Flash News
രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ മീരാകുമാറിന് പകരം എന്‍‌ഡി‌എ സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്ത് കോണ്‍ഗ്രസ് എം‌എല്‍‌എമാര്‍; അമ്പരപ്പോടെ കോണ്‍‌ഗ്രസ് ക്യാമ്പ്   ****    പ്രവാസികളുടെ ക്ഷേമത്തിനായി ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍‌ഫെയര്‍ ഫണ്ടില്‍ കാതലായ മാറ്റം വരുത്താന്‍ കേന്ദ്ര മന്ത്രി സഭാ തീരുമാനം   ****    രാം നാഥ് കോവിന്ദ് – കൃഷിയിടത്തില്‍ നിന്ന് രാഷ്ട്രപതി ഭവനിലേക്ക്….!   ****    മഹാരാഷ്ട്രയിലെ കുപ്രസിദ്ധ കുറ്റവാളി റഫീഖുദ്ദീനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു   ****    കുവൈറ്റിലെ ഇന്ത്യാക്കാര്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനും പ്രശ്നങ്ങളില്‍ നിയമപരമായി ഇടപെടാനും കമ്മ്യൂണിറ്റി വെല്‍‌ഫെയര്‍ വിംഗ് സജ്ജമാണെന്ന് ഇന്ത്യന്‍ എംബസി   ****   

ആടുകളെ മേയ്‌ക്കാന്‍ അറിയാത്ത ഇടയന്മാര്‍

March 14, 2017

adukale sizeകത്തോലിക്കാസഭയിലെ പുരോഹിതസ്ഥാനികളുടെ അധികാരശ്രേണിയെ (hierarchy) വിശ്വാസികള്‍ നിരുപാധികം അനുസരിക്കണമെന്നുള്ളത് നൂറ്റാണ്ടുകളായി സഭ പഠിപ്പിക്കുന്ന ഒരു വിഷയമാണ്. പുരോഹിതര്‍, മെത്രാന്മാര്‍, മാര്‍പാപ്പ തുടങ്ങിയ മേലധികാരികളെ അല്‍യര്‍ക്ക് വിമര്‍ശിക്കാന്‍ പാടില്ല. ‘ഇടയനെ ആടുകള്‍ ശ്രവിക്കണം’, ‘സഭയോടൊത്തു ചിന്തിക്കണം’, ‘മേലധികാരികള്‍ക്ക് കീഴ്‌വഴങ്ങി ജീവിക്കണം’ തുടങ്ങിയ ഉപദേശങ്ങള്‍ സഭാതലപ്പത്തുനിന്നും പള്ളിപ്രസംഗങ്ങളില്‍നിന്നും കരിസ്മാറ്റിക് ധ്യാനപ്രഘോഷണങ്ങളില്‍നിന്നും നാം നിത്യേന കേള്‍ക്കാറുണ്ട്. ഇനി ആരെങ്കിലും ആ സഭാനയത്തിനു വിപരീതമായി ശബ്ദമുയര്‍ത്തിയോ അയാളെ സഭാവിരോധിയും സഭയെ നശിപ്പിക്കാന്‍ ഇറങ്ങിപുറപ്പെട്ടിരിക്കുന്നവനും അവിവേകിയും ദുര്‍മാര്‍ഗിയും പള്ളിക്കു പുറത്താക്കപ്പെടേണ്ടവനുമാണെന്ന് സഭാധികാരം വികാരപൂര്‍വ്വം പള്ളിയില്‍ പ്രസംഗിക്കും. ആ വ്യക്ത്തിയെ മുച്ചൂടും നശിപ്പിച്ചിട്ടേ സഭാധികാരം അടങ്ങൂ. സഭാതലസ്ഥാനത്ത് വത്തിക്കാനില്‍ അടുത്തകാലത്തായി നടമാടിക്കൊണ്ടിരിക്കുന്ന അടുക്കള വഴക്കാണ് ഇത്രയും കാര്യങ്ങള്‍ എഴുതാന്‍ കാരണം.

