Flash News

റാഞ്ചി ക്രിക്കറ്റ് ടെസ്റ്റ്: സ്റ്റീവന്‍ സ്മിത്തിന്റെ അത്ഭുത പ്രകടനം ഓസ്‌ട്രേലിയയെ മികച്ച നിലയിലെത്തിച്ചു

March 16, 2017

cricket-830x412റാഞ്ചി: ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്ത് വീണ്ടും ഗ്രൗണ്ടില്‍ നിന്ന് പവലിയനിലേക്കു നോക്കി; ഒന്നല്ല രണ്ടു തവണ. പക്ഷേ ഇക്കുറി ഇന്ത്യന്‍ താരങ്ങള്‍ക്ക് പരാതിപ്പെടാനായില്ല മറിച്ചു കൈയടിക്കേണ്ടി വന്നു; സ്മിത്തിന്റെ ഒന്നാന്തരം സെഞ്ചുറിപ്രകടനത്തെ അഭിനന്ദിക്കാന്‍. റാഞ്ചി ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യദിനം തന്നെ നായകന്റെ ബാറ്റിങ് കരുത്തില്‍ ഓസ്‌ട്രേലിയ മികച്ച നിലയില്‍. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത അവര്‍ ആദ്യദിനം അവസാനിച്ചപ്പോള്‍ നാലിന് 299 റണ്‍സ് എന്ന ശക്തമായ നിലയിലാണ്.

ഒരു ഘട്ടത്തില്‍ നാലിന് 140 റണ്‍സ് എന്ന നിലയില്‍ പതറിയ അവര്‍ക്ക് സെഞ്ചുറി നേടിയ സ്മിത്തിന്റെയും(117 നോട്ടൗട്ട്) അര്‍ധസെഞ്ചുറിയുമായി പുറത്താകാതെ നില്‍ക്കുന്ന മാക്‌സ്‌വെല്ലിന്റെയും(82 നോട്ടൗട്ട്) മികച്ച പ്രകടനമാണ് തുണയായത്. പിരിയാത്ത അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ 159 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ഇതുവശര കൂട്ടിച്ചേര്‍ത്തത്. പരമ്പരയിലെ ഇതുവരെയുള്ള ഏറ്റവും മികച്ച കൂട്ടുകെട്ടാണിത്.

244 പന്തില്‍ നിന്ന് 13 ബൗണ്ടറികളോടെയാണ് സ്മിത്ത് 117-ല്‍ എത്തിനില്‍ക്കുന്നത്. മാക്‌സ്‌വെല്ലിന്റെ 82 റണ്‍സ് ഇന്നിങ്‌സ് 147 പന്തില്‍ നിന്നാണ് പിറന്നത്; ഒപ്പം അഞ്ചു ബൗണ്ടറികളും രണ്ടു സിക്‌സറുകളും ആ ബാറ്റില്‍ നിന്നൊഴുകി. പരമ്പരയില്‍ രണ്ടാം തവണയും ടോസ് ഓസീസിനെ തുണച്ചു. റാഞ്ചിയില്‍ നിര്‍ണായക നാണയഭാഗ്യം ലഭിച്ച ഓസ്‌ട്രേലിയന്‍ നായകന് ബാറ്റിങ് തെരഞ്ഞെടുക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.

മൂന്നാംദിനം ചായയ്ക്കു ശേഷം സ്പിന്നിനെ തുണയ്ക്കുകയും അതുവരെ ബാറ്റിങ്ങിന് അനുകൂലമായി റണ്ണൊഴുകുന്ന പിച്ചില്‍ മികച്ച തുടക്കമാണ് ഓപ്പണര്‍മാരായാ ഡേവിഡ് വാര്‍ണറും മാറ്റ് റെന്‍ഷായും ചേര്‍ന്ന് സന്ദര്‍ശകര്‍ക്ക് സമ്മാനിച്ചത്.

ഒന്നാം വിക്കറ്റില്‍ തന്നെ അര്‍ധസെഞ്ചുറി കൂട്ടുകെട്ട് ഉയര്‍ന്നതോടെ ഇന്ത്യന്‍ നായകന്‍ കോഹ്‌ലി രവീന്ദ്ര ജഡേജയെ പന്തേല്‍പ്പിച്ചു. നാലാം പന്തില്‍ തന്നെ വാര്‍ണറെ(19) ഉജ്ജ്വലമായ ക്യാച്ചിലൂടെ പുറത്താക്കി ജഡേജ പ്രതീക്ഷ കാത്തു. സ്‌കോര്‍ബോര്‍ഡില്‍ 30 റണ്‍സ് കൂടി എത്തിയതോടെ റെന്‍ഷാ(44)യും മടങ്ങി. ഉമേഷ് യാദവിന്റെ പന്തില്‍ സ്ലിപ്പില്‍ കോഹ്‌ലിയാണ് ഓസീസ് ഓപ്പണറെ പിടികൂടിയത്. 69 പന്തില്‍ നിന്ന് ഏഴു ബൗണ്ടറികളോടെയായിരുന്നു റെന്‍ഷായുടെ 44 റണ്‍സ്. തൊട്ടുപിന്നാലെ ഷോണ്‍ മാര്‍ഷും(2) മടങ്ങിയതോടെ ഓസീസ് മൂന്നിന് 89 എന്ന നിലയില്‍. നായകന്റെ കളിയാണ് പിന്നീട് സ്മിത്ത് കെട്ടഴിച്ചത്. ആദ്യം പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പുമൊത്തായിരുന്നു രക്ഷാപ്രവര്‍ത്തനം.

