Flash News
മുതിരപ്പുഴയാറ്റില്‍ നിന്ന് കണ്ടെടുത്തത് കാണാതായ ജസ്നയുടെ കാല്‍ തന്നെയാണോ എന്ന് സംശയം; കാല്‍ ഡി.എന്‍.എ. പരിശോധനയ്ക്കയച്ചു   ****    കൊടുങ്ങല്ലൂരിലൊരു ‘തേന്‍ കെണി’; കെണിയില്‍ പെട്ടത് കണ്ണൂരുകാരന്‍ എന്‍‍ജിനീയര്‍   ****    ലോസ് ആഞ്ചലസില്‍ ട്രേഡര്‍ ജോ സൂപ്പര്‍ മാര്‍ക്കറ്റില്‍ വെടി വെപ്പ്; ഒരാള്‍ കൊല്ലപ്പെട്ടു; അക്രമിയെ പോലീസ് കീഴ്പ്പെടുത്തി അറസ്റ്റു ചെയ്തു   ****    ദളിത് സ്ത്രീ സ്കൂളില്‍ ഭക്ഷണം പാചകം ചെയ്യുന്നതിനെതിരെ ഇതര ജാതിക്കാരുടെ പ്രതിഷേധം; അധിക്ഷേപിച്ചവര്‍ക്കെതിരെ പോലീസ് കേസെടുത്തു   ****    വേണ്ടിവന്നാല്‍ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉല്പന്നങ്ങള്‍ക്കും നികുതി ചുമത്തുമെന്ന് ട്രം‌പ്   ****   

പിന്തുടര്‍ച്ചാവകാശികളില്ലാത്തൊരു ഭരണാധികാരി (എഡിറ്റോറിയല്‍)

March 13, 2017

PTI3_5_2017_000222aഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ ഭരണനൈപുണനമോ കുടുംബ പാരമ്പര്യമോ അവകാശപ്പെടനില്ലാതെ, വ്യക്തിപ്രഭാവം കൊണ്ടും വാക്‌ചാതുരി കൊണ്ടും ജനമനസ്സുകളെ അമ്മാനമാടിക്കളിച്ച്, അവരുടെ മനസ്സുകളിലേക്ക് മാസ്മരികത വാരിവിതറി തന്നിലേക്ക് ആവാഹിച്ചെടുത്ത ഭരണാധികാരിയായ നരേന്ദ്ര ദാമോദർ ദാസ് മോദി ഇന്ത്യയുടെ പ്രധാനമന്ത്രി കസേരയില്‍ ഒന്നാം ഊഴം പൂര്‍ത്തിയാക്കാന്‍ ഇനി രണ്ടു വര്‍ഷം ബാക്കി. അതു കഴിഞ്ഞാല്‍ അദ്ദേഹത്തിന്‍റെ ഭരണ നേട്ടങ്ങളും കോട്ടങ്ങളും ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ കോടതി വിചാരണയ്ക്കെടുക്കും. മോദിയുടെ തുടര്‍ഭാവി തീരുമാനിക്കുന്ന ജനവിധിയാകും 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ്. രണ്ടു വര്‍ഷത്തിനപ്പുറം മോദിയെ കാത്തിരിക്കുന്ന ജനവിധിയുടെ സൂചനയായി വേണം വടക്കേ ഇന്ത്യയിലും വടക്കു കിഴക്കന്‍ ഇന്ത്യയിലും കൊങ്കണിലുമുള്ള അഞ്ചു സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഫലങ്ങളെ കാണാന്‍.