കത്തോലിക്കാസഭയുടെ പഠനമനുസരിച്ച് പോപ്പ് പത്രോസിന്റെ പിന്‍ഗാമിയാണ്; ക്രിസ്തു പത്രോസിനു നല്‍കിയ താക്കോലിന്റെ അധികാരം കൈകാര്യം ചെയ്യുന്ന ക്രിസ്തുവിന്റെ ഭൂമിയിലെ വികാരിയാണ്. യേശു പത്രോസിനോടു പറഞ്ഞു “എന്റെ കുഞ്ഞാടുകളെ മേയിക്കുക”. കൂടാതെ ലോകത്തില്‍ മാര്‍പാപ്പ കെട്ടുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും കെട്ടപ്പെടും. പോപ്പില്‍കൂടിമാത്രം ദൈവാനുഗ്രഹം മറ്റുള്ളവരിലേയ്ക്ക് ഒഴുകിക്കൊണ്ടിരിക്കുന്നു. പൗരസ്ത്യസഭകളുടെ കാനോന്‍ നിയമസംഹിതയില്‍ മാര്‍പാപ്പയുടെ സഭയുടെ മേലുള്ള അധികാരത്തെ സംബന്ധിച്ച് കൊടുത്തിരിക്കുന്നത് ഇപ്രകാരമാണ്: “ദൈവമല്ലാതെ മാര്‍പാപ്പയ്ക്കു മുകളില്‍ മറ്റൊരു അധികാരി ഇല്ലാത്തതിനാല്‍ മാർപാപ്പയുടെ തീരുമാനങ്ങള്‍ക്കെതിരായി അപ്പീല്‍ കൊടുക്കുവാന്‍ ആര്‍ക്കും സാധിക്കുകയില്ല.” ഈ പോപ്പുശാസ്ത്രത്തിനെല്ലാം വിപരീതമായി ചില കര്‍ദിനാളന്മാര്‍ അടുത്ത കാലത്ത് ഫ്രാന്‍സിസ് പാപ്പയ്ക്കെതിരായി ശബ്ദമുയര്‍ത്തിയിരിക്കയാണ്. മേലധികാരിയെ വിമര്‍ശിക്കാന്‍ പാടില്ലെന്നുള്ള സഭയുടെ നയം കര്‍ദിനാളന്മാര്‍ക്ക് ബാധകമല്ലെന്ന് വിശ്വാസികള്‍ ധരിക്കേണ്ട ഗതികേടിലാണ്, സഭ ഇന്ന്.

14463158_10205761707280989_6253945750769333727_n

ലേഖകന്‍

ഫ്രാന്‍സിസ് പാപ്പയെ വിമര്‍ശിക്കുന്നവരിലെ മുഖ്യന്‍ അമേരിക്കൻ കര്‍ദിനാള്‍ റെയ്മണ്ട് ബര്‍ക് (Raymond Bruke) ആണ്. മാര്‍പാപ്പയുടെ അപ്പോസ്റ്റലിക് എക്സോര്‍ട്ടേഷന്‍ (Apostolic Exortation) Amoris Latitia (The Joy of Love)-യില്‍ വളരെ തെറ്റായ പഠനങ്ങള്‍ അടങ്ങിയിരിപ്പുണ്ടെന്നും അതിന് വിശദികരണം വേണമെന്നും ആവശ്യപ്പെട്ട് മറ്റ് മൂന്ന് കര്‍ദിനാളന്മാരും കൂടി (Cardinals Walter brandmuller, Carlo Caffarra, and Joachim Meisner) ഒപ്പിട്ട ഒരു സ്വകാര്യ കത്ത് സെപ്റ്റംബര്‍ 2016-ന് മാര്‍പാപ്പയ്ക്ക് നല്‍കുകയുണ്ടായി. കര്‍ദിനാള്‍ ബര്‍കിന്റെ അഭിപ്രായത്തില്‍ സഭ പഠിപ്പിക്കുന്നത് രണ്ടു വ്യക്തികള്‍ വിവാഹബന്ധത്താല്‍ സംയോജിച്ചു കഴിഞ്ഞാല്‍ (marriage) പിന്നീട് അത്തരം ഒരു ബന്ധം നിലവിലുണ്ടായിരുന്നില്ലായെന്ന് സഭ പ്രഖ്യാപിക്കാത്തിടത്തോളം കാലം (annulment) അവരുടെ ബന്ധത്തില്‍നിന്നു പിരിയാന്‍ ദമ്പതികളെ സഭ അനുവദിക്കുന്നില്ല. സിവില്‍ കോടതി വഴി വിവാഹബന്ധം വേര്‍പെടുത്തിയവരും പുനര്‍വിവാഹം ചെയ്തവരും വിശുദ്ധ കുര്‍ബ്ബാന സ്വീകരിക്കാന്‍ പാടില്ല. എന്നാല്‍ വിവാഹബന്ധം ജീവിതകാലം മുഴുവന്‍ എന്നത് ആദര്‍ശപരമാണെന്നും വിശ്വാസികളെ അതില്‍ തളച്ചിടുന്നത് യാഥാര്‍ത്ഥ്യ ബോധമുള്ളവര്‍ക്ക് നിരക്കാത്തതാണെന്നും മറ്റുചില കര്‍ദിനാളന്മാര്‍ അഭിപ്രായപ്പെടുന്നു. ഫ്രാന്‍സിസ് പാപ്പയുടെ നിലപാടും അതുതന്നെ.