ഷോണ്‍ മാര്‍ഷ് മടങ്ങിയ ശേഷം ഹാന്‍ഡ്‌കോമ്പിനെ(19) കൂട്ടുപിടിച്ച സ്മിത്ത് സ്‌കോര്‍ 100 കടത്തി. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 51 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഹാന്‍ഡ്‌സ്‌കോമ്പിനെ അശ്വിന്‍ മടക്കിയപ്പോള്‍ ഓസീസ് സ്‌കോര്‍ നാലിന് 140. ഇതിനു ശേഷമായിരുന്നു പരമ്പരയിലെ തന്നെ ഏറ്റവും മികച്ച കൂട്ടുകെട്ടിന്റെ പിറവി. സ്മിത്തിനു കൂട്ടായി മാക്‌സ്‌വെല്‍ എത്തിയതോടെ മത്സരത്തില്‍ നിന്ന് ഇന്ത്യയുടെ പിടിയയഞ്ഞു. ഒരറ്റത്ത് പാറപോലെ സ്മിത്ത് ഉറച്ചുനിന്ന മറുവശത്ത് ആദ്യം പ്രതിരോധിച്ചും പിന്നീട് ആക്രമിച്ചും മാക്‌സ്‌വെല്‍ കത്തിക്കയറി.

ഈ കൂട്ടുകെട്ട് പൊളിക്കാന്‍ മുരളി വിജയ്‌യെക്കൊണ്ടു വരെ ബൗളിങ് ചെയ്യിച്ചെങ്കിലും ഇന്ത്യക്ക് അവസാന സെഷനില്‍ ഒറ്റ വിക്കറ്റും വീഴ്ത്താനായില്ല.ഇടയ്ക്ക് മാക്‌സ്‌വെല്ലിന്റെ ഗ്ലൗസില്‍ തട്ടിയുയര്‍ന്ന പന്ത് രഹാനെ കൈപ്പിടിയിലൊതുക്കിയെങ്കിലും അമ്പയര്‍ ഔട്ട് അനുവദിച്ചില്ല. ഇന്ത്യയാകട്ടെ റിവ്യു ആവശ്യപ്പെട്ടതുമില്ല. ഇതോടെ ഉറച്ചയൊരു വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി.

കോഹ്‌ലിക്ക് പരുക്ക്
മൂന്നാം ടെസ്റ്റിന്റെ ഒന്നാം ദിനം ഓസ്‌ട്രേലിയന്‍ ബാറ്റിങ് വീര്യത്തില്‍ തളര്‍ന്ന ഇന്ത്യക്ക് തിരിച്ചടിയായി നായകന്‍ വിരാട് കോഹ്‌ലിയുടെ പരുക്ക്. ഫീല്‍ഡിങ്ങിനിടെ വീണു തോളിനു പരുക്കേറ്റ കോഹ്‌ലി ഇന്നലെ അവസാന സെഷനില്‍ ഗ്രൗണ്ടില്‍ ഇറങ്ങിയില്ല.

കോഹ്‌ലിയുടെ അഭാവത്തില്‍ അജിന്‍ക്യ രഹാനെയാണ് ഇന്ത്യയെ നയിച്ചത്. നായകന്റെ പരുക്ക് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഇന്ത്യന്‍ മാനേജ്‌മെന്റ് വിസമ്മതിച്ചു. എന്നാല്‍ കോഹ്‌ലിയെ ഇന്നലെ രാത്രി സ്‌കാനിങ്ങിനു വിധേയനാക്കിയെന്ന് ടീം ഫിസിയോ ആര്‍. ശ്രീധര്‍ അറിയിച്ചു. താരത്തിന് കളിക്കാനാകുമോയെന്നതു സംബന്ധിച്ച് ഇന്നു രാവിലയെ അറിയാനാകൂയെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാം ടെസ്റ്റ് കളിച്ച ടിമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങിയത്. മുകുന്ദിന് പകരം വിജയ് ടീമിലെത്തി. ഓസീസ് മിച്ചല്‍ മാര്‍ഷിന് പകരം മാക്‌സ്‌വെല്ലിനും സ്റ്റാര്‍ക്കിന് പകരം കമിന്‍സിനും അവസരം നല്‍കി.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top