Flash News

പാര്‍ലമെന്റിന് നേരെയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരന്‍ ബ്രിട്ടന്‍ പൗരനായ ഖാലിദ് മസൂദ്

March 23, 2017

london-attackലണ്ടന്‍: പാര്‍ലമെന്റിന് നേരെയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരന്‍ ബ്രിട്ടന്‍ പൗരനായ ഖാലിദ് മസൂദ് ആണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കാറിലെത്തി ഒറ്റയ്ക്കാണ് 52കാരനായ ഖാലിദ് മസൂദ് ആക്രമണം നടത്തിയത്. ഇയാളുടെ വിഘടനവാദ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഒരിക്കല്‍ രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ടു നല്‍കിയിരുന്നു.

കെന്റിലാണ് ഇയാള്‍ ജനിച്ചത്. ആഡ്രിയന്‍ എംസ് എന്നായിരുന്നു യഥാര്‍ഥ പേര്. പിന്നീട് മുസ്ലീ മതം സ്വീകരിച്ചാണ് ഖാലിദ് മസൂദ് ആയത്. ബ്രിട്ടിഷ് രഹസ്യാന്വേഷണ ഏജന്‍സിയായ എംഐ5 ഏതാനും വര്‍ഷം മുന്‍പു ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്തിട്ടുള്ളയാളാണ് ഖാലിദ് എന്ന് അധികൃതര്‍ വ്യക്തമാക്കി. ഖാലിദ് മസൂദ് യഥാര്‍ഥത്തില്‍ ഭീകരനല്ലെന്നും ഭീകരരുടെ ആശയങ്ങളോട് ആഭിമുഖ്യം കാട്ടിയിരുന്ന ആള്‍ മാത്രമാണെന്നും കരുതുന്നു. അതിനാല്‍ ഇയാള്‍ പൊലീസിന്റെ സ്ഥിരം നിരീക്ഷണത്തിലുണ്ടായിരുന്നില്ല. ആക്രമണത്തെപ്പറ്റി മുന്‍സൂചനകളൊന്നും ലഭിച്ചിരുന്നതുമില്ല. വാടകയ്‌ക്കെടുത്ത വാഹനത്തില്‍ ഇയാള്‍ ഒറ്റയ്ക്കു നടത്തിയ ആക്രമണമാണെന്നു കരുതുന്നു. ഇയാള്‍ താമസിച്ചിരുന്ന ഫ്‌ലാറ്റില്‍ മിന്നല്‍ പരിശോധന നടത്തിയ പൊലീസ് ഏതാനും പേരെ വിലങ്ങുവച്ചുകൊണ്ടുപോയി.

അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഏറ്റെടുത്തിരുന്നു. എന്നാല്‍, മസൂദിന് ഐഎസുമായി നേരിട്ടു ബന്ധമുണ്ടോ എന്ന കാര്യത്തില്‍ ഇതുവരേയും വ്യക്തത വരുത്താന്‍ സാധിച്ചിട്ടില്ല. സംഭവത്തോടനുബന്ധിച്ച് ആറിടങ്ങളില്‍നിന്നായി എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ലണ്ടനിലും ബര്‍മിങ്ങാമിലുമായി ബുധന്‍ രാത്രി നടത്തിയ റെയ്ഡിലായിരുന്നു അറസ്റ്റ്. അറസ്റ്റിലായവരില്‍ മൂന്ന് പേര്‍ സ്ത്രീകളാണ്.

കൊലയാളിക്കു പുറമെ, ആക്രമണത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കീത് പാര്‍മറും ഒരു യുഎസ് പൗരനും ഉള്‍പ്പെടെ മൂന്നുപേര്‍ കൊല്ലപ്പെടുകയും 40 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. കാല്‍നടക്കാരില്‍ രണ്ടുപേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചുവീണു. ഇവരില്‍ ഒരാള്‍ യുഎസ് പൗരന്‍ കര്‍ട് കൊച്‌റനാണെന്നു പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വെളിപ്പെടുത്തി. പരുക്കേറ്റ 40 ല്‍ 29 പേര്‍ ഇപ്പോഴും ആശുപത്രിയിലാണ്. 12 ബ്രിട്ടിഷുകാര്‍, ഫ്രാന്‍സിലെ സ്‌കൂളില്‍നിന്നു ലണ്ടന്‍ സന്ദര്‍ശനത്തിനു വന്ന പതിനഞ്ചും പതിനാറും വയസ്സുള്ള മൂന്നു കുട്ടികള്‍, രണ്ടു റുമാനിയക്കാര്‍, നാലു ദക്ഷിണ കൊറിയക്കാര്‍, രണ്ടു ഗ്രീക്ക് പൗരന്മാര്‍ എന്നിവര്‍ക്കു പുറമെ ജര്‍മനി, പോളണ്ട്, അയര്‍ലന്‍ഡ്, ചൈന, ഇറ്റലി, യുഎസ് എന്നിവിടങ്ങളില്‍നിന്നുള്ള ഓരോരുത്തരും ആശുപത്രിയിലുണ്ട്. ഇതില്‍ ഏഴുപേരുടെ നില ഗുരുതരമാണ്. അതേസമയം പാര്‍ലമെന്റ് മന്ദിരം ഇന്നലെ വീണ്ടും തുറന്നു പ്രവര്‍ത്തിച്ചു. ജനാധിപത്യത്തെ നിശ്ശബ്ദമാക്കാന്‍ നടത്തിയ ഭീകരാക്രമണത്തെ തങ്ങള്‍ ഭയപ്പെടുന്നില്ലെന്നു ജനസഭയില്‍ പ്രധാനമന്ത്രി തെരേസ മേ വ്യക്തമാക്കി. ആക്രമണത്തെ ഇന്ത്യ അപലപിച്ചു. 57 ഇസ്‌ലാമിക രാജ്യങ്ങളുടെ സംഘടനയായ ഒഐസി, ആറു ഗള്‍ഫ് രാജ്യങ്ങളുടെ സംഘടനയായ ജിസിസി എന്നിവയും സൗദി രാജാവും ആക്രമണത്തെ അപലപിച്ചു.

ഇതിനിടെ, ബെല്‍ജിയത്തിലെ ആന്റ്‌വെര്‍പില്‍ രാവിലെ 11ന് അതിവേഗത്തില്‍ ജനക്കൂട്ടത്തിനിടയിലേക്കു കാര്‍ ഓടിച്ചുകയറ്റാന്‍ ശ്രമിച്ചയാളെ അറസ്റ്റ് ചെയ്തു. ബ്രിട്ടിഷ് പാര്‍ലമെന്റും ബിഗ് ബെന്നും സ്ഥിതിചെയ്യുന്ന വെസ്റ്റ്മിന്‍സ്റ്റര്‍ കൊട്ടാരത്തിന് അടുത്തുള്ള പാലം കടക്കുകയായിരുന്ന ആളുകളെ ഇടിച്ചുതെറിപ്പിച്ചാണ് ഖാലിദ് വാഹനം ഓടിച്ചുകൊണ്ടുവന്നത്. തുടര്‍ന്ന് ഇയാള്‍ വാഹനം ഉപേക്ഷിച്ചു പാര്‍ലമെന്റ് ഗേറ്റിലുണ്ടായിരുന്ന പൊലീസ് കോണ്‍സ്റ്റബിള്‍ കീത് പാര്‍മറെ കത്തികൊണ്ടു കുത്തുകയായിരുന്നു. പൊലീസ് ഉടന്‍ ഇയാളെ വെടിവച്ചുവീഴ്ത്തി.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top