കര്‍ദിനാളന്മാരുടെ സ്വകാര്യ കത്തിന് മാര്‍പാപ്പ മറുപടി നല്‍കാതിരുന്നതിനാല്‍ ആ കത്ത് നവംബര്‍ മാസത്തില്‍ ഓണ്‍ലൈന്‍വഴി പരസ്യപ്പെടുത്തുകയുണ്ടായി. അതിനര്‍ത്ഥം കര്‍ദിനാള്‍ ബര്‍ക്കും കൂട്ടരും മാര്‍പാപ്പയുമായി തുറന്ന ഒരു യുദ്ധത്തിന് തയ്യാറെന്നാണല്ലോ ലോകം മനസ്സിലാക്കേണ്ടത്. സഭ ഇക്കാലമെത്രെയും പഠിപ്പിക്കുകയും പരമ്പരാഗതമായി വിശ്വസിക്കുകയും ആചരിക്കുകയും ചെയ്തിരുന്നതിനെ മാറ്റിമറിക്കുന്ന ഇത്തരം പഠനങ്ങള്‍ വിശ്വാസികളില്‍ ചിന്താക്കുഴപ്പം ഉണ്ടാക്കുന്നു എന്നാണ് കർദിനാള്‍ ബര്‍ക്കിന്റേയും കൂട്ടരുടെയും പരാതി. മാര്‍പാപ്പയെ തിരുത്തുകയെന്നത് കര്‍ദിനാളന്മാരുടെയും മെത്രാന്മാരുടെയും ഉത്തരവാദിത്വമാണെന്നാണ് ബര്‍ക്കിന്റെ അഭിപ്രായം. മാര്‍പാപ്പയോടുള്ള ഉപവിയുടെ ഒരു പ്രവര്‍ത്തിയുംകൂടിയാണ് വിമര്‍ശനങ്ങള്‍ എന്നാണ് അദ്ദേഹത്തിന്റെ നിഗമനം. മാര്‍പാപ്പ ഗൗരവാവഹമായ തെറ്റാണ് പഠിപ്പിക്കുന്നതെങ്കില്‍ അതിനെ തിരുത്താന്‍ മാര്‍പാപ്പയോട് ആവശ്യപ്പെടണമെന്നും അദ്ദേഹം തറപ്പിച്ചു പറയുന്നു. വിശ്വാസികള്‍ക്ക് വൈദികരെയോ മെത്രാന്മാരെയോ തിരുത്താനുള്ള അവകാശമില്ലെങ്കില്‍ മെത്രാന്മാര്‍ക്കും കര്‍ദിനാളന്മാര്‍ക്കും മാര്‍പാപ്പയെ തിരുത്താന്‍ എവിടെനിന്ന് അവകാശമുണ്ടായി എന്നൊരു മറുചോദ്യം ഇവിടെ അവശേഷിക്കുന്നുണ്ട്. രാഷ്ട്രീയ പാർട്ടികള്‍ തിരഞ്ഞെടുപ്പുകാലത്ത് പരസ്പരം പരിഹസിക്കുകയും അപമാനിക്കുകയും ചെയ്യുന്നതില്‍ നിന്നും എന്തെങ്കിലും വ്യത്യാസമുണ്ടോ വത്തിക്കാനിലെ ഈ ശണ്ഠ എന്നാണ് ചര്‍ച്ച് സിറ്റിസണ്‍സ് വോയിസ് (Church Citizens Voice) എന്ന ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തിന്റെ എഡിറ്റര്‍ ഡോ. ജെയിംസ് കോട്ടൂര്‍ ചോദിക്കുന്നത്.

