Flash News

പ്രശസ്ത ചലച്ചിത്ര സം‌വിധായകന്‍ ദീപന്‍ അന്തരിച്ചു; കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെയായിരുന്നു അന്ത്യം

March 13, 2017

dipan-830x412കൊച്ചി: ചലച്ചിത്ര സംവിധായകന്‍ ദീപന്‍(46) അന്തരിച്ചു. കരള്‍സംബന്ധമായ അസുഖത്തെത്തുടര്‍ന്ന്‌ ഏറെനാളായി ചികില്‍സയിലായിരുന്ന ദീപന്റെ അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാവിലെ പതിനൊനൊന്നോടെയായിരുന്നു. സംസ്‌കാരം ഇന്ന്‌ രാവിലെ 11ന്‌ തിരുവനന്തപുരം തൈക്കാട് ശ്‌മശാനത്തില്‍.

അസുഖം മൂര്‍ഛിച്ചതിനെ തുടര്‍ന്നു കഴിഞ്ഞ മാസം 26നാണ്‌ ദീപനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. തുടര്‍ന്ന്‌ വൃക്കകളും തകരാറിലായി. എ.കെ. സാജന്റെ തിരക്കഥയില്‍ ദീപന്‍ സംവിധാനം ചെയ്യുന്ന ജയറാം നായകനാകുന്ന സത്യ എന്ന സിനിമയുടെ നിര്‍മാണജോലി നടന്നുവരുന്നതിനിടയിലാണ്‌ അന്ത്യം. നടനും സംവിധായകനുമായിരുന്ന പരേതനായ ശിവകുമാറാണ്‌ പിതാവ്‌. മാതാവ്‌ പ്രമുഖ ഡബ്ബിംഗ് ആര്‍ട്ടിസ്‌റ്റ്‌ ആനന്ദവല്ലി. ഭാര്യ ദീപ. മക്കള്‍: മാധവന്‍, മഹാദേവന്‍.

സുരേഷ്‌ ഗോപി നായകനായ ഡോള്‍ഫിന്‍സാണ്‌ ദീപന്റെ പുറത്തിറങ്ങിയ അവസാന ചിത്രം. ഷാജി കൈലാസിന്റെ സഹായിയായിരുന്നു ദീപന്റെ സിനിമാത്തുടക്കം. ആറാം തമ്പുരാന്‍, എഫ്‌.ഐ.ആര്‍, വല്യേട്ടന്‍, നരസിംഹം തുടങ്ങിയ സിനിമകളില്‍ പ്രവര്‍ത്തിച്ചു. പിന്നീട്‌ 2003ല്‍ സായികുമാറിനെ പ്രധാനകഥാപാത്രമാക്കി ലീഡര്‍ എന്ന രാഷ്‌ട്രീയ സിനിമ ഒരുക്കി സ്വതന്ത്ര സംവിധായകനായി. 2009ല്‍ പൃഥ്വിരാജിനെ നായകനാക്കി പുതിയ മുഖം, 2012 ല്‍ ഹീറോ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്‌തു. ആന്‍ അഗസ്‌റ്റിനെ നായികയാക്കി സിം, മൂന്നു സംവിധായകര്‍ ഒരുമിച്ച മൂന്നുസിനിമകളുടെ കോമ്പിനേഷനായ ഡി കമ്പനിയിലെ ഗ്യാങ്‌സ്‌ ഓഫ്‌ വടക്കുംനാഥന്‍ എന്ന ചിത്രവും സംവിധാനം ചെയ്‌തു.

ദീപന്റെ മൃതദേഹം ഉച്ചയ്‌ക്ക്‌ ഒന്നരയോടെ ഇടപ്പളളിയിലെ ഫ്‌ളാറ്റില്‍ എത്തിച്ച്‌ പൊതുദര്‍ശനത്തിന്‌ വച്ചു.

