Flash News

പ്രകൃതിയോട് ചേര്‍ന്ന് നില്‍ക്കുന്ന വികസനത്തിന് മാത്രമേ ജലസംരക്ഷണം ഉറപ്പുവരുത്താനാവുകയുള്ളൂ: ഹബീബ്‌റഹ്മാന്‍ കീഴിശ്ശേരി

March 23, 2017

WATER DAY MARKED NEWS

ഐക്യ രാഷ്ട്ര സംഘടനയുടെ ലോക ജലദിനാചരണത്തിന്റെ ഭാഗമായി മീഡിയ പ്‌ളസും ഫ്രന്റ്‌സ് കള്‍ചറല്‍ സെന്ററും സംയുക്തമായി സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടി ഉദ്ഘാടനം ചെയ്ത് ഐ.സി. ബി. എഫ്. പ്രസിഡണ്ട് ഡേവിസ് എടക്കുളത്തൂര്‍ സംസാരിക്കുന്നു

ദോഹ: പ്രകൃതിയോട് ചേര്‍ന്ന് നില്‍ക്കുന്ന വികസനത്തിന് മാത്രമേ ജലസംരക്ഷണം ഉറപ്പു വരുത്താനാവുകയുള്ളൂവെന്നും ജലക്ഷാമത്തിന്റേയും വരള്‍ച്ചയുടേയും ശരിയായ കാരണങ്ങള്‍ വിശകലനം ചെയ്ത് ജീവിത രീതിയിലും സമീപനത്തിലും അടിയന്തിരമായ മാറ്റം വരുത്തേണ്ടതുണ്ടെന്നും ഫ്രന്റ്‌സ് കള്‍ചറല്‍ സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബ്‌റഹ് മാന്‍ കീഴിശ്ശേരി അഭിപ്രായപ്പെട്ടു. ഐക്യരാഷ്ട്ര സംഘടനയുടെ ലോക ജലദിനാചരണത്തിന്റെ ഭാഗമായി മീഡിയ പ്‌ളസും ഫ്രന്റ്‌സ് കള്‍ചറല്‍ സെന്ററും സംയുക്തമായി സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടിയില്‍ വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

44 നദികളും 33 കായലുകളും ലക്ഷക്കണക്കിന് കുളങ്ങളും ദശലക്ഷക്കണക്കിന് കിണറുകളുമുള്ള കേരളത്തില്‍ 5 മാസം മഴയും ഇടവപ്പാതിയും കാലാവസ്ഥാ സന്തുലിതത്വം നിലനിര്‍ത്തുവാന്‍ സഹായിക്കുന്ന പശ്ചിമഘട്ടവുമൊക്കെ ഉണ്ടായിട്ടും ജലക്ഷാമവും വര്‍ള്‍ച്ചയുമനുഭവപ്പെടുന്നു എന്നത് അതിഗുരുതരമായ പ്രശ്‌നമാണ്. പ്രകൃതിയോടും പരിസ്ഥിതിയോടും യുദ്ധം പ്രഖ്യാപിച്ച് നടത്തുന്ന വികലമായ വികസന പരിപാടികളും സമീപനങ്ങളും മാറ്റിയെങ്കില്‍ മാത്രമേ ഇതിനൊരു പരിഹാരമുണ്ടാവുകയുള്ളൂ. ജലരാഷ്ട്രീയവും ജലസമാധാനവും ജലയുദ്ധങ്ങളും ഏറെ പ്രസക്തമാകുന്ന സമകാലിക ലോകത്ത് ഓരോ തുള്ളി ജലവും സൂക്ഷ്മതയോടെ ഉപയോഗിക്കുന്ന ജലസാക്ഷരതയും സംസ്‌കാരവുമാണ് കാലഘട്ടം ആവശ്യപ്പെടുന്നത്.

വെള്ളത്തോടുള്ള നമ്മുടെ സമീപനത്തില്‍ മാറ്റം വരേണ്ടതുണ്ടെന്നും ജീവന്റെ നിലനില്‍പ്പ് വെള്ളത്തിലാണെന്നും ഇത് ഒരിക്കലും നശിപ്പിക്കേണ്ട ഒന്നല്ല എന്നും സമൂഹം തിരിച്ചറിയുമ്പോഴാണ് അമൂല്യമായ ജലസ്രോതസുകള്‍ മാനവരാശിയുടെ ക്ഷേമൈശ്വര്യപൂര്‍ണമായ നിലനില്‍പിനായി പ്രയോജനപ്പെടുന്നത്. ജലത്തിന്റെ ചാക്രികതയും ജല ജനാധിപത്യവും ഉണ്ടാവുന്നു എന്നുറപ്പുവരുത്തുവാന്‍ നാമോരോരുത്തരും സന്നദ്ധരാവുക എന്നതാണ് ജലദിനത്തിന്റെ സുപ്രധാന സന്ദേശം.