സിവില്‍ കോടതിയില്‍നിന്നും വിവാഹമോചനം നേടിയവരും സഭാകോടതിയില്‍നിന്ന് വിവാഹമോചനം നേടാതെ പുനര്‍വിവാഹം ചെയ്തവരും വിവാഹിതരാകാതെ ഭാര്യാഭര്‍ത്താക്കന്മാരെപ്പോലെ ഒരുമിച്ചു ജീവിക്കുന്നവരും വിശുദ്ധ കുര്‍ബ്ബാന സ്വീകരിക്കുന്നത് കഠിന പാപമാണെന്നാണ് സഭയുടെ ഔദ്യോഗിക പഠനം. എന്നാല്‍ ആ പാപികളെ വഴിയില്‍ ഉപേക്ഷിച്ചിട്ട് സഭയ്ക്കെങ്ങനെ മുന്‍പോട്ടുപോകാന്‍ സാധിക്കുമെന്നാണ് ബഹുഭൂരിപക്ഷം കര്‍ദിനാളന്മാരുടെയും അഭിപ്രായം. അവരെ വ്യഭിചാരികളായിക്കാണാതെ മുറിവേറ്റ കുടുംബങ്ങളായിക്കണ്ട് വേണ്ട ശുശ്രൂഷകള്‍ ചെയ്തു കൊടുക്കാന്‍ സഭ തയ്യാറാകണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. പരമ്പരാഗതമായ വൈവാഹിക ബന്ധത്തില്‍നിന്ന് വേറിട്ട ഒരു സ്ഥിതിവിശേഷമാണത്. ആറാം പ്രമാണം കാത്തുസൂക്ഷിക്കുന്നത് പരിപൂര്‍ണ്ണതയാണ്. എന്നാല്‍ സഭാമക്കള്‍ക്ക് ആ പരിപൂര്‍ണ്ണത മിക്കപ്പോഴും അപ്രാപ്യമാണ്. പരിപൂര്‍ണ്ണതയില്‍ ജീവിക്കുന്നവര്‍ക്ക് വിശുദ്ധ കുര്‍ബ്ബാന സ്വീകരിക്കാം. എന്നാല്‍ പാപികള്‍ക്കത് നിഷേധിക്കണം. ആ വടംവലിയാണ് ഇന്ന് സഭയില്‍ നടക്കുന്നത്.

നിയമാനുസൃതം വിവാഹം ചെയ്യാതെ ഒന്നിച്ചു ജീവിക്കുന്ന വിശ്വാസികള്‍ പശ്ചാത്താപാകുലരെങ്കില്‍ അവര്‍ വിശുദ്ധ കുര്‍ബ്ബാന സ്വീകരിക്കാന്‍ അര്‍ഹരും അവര്‍ക്കത് നിഷേധിക്കുന്നത് ദൈവഹിതവുമാണോ എന്നതാണ് ഈ വിഷയത്തിലെ പ്രധാന ഘടകം. പരസ്ത്രീ-പരപുരുഷഗമനം ദൈവികനിയമത്തിന് വിരുദ്ധമാണ്. വിശുദ്ധകുര്‍ബ്ബാനയുടെ പാവനതയെ മുറുകെപ്പിടിക്കാന്‍ സഭ കടപ്പെടുന്നുമുണ്ട്. അപ്പോള്‍ മാര്‍പാപ്പയുടെ Amoris Latitia-യിലെ പഠനം വ്യക്തമല്ലാത്ത നിലപാടെടുക്കുന്നു എന്നതൊരു പ്രധാന ചോദ്യമാണ്. കര്‍ദിനാള്‍ റോബര്‍ട്ട് സാറാ (Cardinal Robert Sarah) ‘The Power of Silence, Against the Dictatorship of Noise’ തന്റെ അഭിമുഖസംഭാഷണത്തില്‍ പറയുന്നത് വിശുദ്ധഗ്രന്ഥപഠനത്തെ മനഃപൂര്‍വ്വം വ്യക്തമല്ലാത്ത, ചിന്താക്കുഴപ്പം ഉണ്ടാക്കുന്ന ഒരു സ്ഥിതിവിശേഷത്തെ വിശ്വാസികളില്‍ Amoris Latitia സൃഷ്ടിക്കുമെന്നാണ്. അവാസ്തവമായ അനുകമ്പയുടെ പേരില്‍ സഭയുടെ പരമ്പരാഗത സാന്മാര്‍ഗികസിദ്ധാന്ത പഠനങ്ങളില്‍ വെള്ളം ചേര്‍ക്കലാണ് ഇതിന്റെ പരിണതഫലമെന്നാണ് മാര്‍പാപ്പയുടെ നിര്‍ദ്ദേശത്തെ എതിര്‍പ്പോടെ നിരീക്ഷിക്കുന്നവര്‍ അനുമാനിക്കുന്നത്.

