Flash News

‘അങ്കമാലി ഡയറീസി’ല്‍ തന്റെ അമ്മയെ മോശമായി ചിത്രീകരിച്ചതായി മാവോയിസ്റ്റ് നേറ്റാവ് ഷൈനയുടെ മകള്‍ ആമി; രംഗങ്ങള്‍ നീക്കം ചെയ്തില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന്

March 23, 2017

shyna_ad_ami_collage_Editedതീയേറ്ററുകളില്‍ മകച്ച രീതിയില്‍ പ്രദര്‍ശനം തുടരുന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘അങ്കമാലി ഡയറീസ്’ എന്ന ചിത്രത്തിലാണ് ഷൈനയുടെ ചിത്രം ജയില്‍ രംഗങ്ങളിലെ ‘മോസ്റ്റ് വാണ്ടഡ് ‘ ലിസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്നത്. കോയമ്പത്തൂര്‍ ജയിലില്‍ത്തന്നെ തടവില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ ഭാര്യയുമാണ് ഷൈന. ഷൈനയുടെ മകള്‍ ആമിയാണ് ഇക്കാര്യത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഒരു മാവോയിസ്റ്റ് നേതാവിന്റെ ചിത്രം സിനിമയിലെ കഥാപാത്രങ്ങളായ ഗുണ്ടകള്‍ക്കൊപ്പം ‘ഇവരെ സൂക്ഷിക്കുക’ എന്ന തലക്കെട്ടില്‍ നല്‍കിയത് കേവലം യാദൃശ്ചികതയായി കാണാനാവില്ലെന്നും അണിയറപ്രവര്‍ത്തകരുടെ സാമൂഹികകാഴ്ചപ്പാടാണ് ഇത് വ്യക്തമാക്കുന്നതെന്നും ആമി പറയുന്നു. സിനിമയിലെ പ്രസ്തുതഭാഗങ്ങള്‍ നീക്കം ചെയ്യാന്‍ അഭിഭാഷകന്‍ വഴി നോട്ടീസ് അയക്കാന്‍ ഷൈന ആവശ്യപ്പെട്ടിട്ടുണ്ടെന്നും നീക്കം ചെയ്യാത്തപക്ഷം ഈ മാസം 30ന് വയനാട് കോടതിയില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും ആമി പറയുന്നു.

ആമിയുടെ ഫേസ്ബുക്ക് പോസ്റ്റ്

അങ്കമാലി ഡയറീസ് കണ്ടു. സ. ഷൈനയുടെ ഫോട്ടോ ഈ സിനിമയില്‍ ദുരുപയോഗം ചെയ്തിട്ടുണ്ടെന്ന് പല സുഹൃത്തുക്കളും അറിയിച്ചിട്ടുണ്ടായുന്നെങ്കില്‍ പോലും കഴിഞ്ഞ ദിവസമാണു എനിക്ക് സിനിമ കാണാന്‍ കഴിഞ്ഞത്.

ami (1)സിനിമയിലെ വില്ലന്‍ കഥാപാത്രങ്ങളായ കൊട്ടേഷനും ഗുണ്ടാപിരിവും ഭീക്ഷണിയും കഞ്ചാവ് വില്‍പനയുമൊക്കെയായി നടക്കുന്ന രവിയുടേയും രാജന്റേയും ഗുണ്ടാ പ്രവര്‍ത്തനങ്ങളുടെ ഭീകരത വെളിവാക്കാന്‍ ഉപയോഗിച്ച സീനുകളുടെ തുടക്കം തന്നെ അങ്കമാലി പോലീസ് സ്റ്റേഷനെന്ന് സിനിമയില്‍ കാണിക്കുന്ന പോലീസ് സ്റ്റേഷനകത്ത് രവിയുടേയും രാജന്റേയും മറ്റു ചിലരുടേയും ചിത്രം പതിച്ചിട്ടുള്ള ‘ഇവരെ സൂക്ഷിക്കുക’ എന്ന തലവാചകമുള്ള നോട്ടീസ് ബോര്‍ഡില്‍ അവരുടെ ചിത്രങ്ങള്‍ക്ക് സമീപം ‘ശാന്ത’ എന്ന പേരോടു കൂടി നല്ല ക്ലാരിറ്റിയുള്ളതും എന്‍ലാര്‍ജ്ജ് ചെയ്തതുമായ സ. ഷൈനയുടെ ഫോട്ടോ പതിച്ചിട്ടുണ്ട്. ഇത് മൂന്നു സീനുകളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