WATER DAY MARKED PHOTO 2

ജലസംരക്ഷണ പ്രതിജ്ഞ

വായു, ജീവന്‍, പോലെ പ്രധാനപ്പെട്ടതാണ് വെള്ളം എന്ന ബോധ്യമുണ്ടാകുമ്പോള്‍ സമൂഹത്തിന്റെ സമീപനത്തിലും നിലപാടുകളിലും ആശാവഹമായ മാറ്റങ്ങളുണ്ടാകും. കേരളത്തെ ഊഷര ഭൂമിയാക്കുന്നതിലും കോണ്‍ക്രീറ്റ് കാടുകളാല്‍ നശിപ്പിക്കുന്നതിലും പ്രവാസികളുടെ പങ്ക് ചെറുതല്ല. മുറ്റം പോലും കോണ്‍ക്രീറ്റ് ചെയ്ത് മുഴുവന്‍ മഴവെള്ളവും പാഴാക്കുന്ന സ്വഭാവം മാറ്റേണ്ടിയിരിക്കുന്നു. മലകളും മരങ്ങളും പ്രകൃതിയും കുളിര്‍മയോടെ നിലനില്‍ക്കണമെങ്കില്‍ മഴവെള്ളം ഭൂമിയിലേക്ക് താഴുവാനുള്ള സംവിധാനങ്ങളാണ് വേണ്ടത്. വികസനത്തിന്റെ പേരില്‍ ഗ്രാമങ്ങള്‍ ഇല്ലാതാക്കി നഗരങ്ങളുടെ പിന്നാലെ പോകുമ്പോള്‍ വീണ്ടെടുക്കാനാവാത്ത പാരിസ്ഥിക ആഘാതങ്ങളാണ് ഉണ്ടാകുന്നതെന്ന് നാം തിരിച്ചറിയണം. വികസനത്തിന്റെ മര്‍മം പരിസ്ഥിതിയെ സംരക്ഷിക്കുന്നതും ശുദ്ധ ജലവും ശുദ്ധ വായുവും ഭക്ഷണവും പാര്‍പ്പിടവുമൊക്കെ ഉറപ്പുവരുത്തുന്നതുമായിരിക്കണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

ടോപ് എന്റ് സൊല്യൂഷന്‍സ് അസിസ്റ്റന്റ് മാനേജര്‍ ആര്‍. സതീശ് ചന്ദ്രന്‍ ജലദിനത്തിന്റെ പ്രമേയത്തെക്കുറിച്ച് സംസാരിച്ചു. എന്തിന് വെള്ളം പാഴാക്കണം, പാഴ് ജലം എന്ത് ചെയ്യണം എന്നീ രണ്ടുകാര്യങ്ങളും പ്രമേയത്തിന്റെ പരിധിയില്‍ വരുമെന്നും വികസിത രാജ്യങ്ങളും വികസ്വര രാജ്യങ്ങളും ഈ രംഗത്ത് ക്രിയാത്മക നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഐ.സി.ബി.എഫ്. പ്രസിഡന്റ് ഡേവിസ് എടക്കുളത്തൂര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. മൈന്‍ഡ് ട്യൂണ്‍ രക്ഷാധികാരി മശ്ഹൂദ് തിരുത്തിയാട്, ചാലിയാര്‍ ദോഹ ജനറല്‍ സെക്രട്ടറി ഇ.കെ. അബ്ദുല്‍ ലത്തീഫ് സംസാരിച്ചു. പി.കെ സ്റ്റാര്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ പി.കെ മുസ്തഫ സംബന്ധിച്ചു. മീഡിയ പ്‌ളസ് സി.ഇ.ഒ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. ജിന്റോ സെബാസ്റ്റ്യന്‍ ജലസംരക്ഷണ പ്രതിജ്ഞക്ക് നേതത്വം നല്‍കി.

ഇഞ്ചക്കാട് ബാലചന്ദ്രന്റെ ഇനിവരുന്നൊരു തലമുറക്ക് ഇവിടെ വാസം സാധ്യമോ, ഒ.എന്‍.വി. കുറുപ്പിന്റെ ഭൂമിക്കൊരു ചരമഗീതം എന്നീ കവിതകളുടെ ദൃശ്യാവിഷ്‌ക്കാരത്തിന്റെ പ്രദര്‍ശനത്തോടെയാണ് പരിപാടി ആരംഭിച്ചത്.

ഭൂമിയില്‍ മനുഷ്യന്റെ നിലനില്‍പ്പിനുള്ള കാരണങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ജലം. മനുഷ്യ ശരീരത്തില്‍പ്പോലും ഏറ്റവും അധികമായുള്ള ഘടകമായ ജലത്തിന്റെ വില അമൂല്യമാണ്. മാനവരാശിയുടെ നിലനില്‍പ്പിനു ജലം എത്രമാത്രം പ്രധാനപ്പെട്ടതാണെന്നു ലോകത്തെ ഓര്‍മിപ്പിക്കാന്‍ വേണ്ടിയുള്ള ദിനമാണ് മാര്‍ച്ച് 22ന് ആഘോഷിക്കുന്ന ലോകജല ദിനം. ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തില്‍ 1993 മുതലാണു ലോക ജലദിനം ആചരിക്കാന്‍ തുടങ്ങിയത്. 1992ല്‍ ബ്രസീലിലെ റിയോ ഡി ജനീറോയില്‍ ചേര്‍ന്ന ഐക്യരാഷ്ട്ര സംഘടനയുടെ എന്‍വയോണ്‍മെന്റ് ആന്‍ഡ് ഡവലപ്പ്‌മെന്റ് കോണ്‍ഫറന്‍സിലാണു ശുദ്ധജലത്തിന്റെ പ്രാധാന്യവും അതിന്റെ ബുദ്ധിപരമായ വിനിയോഗത്തെയും കുറിച്ചു ലോകത്തെ ബോധ്യപ്പെടുത്താന്‍ ഒരു ദിനം വേണമെന്ന നിര്‍ദേശം ഉയര്‍ന്നു വന്നത്. ഈ നിര്‍ദേശം അംഗീകരിച്ച ഐക്യരാഷ്ട്രസഭ 1993 മുതല്‍ മാര്‍ച്ച് 22ാം തീയതി ലോകജല ദിനമായി ആചരിക്കാന്‍ തുടങ്ങിയത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top