Flash News

ഗിഫ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

March 20, 2017

Untitled

ദോഹ: ഗള്‍ഫിലെ മാധ്യമ പ്രവര്‍ത്തകരുടെ പുസ്തകങ്ങള്‍ക്കുള്ള ഗള്‍ഫ് ഇന്ത്യ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്റെ പ്രഥമ ഗള്‍ഫ് മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

സാദിഖ് കാവില്‍ (ഔട്ട് പാസ്) പി.പി ശശീന്ദ്രന്‍ (ഈന്തപ്പനച്ചോട്ടില്‍) കെ.എം അബ്ബാസ് (ദേര, കഥകള്‍) രമേശ് അരൂര്‍ (പരേതന്‍ താമസിക്കുന്ന വീട്) എം. അഷ്‌റഫ് (മല്‍ബു കഥകള്‍) ടി. സാലിം (ലോങ്പാസ്) എന്നിവരെയാണ് അവാര്‍ഡിന് തെരഞ്ഞെടുത്തതെന്ന് ഗിഫ ചെയര്‍മാന്‍ പ്രൊഫസര്‍ അബ്ദുല്‍ അലിയും ചീഫ് കോര്‍ഡിനേറ്റര്‍ അമാനുല്ല വടക്കാങ്ങരയും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

കാസര്‍കോട് സ്വദേശിയായ സാദിഖ് കാവില്‍ കഴിഞ്ഞ എട്ട് വര്‍ഷമായി മനോരമ ഓണ്‍ലൈന്‍ പത്രം ഗള്‍ഫ് റിപ്പോര്‍ട്ടറാണ്. മാധ്യമ പ്രവര്‍ത്തനത്തിനൊപ്പം ആനുകാലിക ലേഖനങ്ങളും കഥകളും കവിതകളും എഴുതാറുണ്ട് ഔട്ട്പാസ്(നോവല്‍), ജീവിതത്തിന്റെ നല്ലൊരു ഭാഗം (ഗള്‍ഫ് അനുഭവക്കുറിപ്പുകള്‍), കന്യപ്പാറയിലെ പെണ്‍കുട്ടി(നോവല്‍), പ്രിയ സുഹൃത്തിന്(കഥകള്‍) എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗള്‍ഫ് പശ്ചാത്തലത്തില്‍ കുട്ടികള്‍ക്ക് വേണ്ടി രചിച്ച ‘ഖുഷി’ ഉടന്‍ പ്രസിദ്ധീകരണത്തിനൊരുങ്ങുന്ന സാദിഖിന്റെ പുസ്തകമാണ്.

മയ്യഴി പള്ളൂര്‍ സ്വദേശിയായ പി.പി ശശീന്ദ്രന്‍ ദുബൈയിലെ മാതൃഭൂമി ഗള്‍ഫ് എഡിഷന്റെ പ്രത്യേക പ്രതിനിധിയും ബ്യുറോ ചീഫുമാണ്. ജര്‍മന്‍ നോട്‌സ്, കോലത്തുനാട്ടിലൂടെ എന്നിവയാണ് പ്രധാന കൃതികള്‍, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റായും കേരള പ്രസ് അക്കാദമി വൈസ് ചെയര്‍മാനായും പ്രവര്‍ത്തിച്ച് ശശീന്ദ്രന്‍ ആറു തവണ കണ്ണൂര്‍ പ്രസ് ക്ലബ്ബ് പ്രസിഡന്റായിരുന്നു. സുഷയാണ് ഭാര്യ, തുഷാര, നന്ദ് കിഷോര്‍ എന്നിവര്‍ മക്കളാണ്.

കാസര്‍ഗോഡ് സ്വദേശിയായ കെ.എം. അബ്ബാസ് ഗള്‍ഫ് സിറാജിന്റെ എഡിറ്റര്‍ ഇന്‍ചാര്‍ജ്ജാണ്. ദേര, പലായനം (നോവല്‍) വാണിഭം, ഒട്ടകം, മൂന്നാമത്തെ നഗരം, ഷമാല്‍, സങ്കടബെഞ്ചില്‍ നിന്നുള്ള കാഴ്ചകള്‍ (കഥാ സമാഹാരങ്ങള്‍) സദ്ദാം ഹുസൈന്റെ അന്ത്യ നാളുകള്‍, മരുഭൂവിലെ ചിത്ര ശലഭങ്ങളുടെ ഓര്‍മയ്ക്ക്, ചരിത്ര വിഭ്രാന്തികള്‍ (ലേഖന സമാഹാരങ്ങള്‍) എന്നിവ അബ്ബാസിന്റെ പ്രധാന കൃതികളാണ്.

