദൗര്‍ബല്യം. വിമര്‍ശനങ്ങളെയും ചോദ്യങ്ങളെയും സഹിഷ്ണുതയോടെ നേരിട്ട് ആശ്വാസത്തിന്റെയും വിശ്വാസത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കുന്നതിലാണ് മുഖ്യമന്ത്രി വിജയിക്കേണ്ടത്. പക്ഷെ, എന്നെ വിരട്ടാന്‍ നോക്കേണ്ട എന്ന് മനസ്സിലിട്ടു നടക്കുന്ന ഒരവസ്ഥയിലാണ് അദ്ദേഹം എല്ലാവരോടും പ്രതികരിക്കുന്നത്. സി.പി.ഐ സെക്രട്ടറിയോടുപോലും തനിക്ക് പ്രതികരണശേഷി നഷ്ടപ്പെട്ടിട്ടില്ലെന്ന് പറഞ്ഞത്. ബ്രണ്ണന്‍ കോളജില്‍ പണ്ട് ഊരിപ്പിടിച്ച കത്തിക്കും വാളുകള്‍ക്കും ഇടയിലൂടെ നടന്നുപോയെന്ന് കര്‍ണാടക സദസ്സില്‍ചെന്ന് പറഞ്ഞത്. പ്രതിപക്ഷ നേതാക്കളുടെ വിമര്‍ശനങ്ങളെ പ്രകോപനപരമായി നേരിട്ട് നിയമസഭയെ കയ്യാങ്കളിയുടെ വേദിയാക്കി മാറ്റുന്നത്. ലക്ഷ്മണരേഖ ചാടിക്കടന്ന് സ്പീക്കറുടെ ഇരിപ്പിടത്തിനടുത്തുചെന്ന് തന്നെ വിമര്‍ശിച്ച യുവ എം.എല്‍.എയ്ക്കുനേരെ ഭീഷണി മുഴക്കുന്നത് – ഇതിലെല്ലാം പുറത്തേക്കു ചാടുന്നത് എല്ലാവരും തന്നെ വിരട്ടുകയാണെന്ന ഒരു മാനസികാവസ്ഥയാണ്

ഇത് സ്വയം തിരിച്ചറിഞ്ഞ് തിരുത്തേണ്ടത് പിണറായി വിജയന്‍തന്നെയാണ്. തിരുത്തണമെന്ന് മുഖ്യമന്ത്രിയോട് പറയേണ്ടത് അദ്ദേഹം നിയോഗിച്ച ഉപദേശികളും അദ്ദേഹത്തിന്റെ പാര്‍ട്ടി നേതൃത്വവുമാണ്. ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചര്‍ച്ചകളില്‍ ഏറ്റുമുട്ടുകയും പരസ്യമായ വിമര്‍ശനം പാടില്ലെന്ന് എഴുതിവെച്ച് പിരിഞ്ഞതുകൊണ്ടും ഫലമില്ല. ഭരണനയങ്ങളും തീരുമാനങ്ങളും മുഖ്യമന്ത്രിയുടേയോ വകുപ്പു മന്ത്രിയുടേയോ പഴ്‌സണല്‍ സ്റ്റാഫിന്റെയോ ആയിക്കൂട. മുഖ്യമന്ത്രി നേതാവായ മന്ത്രിസഭയുടെയും അതിനെ നയിക്കുന്ന എല്‍.ഡി.എഫ് നേതൃത്വത്തിന്റെയും ബന്ധപ്പെട്ട പാര്‍ട്ടികളുടേയും സുചിന്തിതമായ കൂട്ടായ തീരുമാനങ്ങളായിരിക്കണം. എങ്കിലേ സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും അടിയന്തര ആവശ്യങ്ങള്‍ക്ക് ഇനിയുള്ള സമയമെങ്കിലും മുന്‍ഗണന നിശ്ചയിക്കാനാവൂ. സംസ്ഥാനത്തിന്റെ താല്പര്യം ഉറപ്പുവരുത്താനും ജനങ്ങളെയാകെ ഭരണത്തിന്റെ ഭാഗമാക്കാനും സാധിക്കൂ. സംസ്ഥാനത്തിന്റെ അവകാശം നിഷേധിക്കുന്നവരോട് അത് കൂട്ടായി ചോദിച്ചുവാങ്ങാനും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top