സഭയുടെ വിവാഹസംബന്ധമായ പഠനങ്ങളില്‍ മാറ്റമൊന്നുമില്ലെന്നും വിവാഹത്തെ സംബന്ധിച്ച സഭയുടെ പഠനങ്ങള്‍ക്ക് വിരുദ്ധമല്ല ഫ്രാന്‍സിസ് പാപ്പയുടെ Amoris Laetitia എന്നുമാണ് വത്തിക്കാന്റെ വിശ്വാസസത്യ കാര്യാലയ മേധാവി ജര്‍മ്മന്‍ കര്‍ദിനാള്‍ ഗെര്‍ഹാഡ് മ്യൂള്ളര്‍ (Cardinal Gerhard Muller) പറയുന്നത്. അതിനാല്‍ ഒരു വിശദീകരണത്തിന്റേയോ മാര്‍പാപ്പയുടെ മറുപടിയുടെയോ ആവശ്യം വരുന്നില്ലന്നാണ് അദ്ദേഹത്തിന്റെ തീരുമാനം. വിവാഹമോചനം, പുനര്‍വിവാഹം, ഒരുമിച്ചു ജീവിക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ മെത്രാന്മാരും പുരോഹിതരും കാര്യബോധത്തോടെയും വിവേകത്തോടെയും കൈകാര്യം ചെയ്ത് കുമ്പസാരം, കുര്‍ബ്ബാന എന്നീ കൂദാശകള്‍ ചെയ്തുകൊടുക്കണമെന്നുമാണ് അദ്ദേഹത്തിന്റേയും നിർദേശം. ഇവിടെ പാരമ്പര്യവാദികളും പുരോഗമനവാദികളും തമ്മിലുള്ള ഒരു ഏറ്റുമുട്ടലാണ് നടക്കുന്നത്. അത് സഭയുടെ യോജിപ്പിനെ അപകടകരമാക്കുകയും സഭയില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ കാരണമാകുകയും ചെയ്യുന്നു.

കർദിനാള്‍ ബര്‍ക്കിന് ഫ്രാന്‍സിസ് പാപ്പായെപ്പറ്റി വീണ്ടും പരാതികളുണ്ട്. ലത്തീന്‍ സഭയില്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു മുമ്പുള്ള അനന്യസാധാരണമായതും (Extraordinary-Latin Mass) കൗണ്‍സിലിനു ശേഷമുള്ള സാധാരണമായതുമായ (Ordinary-English Mass) ക്രമത്തിലുമുള്ള ദിവ്യബലികള്‍ നിലവിലുണ്ട്. ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പ അനന്യസാധാരണക്രമത്തിലുള്ള കുര്‍ബ്ബാന അര്‍പ്പിക്കാന്‍ അനുവദിച്ചത് അദ്ദേഹത്തിന്റെ മഹാമനസ്കതകൊണ്ടാണെന്നാണ് ഫ്രാന്‍സിസ് പാപ്പ പറയുന്നത്. ആ ദിവ്യബലിക്രമം ഇന്ന് ഒരു അപവാദമാണ്. കർദിനാള്‍ ബര്‍ക്കിന് രണ്ടു കുര്‍ബാനക്രമങ്ങളും ഒന്നുപോലെയാണ്. ബര്‍ക്ക് ജനനനിയന്ത്രണത്തിനും വിവാഹമോചനത്തിനുമെല്ലാം എതിരായി ചിന്തിക്കുന്ന, തനി യാഥാസ്ഥിതികനായ ഒരു കര്‍ദിനാളാണ്.