dipan-1ചലച്ചിത്ര താരങ്ങളായ മമ്മൂട്ടി, സുരേഷ്‌ ഗോപി, കുഞ്ചാക്കോ ബോബന്‍, ബാല, സുരേഷ്‌ കൃഷ്‌ണ, ഹരിശ്രീ അശോകന്‍, നിഷാന്ത്‌ സാഗര്‍, ടിനി ടോം, കലാഭവന്‍ ഷാജോണ്‍, പാഷണം ഷാജി, അഞ്‌ജലി നായര്‍, സീമ ജി. നായര്‍, തെസ്‌നി ഖാന്‍ സംവിധായകരായ കമല്‍, ജോഷി, സിബി മലയില്‍, സിദ്ദീഖ്‌, ലാല്‍ ജോസ്‌, സിദ്ധാര്‍ഥ്‌ ശിവ, സലാം ബാപ്പു, നിര്‍മാതാവ്‌ ആന്റോ ജോസഫ്‌ എന്നിവരടക്കം ചലച്ചിത്രമേഖലയിലെ പ്രമുഖര്‍ ആശുപത്രിയിലും ഇടപ്പള്ളിയിലെ ഫ്‌ളാറ്റിലുമെത്തി അന്ത്യോപചാരമര്‍പ്പിച്ചു.

രണ്ടു മണിക്കൂര്‍ പൊതുദര്‍ശനത്തിനു ശേഷം മൃതദേഹം ദീപന്റെ ജന്മനാടായ തിരുവനന്തപുരം നേമത്തുള്ള ദീപ നിവാസിലേക്ക്‌ കൊണ്ടുപോയി. ദീപന്റെ നിര്യാണത്തില്‍ സാംസ്‌കാരിക വുകുപ്പ്‌ മന്ത്രി എ.കെ. ബാലന്‍ അനുശോചിച്ചു.

പേരുമാറ്റിയും ഭാഗ്യം പരീക്ഷിച്ചു
കൊച്ചി: മലയാളത്തിലെ നവാഗത സംവിധായകരില്‍ സിനിമാപ്രേമികള്‍ക്ക്‌ ഏറെ പ്രതീക്ഷയുണ്ടായ സംവിധായകനായിരുന്നു ദീപന്‍. പൃഥ്വിരാജിന്റെ ശക്‌തമായ തിരച്ചുവരവിന്‌ കളമൊരുക്കിയ പുതിയമുഖമാണ്‌ സിനിമാലോകത്ത്‌ ദീപനെ അടയാളപ്പെടുത്തിയ ചിത്രം.

ദീപന്റെ രണ്ടാമത്തെ ചിത്രമായിരുന്നു 2009ല്‍ പുറത്തിറങ്ങിയ പുതിയ മുഖം. സിനിമ പേരുപോലെതന്നെ പൃഥ്വിരാജിന്‌ സിനിമാലോകത്ത്‌ പുതിയ മുഖമാണ്‌ ചിത്രം നല്‍കിയത്‌. 2008 ല്‍ പുറത്തിറങ്ങിയ തിരക്കഥയ്‌ക്കുശേഷം വെള്ളിത്തിരയില്‍ പൃഥ്വിരാജിന്‌ ചലനങ്ങളുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ പൃഥ്വിയെ രണ്ട്‌ വ്യത്യസ്‌ത ഗെറ്റപ്പുകളില്‍ അവതരിപ്പിച്ച പുതിയമുഖം ഹിറ്റ്‌ചാര്‍ട്ടില്‍ ഇടംനേടി.

എന്നാല്‍ ദീപന്‌ അടുത്ത ചിത്രത്തിനായി പിന്നെയും മൂന്നുവര്‍ഷം കാത്തിരിക്കേണ്ടിവന്നു. പൃഥ്വിരാജിനെ തന്നെ നായകനാക്കി 2012ല്‍ സംവിധാനം ചെയ്‌ത ഹീറോ പക്ഷേ പ്രതീക്ഷകള്‍ക്കൊത്ത്‌ ഉയര്‍ന്നില്ല. 2003 ല്‍ ലീഡര്‍ എന്ന ചിത്രത്തിലൂടെയാണ്‌ സ്വതന്ത്ര സംവിധായകനായത്‌. പുതിയ മുഖത്തിലെ ആക്‌ഷന്‍ സീനുകള്‍ ചെയ്യാനുള്ള കൈയ്യടക്കം തെളിയിച്ചിട്ടും ഇത്തരം സിനിമകള്‍ ചെയ്യാനുള്ള അവസരങ്ങള്‍ ധാരാളമായി തേടിയെത്തിയില്ല. ഇടയ്‌ക്ക്‌ സ്വന്തം പേര്‌ ദീഫന്‍ എന്നാക്കി ഭാഗ്യം പരീക്ഷിക്കാനും അദ്ദേഹം തയാറായി.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top