താന്‍ എന്തായിത്തീരണം, എങ്ങനെയായിത്തീരണം, ഏതു വിധത്തില്‍ ഭരണം നടത്തണമെന്നുമൊക്കെ സ്വയം ഹോം‌വര്‍ക്ക് ചെയ്ത്, പരീക്ഷണനിരീക്ഷണങ്ങളിലൂടെ ലക്ഷ്യത്തിലെത്തിച്ചേര്‍ന്ന മോദിക്ക് ഗുജറാത്ത് എന്ന സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രി എന്നതില്‍ കവിഞ്ഞ ഭരണപരിചയമൊന്നുമില്ല. അധികാര പാരമ്പര്യത്തിന്‍റെ പിന്തുടര്‍ച്ചയും അവകാശപ്പെടാനില്ല. ഹാര്‍വാര്‍ഡിലും ഓക്സ്ഫഡിലും വിഖ്യാതമായ ലണ്ടന്‍ സ്കൂള്‍ ഒഫ് ഇക്കണോമിക്സിലും പഠിച്ച പ്രാഗത്ഭ്യവുമില്ല. പക്ഷേ, കഴിഞ്ഞ മൂന്നു വര്‍ഷത്തെ ഭരണംകൊണ്ട് ജനങ്ങളുടെ വിശ്വാസം കളഞ്ഞുകുളിച്ചില്ല അദ്ദേഹം. ഉത്തര്‍പ്രദേശിലും ഉത്തരഖണ്ഡിലും ബിജെപി നേടിയ ചരിത്ര വിജയം നരേന്ദ്ര മോദിയെന്ന പ്രധാനമന്ത്രിക്ക് വരുംകാല ഭരണത്തുടര്‍ച്ചയ്ക്കുള്ള അനുമതി പത്രമായി കണക്കാക്കുന്നതില്‍ തെറ്റില്ല. രാഷ്ട്രീയ എതിരാളികളുടെ മുഴുവന്‍ കണക്കുകൂട്ടലുകളും തെറ്റിച്ചുകളഞ്ഞു അദ്ദേഹം. സാധാരണ ജനങ്ങള്‍ തനിക്കൊപ്പമെന്ന മോദിയുടെ ആവര്‍ത്തിച്ചുള്ള പ്രഖ്യാപനങ്ങള്‍ ശരിയെന്നു സമ്മതിക്കേണ്ടി വരുന്നു എതിരാളികള്‍ക്ക്.

ഇന്ത്യയുടെ ഹൃദയഭൂമിയെന്നറിയപ്പെടുന്ന ഉത്തര്‍പ്രദേശിലും ഉത്തരഖണ്ഡിലും നാലില്‍ മൂന്നു ഭൂരിപക്ഷം. കോണ്‍ഗ്രസിന്‍റെ ഉരുക്കു കോട്ടയായിരുന്ന മണിപ്പുരില്‍ രണ്ടാം സ്ഥാനത്തെത്തി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യത. ഗോവയിലും പിന്നിലായെങ്കിലും ഭരണത്തുടര്‍ച്ചയ്ക്കു ശ്രമിക്കാവുന്ന നില. പഞ്ചാബിലെ ഭരണനഷ്ടത്തിനിടയിലും കണ്ട മുന്നേറ്റങ്ങള്‍ ബിജെപിക്ക് അഭിമാനിക്കാന്‍ വക നല്‍കുന്നു. ഈ തെരഞ്ഞെടുപ്പു വിജയം നരേന്ദ്ര മോദിയെന്ന ഏക ഛത്രപതിയുടെ തൊപ്പിയിലെ തൂവാലയാണെന്ന കാര്യത്തില്‍ സംശയമില്ല. നാനാ ജാതി മതസ്ഥരും ഭിന്ന സംസ്കാരമുള്ളവരും പല ഭാഷകള്‍ സംസാരിക്കുന്നവരുമായ വലിയൊരു ജനസഞ്ചയത്തിന്‍റെ വിശ്വാസം നേടുക എന്നതു ചെറിയ കാര്യമല്ല. മുസ്‌ലിം വിരോധം അടിച്ചേല്‍പ്പിക്കപ്പെട്ടിരിക്കന്ന നരേന്ദ്ര മോദിയും ബിജെപിയും ഉത്തര്‍പ്രദേശില്‍ ഒരൊറ്റ മുസ്‌ലിം സ്ഥാനാർഥിയെപ്പോലും മത്സരിപ്പിച്ചില്ല. എന്നിട്ടും മുസ്‌ലിം ആധിപത്യ മേഖലകളിലും ബിജെപി വിജയിച്ചു. ജാതിയും മതവും നോക്കിയല്ല, മോദി സർക്കാര്‍ മുന്നോട്ടു വയ്ക്കുന്ന നയസമീപനങ്ങളിലാണ് ജനങ്ങള്‍ വിശ്വസിക്കുന്നതെന്നു ചുരുക്കം.