അമേരിക്കയിലെ ‘റിപ്പബ്ലിക്കന്‍ ജീസസ്’ ചിന്താഗതിക്കാര്‍ക്ക് സ്വവര്‍ഗരതി, മുതലാളിത്തവ്യവസ്ഥ, കാലാവസ്ഥാവ്യതിയാനം തുടങ്ങിയ വിഷയങ്ങളിലെ മാര്‍പാപ്പയുടെ നിലപാട് ഒട്ടും രുചിച്ചിട്ടില്ല. കാലാവസ്ഥാവ്യതിയാനത്തെസംബന്ധിച്ച് സംശയാതീതമായി അറിവു നല്‍കുന്ന, ശാസ്ത്രീയമായി ശരിയായ, ദൈവശാസ്ത്രപരമായി ഭദ്രമായ മനോഹരമായി എഴുതിയിട്ടുള്ള Laudato si എന്ന ചാക്രിക ലേഖനം യാഥാസ്ഥിതികര്‍ക്ക് ഇഷ്ടപ്പെട്ടിട്ടില്ല. ആംഗ്ലോ-സാക്സണ്‍ (Anglo-Saxon), ഇറ്റാലിയന്‍ (Italian) പണ്ഡിറ്റുകളാണ് ഇതിന്റെയെല്ലാം പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. പാപ്പ ഒരിക്കല്‍ റോമന്‍ കാര്യാലയത്തിലെ പതിനഞ്ച് സുഖക്കേടുകളെ പരസ്യമായി വിളിച്ചുപറഞ്ഞു. ചിലര്‍ക്കെല്ലാം ആദ്ധ്യാത്മികമായ മറവിരോഗം (spiritual Alzheimer’s) പിടിച്ചിരിക്കുകയാണെന്നും പറയാന്‍ അദ്ദേഹം മടിച്ചില്ല. കാറ്റത്തുലയുന്ന ഞാങ്ങണയല്ലെന്ന് ഫ്രാന്‍സിസ് പാപ്പ അങ്ങനെ പണ്ടേ തെളിയിച്ചു കഴിഞ്ഞു.

സാധാരണ ക്രിസ്ത്യാനികളുടെ ഇടയിലും മറ്റുമതസ്ഥരുടെ ഇടയിലും വമ്പിച്ച ബഹുജനസമ്മതിയുള്ള മാര്‍പാപ്പയെ മരിച്ചു കണ്ടാല്‍ മതിയെന്നേയുള്ളു വത്തിക്കാനിലെ കറ തീര്‍ന്ന യാഥാസ്ഥികര്‍ക്ക്. അവര്‍ അടുത്ത കോണ്‍ക്ലെവിനായി (Conclave) പാര്‍ത്തിരിക്കയാണ്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

2 responses to “ആടുകളെ മേയ്‌ക്കാന്‍ അറിയാത്ത ഇടയന്മാര്‍”

  1. Joseph says:

    ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്‌ക്കെതിരായി അമേരിക്കന്‍ കര്‍ദ്ദിനാള്‍ ബര്‍ക്കിന്റെയും (Cardinal Raymond Burke) യാഥാസ്ഥിതികരുടെയും എതിര്‍പ്പുകളെപ്പറ്റി ശ്രീ ചാക്കോ കളരിക്കല്‍ വ്യക്തമായി ഈ ലേഖനത്തില്‍ വിവരിച്ചിട്ടുണ്ട്. കര്‍ദ്ദിനാള്‍ ബര്‍ക്ക് ഇന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ഏറ്റവും വലിയ വിമര്‍ശകനും അദ്ദേഹത്തെ പരിഹസിക്കുന്നതില്‍ മുമ്പിലും നില്‍ക്കുന്നു. പ്രസിഡന്റ് ട്രമ്പിന്റെ വലിയ സുഹൃത്തെന്ന നിലയില്‍ അമേരിക്കന്‍ രാഷ്ട്രീയ തലങ്ങളിലും ബര്‍ക്കിന് നല്ല സ്വാധീനവുമുണ്ട്.

    വത്തിക്കാനില്‍ പഴയ പാരമ്പര്യം പുലര്‍ത്തുന്ന യാഥാസ്ഥിതികരായ കര്‍ദ്ദിനാള്‍മാര്‍ അറുപത്തിയെട്ടു വയസുകാരനായ ബര്‍ക്കിനെ അടുത്ത മാര്‍പ്പാപ്പയായി വാഴിക്കാന്‍ ആഗ്രഹിക്കുന്നു. എണ്‍പതു വയസു പൂര്‍ത്തിയാകുന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പാ വിരമിക്കണമെന്നാണ് യാഥാസ്ഥിതിക ലോകം ആവശ്യപ്പെടുന്നത്. അതിനായി ബര്‍ക്ക് യാഥാസ്ഥിതികര്‍ക്ക് സര്‍വ്വവിധ പിന്തുണകളും നക്ൽ വരുന്നു. പാരമ്പര്യത്തില്‍ നിന്നും വഴുതി യാതൊരു വിട്ടുവീഴ്ചയ്ക്കും കര്‍ദ്ദിനാളും അദ്ദേഹത്തിനെ പിന്തുണക്കുന്നവരും തയ്യാറുമല്ല.