ആലപ്പുഴ ജില്ലയിലെ അരൂര്‍ പനക്കത്രച്ചിറയില്‍ സ്വദേശിയായ രമേശ് അരൂര്‍ ജിദ്ദയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന മലയാളം ന്യൂസ് ദിനപത്രത്തില്‍ കോളമിസ്റ്റും പത്രാധിപ സമിതി അംഗവുമാണ്. സാഹിത്യം, സിനിമ, ഗാനരചന എന്നീ മേഖലകളിലും അഭിരുചിയുള്ള രമേശ് വിവിധ ആനുകാലികങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലുമായി നിരവധി രചനകള്‍ നിര്‍വ്വഹിച്ചിട്ടുണ്ട്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയമടക്കം രണ്ട് ഷോര്‍ട്ട് ഫിലിമുകളുടെ രചനയും സംവിധാനവും നിര്‍വ്വഹിച്ചു. രശ്മിയാണ് ഭാര്യ, നീരജ് ഏക മകനാണ്.

കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ കുഞ്ഞിമംഗലം സ്വദേശിയായ എം. അഷ്റഫ് 18 വര്‍ഷമായി ജിദ്ദയില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന മലയാളം ന്യൂസ് ദിനപത്രത്തില്‍ പത്രാധിപ സമിതി അംഗമാണ്. കാസര്‍കോട് ഗവ. കോളേജില്‍നിന്ന് പി.ജി ബിരുദത്തിനുശേഷം മാധ്യമം ദിനപത്രത്തില്‍ പത്രപ്രവര്‍ത്തകനായി തുടക്കം. മല്‍ബു കേന്ദ്ര കഥാപാത്രമാക്കി പ്രവാസികളുടെ അനുഭവങ്ങള്‍ കഥകളാക്കി അവതരിപ്പിക്കുന്നതാണ് മല്‍ബു കഥകള്‍. വി. മുംതാസാണ് ഭാര്യ അമീന്‍ അഷ്റഫ്, അജ്മല്‍ അഷ്റഫ്, അഫ്ര ഫാത്തിമ എന്നിവര്‍ മക്കളാണ്.

കണ്ണൂര്‍ സ്വദേശിയായ ടി. സാലിം മലയാളം ന്യൂസിലെ സ്‌പോര്‍ട്‌സ് എഡിറ്ററാണ്. ഏഷ്യന്‍ ഗെയിംസ് ഉള്‍പ്പെടെയുളള പ്രധാന കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാലിം. 1999 ല്‍ മാധ്യമം ദിനപത്രത്തിലൂടെയാണ് പത്രപ്രവര്‍ത്തന രംഗത്തേക്ക് കടക്കുന്നത്. മാധ്യമത്തിന്റെ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം ഡെസ്‌കുകളില്‍ ജോലി ചെയ്തിട്ടുണ്ട്. ഷമീനയാണ് ഭാര്യ, നവീദ് ഉമര്‍, നിദാല്‍ സൈന്‍, നൈല മറിയം, നസീല്‍ റഹ്മാന്‍ എന്നിവര്‍ മക്കളാണ്.

പി.എസ്.എം.ഒ കോളേജ് മലയാള വകുപ്പ് മുന്‍ മേധാവി പ്രൊഫസര്‍ അലവി കുട്ടി, അരീക്കോട് സുല്ലമുസ്സലാമിലെ മലയാളം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. അസ്ഗര്‍ അലി പി.എസ്.എം.ഒ കോളേജ് മലയാള വകുപ്പ് മേധാവി ഡോ. ബാബുരാജന്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്. 25000 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. 2017 മെയ് മാസം ദോഹയില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top