കറന്‍സി നിയന്ത്രണം മോദിക്കു തിരിച്ചടിയാകുമെന്നു കരുതിയവരാണ് അദ്ദേഹത്തിന്‍റെ പ്രതിയോഗികളെല്ലാം. പക്ഷേ, രാജ്യത്തിനകത്തും പുറത്തുമുള്ള ഇന്ത്യന്‍ രൂപയുടെ വിനിമയത്തിനു മൂല്യം നിശ്ചയിക്കപ്പെട്ടതോടെ കള്ളപ്പണത്തിന്‍റെ കുത്തൊഴുക്കു നിലച്ചു. ബഹുഭൂരിപക്ഷം ആളുകളും അത് ഇഷ്ടപ്പെടുന്നു എന്നതാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പില്‍ മോദിക്കുണ്ടായ വിജയം സൂചിപ്പിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ വളരുന്നു എന്ന് അമെരിക്ക അടക്കമുള്ള വന്‍കിട രാജ്യങ്ങള്‍ പോലും അംഗീകരിക്കുന്നു. സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പുകളുടെ ഏകോപനമടക്കം നടപടികളിലൂടെ ലോകത്തെ ഏറ്റവും വലിയ ബാങ്കുകളിലൊന്ന് ഇന്ത്യയിലാവുകയാണ്. ബ്രിക് രാജ്യങ്ങളെ ഏകോപിപ്പിച്ചുണ്ടാക്കിയ അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങള്‍ ലോക ബാങ്കിനു ബദലായി, ഇന്ത്യയടക്കമുള്ള മൂന്നാം ലോക രാജ്യങ്ങളുടെ സാമ്പത്തിക സ്രോതസുകളായി ലോകം അംഗീകരിച്ചിരിക്കുന്നു.

അഴിമതിയില്ലായ്മയും ഭരണത്തിലെ കാര്‍ക്കശ്യവുമാണ് ഭരണാധികാരികളിലെ മികവിന്‍റെ മാനദണ്ഡങ്ങളെങ്കില്‍ രണ്ടിലും എ പ്ലസ് ഉണ്ട് നരേന്ദ്ര മോദിക്ക്. ബോഫോഴ്സ്, കൽക്കരി, ടുജി സ്പെക്ട്രം, കോമണ്‍വെല്‍ത്ത് തുടങ്ങിയ അഴിമതി കേസുകളിലാണ് ഒരുകാലത്ത് ഇന്ത്യ അടക്കി വാണ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അടി തെറ്റി വീണത്. നഷ്ടപ്രതാപത്തിലേക്ക് ആ പാര്‍ട്ടി നയിക്കപ്പെട്ടതാണ് ഒരുപക്ഷേ നരേന്ദ്രമോദിയെ ഇന്നത്തെ നിലയില്‍ കരുത്തനാക്കുന്നതും.

അധികാരത്തിലിരുന്ന മൂന്നു വര്‍ഷവും അഴിമതി രഹിതനായിരിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. മോദിയുടെ കീഴില്‍ സുസ്ഥിര ഭരണമുണ്ടാകുമെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നു. പുതിയ സാമ്പത്തിക നടപടികള്‍ ഇന്ത്യയുടെ വികസനക്കുതിപ്പിന് ഉത്തേജകമാകുമെന്ന് ഉത്പാദകരും നിക്ഷേപകരും വ്യവസായികളും കരുതുന്നു. ഈ രാജ്യത്തിന്‍റെ സാമ്പത്തിക ഭദ്രതയില്‍ തങ്ങള്‍ സുരക്ഷിതരായിരിക്കുമെന്ന് യുവത്വം സ്വപ്നം കാണുകയും ചെയ്യുന്നു. കഴിഞ്ഞ മൂന്നു വര്‍ഷവും ഈ പ്രതീക്ഷ കാക്കാന്‍ മോദിക്കു കഴിഞ്ഞു എന്നതാണ് അദ്ദേഹത്തിന്‍റെ വിജയ രഹസ്യം. അതിനെ അതിജീവിക്കാന്‍ പോന്ന വേറിട്ട നയസമീപനങ്ങളുമായി ജനങ്ങളെ സമീപിക്കാന്‍ പുതിയൊരാള്‍ക്ക് കഴിയാത്തിടത്തോളം നരേന്ദ്ര മോദി തന്നെയാവും നവഭാരതത്തിന്‍റെ താരം.

ചീഫ് എഡിറ്റര്‍

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top