    കര്‍ദ്ദിനാള്‍ ബര്‍ക്ക് വിവാഹമോചനത്തെയും പുനര്‍ വിവാഹത്തെയും എതിര്‍ക്കുന്നു. സഭയുടെ അനുവാദം കൂടാതെ വിവാഹമോചനം നടത്തുന്നവര്‍ക്കു സഭയുടെ കൂദാശകള്‍ സ്വീകരിക്കാന്‍ അനുവദിക്കണമെന്നാണ് ഫ്രാന്‍സീസ് മാര്‍പ്പാപ്പയുടെ അഭിപ്രായം. അവരെയും മനുഷ്യ ഗണങ്ങളായി കരുതണമെന്നും ദൈവത്തിന്റെ മുമ്പില്‍ മനുഷ്യരെല്ലാം തുല്യരെന്നുമാണ് ഫ്രാന്‍സീസ് മാര്‍പ്പാപ്പ ചിന്തിക്കുന്നത്. അത്തരം അഭിപ്രായങ്ങള്‍ യാഥാസ്ഥിതികനായ ബര്‍ക്ക് ശക്തമായി എതിര്‍ക്കുന്നു.

    ഫ്രാന്‍സീസ് മാര്‍പ്പാപ്പയുടെ നയങ്ങള്‍ മൂലം കത്തോലിക്കസഭ ഇന്ന് രണ്ടായി വിഭജിക്കപ്പെട്ടുവെന്നു ബര്‍ക്ക് കരുതുന്നു. സഭയെ രക്ഷിക്കണമെങ്കില്‍ ഫ്രാന്‍സീസ് മാര്‍പ്പാപ്പാ സ്ഥാനം ഒഴിയണമെന്നു വത്തിക്കാനിലെ ചില കര്‍ദ്ദിനാള്‍മാരും ആവശ്യപ്പെടുന്നു. നാലു കര്‍ദ്ദിനാള്‍മാരും 23 ബിഷപ്പുമാരും മറ്റു പ്രമുഖരുമൊത്ത് ഇത്തരം സഭയുടെ സങ്കീര്‍ണ്ണ പ്രശ്നങ്ങള്‍ ഉള്‍പ്പെടുത്തി മാര്‍പ്പാപ്പയ്ക്ക് കത്തെഴുതിയെങ്കിലും ഒരു തീരുമാനം അറിയിച്ചുകൊണ്ട് മറുപടി ലഭിച്ചിട്ടില്ല. അങ്ങനെയെങ്കില്‍ വിശ്വാസത്തെ സംബന്ധിച്ച് സഭയിൽ ഒരു പൊട്ടിത്തെറിയുണ്ടാകുമെന്നും കർദ്ദിനാൾ ബർക്ക് മാര്‍പ്പാപ്പയ്ക്ക് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. “താന്‍ മാർപ്പാപ്പയുടെ ശത്രുവല്ലെങ്കിലും മാര്‍പ്പാപ്പാ സംസാരിക്കുന്നത് മതനിന്ദയെന്നു” ബര്‍ക്ക് ഔദ്യോഗികകമായി പ്രസ്താവിക്കുകയും ചെയ്‌തു. ഫ്രാന്‍സീസ് മാർപ്പാപ്പയെ സ്ഥാനചലനം നടത്തി മാര്‍പ്പാപ്പാ സ്ഥാനം കൈവശപ്പെടുത്താന്‍ ഈ അറുപത്തിയെട്ടുകാരന്‍ കര്‍ദ്ദിനാള്‍ ആഗ്രഹിക്കുന്നു.

    ആർഭാടമായി ജീവിക്കുന്ന ബര്‍ക്കിനു ഫ്രാന്‍സീസ് മാര്‍പ്പാപ്പായുടെ ലളിത ജീവിതവും ഒരു വെല്ലുവിളി തന്നെയാണ്. വിലകൂടിയ സില്‍ക്ക് വസ്ത്രം, കൊട്ടാരം, ആര്‍ഭാടമുള്ള ജീവിത രീതികള്‍ കർദ്ദിനാള്‍ ബര്‍ക്ക് ഇഷ്ടപ്പെടുന്നു. ഇങ്ങനെയൊരാള്‍ അടുത്ത മാര്‍പ്പാപ്പായാല്‍ ആത്മീയ ചൈതന്യം പാടെ സഭയില്‍ നശിക്കുമെന്നു ഫ്രാന്‍സീസ് മാര്‍പ്പായെ പിന്തുണയ്ക്കുന്നവര്‍ കരുതുന്നുമുണ്ട്.