തിരക്കഥാകൃത്തും സംവിധായകനും മറ്റു അണിയറ പ്രവര്‍ത്തകരും സമൂഹത്തെക്കുറിച്ച് എന്ത് കാഴ്ച്ചപ്പാടാണു വെച്ചു പുലര്‍ത്തുന്നത് എന്ന് അത്ഭുതപ്പെടുത്തുന്നു. സ. ഷൈന എന്ന സ്ത്രീ 20 നു മുകളില്‍ കള്ളക്കേസുകള്‍ ചുമത്തപ്പെട്ട് വിചാരണത്തടവുകാരിയായി കഴിഞ്ഞ 2 വര്‍ഷമായി കേരളത്തിലേക്ക് ജയില്‍മാറ്റം പോലും ലഭിക്കാതെ കോയമ്പത്തൂര്‍ സെന്റ്രല്‍ ജയിലിലാണു. ഗുണ്ടായിസമോ വ്യക്തി വൈരാഗ്യം മൂലമുള്ള നശീകരണങ്ങളോ അല്ല സഖാവിനു മേലുള്ള കുറ്റം. മറിച്ച്, മര്‍ദ്ദിതരെ നിര്‍മ്മിക്കുന്ന നിലനില്‍ക്കുന്ന ഈ ജീര്‍ണ്ണിച്ച ചൂഷക വ്യവസ്ഥിതിയെ തകര്‍ത്തെറിഞ്ഞ് സമത്വാധിഷ്ഠിതമായ ലോകത്തിനായ് പ്രവര്‍ത്തിച്ചു എന്നതിനാണു.

കേരളത്തിന്റെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ തന്നെ എല്ലാ സാമൂഹിക ബന്ധങ്ങളേയും തകര്‍ത്ത് രാഷ്ട്രീയ പ്രവര്‍ത്തനത്തിനായ് ജീവിതം തന്നെ മാറ്റിവെച്ച ചുരുക്കം ചില സ്ത്രീകളില്‍ ഒരാളാണു സ. ഷൈന. ഈ സഖാവിനെ ‘ഇവരെ സൂക്ഷിക്കുക’ എന്ന ലേബലില്‍ ഗുണ്ടകളുടെ ഫോട്ടോകള്‍ക്കൊപ്പം ദ്വയാര്‍ത്ഥം വരുന്ന രീതിയില്‍ ‘ശാന്ത’ എന്ന പേരു നല്‍കി അധിക്ഷേപിച്ചിരിക്കുകയാണു.

സ.ഷൈനയെ കോയമ്പത്തൂരിലെ സെന്റ്രല്‍ ജയിലില്‍ റിമാന്റ് ചെയ്ത കോയമ്പത്തൂര്‍ സെക്ഷന്‍സ് കോടതി വരെ ഷൈനയുള്‍പ്പെടുന്ന മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ മനുഷ്യ നന്മക്ക് വേണ്ടി നിലകൊള്ളുന്നവരാണെന്നാണു പറഞ്ഞിട്ടുള്ളത്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ഒരാളെ കുറ്റവാളിയെന്നു പോലും തെളിയുന്നതിനു മുന്‍പ് തന്നെ പരസ്യമായി ഇവരെ സൂക്ഷിക്കേണ്ടവരാണെന്ന് മുദ്രകുത്തുകയാണു സിനിമയിലൂടെ അതിന്റെ നിര്‍മ്മാതാക്കള്‍ ചെയ്തിരിക്കുന്നത്. ഇതു കേവലം യാഥര്‍ശ്ചികതയായി കാണാവുന്ന ഒന്നായി തോന്നുന്നില്ല.

ഈ സാഹചര്യത്തില്‍ ഈ ഭാഗങ്ങള്‍ നീക്കം ചെയ്യാന്‍ അഡ്വ. ലൈജു വഴി വക്കീല്‍ നോട്ടീസ് അയക്കാന്‍ ഷൈന ആവിശ്യപ്പെട്ടിട്ടുണ്ട്. നീക്കം ചെയ്യാത്ത പക്ഷം ഈ മാസം 30 നു വയനാട് കോടതിയില്‍ അഡ്വക്കേറ്റ് ലൈജു മുഖാന്തരം നേരിട്ട് ക്രിമിനല്‍ ഡിഫമേഷന്‍ ഫയല്‍ ചെയ്യാനും ഷൈന അറിയിച്ചിട്ടുണ്ട്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top