    ബര്‍ക്കിനു ദരിദ്രരുടെ ജീവിതം എന്തെന്ന് അറിയത്തില്ല. ആട്ടിടയന്റെ മണമില്ല. അടുത്ത മാര്‍പ്പാപ്പായാകാന്‍ സാധ്യതയുമുള്ള ഇദ്ദേഹം തികച്ചും ഫ്രാന്‍സീസ് മാര്‍പ്പാപ്പയ്ക്ക് വിപരീതമായ ഒരു ജീവിത ശൈലിയാണ് നയിക്കുന്നത്. ഫ്രാന്‍സീസ് മാര്‍പ്പാപ്പയെ നശിപ്പിക്കാന്‍ അവസരവും കാത്തു നില്‍ക്കുന്നു. ആധുനിക ശാസ്ത്രങ്ങള്‍ക്കും ചിന്തകള്‍ക്കും ബര്‍ക്ക് എതിരാണ്. കുടുംബാസൂത്രണത്തില്‍ ‘കോണ്ടം’ ഉപയോഗിക്കുന്നതു പാപമെന്നു കരുതുന്നു.

    കര്‍ദ്ദിനാള്‍ ബര്‍ക്ക് സഭാകാര്യങ്ങളിലും ദൈവശാസ്ത്രത്തിലും പണ്ഡിതനാണ്. എങ്കിലും ഈ പണ്ഡിതന്റെ അടുത്ത കാലത്തെ ലേഖനങ്ങള്‍ മാർപ്പാപ്പായെ അധിക്ഷേപിച്ചുകൊണ്ടുള്ളതായിരുന്നു. യാതൊരു ദയയുമില്ലാതെയാണ് പരിഹസിക്കുന്നത്. ലിബറല്‍ ചിന്താഗതിയുള്ള കത്തോലിക്കര്‍ക്ക് ഇദ്ദേഹത്തെ അടുത്ത മാര്‍പ്പാപ്പായായി അംഗീകരിക്കാന്‍ സാധിക്കില്ല. യാഥാസ്ഥിതിക ലോകം പിന്തുണക്കുന്നതുകൊണ്ട് വലിയ ഒരു ജനത്തിന്റെ പിന്തുണയുമുണ്ട്.

    യാഥാസ്ഥിതികനായ ബര്‍ക്ക് സദാ പ്രാര്‍ത്ഥനയിൽ സമയം കളയുന്നു. ഇടയജനത്തോട് എളിമയോടെ പെരുമാറാനും അറിയാം. അമേരിക്കയില്‍ വിശ്വാസികളുടെ ശക്തമായ പിന്തുണയുമുണ്ട്. ഇദ്ദേഹം സോഷ്യലിസവും മാര്‍ക്സിസവും അങ്ങേയറ്റം എതിര്‍ക്കുന്നു. പൂര്‍ണ്ണമായും ഒരു ഫാസിസ്റ്റ് ചിന്താഗതിക്കാരനാണ്. ഇത്തരക്കാരായ ഫാസിസ്റ്റുകള്‍ സഭയുടെ തലപ്പത്തു വന്നാല്‍ അന്തിക്രിസ്തുവെന്ന പ്രവചനം പൂര്‍ത്തികരിക്കുമെന്നതിലും സംശയമില്ല.

    • David joseph says:

      സഭയുടെ കൂദാശകളില്‍ ഏറ്റവും മാരകമായത് അള്‍ത്താര ബലികളാണ്. പുരോഹിത ബലികള്‍ സഭയെ ഒരു വിജാതീയ മതമാക്കി. ക്രൈസ്തവരെ ബൈബിളില്‍ നിന്നകറ്റി. ബലിയില്‍ പങ്കെടുത്താല്‍ എല്ലാം ആയെന്നാണ് അവര്‍ കരുതുന്നത്. സഭാപ്രസീദ്ധീകരണങ്ങള്‍ കാണുക. പുരോഹിതന്റെ വിശേഷമാണ് അവര്‍ക്ക് സുവിശേഷം. കര്‍ത്താവോ, കര്‍ത്താവിന്റെ മരണമോ അവര്‍ക്ക് സംസാര വിഷയമല്ല.

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top